നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാര്യം നിസ്സാരം, പക്ഷേ...(കഥ )


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ദൂരെ നിന്ന് തന്നെ, അയാളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അടുത്തെത്തിയപ്പോൾ, അയാളെന്നെ അടിമുടി സൂക്ഷ്മ നിരീക്ഷണം ചെയ്തു.
കണ്ണുകളിലേക്കും, ഇരു കൈകളിലേക്കും അയാൾ സൂക്ഷിച്ചു നോക്കികൊണ്ടേയിരുന്നു.
"പേരെന്താണ് '
ഞാൻ പേര് പറഞ്ഞു.
"വീട് എവിടെയാണ് "
ഞാൻ അതിനും മറുപടി കൊടുത്തു. അയാൾ അതുകൊണ്ടും നിർത്താൻ ഭാവമുണ്ടായിരുന്നില്ല.വിലാസവും, ജോലി സംബന്ധമായ വിവരങ്ങളും കൂടി അയാൾ ചോദിച്ചു.
അതും പറഞ്ഞു കൊടുത്തതിന് ശേഷം ഞാൻ ചോദിച്ചു.
"എല്ലാ വിവരങ്ങളും ആയില്ലേ... ഇനിയെങ്കിലും.... "
അയാൾ പറഞ്ഞു.
"പോരാ... പോരാ. ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്.
"നിങ്ങൾക്കെന്തെങ്കിലും പ്രണയ നൈരാശ്യം ഉണ്ടോ."
"ഹ.. ഹ.. എന്തൊക്കയാണ് നിങ്ങൾ ചോദിക്കുന്നത്.."
ഏറെക്കുറെ നരച്ചു കഴിഞ്ഞ തല അയാൾക്കു കാണിച്ചു കൊടുത്തു കൊണ്ടു ഞാൻ ചോദിച്ചു.
"കണ്ടില്ലേ... പ്രായം കുറെയായി... "
"പ്രേമത്തിന് അങ്ങനെ പ്രായ പരിധി ഒന്നുമില്ല ല്ലോ...ഒരു കാര്യം കൂടി അറിയാനുണ്ട്...നിങ്ങൾക്ക് ആരോടെങ്കിലും പ്രതികാരം ചെയ്യാൻ ഉദ്ദേശമുണ്ടോ....വസ്ത്രത്തിനുള്ളിൽ കത്തിയോ, മറ്റായുധങ്ങളോ ഒളിപ്പിച്ചിട്ടുണ്ടോ... "
ഈശ്വരാ... ഇനി വസ്ത്രമഴിച്ചുള്ള പരിശോധന കൂടിയുണ്ടാകുമോ എന്ന ചിന്തയോടെ ഞാൻ പറഞ്ഞു.
""പൊന്നു ചേട്ടാ ഉറുമ്പിനെ പോലും കൊല്ലാൻ പേടിയുള്ള ആളാണ് ഞാൻ.... "
അപ്പോൾ, ആദ്യമായി,പുഞ്ചിരി പോലെ എന്തോ ഒന്ന് ആ മുഖത്തു പ്രകടമായി. ആശ്വസിപ്പിക്കാനെന്ന ഭാവത്തിൽ ആയാൾ പറഞ്ഞു.
"ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്, ചേട്ടാ.. കാലം പൊട്ട കാലമല്ലേ..."
അസഹ്യതയോടെ ഞാൻ പറഞ്ഞു.
"തരാൻ ഉദ്ദേശമുണ്ടെങ്കിൽ, താ.... "
ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ടു അല്പം മാറി നിന്നിരുന്ന, തോളിലൂടെ ബാഗിട്ട പയ്യനോട് അയാൾ പറഞ്ഞു.
"കൊടുത്തോളൂ "
ആശ്വാസത്തോടെ, കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കുപ്പി, അവനു നേരെ ഞാൻ നീട്ടി.
പിന്നെ... ;
ദൂരെ, തിരക്കേറിയ കവലയിൽ, പാർക്കിങ് നിരോധിക്കപ്പെട്ട ഒരു സ്ഥലത്ത് അവസാന തുള്ളി ഇന്ധനവും തീർന്നു, പണി മുടക്കിയിരിക്കുന്ന എന്റെ ബൈക്കിനെ ലക്ഷ്യമാക്കി, ഞാൻ അതി വേഗം നടന്നു.
°°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot