ഇതും അമ്മ..
ആളെ മനസ്സിലായോ, ഈ ഫേസ്‌ബുക്കിൽ ഒക്കെ കഥയും ലേഖനങ്ങളും ഒക്കെ എഴുതുന്ന വല്യ എഴുത്തുകാരിയ.. പ്രമീള വിശ്വനാഥൻ..
പുതുതായി വന്ന ജയിൽപ്പുള്ളിയെ ജയിൽ വാർഡൻ സഹപ്രവർത്തകയ്ക്ക് പരിചയപ്പെടുത്തി..
ആഹാ, കൊള്ളാലോ, ഇതാണോ ആ മറ്റേ കേസ്..
ആ ഇത് തന്നെ...സ്വന്തം മകനെ ക്രിക്കറ്റ് ബാറ്റിന് തലയ്ക്ക് അടിച്ചു കൊന്നു..കേസ് വാദിക്കാൻ ഒന്നും ആരും ഉണ്ടായില്ല..കെട്ടിയോൻ പോലും തിരിഞ്ഞു നോക്കിയില്ല..ഏതായാലും ജീവപര്യന്തം കിട്ടി..
എന്നാലും സാറെ, ഇങ്ങനെയും സ്ത്രീകളോ, ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഒക്കെ ഒന്ന് നോക്കിക്കേ, എന്തോരം നല്ല നല്ല കാര്യങ്ങളാ എഴുതി വെച്ചേക്കുന്നെ..ആ ചെക്കന്റെ കൂടെ നിക്കുന്ന ഫോട്ടോ നോക്കിക്കേ..എന്റെ കൈത്താങ്ങ് എന്നും പറഞ്ഞൊരു വരിയും..പത്താറായിരം ലൈക് ഒക്കെ ഉണ്ട്..മൊബൈലിൽ പ്രമീളയുടെ ഫേസ്ബുക് ടൈംലൈൻ എടുത്തു വാർഡൻ നോക്കി..
നല്ല ഉശിരുള്ള സുന്ദരൻ ആൺകുട്ടി..ഇവർ എന്തിനീ കടുംകൈ ചെയ്തു പോലും..
ആർക്കറിയാം...പുള്ളിക്കാരിയുടെ അവിഹിതം ചോദ്യം ചെയ്തതിന്റെ കലി ആണെന്ന് ഒക്കെ പറഞ്ഞ വക്കീൽ വാദിച്ചത്..അല്ലെങ്കിലും ഈ ഫേസ്‌ബുക്കിൽ എഴുതുന്ന പെണ്ണുങ്ങൾ ഒക്കെ കണക്ക..
ആവോ..ഇവരുടെ എഴുത്തുകൾ കണ്ടിട്ട് നല്ല ആദർശം ഉള്ള സ്ത്രീ ആണെന്ന് തോന്നുന്നു..
ഓ , ആദർശം ഒക്കെ എഴുതിപ്പിടിപ്പിക്കാൻ ആർക്കാ പാട്.. അതൊക്കെ ചുമ്മ എഴുത്തുകൾ അല്ലെ...ഏതായാലും പുള്ളിക്കാരി കൊന്നു എന്നല്ലാതെ വേറൊരു വാക്ക് പറഞ്ഞിട്ടില്ല..
പ്രമീള, ജയിൽ മുറിയിൽ ആകെ ആവശ്യപ്പെട്ടത് ഒരു ഡയറിയും പേനയും ആണ്. പുതിയ ഇടം, പുതിയ അനുഭവങ്ങൾ, എഴുതിക്കൂട്ടുവാൻ ഒരുപാട് ഉണ്ട് ഇന്നിപ്പോൾ ജീവിതത്തിൽ..എന്നിട്ടും ജയിലിൽ വന്ന് നാളേറെ ആയിട്ടും ഒരു മഷിക്കുത്തു പോലും ആ ഡയറിയിൽ അവർക്ക് നല്കാൻ സാധിച്ചില്ല..
കണ്മുന്നിൽ നിന്നും മകന്റെ ചോരവാർന്ന മുഖം മായുന്നില്ല..തനിക്ക് എങ്ങനെ സാധിച്ചു തന്റെ പൊന്നു മോനെ, അവൻ ഒന്ന് തുമ്മിയാൽ താൻ തളർന്നു പോകുമായിരുന്നു. ആ അവനെ..
സാമ്പത്തികമായി നല്ല സാഹചര്യം ഉള്ള വീട്ടിലെ, സംസ്കാരസമ്പന്നരായ മാതാ പിതാക്കളുടെ ഏകമകൻ നന്ദൻ...കോളേജിൽ പ്രായത്തിന്റേതായ കുസൃതികൾ ഒക്കെ ആയി അവൻ അടിച്ചു പൊളിക്കുന്നു..മുഖപുസ്തകത്തിലും ബ്ലോഗിലും ആയി തന്റെ എഴുത്തുകൾ ഏറെ ഹിറ്റ് ആയി പോകുന്നു..
അങ്ങനെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോൾ ആണ് ഫേസ്ബുക് മെസ്സെഞ്ചറിൽ "ആന്റി, ആന്റിയുടെ നമ്പർ ഒന്ന് തരുമോ, ഞാൻ നന്ദന്റെ കൂടെ പഠിക്കുന്ന കുട്ടി ആണ്.."എന്നൊരു മെസ്സേജ് കാണുന്നത്..ഫേക്കുകൾ ഒരുപാട് ഉള്ളത് കൊണ്ടും മുഖപുസ്തകത്തിലെ കളികൾ ഒരുപാട് നാൾ ആയി അറിയാവുന്ന കൊണ്ടും ആ കുട്ടിയുടെ നമ്പർ വാങ്ങി, അങ്ങോട് വിളിക്കാം എന്ന് പറഞ്ഞു..
വിളിച്ചപ്പോൾ ഒരു പെൺകുട്ടി തന്നെ, അത്യാവശ്യം ആയി തന്നെ കാണണം എന്നവൾ പറഞ്ഞപ്പോൾ , ആശങ്ക തോന്നി, ഇനി മകന്റെ പ്രണയം വല്ലതും ആണോ..പ്രായം അതല്ലേ, അല്ലറ ചില്ലറ കാമുക കളി ഒക്കെ ഉണ്ട് ആൾക്...ഈ പ്രായം അല്ലെ എന്ന് കരുതി വിശ്വേട്ടനും താനും വക വെക്കാറില്ല..ഏതായാലും കക്ഷിയെ ഒന്ന് കണ്ടു കളയാം എന്ന് കരുതി ..
അങ്ങിനെ, നാട്ടിലെ പാർക്കിൽ ആളൊഴിഞ്ഞ ഒരു മൂലയിൽ അവളെ കാത്തിരുന്നു..പ്രമീള ആന്റി അല്ലെ, എന്ന ചോദ്യം കേട്ടാണ് , നോക്കിയത്, ഒരു സാധാരണ പെൺകുട്ടി...അതി സുന്ദരി ഒന്നും അല്ലെങ്കിലും, എന്തോ ആകർഷണം തോന്നുന്ന മുഖം...
"ആന്റിയെ എനിക്ക് ആന്റിയുടെ എഴുത്തുകളിലൂടെ ഒരുപാട് ഇഷ്ടം ആണ്. എനിക്ക് മാത്രം അല്ല, കോളേജിൽ ഒത്തിരി പേര് ഉണ്ട്, ആന്റിയുടെ ഫാൻസ്...ആന്റിയുടെ മകൻ ആണ് നന്ദു എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി..."
ആന്റി ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം.."ആന്റിയെ പരിചയപ്പെടുത്തി തരാം എന്നും പറഞ്ഞു നന്ദൻ ഒരു ദിവസം എന്നെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു..ആന്റിയുടെ മകൻ ആയത് കൊണ്ട് മാത്രം ഞാൻ അവനെ വിശ്വസിച്ചു കൂടെ പോയി..പക്ഷെ, ".. .
"നിർത്തു കുട്ടി..ഇനി എങ്ങോട്ടാണ് കഥ പോകുന്നത് എന്ന് എനിക്ക് അറിയാം..ഞാനും കുറെ എഴുത്തുന്നതല്ലേ...വെറുതെ എന്റെ നന്ദുവിനെ കുറിച്ച് മോശം പറയാൻ ആണെങ്കിൽ എനിക്ക് അത് കേൾക്കാൻ നേരമില്ല..."
ആ കുട്ടി കെഞ്ചി പറഞ്ഞിട്ടും അവൾക്ക് ചെവി കൊടുക്കാതെ പോന്നു.
ആ ദിവസം പോയതിന്റെ ദേഷ്യത്തിൽ ഇരിക്കുമ്പോൾ ആണ്, അവളുടെ മെസ്സേജ് വീണ്ടും വന്നത്..
നിങ്ങൾ, സ്ത്രീകൾക്ക് വേണ്ടി ഒക്കെ ഒരുപാട് എഴുതുന്ന സ്ത്രീ അല്ലെ, നിങ്ങളുടെ ഹാഷ് ടാഗ് പോസ്റ്റുകൾ ഒക്കെ ഒരുപാട് ഷെയർ ചെയ്ത ആൾ ആണ് ഞാൻ..അല്ലെങ്കിലും സ്വന്തം മകന്റെ കാര്യത്തിൽ എല്ല അമ്മമാരും സെല്ഫിഷ് ആണ്..അതിനി ഗോവിന്ദച്ചാമിയുടെ അമ്മയാണെങ്കിൽ കൂടി..നിങ്ങൾക്ക് കഴിയുമെങ്കിൽ, മകന്റെ മൊബൈലിൽ എന്റെ കുറച്ചു ചിത്രങ്ങളും വീഡിയോയും ഉണ്ട്..അവ ഒന്ന് നശിപ്പിച്ചു തരിക..എഴുതിക്കൂട്ടിയ ആദർശങ്ങളിൽ ഇത്തിരി എങ്കിലും സത്യം ഉണ്ടെങ്കിൽ എന്നെ ഈ വലിയ മാനക്കേടിൽ നിന്നും രക്ഷിക്കുക..തെറ്റ് എന്റെയും കൂടി ആയത് കൊണ്ട്, ഞാൻ കേസിന് ഒന്നും പോകില്ല..അവൻ വിളിച്ചപ്പോൾ ,അതും നിങ്ങളുടെ പേരും പറഞ്ഞു വിളിച്ചപ്പോൾ പോയത് എന്റെ തെറ്റ് ആണല്ലോ..ഇതുപോലെ നിങ്ങളെ സ്നേഹിക്കുന്ന വേറൊരു പെണ്കുട്ടിയ്ക്കും ഇങ്ങനെ ഒരു അബദ്ധം വരാതെ ഒന്ന് മകനെ പറഞ്ഞു മനസ്സിലാക്കുക..
ദേഷ്യം അവളോടോ, തന്നോടോ എന്ന് മനസ്സിലായില്ല.പക്ഷെ അവളെ ബ്ലോക് ചെയ്തു.
രാത്രി ഉറങ്ങുമ്പോൾ മാത്രം നന്ദു താഴെ വെക്കുന്ന ഫോണിന് വേണ്ടി രണ്ടു നാൾ കാത്തിരുന്നു..വിശ്വേട്ടൻ ഓഫീസ് ടൂർ പോയ അന്ന്, നന്ദു ഉറങ്ങിക്കഴിഞ്ഞപ്പോൾ ആ ഫോൺ എടുത്തു..താൻ എന്താണീ ചെയ്യുന്നത്, പെറ്റ് വളർത്തിയ, സ്വന്തം മകനെ ഏതോ ഒരു പെണ്ണ് പറഞ്ഞെന്ന് കരുതി സംശയിക്കുന്നൊ.. മനസ്സും ബുദ്ധിയും കൂടി നടത്തിയ പിടിവലിക്കിടയിൽ എപ്പോളോ, കുറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ 'അമ്മക്കുട്ടി ' എന്നവൻ സ്നേഹത്തോടെ വിളിക്കുന്ന പേരിൽ ഇട്ട പാസ്സ്‌വേർഡ് ഇട്ട് പൂട്ടി വെച്ച മൊബൈൽ ഗാലറി ഓപ്പൺ ചെയ്തു...അമ്മയുടെ പേരിൽ മകൻ സൂക്ഷിച്ച കാഴ്ചകൾ...
ദേവീ!!
, കട്ടിലിൽ കിടക്കുന്ന മകനെ ഒന്നേ നോക്കുവാൻ തനിക്ക് സാധിച്ചുള്ളൂ..അവിടെ പിന്നീട് കാണാൻ കഴിഞ്ഞത് ഒന്നല്ല, ഒരുപാട് പെൺകുട്ടികളുടെ മാനത്തിന് പുല്ല് വില കല്പിക്കാത്ത അവരെ ചതിച്ചു വേട്ടയാടുന്ന ഒരു മൃഗത്തെ ആണ്. ..
സൗമ്യ വധക്കേസിൽ, താൻ ഫേസ്‌ബുക്കിൽ ഇട്ട ഡയലോഗ് അവരുടെ മുന്നിൽ തെളിഞ്ഞു വന്നു.
.".നാട്ടിലെ കുറ്റവാളികളുടെ ഓരോ അമ്മമാരും 'അറിഞ്ഞൊരുരുള' ചോറ് നൽകിയാൽ തീരും ഇവിടുത്തെ കുറ്റകൃത്യങ്ങൾ, കിട്ടും പലർക്കും നീതി" എന്ന്..
അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല..ഒരുപാട് ആലോചിച്ചു..ആ ഫോൺ തല്ലി പൊട്ടിക്കാൻ ആയി എടുത്ത ബാറ്റ് ആയിരുന്നു..പക്ഷെ, ഫോൺ അല്ല, അതിനേക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചിന്തിച്ചു കൂട്ടുന്ന ഭാവിയിൽ ഇതിലും വലിയ, (ഇനി ഇതിലും വലുത് അവൻ എന്ത് ചെയ്യാൻ), തെറ്റുകൾ ചെയ്തേക്കാവുന്ന ആ മൃഗീയ മനസ്സ് ആണ് ഇല്ലാതെ ആകേണ്ടത് എന്ന് തോന്നി..തല്ലിത്തകർത്ത മൊബൈൽ ക്ളോസറ്റിൽ കളഞ്ഞു.എന്നിട്ടും ,എവിടെ ഒക്കെയോ തന്നെ ആരാധിച്ചിരുന്ന , കുറെ പെൺകുട്ടികളുടെ തെങ്ങേൽ കേൾക്കും പോലെ തോന്നി..ഒരു പെൺകുട്ടിയും ഇനി ഈ മൊബൈൽ ഭയക്കരുത്.. ഇവനെയും..
"സമയം ഒരുപാട് ആയി, എല്ലാവരും കിടന്നെ.". ജയിൽ അഴിയിൽ ലാത്തി അടിച്ചു കൊണ്ട് വാർഡൻ പറഞ്ഞ ശബ്ദം കേട്ട് , പ്രമീള മുഖത്തൊരു പുഞ്ചിരിയോടെ കിടന്നു..
ഇപ്പോൾ ആണ് താൻ ഒരു അമ്മ ആയത്. മകന്റെ തെറ്റുകൾ ഇനി ഒരിക്കലും ആവർത്തിക്കാത്ത രീതിയിൽ തിരുത്തിയപ്പോൾ...
സജ്‌ന നിഷാദ് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക