Slider

പുക പരിശോധന

1
പുക പരിശോധന
-----------------------------
വെെകുന്നേരം ഓഫീസില്‍ നിന്നിറങ്ങി എന്‍റെ മയില്‍ വാഹനത്തിലേറി വീട്ടിലേക്ക് പോവുകയായിരുന്നു ഞാന്‍. വീട്ടില്‍ എത്തിയിട്ടു വേണം ഉത്സവം കാണാന്‍ പോകാന്‍. അതുകൊണ്ട് ഇത്തിരി ധൃതിയിലായിരുന്നു.
'പുഴയോര പാതയിലൂടെ പോകാം . അതാവുമ്പോള്‍ റെയില്‍വേ ഗേറ്റില്ല. എത്രയും പെട്ടെന്ന് വീടെത്താം.'
മനസ്സില്‍ കണക്കു കൂട്ടിക്കൊണ്ട് ഞാന്‍ വണ്ടി വിട്ടു.
മെയിന്‍ റോഡില്‍ നിന്ന് ലെഫ്റ്റ് ഇന്‍ഡിക്കേറ്ററിട്ട് പുഴയോര പാതയിലേക്ക് കയറുമ്പോഴേ കണ്ടു അല്പം ദൂരെയായി നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനം.
'ചെക്കിംഗ് ആയിരിക്കും. ആയിക്കോട്ടെ .. അതിനു എനിക്കെന്താ. അതൊക്കെ ആണുങ്ങള്‍ പേടിച്ചാ മതിയല്ലോ. ലേഡീസിനെയൊന്നും ആരും ചെക്ക് ചെയ്യൂല. ഇത്രയും കാലത്തിനുള്ളില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലല്ലോ.'
ഞാന്‍ ധെെര്യത്തോടെ മുന്നോട്ടാഞ്ഞു .
പൊലീസ് വാഹനത്തിന്‍റെ അടുത്ത് എത്തിയതും ഒരു പൊലീസ്കാരന്‍ മുന്നിലേക്ക് ഇറങ്ങി നിന്ന് കെെ നീട്ടി.
ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി.
'ഇതെന്താ ഇതുവരെയില്ലാത്തൊരു പുതുമ.. '
ഞെട്ടല്‍ പുറത്തു കാണിക്കാതെ വണ്ടി സെെഡാക്കി.
എന്‍റെ പിന്നില്‍ തുരു തുരാ വരുന്നുണ്ടായിരുന്നു കുറേ വനിതാ യാത്രക്കാര്‍. അവരെയും അയാള്‍ കെെ കാണിച്ചു നിര്‍ത്തിച്ചു.
''പേപ്പറൊക്കെ എടുത്ത് അവിടെ കാണിക്കൂ''..
വണ്ടിക്കകത്തിരിക്കുന്ന സാറിനെ ചൂണ്ടിക്കാണിച്ച് അയാള്‍ എന്നോട് പറഞ്ഞു.
ഞാന്‍ വേഗം പേപ്പറൊക്കെയെടുത്ത് അങ്ങോട്ട് നടന്നു. എനിക്ക് ഒട്ടും പേടി തോന്നിയില്ല. ഞാനെന്തിനാ പേടിക്കുന്നത്?
എനിക്ക് ഹെല്‍മെറ്റുണ്ട്.. ലെെസന്‍സുണ്ട്.. ഇന്‍ഷുറന്‍സിന്‍റെ പേപ്പറും പുക പരിശോധനയുടെ പേപ്പറും ഒക്കെയുണ്ട്.
നിയമങ്ങളൊക്കെ അനുസരിച്ച് ജീവിക്കുന്ന ഒരു പാവമല്ലേ ഞാന്‍..
സാര്‍ ഇപ്പോള്‍ എന്‍റെ പേപ്പറുകള്‍ ഓരോന്നായി നോക്കുകയാണ്.
എല്ലാം ഓക്കെ.
പുക പരിശോധനയുടെ പേപ്പര്‍ കെെയ്യിലെടുത്തപ്പോള്‍ സാറിന്‍റെ നെറ്റി ചെറുതായൊന്ന് ചുളിഞ്ഞോ? അതോ എനിക്ക് തോന്നിയതാണോ?
''ഇതിന്‍റെ കാലാവധി കഴിഞ്ഞിരിക്കുന്നല്ലോ?''
അടുത്ത നിമിഷം തന്നെ എന്‍റെ സംശയങ്ങള്‍ക്കുള്ള ഉത്തരം കിട്ടി .
''ങ്ങേ.. കാലാവധി കഴിയാനോ? ''
ഞാന്‍ ആ പേപ്പര്‍ വാങ്ങി നോക്കി.
ശരിയാണ്. കാലാവധി കഴിഞ്ഞിട്ട് നാലു ദിവസമായി.
'ഈശ്വരാ.. ഇനിയിപ്പോ എന്തു ചെയ്യും?'
ഞാന്‍ ദയനീയമായി സാറിന്‍റെ മുഖത്തേക്ക് നോക്കി..
''പുക പരിശോധനയുടെ പേപ്പര്‍ ശരിയല്ലെങ്കില്‍ ആയിരം രൂപയാണ് ഫെെന്‍.''
സാര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു.
''ആയിരം രൂപയോ?''
എന്‍റെ കണ്ണു തള്ളിപ്പോയി.
''സാര്‍.. പ്ളീസ് .. ആയിരം രൂപയൊന്നും എന്‍റെ കെെയ്യിലില്ല..''
''ഒരു കാര്യം ചെയ്യ്.. ഒരു നൂറ് രൂപയടച്ചിട്ട് പൊയ്ക്കോളൂ.. നാളെത്തന്നെ പേപ്പര്‍ ഓക്കെയാക്കുകയും വേണം.''
സാറിന്‍റെ മനസ്സ് ഇത്തിരി അലിഞ്ഞു എന്നു തോന്നുന്നു.
ഞാന്‍ ആശ്വാസത്തോടെ പേഴ്സ് തുറന്നു പെെസയെടുക്കാന്‍ തുനിഞ്ഞു.
അപ്പോള്‍ ..
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. പേഴ്സ് കാലിയാണ്. എ ടി എം കാര്‍ഡ് മാത്രമുണ്ട്.
''സാര്‍.. എന്‍റെ കെെയ്യില്‍ പെെസയില്ല.. കാര്‍ഡ് മാത്രമേയുള്ളു. ''
ഞാന്‍ വിക്കി വിക്കി ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
ഇത്തവണ കണ്ണു തള്ളിയത് പൊലീസുകാരുടെയാണ്.
അവര്‍ ആദ്യം പരസ്പരം നോക്കി.,
പിന്നെ രൂക്ഷമായി എന്നെയും
''നയാപ്പെെസയില്ലാത്ത പേഴ്സും പൊക്കിപ്പിടിച്ച് നടക്കാന്‍ നാണമില്ലല്ലോടി നിനക്ക് '' എന്ന ഭാവമായിരുന്നു കണ്ണുകളില്‍..
ഞാന്‍ നിന്നു വിയര്‍ത്തു.
''കാര്‍ഡ് സ്വെെപ്പ് ചെയ്യാനുള്ള സംവിധാനം നമുക്ക് ഇപ്പോ തല്‌ക്കാലമില്ല. ''
അടുത്ത് തന്നെ വരും അപ്പോള്‍ ഇതും പറഞ്ഞ് രക്ഷപ്പെടണ്ട എന്ന ധ്വനിയുണ്ടായിരുന്നു ആ പറച്ചലില്‍.
''എത്രയും പെട്ടെന്ന് പുകപരിശോധന നടത്തി അതിന്‍റെ പേപ്പര്‍ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടു വന്ന് കാണിക്കണം.''
സാര്‍ ഗൗരവത്തില്‍ പറഞ്ഞു.
''ശരി സാര്‍..''
ഞാന്‍ തലയാട്ടി.
എങ്ങനെയൊക്കെയോ വണ്ടി സ്റ്റാര്‍ട്ടാക്കി ഞാന്‍ അവിടുന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ടു.
ആ ഓട്ടം ചെന്നു നിന്നത് ഒരു പുക പരിശോധന കേന്ദ്രത്തിന്‍റെ മുന്നിലാണ്.
പുക പരിശോധനയൊക്കെ ഓക്കെയാക്കി. പക്ഷേ അതിന്‍റെ പേപ്പര്‍ ഞാന്‍ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടു പോയി കാണിച്ചിട്ടില്ല. അതെനിക്ക് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ പേടിയായിട്ടാ. സത്യമായിട്ടും പേടിയായിട്ടാ..
അജിന സന്തോഷ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo