Slider

കുമ്പസാരം...

0
കുമ്പസാരം...
"ബാക്കി പതിനഞ്ചു രൂപയും കൊണ്ട് നീ വീട്ടിലേക്ക് വന്നാ മതി.."
ബാപ്പച്ചിയുടെ കനത്ത വാക്കുകൾ അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു..എന്ത് ചെയ്യും..ആരോട് ചോദിക്കും..ആ മൂന്നാം ക്ലാസ്സുകാരിയുടെ മനസ്സ് എവിടെ ഒക്കെയോ പോയി നോക്കി..ടീച്ചറോട് ചോദിച്ചാലോ..വേണ്ട ടീച്ചറും അടിക്കും..അത്ര വലിയ തെറ്റ് ആണോ താൻ ചെയ്തത് എന്നു പോലും അവൾക്ക് അറിയില്ല..
സ്കൂളിൽ നിന്നും എറണാകുളം കൊച്ചി ടൂർ പോകണ്ടാരുന്നു..എന്നാ ഇങ്ങനെ വരൂല്ലാരുന്നു..ടൂർ ഫീസ് 125 രൂപ ആരുന്നു..അമ്മായിയുടെ മോൾ വാവയും പോകുന്നുണ്ട്, എനിക്കും പോണം എന്നു വാശി പിടിച്ചു പൈസ മേടിച്ചു കൊടുത്തു..പോയി വരുകയും ചെയ്തു.. പറഞ്ഞ അത്രേം പൈസ ആയില്ല, എന്നും പറഞ്ഞു ടീച്ചർ എല്ലാര്ക്കും പതിനഞ്ചു രൂപ തിരികെ നൽകി..എവിടെയോ എപ്പോളോ തോന്നിയ കുഞ്ഞു കള്ളത്തരം..പൈസ വീട്ടിൽ കൊടുത്തില്ല..1995_1996 സമയത്ത് പതിനഞ്ചു രൂപ വലിയ തുക ആണെന്നൊന്നും അവൾക്കും അറിയില്ലാരുന്നു..
ഒരാഴ്ച ആരും ഒന്നും അറിഞ്ഞില്ല..കളവ് എന്നാണെങ്കിലും പിടിക്കപ്പെടും എന്നതിന്റെ തെളിവ് ആണ്, ഒരിക്കൽ പോലും ആ ഭാഗത്ത് വരാത്ത അലീമ ടീച്ചർ അന്ന് ബാപ്പച്ചി നടത്തുന്ന ചിപ്സ് കടയിൽ വരാനും, എങ്ങനെയോ ബാക്കി പൈസ കൊടുത്തു വിട്ട കാര്യം പറയാനും..
കുറെ പറഞ്ഞു നോക്കി, ടീച്ചർ എനിക്ക് തന്നില്ല, മറന്നു പോയതാണ് എന്ന കള്ളം വിശ്വസിച്ച പോലെ, ഒരു ദിവസത്തേക്ക് സമയം തന്നിരിക്കുന്നു..ഇന്ന് സ്കൂൾ വിട്ട് ചെല്ലുമ്പോൾ പൈസ കൊണ്ടുചെല്ലണം..
കൂട്ടുകാരോട് പറഞ്ഞു..കുറച്ചു പൈസക്ക് മിട്ടായി അവരും കഴിച്ചു കളവിൽ പങ്കാളികൾ ആണ്..എല്ലാരും കൂടി മിട്ടായി വാങ്ങാനും അച്ചാർ വാങ്ങാനും ഒക്കെ ആയി കൈയിൽ സൂക്ഷിച്ച ഇരുപത്തഞ്ചും, പത്തും ,ചിലർ ഒരു രൂപയും ഒക്കെ തന്നു..പക്ഷെ എന്നിട്ടും അഞ്ചു രൂപ പോലും ആയില്ല.. ഇനി ഇത് വാങ്ങിയാലും, എല്ലാരും കടം ആയിട്ടെ തരൂ..തിരിച്ചു കൊടുക്കാനും വഴി ഇല്ല..ആ വഴിയും അടഞ്ഞു..
അന്ന് ആദ്യമായി സ്കൂൾ വിടല്ലേ എന്ന് അവൾ ദുആ ചെയ്തു...
പക്ഷെ, സ്കൂൾ വിട്ടു..കൂട്ടുകാർ ഒക്കെ പോയി..വീട്ടിൽ പോകാതെ, സ്കൂളിൽ തന്നെ ഇരുന്നാലോ, പക്ഷെ,സ്കൂളിൽ ഉമ്മച്ചിയൊക്കെ തിരക്കി വരില്ലേ, പുറകിലെ പറമ്പിലെ യക്ഷി പാറയിലേക്ക് പോയാലോ..യക്ഷി പിടിച്ചു തിന്നാലോ. ബാപ്പച്ചിയുടെ കയ്യിൽ നിന്നും കിട്ടുന്നത് ഓർത്തപ്പോൾ യക്ഷി പിടിച്ചു തിന്നട്ടെ എന്ന് പോലും അവൾ ഓർത്തു..
പക്ഷെ, എന്നും കൂടെ വരുന്ന കൂട്ടുകാർ കാത്തു നിൽക്കുന്നു..അവർ വിളിച്ചു.. പോകാതെ വയ്യ..പോകുന്ന വഴി തൂറ്റക്കയത്തിൽ പോയി ചാടിയാലോ..മരിച്ചു പോയാൽ പിന്നെ ഉമ്മച്ചിക്ക് വേറെ കുഞ്ഞാവ ഇല്ലല്ലോ..ഉമ്മച്ചി കരയും..അല്ലാഹുവേ ഇനി എന്ത് ചെയ്യും..എന്നും മിട്ടായി വാങ്ങാൻ കേറുന്ന കടയിലെ അപ്പാപ്പനോട് ചോദിച്ചു, പതിനഞ്ചു രൂപ തരാമോ എന്ന്..കൊച്ചു പിള്ളേർക്ക് അത്രേം പൈസ ഒന്നും തരാൻ ഒക്കൂല എന്നും പറഞ്ഞു ,വേഗം വീട്ടിൽ പോകാൻ പറഞ്ഞു..
ഈ അപ്പാപ്പൻ അല്ലെ കഴിഞ്ഞ ദിവസം പതിനഞ്ച് രൂപ എണ്ണി മേടിച്ചത്, അപ്പൊ ഞാൻ കൊച്ചു കുട്ടി അല്ലാരുന്നോ..എന്റെ കയ്യിൽ എവിടുന്ന ഇത്രേം പൈസ എന്ന് പോലും ചോദിച്ചില്ലല്ലോ..ഹും..
ഇനി ഒന്നും ചെയ്യാൻ ഇല്ല..ചങ്കിലും വയറ്റിലും ഒക്കെ വേദന എടുക്കണ പോലെ..വീട് എത്താറായി.. ചിപ്സ് കടയുടെ പുറകിൽ തന്നെ ആണ് താമസം..അത് കൊണ്ട് അടി കിട്ടാൻ ബാപ്പച്ചി രാത്രി വരാൻ വേണ്ടി കാക്കണ്ട..ഇപ്പൊ തന്നെ കിട്ടും..
ആകെ വിയർത്തു കുളിച്ചു അവൾ വീട്ടിൽ ചെന്ന് കയറി..ഇനി ഉമ്മച്ചി മറന്നു പോയെങ്കിലോ എന്ന് കരുതി അവൾ മിണ്ടിയില്ല..ഉമ്മച്ചിയും ഒന്നും ചോദിച്ചില്ല..ചായ കുടിച്ചു..അപ്പോൾ അവൾക്ക് അറിയില്ലാരുന്നു.. അറക്കാൻ പോകും മുന്നേ കിട്ടുന്ന വെള്ളം ആണ് അതെന്ന്..
ചായ കുടിച്ചു കഴിഞ്ഞ ഉടനെ, ബാപ്പച്ചി എത്തി..പൈസ കിട്ടിയോ എന്ന് ചോദിച്ചു..ഇല്ല എന്ന മറുപടിയോടെ ഉമ്മച്ചിയെ ദയനീയതയോടെ നോക്കി.. ഉമ്മച്ചി ഒന്നും മിണ്ടിയില്ല..ഇനി ബാപ്പച്ചി അങ്ങട് ഏറ്റെടുത്തു .. എത്ര അടി കിട്ടി എന്ന് ഓർമ്മ ഇല്ല..പേരകത്തിന്റെ വടി ക്ക് ഇത്ര വേദന ഉണ്ടല്ലേ..പൈസ എന്ത് ചെയ്തു എന്ന ചോദ്യത്തിന് മിട്ടായി വാങ്ങി എന്നുള്ള മറുപടി കരച്ചിലിൽ മുങ്ങി പോകുന്നുണ്ടായിരുന്നു..എത്ര പറഞ്ഞിട്ടും ബാപ്പച്ചിക്ക് വിശ്വാസം വരുന്നില്ല..പതിനഞ്ചു രൂപയ്ക്കും മിട്ടായി വാങ്ങാൻ നിന്നാൽ ആ കട മൊത്തം വാങ്ങാല്ലോ..സത്യം പറയെടി എന്നും പറഞ്ഞു ഉമ്മച്ചിയും ഇടയ്ക്ക് ഒന്ന് തന്നു..
ആ അടി മുഴുവൻ കൊള്ളുമ്പോഴും പകുതിയും, മുക്കാൽ ഭാഗവും പൊട്ടിയ സ്ലേറ്റ് കൊണ്ട് ക്ലാസ്സിൽ വന്നിരുന്ന മൂന്നു കൂട്ടുകാരുടെ കയ്യിലെ പുത്തൻ സ്ലേറ്റും, ചെരുപ്പില്ലാതെ വന്ന ചിഞ്ചുവിന്റെ കാലിലെ വള്ളി ചെരുപ്പും അവളെ നോക്കി പുഞ്ചിരിച്ചു..
അടിയും ബഹളവും കഴിഞ്ഞു രാത്രി ഉമ്മച്ചി കെട്ടിപ്പിടിച്ചു സ്നേഹത്തോടെ വീണ്ടും ആ പൈസ എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ, അവൾക്ക് പറയാൻ പേടി ആരുന്നു..അവൾ ചെയ്ത വലിയ തെറ്റ് തിരുത്താൻ കൂട്ടുകാരുടെ കയ്യിൽ നിന്നും ആ പുഞ്ചിരി തിരിച്ചെടുക്കുമോ എന്ന്..
പിറ്റേന്ന് ബാപ്പച്ചി മടിയിൽ വിളിച്ചിരുത്തി അടിച്ച സ്ഥലത്തെ തിണർത്ത പാടുകൾ തലോടി പറഞ്ഞു.."കുഞ്ഞോളെ, എന്തിനാ അടിച്ചത് എന്ന് അറിയുവോ..പൈസ എടുത്തിട്ടോ, നുണ പറഞ്ഞിട്ടോ അല്ല.. നീ ചെയ്ത ഒരു തെറ്റ്, അതിനി എത്ര ചെറുതോ, എത്ര വലുതോ ആയിക്കോട്ടെ..അത് വേറെ ഒരാൾ പറഞ്ഞു ഞങ്ങൾ അറിയരുത്..നിന്റെ കാര്യങ്ങൾ ആദ്യം അറിയേണ്ടത് ഞങ്ങൾ ആണ്...അത് നീ പറഞ്ഞും.."

Sajna N
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo