Slider

പ്രവാസികുടുംബം

0
പ്രവാസികുടുംബം
***************
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്. പടച്ചോന്റെ അനുഗ്രഹം കൊണ്ട് ഈ പ്രവാസജീവിതത്തിൽ നല്ല പാതിയോടൊപ്പം ജീവിതം പങ്കിടാൻ ഭാഗ്യം ലഭിച്ചവൾ... വിവാഹം കഴിഞ്ഞു നാല് വർഷം. രണ്ട് വർഷത്തോളം പ്രവാസത്തിന്റെ വേദനയും വിരഹവും എല്ലാം അറിഞ്ഞുതന്നെയാണ് ഞാനും ജീവിച്ചത്.. ഒരു ഭർത്താവ് അടുത്ത് ഉണ്ടാകണമെന്ന് ഏത് പെണ്ണും മനസ്സ് അറിഞ്ഞു ആഗ്രഹിക്കുന്നത് അവൾ ഒരു അമ്മയാകുന്ന നിമിഷങ്ങളിലാണ്. ആ നിമിഷം പോലും എന്റെ നല്ലപാതിയ്ക്ക് എന്റെ അടുത്ത് ഉണ്ടാകാൻ കഴിഞ്ഞില്ല. ആ മണിക്കൂറുകൾ അദ്ദേഹം അനുഭവിച്ച വേദനയും വെപ്രാളവും ഒരുപാട് പ്രവാസികൾ അനുഭവിച്ചതായിരിക്കാം. തുടരെ തുടരെ ഉള്ള ഫോൺ കോളുകൾ. ഉമ്മയും ഉപ്പയും അറിയാതെ ഇടയ്ക്ക് ഉള്ള മെസ്സേജുകൾ. ഇടയ്ക്ക് സ്കൈപ്പിൽ വിളിക്കുമ്പോൾ പറയാൻ വാക്കുകൾ കിട്ടാതെ പലപ്പോഴും ആ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്. പ്രസവവേദനയെക്കാളും വലിയ വേദനയാണ് ആ കണ്ണുനീർ സമ്മാനിക്കുക. എന്നാലും പുറമേ കാണിക്കാതെ എനിക്ക് ഒരു കുഴപ്പവുമില്ല ഇക്ക അവിടെ സമാധാനമായിട്ട് ഇരിക്കീൻ എന്ന് പറയാൻ മാത്രം വിധിച്ചവർ. പ്രസവവേദന എനിക്ക് അല്ല ഇക്കാക് ആണെന്ന് പറഞ്ഞു ചിരിക്കാൻ ആ വേദനയിലും കഴിഞ്ഞു..
കുഞ്ഞിന്റെ ഓരോ അനക്കങ്ങളും കൊഞ്ചലുകളും ചിരിയും കരച്ചിലും എല്ലാം സ്കൈപ്പിലൂടെയും വീഡിയോ മെസ്സേജിലൂടെയും കാണാൻ വിധിച്ചവർ. ഒരുപക്ഷേ ഇക്കയും ഞാനും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ഈ സമയങ്ങളിലായിരിക്കാം. മോൻ ഇന്ന് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയുമ്പോൾ, നീ ഫോട്ടോ എടുത്തില്ലേ... നീ വീഡിയോ എടുക്കാതിരുന്നതെന്താ.. എന്നൊക്കെ ചോദിച്ചു പലവട്ടം പിണങ്ങും. നമ്മൾ എപ്പോഴും ഫോണും കൈയ്യിൽ പിടിച്ചിട്ടല്ലല്ലോ ഇരിക്കുന്നത് എല്ലാം വീഡിയോ എടുക്കാൻ എന്നൊക്കെ നമ്മൾ ചിന്തിച്ചു പോകുമെങ്കിലും അവരോട് പറയാൻ തോന്നില്ല അവരുടെ അവസ്ഥ ഓർക്കുമ്പോൾ.
മാസാമാസം ബാങ്ക് ബാലൻസിന്റെ അളവ് കൂടുമെങ്കിലും ജീവിതത്തിന്റെ അക്കൗണ്ടിൽ വളരെ കുറവുണ്ടാകുന്നു എന്ന് നമ്മൾ രണ്ടുപേരും തിരിച്ചറിഞ്ഞ നിമിഷമാണ് പ്രവാസജീവിതത്തിലേയ്ക്ക് എന്നെയും മകനെയും കൂട്ടുന്നത്. പ്രവാസിയുടെ ഭാര്യയായി ജീവിതം കഴിച്ച ഉമ്മയാണെങ്കിൽ നമ്മുടെ ഈ ഒരുമിച്ച് ചേരലിന് മുൻകൈ എടുക്കുക അവരായിരിക്കും. എന്റെ ജീവിതത്തിൽ അങ്ങനെയാണ്. കാരണം അവർക്ക് അറിയാം പ്രവാസത്തിന്റെ വേദന. പത്തുനാല്പത് വർഷത്തെ ജീവിതത്തിനിടയ്ക്ക് വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമേ അവർ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ എന്ന് കണ്ണ് നിറഞ്ഞു പറയുന്നത് പലവട്ടം കണ്ടിട്ടുണ്ട്. നാല്പതുവർഷത്തെ പ്രവാസം കൊണ്ട് മക്കൾക്ക് വേണ്ടതിൽ കൂടുതൽ സമ്പാദിച്ചു പക്ഷെ ജീവിതം അവർക്കെവിടെയോ നഷ്ടപ്പെട്ടു. അതിൽ അവർ ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. നഷ്ടബോധം തോന്നുന്നുണ്ടാകും. അവർക്കറിയാം നമ്മൾ അനുഭവിക്കുന്ന വേദന. അതായിരിക്കാം ഉമ്മയും ഉപ്പയും ഒറ്റയ്ക്ക് ആകില്ലേ എന്ന് പറയുമ്പോഴും അതിന് നമ്മൾ കിടപ്പിലൊന്നുമല്ലല്ലോ പടച്ചോന്റെ അനുഗ്രഹം കൊണ്ട് ആരോഗ്യമുണ്ട്. അതുവരെയെങ്കിലും നിങ്ങൾ ജീവിക്ക് എന്ന് പറഞ്ഞു നമ്മളെ ഒരുമിച്ചു ജീവിക്കാൻ വിടുന്നത്.
ഇവിടെ വന്നാൽ നമുക്ക് ഏറ്റവും കൂടുതൽ നഷ്ടബോധം ഉണ്ടാക്കുന്നത് നമ്മുടെ മാതാപിതാക്കളുടെ സാമിപ്യം തന്നെയാണ്. കറിയ്ക്കരിയുന്നതിനിടയ്ക്ക് ഒന്ന് കൈ മുറിഞ്ഞാലോ ജോലികൾക്കിടയിൽ കുട്ടികൾ കരഞ്ഞാലോ ഒരു ചെറിയ തലവേദന വന്നാലോ ഒക്കെ നമ്മൾ നമ്മുടെ മാതാപിതാക്കളെ ഓർക്കും. ഉമ്മ ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു എന്ന് ചിന്തിക്കും. ആ കറി എങ്ങനെ വെയ്ക്കണം ഉമ്മാ... അതിൽ മല്ലിപ്പൊടി ചേർക്കണമോ.. അത് ഇങ്ങനെ വെച്ചാൽ മതിയോ എന്നൊക്കെ ചോദിച്ചുള്ള നമ്മുടെ ഫോൺ കോളിനായി അവർ കാത്തിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും അവരോട് സംസാരിച്ചു കൊണ്ടും അവരെ കണ്ട് കൊണ്ടുമാണ്.
ഫോൺ ചെയ്യുമ്പോൾ അവരുടെ ശബ്ദത്തിന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലോ മുഖത്തിന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലോ ഞങ്ങൾ പ്രവാസികൾക്ക് അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടെ ഉള്ള മക്കൾ ചിലപ്പോൾ അത് തിരിച്ചറിഞ്ഞെന്ന് വരില്ല. മാസാമാസം അവരുടെ ചിലവിനുള്ളതും ഒത്തിരി കൂടുതലും അവർക്ക് അയച്ചിട്ടേ നമ്മൾ നമ്മുടെ കാര്യങ്ങൾ നോക്കൂ.. കാരണം എന്തെങ്കിലും അത്യാവശ്യം വന്നാൽ നമ്മുടെ ഉമ്മയും ഉപ്പയും ബുദ്ധിമുട്ടരുത്.. ആരുടേയും മുന്നിൽ കൈ നീട്ടാൻ ഒരവസ്ഥ വരരുത് എന്ന് നിർബന്ധമുള്ളത് കൊണ്ട് തന്നെ. പൈസ കൊണ്ട് മാറാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ എല്ലാം ഇട്ടെറിഞ്ഞു നാട്ടിൽ പോകാനും നമ്മൾ പ്രവാസഭാര്യമാർക്ക് ഒരു മടിയുമില്ല. നമ്മുടെ സാമിപ്യം അവർക്ക് അത്യാവിശ്യമാണെന്ന് തോന്നിയാൽ അവർ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയാൽ അടുത്ത നിമിഷം നമ്മൾ അവിടെ എത്തിയിരിക്കും. അതിന് കെൽപ്പുള്ളവരേ ഇക്കാലത്ത് കുടുംബത്തെ ഒപ്പം കൂട്ടുകയുള്ളൂ.
നമ്മൾ പ്രവാസഭാര്യമാരും നാട്ടിൽ പലതും നഷ്ടപ്പെടുന്നവരാണ്. രാവിലെ ഭർത്താവ് ജോലിക്ക് പോയാൽ റൂമിൽ ഒറ്റയ്ക്ക് സമയം തള്ളി നീക്കുന്നവർ. നാട്ടിലെ കല്യാണവും ഒത്തുകൂടലും സൊറപറച്ചിലും കളിയാക്കലുകളും എല്ലാം നഷ്ടമാകുന്നവർ. വർഷത്തിൽ നാട്ടിൽ പോകുന്ന ഒരു മാസം ഞങ്ങൾക്ക് പെരുന്നാൾ ആയിരിക്കും. പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ കാണും പരസ്പരം പറയാൻ. മനസ്സിൽ മക്കളെ പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ടെങ്കിലും നമ്മുടെ മക്കൾ സന്തോഷമായിട്ട് ഇരിക്കുന്നല്ലോ എന്ന സന്തോഷത്തിൽ നമ്മുടെ മാതാപിതാക്കളുടെ മനസ്സ് കൂടുതൽ സന്തോഷിക്കും..
നമ്മൾ പ്രവാസികുടുംബങ്ങൾ കുടുംബത്തെ മറന്ന് ജീവിക്കുന്നവരാണ് എന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ട്. ഒരിക്കലുമില്ല അവരാണ് നമുക്ക് എല്ലാം. അവരെ മറന്നൊരു ജീവിതം നമുക്ക് ഇല്ല. നമ്മുടെ മാതാപിതാക്കളുടെ ആവിശ്യങ്ങൾക്ക് ഞങ്ങൾ അടുത്ത് ഉണ്ടാകും അവർക്ക് ആഗ്രഹിക്കുന്നതിന് മുന്നേ. അവരെ ഉപേക്ഷിച്ചു പ്രവാസം തിരഞ്ഞെടുക്കുന്നവരുമല്ല നമ്മൾ. അവസാനകാലത്ത് നഷ്ടങ്ങളുടെയും ലാഭങ്ങളുടെയും കണക്കെടുക്കുമ്പോൾ ജീവിതം നഷ്ടമായി എന്ന് തോന്നാതിരിക്കാനാണ് ഒന്നും നീക്കിവെച്ചു സമ്പാദിക്കാൻ ഇല്ലെങ്കിലും നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കുന്നതിനായി ഒരുമിച്ച് കൂടുന്നത്....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo