
അതിരാവിലെ മനോജിന്റെ ഫോൺ കോളാണ് എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്. മനോജ്, അവനാണെന്റെ ഉറ്റ സുഹൃത്ത്. ഒരേ കമ്പനിയിൽ ജോലിചെയ്‌യുന്നവർ എന്നതിലുപരി എന്റെ ക്ലാസ്സ്‌മേറ്റ് കൂടിയായിരുന്നു അവൻ. ധൃതിയിൽ റെഡിയായി, ബൈക്കുമെടുത്ത് നേരെ ബസ്‌സ്റ്റാന്റിലേക്ക്. ബൈക്ക് പാർക്ക് ചെയ്തെത്തുമ്പഴേക്ക് മനോജ് എന്നെ കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖമാകെ മ്ലാനമാണ്. പതിവ് ചിരിയില്ല. നോട്ടങ്ങളിൽ പോലും ആശങ്ക നിറഞ്ഞു കവിയുന്നു. ഒടുവിൽ, ആദ്യമെത്തിയ കെഎസ്ആർടിസി ബസ്സിൽ ഞങ്ങൾ ഇരുവരും കയറിക്കൂടി. അതിരാവിലെ ആയിരുന്നിട്ട് കൂടി നേരിയ തിരക്കുണ്ട്. ഒരുവിധം രണ്ട് സീറ്റുകൾ കിട്ടിയ ഞങ്ങൾ അതിലിരുന്നു. പരസ്പരം ഒന്നും മിണ്ടുന്നില്ല. ഒടുവിൽ മൗനത്തെ ഭേദിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിക്കാൻ എന്നവണം "ഒന്നുമുണ്ടാകില്ലടാ" എന്നൊരു വാക്ക് മാത്രം.
നഗരത്തിൽ നിന്നും ഏറെ ദൂരമുള്ള എന്റെ നാട്ടിലേക്ക് ഇപ്പോൾ വന്നിട്ട് നാളേറെയായി. ജോലി തിരക്കുകൾ തന്നെ കാരണം. കെഎസ്ആർടിസി ബസ് ആ കൊച്ചു ഗ്രാമത്തിലെ പ്രധാന കവലയിൽ ചെറിയൊരു കുലുക്കത്തോടെ വന്നു നിന്നു. പലപ്പോഴും ഈ കവലയിൽ ബസ്സ് ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ന് മനസ്സിൽ എന്തോ ഒരു തിരയിളക്കം. പലരും കുശലങ്ങൾ ചോദിക്കുന്നു. പല ചോദ്യങ്ങളും അവ്യക്തം. ചോദ്യങ്ങൾക്കൊന്നും ഉത്തരമേകാതെ ഞാൻ ആ പാടവരമ്പിലൂടെ നടന്നു നീങ്ങി. പിന്നാലെ മനോജ്ഉം.
മനസ്സിൽ നിറയെ അവളാണ്. അവൾ ലക്ഷ്‌മി. തനി നാട്ടിൻ പുറത്തുകാരി. പത്താം തരവും തയ്യലും എന്ന പതിവ് നാട്ടിന്പുറത്തുകാരിയല്ല. എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞു, ഇനി എന്തെന്ന് ചോദ്യവുമായി കാത്തുനിൽകുന്ന ഇന്നത്തെ യുവതയുടെ പ്രതീകം. വർഷങ്ങൾക്ക് മുന്നേ, ആകെയുള്ള മുത്തച്ഛൻ കൂടി പോയതിൽ പിന്നെ, ഈ ഗ്രാമവുമായി എന്നെ ബന്ധിപ്പിക്കുന്ന ഏക കണി. എന്റെ കളികൂട്ടുകാരി. അതിലുമേറെ ഓർമ്മവച്ച നാൾ മുതൽ എന്നെ ജീവനുതുല്യം സ്നേഹിച്ചവൾ. ഒരു പൊട്ടിക്കാളി. എന്റെ മുഖമൊന്നു കടുത്താൽ പോലും കണ്ണ് നിറയുന്ന ഒരു പാവം. രണ്ട് മാസങ്ങൾ കൂടുമ്പോൾ, ആദ്യത്തെ ഞായാറാഴ്ച, പറമ്പിലെ തേങ്ങ വിറ്റ കാശ് വാങ്ങാൻ വരുമ്പോൾ, വഴിക്കണ്ണുമായി ആ കുളക്കരയിൽ കാത്തുനിൽക്കുന്ന എന്റെ ലച്ചു. ഇനി വരുമ്പോൾ എന്നെ കാത്തുനിൽക്കാൻ ആരുമുണ്ടാകില്ല എന്നതാണ് സത്യം. മനസ്സിൽ വീണ്ടും ആശങ്കകൾ പൊട്ടിവിരിഞ്ഞു. മനോജിന്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത് "ഡാ നമ്മൾ എത്തി"..
ആ വലിയ തറവാട്ടിലെ പടികെട്ടുകൾ കയറി, നടുമുറ്റത്തേക്ക് കടന്നപ്പോൾ ചെറിയൊരു ആൾകൂട്ടം. എല്ലാവരുടെയും നോട്ടം ആ കോലായിലേക്ക് തന്നെ. എല്ലാവരുടേം മുഖത്തു ഞാൻ നേരത്തെ മനോജിന്റെ മുഖത്തു കണ്ട അതെ ആശങ്ക തന്നെ. എന്തോ അരുതാത്തതു സംഭവിച്ച പോലെ. ഞങ്ങളെ കണ്ടതും ആളുകൾ പരസ്പരം കുശുകുശുക്കുന്നു.
ആളുകൾകിടയിലൂടെ കോലായിലേക്ക് ചെന്ന ഞാനും മനോജ്ഉം അറിയാതെ ചിരിച്ചുപോയി. കോലായിലെ പടിയിൽ ഒരാളിരിക്കുന്നു, നല്ല സെറ്റുമുണ്ടും ഉടുത്തു, മുല്ലപ്പൂവും ഒക്കെ ചൂടി. കൈയിൽ ഒരു ബാഗും. എന്നെ കണ്ടപ്പോൾ തന്നെ, അവൾ എനിക്ക് അരികിലേക്ക് ഓടിയടുത്തു, എന്റെ മാറിൽ തല ചായ്ച്ചു, ഒപ്പം കുറെ പരിഭവം പറച്ചിലും പിന്നെ സ്ഥിരം കിട്ടാറുള്ള ചെറിയ പിച്ചലും മാന്തലുംമൊക്കെ. പാവം അതിരാവിലെ മുതൽ എന്നെ കാത്തിരിക്കുകയാണ്. ഇന്നലെ തന്നെ അവളെ വിളിച്ചു ഞങ്ങൾ അവളെ കൂട്ടികൊണ്ട് വരാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. രാവിലെ മുതൽ ഒരുങ്ങി കാത്തിരിക്കുകയിരുന്നു അവൾ. താമസിച്ചതിന്റെ പരിഭവമാണ് ഈ കണ്ടതെല്ലാം. ഇതെല്ലം കണ്ടു നാട്ടുകാർ കണ്ണും തള്ളിനിൽക്കുന്നുണ്ടായിരുന്നു. മറു തലക്കൽ ലച്ചുവിന്റെ രണ്ടാനമ്മയുടെ പ്രാകലിന്റെ ശബ്ദം ഒന്ന് കൂടി മുറുകി. അവളുടെ കൈയുംപിടിച് ബാഗും തൂക്കി ഞങ്ങളിറങ്ങാൻ നേരം ഉമ്മറത്തിരിക്കുന്ന ആ മനുഷ്യന്റെ മുഖത്തേക്ക് ഒന്ന് നോക്കി, അവളുടെ അച്ഛന്റെ കണ്ണുകളിലേക്ക്. നിറഞ്ഞു കവിഞ്ഞ ആ കണ്ണുകളിൽ, നിറയെ അനുഗ്രഹങ്ങളായിരുന്നു. തന്റെ മകൾക്കും എനിക്കും യാത്രയേകുവാനുള്ള മൗനാനുവാദം. അത് മാത്രം മതിയായിരുന്നു രണ്ടാനമ്മയുടെ പ്രാക്കുകളെ അതിജീവിക്കാൻ.
എന്റെ ലച്ചുവിന്റെ കൂടെയുള്ള, ഞങ്ങൾ സ്വപ്നം കണ്ട ആ ലോകത്തിലേക്ക്, അവളുടെ കൈപിടിച്ചു ഞങ്ങൾ ആ പടികെട്ടുകൾ ഞങ്ങളിറങ്ങി. ഞങ്ങളുടേത് മാത്രമായ ഒരു പുതിയ ലോകത്തേക്ക്.. പാട വരമ്പത്തു കൂടി നടന്നകന്നപ്പോൾ, അവൾ ആ വലിയ പടിക്കെട്ടിലേക്ക് പിന്തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ നനവ് പടരുന്നത് ഞാനറിഞ്ഞു. ഇടംകയാൽ അത് ഞാൻ തുടച്ച നീക്കവേ, അവൾ എന്റെ തോളിലേക് തല ചായ്ച്ചു, ഒരു ചെറിയ എങ്ങലോടെ. എനിക്കറിയാം ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഞങ്ങൾ തിരിച്ചുവരും, ഞങ്ങൾക്ക് പ്രിയപ്പെട്ട ഈ നാട്ടിലേക്ക്. അവളുടെ അച്ഛന്റെ അരികിലേക്ക്..
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക