നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിക്കാത്ത ഓർമ്മകൾ

Image may contain: 1 person, smiling, selfie and closeup
ഓർമ്മകൾ എഴുതാനിരുന്നാൽ അമ്മയിലേക്കേ നീളൂ. ആ വിടവ് നികത്താൻ ഈ ജന്മത്തിന് കഴിയില്ലല്ലോ. അല്ലെങ്കിലും ചില നഷ്ടങ്ങൾക്ക് കൂട്ടായി ഓർമ്മകൾ ഇല്ലായിരുന്നെങ്കിൽ ജീവിതം എന്നേ വ്യർത്ഥമായി പോയേനെ. ചില നുണകൾക്ക് സത്യത്തേക്കാൾ പവിത്രതയും ഉണ്ടാവാറുണ്ട്
"കൂടിയാൽ ഏഴു മാസം അതിൽ കൂടുതൽ ഇല്ല! "
റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു .
ഞണ്ടുകൾ ശ്വാസകോശത്തെ കീഴടക്കി എല്ലുകളിലേക്കും തലയോട്ടിയിലേക്കും ഇറങ്ങിയിരിക്കുന്നു. ഏഴ് മാസത്തിനപ്പുറം അമ്മ കൂടെയില്ല !! മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട് നിർത്താത്ത കണ്ണുനീരായി .. ഞാനും അച്ഛനും ഏഴാം നിലയിലെ ലിഫ്റ്റിലേക്ക് കയറി.അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. താഴെ കാർ പാർക്കിങ്ങ് ഏറിയയിലേക്ക് ഇറങ്ങിയപ്പോഴാണ് സ്ഥലകാലബോധം വന്നത്. വാച്ച്മാനോട് ചോദിച്ച് സ്റ്റെപ്പ് കയറി. മനസ്സിലെ കടൽ ശാന്തമാവാൻ അത് വേണമായിരുന്നു. "അമ്മ ഒന്നും അറിയരുത് ".. അച്ഛൻ അത് മാത്രം പറഞ്ഞു. "ഇത്രയും സമയം എവിടെയായിരുന്നു? "
"റിപ്പോർട്ട് കിട്ടി. എഴുപത് വയസ്സ് വരെ ഒരു കുഴപ്പവും ഇല്ല. നമുക്കത് മതി . അതിനപ്പുറം ഉള്ളതൊക്കെ അല്ലെങ്കിലും ബോണസ്സല്ലേ? ."
അമ്മയുടെ ചോദ്യത്തിന് അലസമായി അച്ഛൻ മറുപടി പറഞ്ഞു. കണക്ക് മാഷായ അച്ഛന് കുറുപ്പിന്റെ കണക്ക് പുസ്തകം പോലെ എല്ലാറ്റിനും കണക്കുണ്ടായിരുന്നു. ജീവിതത്തിന്റെ കണക്ക് പുസ്തകം പിഴച്ചപ്പോൾ ശൂന്യതയിൽ നിന്ന് അച്ഛൻ കണക്കുകളുണ്ടാക്കി. "നമുക്കെന്തിനാ ഇപ്പോൾ കാറ്. രണ്ടായിരത്തി പത്തിൽ എൽഐസി പാസ്സാവാനുണ്ട്. കാറിനെ അങ്ങോട്ട് തട്ടി. പോയി ചൂടുള്ള കാപ്പി കുടിച്ചിട്ട് വരാം. "
ഇതൊക്കെയാണ് ജീവിതം. തോൽവിയിലും വിജയിയെപ്പോലെ പുഞ്ചിരിക്കാൻ ആവണം.
രോഗം സ്ഥിതീകരിച്ച് പിറ്റേ ദിവസം തന്നെ അമ്മയ്ക്ക് കീമോ തുടങ്ങി. രണ്ടാം ദിവസം അതിന്റെ പാർശ്വ ഫലങ്ങൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങി. ചർദ്ദിയും, വായിലെ തൊലിയും പോയി ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ അമ്മയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ക്യാൻസർ എന്ന മാറാവ്യാധി രോഗിയെ മാത്രമല്ല ഒരു കുടുംബത്തെ ആണ് വരിഞ്ഞുമുറുക്കുന്നതെന്നറിയാൻ കഴിഞ്ഞ ദിവസങ്ങൾ ആയിരുന്നു അതൊക്കെ. ഒരാഴ്ച്ചത്തെ ഡോസ് കഴിഞ്ഞ് ഞങ്ങൾ നാട്ടിലെത്തി. വെറും ജ്യൂസ് മാത്രമായിരുന്നു ഭക്ഷണം. മൂന്നാല് ദിവസത്തിനുള്ളിൽ അമ്മ പൂർവ്വസ്ഥിതിയിലേക്ക് വന്നു. ചർദ്ദിമാറി, വേദന പാടേമാറി അമ്മയുടെ പ്രതീക്ഷകൾ ഉയർന്ന് ആകെ സമാധാനാന്തരീക്ഷം. അമ്മയുടെ മുടി ജഡകെട്ടിയിരുന്നു. ചതുപ്പ് നിലത്തെ പായൽ പോലെ അനായാസമായി വേരോടെ മുടിക്കെട്ടുകൾ കയ്യിലേക്ക് വന്നു. തരിശുഭൂമി പോലെ ഒരൊറ്റ മുടിയിഴകളും ഇല്ലാതെ തല ശൂന്യമായി. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികമായും തളർത്തുന്ന അവസ്ഥ .
അതിനിടയിൽ എന്റെ കല്യാണത്തിന്റെ തീയ്യതി നിശ്ചയിച്ചു. മെയ് പതിനാല് . അമ്മയുടെ അസുഖം സ്ഥിതീകരിച്ചിട്ട് അന്നേക്ക് ഏഴ് മാസം കഴിഞ്ഞിരുന്നു. ഡോക്ടർക്ക് നല്ല പ്രതീക്ഷയുണ്ടായി. വിചാരിച്ചതിലും കൂടുതൽ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനിടയിൽ ആർ സി സിയിലേക്കുള്ള യാത്രയിൽ നിരവധി രോഗികളെ കാണാൻ പറ്റി. രോഗം അധികമൊന്നും പടർന്ന് പിടിച്ചിട്ടില്ലെങ്കിലും മനസ്സിന് ധൈര്യമില്ലാത്ത നിരവധി പേർ. ഏറ്റവും സങ്കടകരം ഈ അസുഖം പിടിപെട്ട കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു. നമ്മുടെ പ്രശ്നങ്ങൾ പർവ്വതീകരിച്ച് കാണുമ്പോൾ ആർ സി സിയിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ ഒന്ന് സന്ദർശിച്ചാൽ മതി. മരണം മുന്നിൽ കണ്ടു ജീവിക്കുന്നവർക്കിടയിലും ജീവിതം എന്തെന്ന് അറിയാത്തവർക്കിടയിലും നമ്മുടെ പ്രശ്നം ഒന്നുമല്ലെന്ന് മനസ്സിലാവും. അമ്മയുടെ മനോബലം ഞങ്ങൾക്കു കൂടി ധൈര്യം തരുന്നതായിരുന്നു.. എന്റെ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മക്ക് വീണ്ടും വേദനകൾ തുടങ്ങി. ഇതിനിടയിൽ അച്ഛൻ ലേക് ഷെയർ ഹോസ്പിറ്റലിൽ പോയി ഗംഗാധരൻ ഡോക്ടറേയും കണ്ടിരുന്നു. അദ്ദേഹം ആർ സി സിയിലെ ചികിൽസ
തുടരാനാണ് പറഞ്ഞത്.
ചികിൽസയുടെ രണ്ടാം ഘട്ടം ആർസിസിയിൽ എത്തിയപ്പോൾ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. തലച്ചോറിലേക്കും ഞണ്ടുകൾ പിടിമുറുക്കി കഴിഞ്ഞിരുന്നു. "ഇനിയൊന്നും ചെയ്യാനില്ല ."
ഡോക്ടർ നിസ്സഹായനായി പറഞ്ഞു.
വേദന ലഘൂകരിക്കാൻ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെടാനുള്ള നമ്പറും തന്നു..
അമ്മയെ വിധിയ്ക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.
ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടുതൽ ജീവിക്കണം എന്ന ഉദ്ദേശത്തോടെയാണ് മലബാർ ക്യാൻസർ സെന്ററിൽ എത്തിയത്. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമേയുള്ളൂ അവിടേക്ക്. ആശുപത്രി തുടങ്ങി അധികം നാളായിട്ടില്ലാത്തത് കൊണ്ടും അവിടെയുള്ള ഡോക്ടേഴ്സിനേക്കാൾ പരിചയക്കൂടുതലുള്ള ഡോക്ടേഴ്സിനെ കിട്ടും എന്ന പ്രതീക്ഷയും ആണ് ഞങ്ങളെ ആർ സി സിയിൽ എത്തിച്ചത്. രോഗം സ്ഥിതീകരിച്ച വിശ്വനാഥൻ ഡോക്ടർ റഫർ ചെയ്തതും ആർ സി സിയിലേക്കായിരുന്നു.
ആർസിസിയിൽ നിന്ന് ഞങ്ങൾ മലബാറിലേക്ക് റഫറൻസ് ലെറ്റർ വാങ്ങി. അവിടെയെത്തി രണ്ടാം ദിവസം തന്നെ അമ്മയുടെ തലയ്ക്ക് റേഡിയേഷൻ ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അമ്മയെ പെയിങ്ങ് വാർഡിലേക്ക് മാറ്റി.
അവിടുത്തെ പെയിങ്ങ് വാർഡിലെ കോർണർ ബെഡ്ഡിനിപ്പുറമുള്ള നീളൻ ജനാലയിലൂടെ നോക്കിയാൽ പ്രവേശനകവാടം കാണാം .. ജീവിതത്തിലേക്കും മരണത്തിലേക്കും നടന്ന് കയറുന്നവരുടെ സങ്കലനവും വ്യവകലനവും നടക്കുന്നുണ്ടവിടെ .
ഒരു മാസത്തോളം മലബാറിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്ത് ഞാൻ യൂണിവേഴ്‌സിറ്റിയിൽ താല്ക്കാലിക ജോലി ചെയ്തിരുന്നു. HOD അമ്മയുടെ അസുഖം കണക്കിലെടുത്ത് എനിക്ക് ലീവ് തരാറുണ്ട്. ക്യാൻസർ സെന്ററിലെ രോഗികൾ ഒരു കുടുംബം പോലെയായി ഞങ്ങൾക്ക്. എല്ലാവർക്കും ഒരേ ഭാവമാണ്. രംഗബോധമില്ലത്ത കോമാളി എപ്പോഴും കടന്നു വരാം എന്ന തിരിച്ചറിവാകാം ആ നിസ്സംഗതയ്ക്ക് കാരണം . ആ സമയത്ത് മനസ്സിനൊരു മരവിപ്പായിരുന്നു പ്രാർത്ഥിക്കാനൊന്നും തോന്നിയിരുന്നില്ല. റിട്ടയർമെന്റ് ലൈഫ് സ്വപ്നം കണ്ട് ഒരായിരം ആഗ്രഹങ്ങൾ മനസ്സിൽ മെനഞ്ഞ എന്റെ അമ്മയ്ക്ക് അസുഖം വന്നെങ്കിൽ ദൈവമൊന്നുമില്ലെന്ന തോന്നലും വന്നു. എല്ലാ ജീവികളോടും കരുണയായിരുന്നു അമ്മയ്ക്ക്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത സാധു സ്ത്രീ..
ഞങ്ങളുടെ റൂമിൽ നാല് കട്ടിലുകൾ ഉണ്ടായിരുന്നു. കർട്ടനിട്ട് വേർതിരിച്ചത്.
ഒരാൾ ഞങ്ങളുടെ പരിചയത്തിൽ ഉള്ള ടീച്ചറുടെ ഉപ്പയായിരുന്നു. ചുറ്റും മക്കൾ നിരന്ന് നിന്നിട്ടുണ്ടാവും .ഓരോ സമയവും ഓരോരുത്തരുടെ പേര് വിളിക്കും. മരണം അടുത്ത നാളുകളായിരുന്നു. രാത്രി വേദന കൊണ്ടുള്ള കരച്ചിലാണ്. ഞങ്ങൾ കീമോവാർഡിൽ രക്ത പരിശോധന കഴിഞ്ഞ് വന്ന ഒരു ദിവസമാണ് തൊട്ടപ്പുറമുള്ള ബെഡ്ഡിൽ പുതിയ ആള് വന്നത്.
അധികം പ്രായമില്ലാത്ത വെളുത്തു മെലിഞ്ഞ മുട്ടറ്റം മുടിയുള്ള സ്ത്രീ.അവർക്ക് ക്യാൻസർ സംബന്ധമായി ഒരു ചികിൽസയും നടന്നിട്ടില്ലെന്ന് ആ മുടി വിളിച്ച് പറയുന്നുണ്ടായിരുന്നു. എങ്കിലും അവർ ക്ഷീണിത ആയിരുന്നു. ചുമയും ജലദോഷവും എന്നെ ഭയപ്പെടുത്തി. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാൽ കീമോ നടക്കില്ല
കൂടെ രണ്ടു മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. ഒരാൾ ഉച്ചഭക്ഷണം കൊണ്ടുവന്നതാണ്. കൂടെയുള്ള ചേച്ചി അമ്മയുടെ അസുഖവിവരമറിയാൻ ഞങ്ങളുടെ ബെഡ്ഡിനടുത്തേക്ക് വന്നു.
അവരുടെ പേര് ജലജ .എൽ ഐസി ഏജൻറ് ആയിരുന്നു. കളക്ഷനിടയിൽ കുഴഞ്ഞ് വീണതാണ്. പാലക്കാട് ഏതോ സ്വാമിയുടെ ആശ്രമത്തിലായിരുന്നു ചികിൽസ. വേദന അസഹ്യമായപ്പോഴാണ് ഇവിടേക്ക് വന്നത്.രണ്ടു വയസ്സുള്ള മകനുണ്ട്. എനിക്കവരോട് സഹതാപം തോന്നി. രോഗം തിരിച്ചറിഞ്ഞിട്ടും മതിയായ ചികിൽസ അവർക്ക് കിട്ടിയിട്ടില്ല. ഞണ്ടുകൾ അവരുടെ ശരീരത്തെ പിടിമുറുക്കി എന്ന് തോന്നുന്നു.
ഒരു വൃത്തിഹീനനായ ഒരാൾ അവർക്ക് കഞ്ഞിയുമായി വന്നു. അയാൾ കുളിച്ചിട്ട് ദിവസങ്ങളായി എന്ന് തോന്നി. കാൽപാദങ്ങൾ വിണ്ട് കീറി ചളി നിറഞ്ഞ് ഒറ്റനോട്ടത്തിൽ അറപ്പു തോന്നുന്ന രൂപം .ഏതോ ഗവൺമെന്റ് സ്കൂളിലെ പ്യൂൺ ആണത്രേ. ഇത്രയും ആഢ്യത്വമുള്ള സ്ത്രീയുടെ ഭർത്താവാണോ ഇതെന്ന് സംശയിച്ചു ?. അയാളുടെ വൃത്തിയില്ലായ്മ കാരണമാവാം അവർക്ക് അസുഖം വന്നത് എന്ന് പോലും ഞാൻ ചിന്തിച്ചു.
എന്തോ ഇന്നാലോചിക്കുമ്പോൾ ആ മനുഷ്യന്റെ മാനസികാവസ്ഥ മനസ്സിലേക്ക് വരും. ഒന്നര വർഷത്തോളം അയാൾ അനുഭവിച്ച വേദനകൾ.. ഒരു സാധാരണ ഗ്രൂപ്പ് ഡി ജീവനക്കാരന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാടിനിടയിൽ പ്രതീക്ഷകളെ കടപുഴക്കിയ ഭാര്യയുടെ അസുഖം, അയാളിലുണ്ടാക്കിയ മാറ്റമാവാം, അലസമായ ആ ബാഹ്യരൂപം.
രാത്രികാലങ്ങളിൽ അവരുടെ കരച്ചിൽ കാരണം ഉറക്കം വരാതായി. എന്തോ അവർക്കൊരു ചികിൽസയും തുടങ്ങിയില്ല. ഡോക്ടർമാർ അവർക്ക് പെയിൻ കില്ലർ കൊടുക്കാൻ തുടങ്ങി. ചികിൽസ തുടങ്ങാൻ തടസ്സം ഉണ്ട്. ഒരു പക്ഷേ രോഗം മൂർച്ഛിച്ച് കാണും അതുമല്ലെങ്കിൽ ഷുഗറോ പ്രഷറോ കൂടിക്കാണും. അതുമല്ലെങ്കിൽ സാമ്പത്തികം ...
പെയിൻ കില്ലർ കഴിച്ചു തുടങ്ങിയപ്പോൾ അവർക്ക് പ്രതീക്ഷ ഉണ്ടാവാൻ തുടങ്ങിയിരുന്നു. ഞങ്ങളുമായി അവർ വല്ലാതെ അടുത്തു .
ഷെമീർ ഡോക്ടറുടെ നിർദ്ദേശത്തിൽ അമ്മയുടെ കീമോ സ്റ്റാർട്ട് ചെയ്തു. അമ്മയ്ക്കും ജീവിതത്തിലേക്ക് മടങ്ങി വരാൻ പറ്റും എന്ന പ്രതീക്ഷ ഉണ്ടായി തുടങ്ങിയിരുന്നു. പൂഴിമണലിൽ വരച്ചിട്ട ചിത്രങ്ങൾ പോലെയാണ് രോഗം മൂർച്ഛിച്ച ക്യാൻസർ രോഗിയുടെ പ്രതീക്ഷകൾ...
ഷമീർ ഡോക്ടറെ ദൈവമായിട്ടാണ് നമുക്ക് കാട്ടിത്തന്നത്. അവിടെ എത്തി ആദ്യതവണ തലയ്ക്ക് റേഡിയേഷൻ ചെയ്തു. അതോടെ വേദനയൊക്കെ കുറഞ്ഞു.മൂന്ന് മാസങ്ങൾക്ക് ശേഷം അമ്മക്ക് പനി വന്ന് വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോഴാണ് ജലജ ചേച്ചിയെ കണ്ടത്.
നാല് ഡോസ് കീമോ കഴിഞ്ഞപ്പോൾ ഞങ്ങൾ ആസ്പത്രി വിട്ട് വീട്ടിലേക്കെത്തി.
രണ്ടാഴ്ച്ച കഴിഞ്ഞ് 2006 ഒക്ടോബർ പത്തൊൻപതിന് റിസൽട്ട് വന്നപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത വിധം രോഗം പടർന്ന് പിടിച്ചിരുന്നു. ഏത് നിമിഷവും എന്തും സoഭവിക്കാം എന്ന് ഡോക്ടർ പറഞ്ഞു. ജലജേച്ചി മൂന്ന് ദിവസം മുൻപ് ഈ ലോകം വിട്ടു പോയി എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു. ആ മോന് അമ്മയെ കാണാൻ പറ്റിയില്ല. ഇന്നവന് 13 - 14 വയസ്സ് കാണും. അമ്മയെ ഈ സത്യം ഞങ്ങൾ അറിയിച്ചില്ല .. അവരുടെ പ്രതീക്ഷയോടെയുള്ള മുഖം മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു.
അതിലുപരി അമ്മ പോയാൽ എങ്ങനെ പിടിച്ചു നിൽക്കും എന്ന അവസ്ഥ മരുഭൂമിയിലേക്ക് നോക്കും പോലെ മനസ്സിനെ ശൂന്യമാക്കിയിട്ടു.
വീട്ടിലേക്ക് വന്നപ്പോൾ അമ്മ ആകെ വിഷാദാവസ്ഥയിൽ ആയിരുന്നു. രോഗം തുടങ്ങി മരണ ദിവസം വരെ ഒരിക്കൽപോലും പരസഹായത്തോടെ ബാത്ത് റൂമിൽ പോവേണ്ടി വന്നിട്ടില്ല.
ഈ ഏകാന്തതയിൽ ചില ഓർമ്മക്കാഴ്ച്ചകൾ കണ്ണുനീരിനാൽ മൂടപ്പെടുന്നുണ്ട്. അങ്ങനെ ഒരു കാഴ്ച്ചയായിരുന്നു കീമോ നിർത്തിയ അന്ന് പുലർച്ചെ രണ്ട് മണിക്ക് അമ്മയെ അടുത്ത് കാണാത്തപ്പോൾ എഴുന്നേറ്റ് അടുക്കളയിൽ എത്തിയപ്പോഴുള്ള കാഴ്ച്ച .ടേബിളിൽ തല ചായ്ച്ച് അമ്മ കരയുകയായിരുന്നു. നമ്മളെ വിഷമിപ്പിക്കരുത് എന്ന് കരുതി അടക്കിപ്പിടിച്ച വികാരങ്ങൾ പെയ്തൊഴിക്കുകയായിരുന്നു. .. ജീവിതം എന്നത് വിലപ്പെട്ട നിധിയാണ്. പ്രത്യേകിച്ചും പ്രിയപ്പെട്ടവരോടൊപ്പം ഉള്ള ജീവിതം. മരണം മുന്നിൽ കണ്ടത് പോലെ ആയിരുന്നു അവസാനത്തെ ഒരാഴ്ച്ച ഒരു വെള്ളിയാഴ്ച്ച ഞാൻ ഹസ്ബന്റിന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ അച്ഛനും അമ്മയും തനിച്ചായിരുന്നു. എന്റെ ഹസ്ബന്റ് നാട്ടിൽ വരുന്നത് കൊണ്ട് പോവാൻ പറഞ്ഞതാണ്. മനസ്സില്ലാമനസ്സോടെ ഞാൻ ഇറങ്ങി. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. അമ്മയ്ക്ക് വേണ്ടതൊക്കെ ഒരുക്കി വെച്ചു. പുറത്തെ ഗ്രിൽസ് പിടിച്ച് കണ്ണിൽ നിന്ന് മറയുന്നത് വരെ അമ്മ നോക്കി നിന്നു. ഒരുതരം മരവിപ്പായിരുന്നു എനിക്ക്. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം മാത്രമേ അവിടെത്താമസിച്ചുള്ളൂ. ബാക്കി ദിവസങ്ങൾ ഒക്കെത്തന്നെ എൻറ വീട്ടിൽ ആയിരുന്നു.
അവിടെ എത്തി മൂന്നാം ദിവസം തന്നെ ചേച്ചി വിളിച്ചു. "അമ്മയ്ക്ക് തീരെ വയ്യ." ഞങ്ങൾ ഹോസ്പിറ്റലിൽ പോവുകയാണെന്ന് പറഞ്ഞു. അന്ന് രാത്രി ഞാൻ കുറേക്കരഞ്ഞു. പിറ്റേന്ന് രാവിലെ അവിടുത്തെ അച്ഛന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി. അമ്മ ആകെ പേടിച്ചിരുന്നു. അമ്മയുടെ കണ്ണുകൾക്ക് ജീവനില്ലാത്ത അവസ്ഥ. കിടക്കാതെ സൈഡ് ബെഞ്ചിൽ എഴുന്നേറ്റിരിക്കുന്നു. അന്ന് എല്ലാ മാമൻമാരും അമ്മമ്മയും ഒക്കെയുണ്ടായിരുന്നു. പഴയ ഹോസ്റ്റൽ കഥകൾ വരെ ഇടതടവില്ലാതെ പറയുന്നുണ്ടായിരുന്നു. രാത്രി വളരെ വൈകിയാണ് കിടന്നത്. അമ്മയുടെ അനിയത്തി ഷീജേച്ചിയും ഉണ്ടായിരുന്നു. ചേച്ചിയെ അമ്മ വീട്ടിലേക്ക് വിട്ടു. അവൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പേടി കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞു. അത് സത്യമായിരുന്നു. അവൾ ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പീരിയഡ് ആയിരുന്നു. മൂത്ത ചേച്ചിയ്ക്ക് കുഞ്ഞുവാവയുള്ളത് കൊണ്ട് അവൾക്കും അമ്മയുടെ കൂടെ അധികം നിൽക്കാൻ പറ്റിയില്ല. അന്ന് രാത്രി എല്ലാ റിപ്പോർട്ടുകളും എന്നെക്കൊണ്ട് എടുത്ത് വെപ്പിച്ചു. വലത്ത് സൈഡ് തിരിഞ്ഞു കിടക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു.രാവിലെ എഴുന്നേറ്റ് ഭക്ഷണം ഒക്കെ കഴിച്ച് പതിവിൽ കൂടുതൽ ഉന്മേഷത്തോടെ പഴയ കാല കഥകൾ ഒക്കെ പറയാൻ തുടങ്ങി.
ഡോക്ടർ വരാൻ ലേറ്റാവും എന്നറിഞ്ഞപ്പോൾ ബാത്റൂമിൽ പോയി. ഞാൻ പുറത്ത് നിന്നു. അമ്മ ധൃതിയിൽ ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു. ആകെ ശ്വാസം കിട്ടാത്ത അവസ്ഥ. നേഴ്സിനെ വിളിച്ചു. അവർ നെബു ലൈസർ ഒക്കെ വെച്ചു. പിന്നീട് ഓക്സിജൻ സിലിണ്ടർ ഒക്കെ റെഡിയാക്കി മാസ്ക്കിന് പകരം കുഴല് വെച്ചു. ഡോക്ടറെ വിളിക്കാൻ ഞാൻ ഓ.പി യിലേക്ക് ഓടി. അവിടെ ഇതുപോലെ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു പാട് ആളുകളുടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഡോക്ടർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നിസ്സഹായയായി റൂമിലെത്തി. അമ്മ കുറേത്തവണ എന്നെ പുറത്തേക്കയച്ചു. നിസ്സഹായാവസ്ഥയ്ക്കൊപ്പം ഒരു തരം മരവിപ്പ് ആയിരുന്നു .. ഒന്നും ചെയത് കൊടുക്കാൻ പറ്റാത്ത അവസ്ഥ. .ഇടയ്ക്കിടെ പൾസ് റേറ്റ് എത്രയായീന്ന് ചോദിച്ചു കൊണ്ടിരുന്നു. ഒരു ബയോളജി ടീച്ചർ ആയതു കൊണ്ടു തന്നെ ശരീരത്തിന്റെ മാറ്റങ്ങൾ ഓരോന്നായി അമ്മക്ക് അറിയാൻ കഴിഞ്ഞിരുന്നു. രാവിലെ 8.30 തുടങ്ങിയ ശ്വാസംമുട്ടൽ വൈകുന്നേരം 3.45 ന് മരണം സംഭവിക്കും വരെ ഉണ്ടായിരുന്നു. 3.15 ന് മാത്രമാണ് ഷമീർഡോക്ടർ റൂമിലേക്ക് വന്നത് അതിനിടയിൽ ഡ്യൂട്ടി ഡോക്ടർ വന്നപ്പോഴും ഷമീർ ഡോക്ടറെ കണ്ടാൽ ഒന്നുറങ്ങിയാൽ എന്റെ ശ്വാസം മുട്ടൽ മാറുമെന്ന് അമ്മ പറഞ്ഞു. അപ്പോഴേക്കും ബന്ധുക്കളെല്ലാവരും എത്തിയിരുന്നു.
ഷമീർ ഡോക്ടറെ കണ്ടപ്പോൾ ഉറങ്ങാനുള്ള മരുന്ന് വേണം എന്ന് കരഞ്ഞ് പറഞ്ഞതും ബോധം പോയതും ഒരുമിച്ചായിരുന്നു. ഡോക്ടർ മോർഫിൻ കുത്തിവെച്ചു. സാവധാനം പൾസ് റേറ്റ് കുറഞ്ഞു വന്നു. സൗണ്ട് ഒക്കെ നിന്നു. 3.45 ന് മരണം സ്ഥിതീകരിച്ചു. അങ്ങനെ 2006 ഡിസംബർ 28ന് അമ്മ ഞങ്ങളെയൊക്കെ വിട്ട് പോയി.
ഇന്ന് ഓർമ്മകൾ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഞാൻ മലബാർ ക്യാൻസർ സെന്ററിലെ പേയിങ്ങ് വാർഡിലെ പുറത്തേക്ക് നീളുന്ന ജനാലയിൽ മരവിച്ച മനസ്സോടെ അമ്മയെ യാത്രയാക്കുകയാണ്..നഷ്ടങ്ങൾക്ക് ജീവൻ വെയ്ക്കാൻ ഓർമ്മകൾ കൂട്ടിനില്ലെങ്കിൽ ജീവിതം എത്ര വ്യർത്ഥമായേനെ!!
(കവിതസഫൽ )
[ക്യാൻസർ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ചികിൽസ നടത്തുക. ധൈര്യപൂർവ്വം നേരിടുക. ഇന്ന് ചികിൽസാ രംഗം ഒരുപാട് പുരോഗമിച്ചു ]

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot