Slider

ഇവൻ ഞങ്ങളുടെ മകൻ (ഒരു കൊച്ചു കഥ )

Image may contain: 1 person, smiling, indoor
"വയർ നിറഞ്ഞൊ :ഇനിയെന്താ വേണ്ടെ..."
ഹോട്ടലിൽ ഉച്ചയുണ് ആസ്വദിച്ച് കഴിക്കുന്നതിനിടെ അയാൾ വയസ്സായ അമ്മയുടെ ചുമലിൽ തട്ടി ചോദിച്ചു "
"വയറു വീർത്തു മോനെ: ഇച്ചിരി പായസം കൂടി ...." ആ അമ്മ സന്തോഷത്തോടെ പറഞ്ഞു
''കുറച്ച് പായസം കൂടി ഇവിടെ കൊടുക്കു"
അയാൾ വിളിച്ചു പറഞ്ഞതിനനുസരിച്ച് വീണ്ടും ഇലയിൽ പായസം വിളമ്പി:
"അമ്മെ മെല്ലെ കഴിച്ചാൽ മതിട്ടോ : ഞാൻ കൈ കഴുകട്ടെ "
ആ വയസ്സായ അമ്മ തലയാട്ടി 'അയാൾ എഴുന്നേറ്റു :: കൈ കഴുകി കൗണ്ടറിൽ ചെന്ന് ബില്ല് അടച്ച് അയാൾ പുറത്തേക്കിറങ്ങി: ദൂരെ ക്ക് നടന്നു നീങ്ങി.... ആ അമ്മയോട് ഒന്നും പറയാതെ
ആ അമ്മയുടെ തൊട്ടരികിലും അപ്പുറത്തും ഇപ്പുറത്തുമായിരിക്കുന്നവർ പരസ്പരം നോക്കി
ഒരു സത്രീ തൊട്ടടുത്തിരിക്കുന്ന പുരുഷനോട് മെല്ലെ പറഞ്ഞു
"നിങ്ങൾ ശ്രദ്ധിച്ചൊ ഈ അമ്മയെ ഇവിടെയിരുത്തി ആ മനുഷ്യൻ ബില്ലുമടച്ച് സ്ഥലം വിട്ടു: വയസ്സുകാലത്ത് അമ്മയെ നടതള്ളിയതോ മറ്റൊ ആണോ"
"ങ്ങും ഞാനും കണ്ടു ഇങ്ങനെ കുറെ മക്കൾ എന്ന് പറഞ്ഞ് കുറെ അലവലാതികൾ ഉണ്ട് തന്തയെയും തള്ളയെയും സ്നേഹമില്ലാത്ത വർഗ്ഗം "
.
" ഇത് ഉറപ്പാണ് ആരും കാണാതെ ഇവിടെ ഉപേക്ഷിച്ച് പോയതാണ് നമ്മൾ ടി വി യി ലൊക്കെ കാണാറില്ലെ അത് പോലെ "
കിട്ടിയ വിവരം " ഷെയർ " ചെയ്തില്ലെങ്കിൽ വീർപ്പുമുട്ടുന്ന സമൂഹത്തിലെ ഒരു മെംബം ർ എന്ന നിലക്ക് അയാൾ തൊട്ടപ്പുറത്തെ ടേബിളിൽ ഭക്ഷണം കഴിച്ചിരിക്കുന്നവരെ നോക്കി കുറച്ചുറക്കെ പറഞ്ഞു
"നിങ്ങൾ കണ്ടാ ആ മനുഷ്യൻ കാണിച്ചത് തള്ളയെ ഇവിടെ ഇട്ടേച്ചും പോയി "
"ഹും ഞങ്ങളും ശ്രദ്ധിക്കുകയായിരുന്നു അമ്മയുടെ ഇഷ്ട വിഭവങ്ങൾ എല്ലാം
വാങ്ങിക്കൊടുത്ത് ആരും കാണാതെ മെല്ലെ സ്ഥലം വിട്ടു ഇങ്ങനെയും മക്കൾ ഉണ്ടൊ കഷ്ടം"
"ഇവനൊക്കെയാണ് നമ്മുടെ പേര് കളയുന്നത് മകനെന്നും പറഞ്ഞ് നടക്കുന്നു: ദൈവം ചോദിച്ചോളും"
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ചിത്രം കൈമാറിയപ്പോൾ അഭിപ്രായങ്ങൾ ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു ... ഒന്നുമറിയാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആ വൃദ്ധയിലേക്കായി ഏവരുടെയും ശ്രദ്ധ' :
: പായസം മതിയാവോളം ആസ്വദിച്ചു കുടിക്കുകയാണ് .... "എങ്ങിനെ ഇങ്ങനെയൊക്കെ കണ്ണിൽ
ചോരയില്ലാതെ പെരുമാറാൻ കഴിയുന്നു ... ഇനി ആ പാവം അമ്മയുടെ അവസ്ഥ എന്തായിരിക്കും - മകൻ' ഉപേക്ഷിച്ചു പോയി എന്ന് കേൾക്കുമ്പോൾ ആ വൃദ്ധമാതാവ് എങ്ങിനെ സഹിക്കും
അറുപത് വയസ്സിനോടടുത്ത് പ്രായം. തോന്നിക്കുന്ന ആ ഹോട്ടലിലെ ഒരു ജോലിക്കാരൻ ചായയുമായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവരുടെ അടുത്തേക്ക് ചെന്നു --- അവരുടെ അഭിപ്രായങ്ങൾ കേട്ടപ്പോൾ അവരോടായി അയാൾ പറഞ്ഞു
"നിങ്ങൾ ഇത്രയും നേരം കുറ്റപ്പെടുത്തിയതും വിമർശിച്ചതും എല്ലാം ഞാൻ കേട്ടുകൊണ്ടിരിക്കയായിരുന്നു .... " ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ച് കേൾക്കണം ... ഈ വയസ്സായ സത്രീ ആ പോയ വ്യക്തിയുടെ അമ്മയൊന്നുമല്ല .... വേറെയാരു ടേയൊ അമ്മയാണ് "
കേൾക്കുന്നവരുടെ നെറ്റി ചുളിഞ്ഞു
''ആ മനുഷ്യൻ ഇവിടെ അടുത്തുള്ള ടെക്നോപാർക്കിലെ ഒരു എൻഞ്ചീനിയർ ആണ് എന്ന് മാത്രം അറിയാം .... മിക്കവാറും ഇവിടെ വന്നാണ് മൂന്ന് നേരവും കഴിക്കുന്നത് .... മിക്ക ദിവസങ്ങളിൽ കൂടെ ആരെങ്കിലും കാണും... വയസ്സായവരൊ കുട്ടികളൊ ആരെങ്കിലും .... റോഢരികിലൊ അമ്പലങ്ങളുടെയൊ പള്ളികളിലുടെ മുമ്പിലൊ വിശന്നിരിക്കുന്നവരോ ഭിക്ഷയാചിക്കുന്നവരെയൊ മറ്റൊ കണ്ടാൽ ഇതേ പോലെ കൂട്ടിയിട്ട് വരും വയറ് നിറച്ച് ഭക്ഷണം മേടിച്ച് കൊടുക്കും അവരോട് ഒരു പാട് സ്നേഹത്തോടെ സംസാരിക്കും പിന്നീട് ആഹാരത്തിന്റെ പണവും തന്ന് ഒന്നും മിണ്ടാതെ അയാൾ പോകും ...''
അയാൾ ഒന്നു നിർത്തി .. ഏവരും വിശ്വസിക്കാനാവാതെ കേട്ടുകൊണ്ടിരുന്നു
"സാറന്മാരെ 'ഞാനൊക്കെ ദിനവും പ്രാർത്ഥിക്കുന്നത് എന്താണെന്നറിയുമോ 'ഇനിയൊരു ജന്മമുണ്ടെങ്കിൽ.ആ സാറിനെ പോലെ നന്മയുള്ള മക്കളെ തരണെ എന്ന് മാത്രമാണ് "
''നിങ്ങളും പ്രാർത്ഥിക്കുക. ഇങ്ങനെ നല്ല മനസ്സുള്ള മക്കള് ജനിക്കണെയെന്ന്... മനുഷ്യന് കിട്ടാവുന്ന .ഏറ്റവും വലിയ പുണ്യം അത് മാത്ര മാ ണ് "
എന്തോ ആലോചിച്ചെന്നോണം ചുമലിൽ കിടന്ന തുണിയെടുത്ത് കണ്ണിൽ നിറഞ്ഞു വന്ന കണ്ണീർ തുടച്ച് അയാൾ അകത്തേക്ക് പോയി
തങ്ങളുടെ കുറ്റപ്പെടുത്തലുകൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ നടന്നു നീങ്ങിയ ആ അജ്ഞാതനായ ആരുടെയൊക്കെയൊ മകനായി മാറുന്ന ആ നല്ല മനുഷ്യൻ തങ്ങളുടെ മുന്നിലേക്ക് ഉത്തരം നൽകാൻ കഴിയാത്ത ഒരു പാട് ചോദ്യങ്ങളാണ് എറിഞ്ഞു നൽകിയത് എന്ന് മനസ്സിലാക്കിയ അവരെല്ലാവരും വല്ലാതെ വീർപ്പുമുട്ടി .... സന്തോഷത്തോടെ രുചിയോടെ പായസം കഴിക്കുന്ന ആ അമ്മയെ ഒരിക്കൽ കൂടി അവർ ശ്രദ്ധിച്ചപ്പോൾ അവർ തങ്ങളെ തന്നെ സ്വയം ഒരു ന്യായ അന്യായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു
By: Suresh Menon
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo