നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചേട്ടത്തിക്കുന്ന്


Image may contain: one or more people

വലിയ ഉരുളൻ പാറക്കല്ലുകൾ നിറയെ ഒറ്റയായും കൂട്ടമായും വിശ്രമം കൊള്ളുന്ന കാട്ടരുവിയുടെ
കുറുകെ ഇരുമ്പു കൈവരികൾ ക്രോൺക്രീറ്റു തൂണുകളിൽ ഉറപ്പിച്ച വീതി കുറഞ്ഞ കോൺക്രീറ്റു പാലം .
ഇതിന്റെ ഒരറ്റത്തു അരീക്കോട് അങ്ങാടിയിൽ നിന്നും ,കുന്നിൻ ചെരുവിലൂടെയും റബ്ബർത്തോട്ടങ്ങൾക്കിടയിലൂടെയും
കയറ്റം കയറിയിറങ്ങിയും , വളഞ്ഞുപുളഞ്ഞും എത്തിചേരുന്ന വീതി കുറഞ്ഞ മൺപാത .
ഇതിലൂടെ ഒരു ബസ്സിനു കഷ്ടിച്ചു കടന്നു പോവാമെന്നെയുള്ളൂ ..
പാലം കടന്ന് ഈ വഴി വീണ്ടും വളഞ്ഞു പുളഞ്ഞ്
തോടുമുക്കം അങ്ങാടിയും കടന്ന് അങ്ങു വളരെ ദൂരെ കക്കാടംക്കുന്നിൻ മുകളിലേയ്ക്ക് പോകും.
മഴക്കാലത്ത് ഈ അരുവിയിലൂടെ കുന്നിൽ മുകളിൽ നിന്നും അതിശക്തമായി വെള്ളം ഒഴുകിയെത്താൻ തുടങ്ങും .
അതുവരെ കുണുങ്ങി കുണുങ്ങി ഒഴുകി കൊണ്ടിരുന്നവൾ
പാറക്കെട്ടുകളിൽ തലതല്ലി ആർത്തലച്ച് വെള്ളിച്ചില്ലും വിതറി കുതിച്ചൊഴുകാൻ തുടങ്ങും.
ഇപ്പോൾ പാലത്തിന്റെ കൈവരിചേർന്നു നിൽക്കുകയാണെങ്കിൽ, അരുവിയിലേയ്ക്ക് നനഞ്ഞു കുതിർന്നു തല കുമ്പിട്ടു നിൽകുന്ന
ഇരുഭാഗത്തുമുള്ള ഓടമുള ചില്ലകളുടെമേൽ തട്ടിത്തെറിയ്ക്കുന്ന വെള്ളം കാറ്റിൽ ചെറിയ ജലകണങ്ങളായി ദേഹത്തും മുഖത്തും കുളിരായി പതിയ്ക്കും .
അതോടൊപ്പം കാട്ടരുവിയുതിർക്കുന്ന സംഗീതം ഹൃദയത്തിലേയ്ക്ക് ഒഴുകിയിറങ്ങാൻ തുടങ്ങുകയും ചെയ്യും ..
തോടുമുക്കം അങ്ങാടി എത്തുന്നതിനു തൊട്ടുമുൻപ് വഴിയോട് ചേർന്ന് ഒരു കുരിശുംതൊട്ടിയുണ്ട് അതിനോട് ചേർന്ന്
കിഴക്കുവശത്തുള്ള കുന്നിൻ മുകളിലായാണ്
ആ പ്രദേശത്തെ ഒരേയൊരു കൃസ്ത്യൻ പള്ളി .
താഴെ അങ്ങാടിയിൽ വഴിയിൽ നിന്നും അൽപ്പം ഉയരത്തിലായി ചെരിവ് വെട്ടിയൊരുക്കി
അതിലായ് ആറു മുറി പീടിക ,.
പീടികയ്ക്ക് മുന്നിലായ് തൂണുകൾ
ചാർത്തിയ വരാന്തയും .
മൊത്തം ഓടു മേഞ്ഞതാണ്
പീടികയും വരാന്തയും,
വരാന്തയുടെ ഒരറ്റം , ചായ്പ്പായുള്ളതിൽ
വക്കൻ ചേട്ടന്റെ ചായക്കട
മുന്നിൽ വരാന്തയിൽ
രണ്ടു ബഞ്ചും , ഒരു മേശയും .
തൊട്ടു ചേർന്നുള്ള കട
സെബാന്റെ പലചരക്കുകടയാണ്
മുന്നിലെ തട്ടിൽ വെറ്റിലയും ,അടയ്ക്കയും, പുകയിലയും , എപ്പോഴും ഉണ്ടാവും.
അവിടെ വരാന്തയിലെ തൂണിനോട്
ചേർന്ന് ഉത്തരത്തിൽ നിന്നും ചരടിൽ തൂങ്ങിക്കിടക്കുന്ന വാവിസ്താരമുള്ളൊരു കുപ്പിയിൽ ചുണ്ണാമ്പും കരുതിയിട്ടുണ്ടാവും.
അങ്ങാടിയിലിറങ്ങിയാൽ സെബാന്റെ കടയിലെ വെറ്റില മുറുക്കാത്തവരായിട്ടാരുമില്ല.
വെറ്റിലയിലെ ചുണ്ണാമ്പു തേപ്പിന്റെ ബാക്കി തോണ്ടി തീർക്കുന്നത് അടുത്തുള്ള
ഈ തൂണിലാണ് .,
വന്നു വന്നു ഇത് പോറ്റിയുടെ ഭസ്മക്കുറിയണിഞ്ഞ
കൈയ്യുപോലെയായി .
അതിനപ്പുറം രണ്ടു മുറികൾ,
മേപ്ലാനി സണ്ണിച്ചന്റെ
റബ്ബറും മലഞ്ചരക്കും എടുക്കുന്ന കടയാണ്
ഇതിനു മുൻപിൽ വരാന്തയിൽ
പ്ലാറ്റ്ഫോമുള്ള തൂക്കം നോക്കുന്ന ഒരു യന്ത്രമുണ്ട്
അടക്കയുടെ കാലത്ത് അടയ്ക്കയും
കുരുമുളകിന്റെ കാലത്ത് കുരുമുളകും ,
റബ്ബറും ,കർഷകരുടെ കയ്യിൽ നിന്നും തൂക്കി വാങ്ങി, നല്ല വിലയ്ക്ക് ആഴ്ചയിലൊരിക്കൽ സ്വന്തം ജീപ്പിൽ അരീക്കോടു കൊണ്ടുപോയി വിൽക്കും , അതാണു പതിവ്.
വരാന്തയുടെ ഏറ്റവും അറ്റത്തായുള്ള പീടികമുറി ആ പ്രദേശത്തെ എൺപതു വീട്ടുക്കാർക്കുള്ള റേഷൻ കടയാണ്.
ഇവിടെ വരാന്തയ്ക്ക് അതിരിടുന്നത് വലിയൊരു മണ്ണെണ്ണ വീപ്പയാണ് .
ഇനിയുള്ള മുറി കെട്ടിടമുടമ തന്നെ കൈവശം വച്ചിരിക്കയാണ് .
തോട്ടത്തിൽ വളമിടുന്ന കാലത്ത് വളമിറക്കി വയ്ക്കുന്നതിനും പണിയായുധങ്ങൾ സൂക്ഷിക്കാനുമായാണ് അത് ഉപയോഗിക്കുന്നത് .
o............. o
നേരം വെളുക്കുന്നതേ വക്കൻ ചേട്ടൻ ചായക്കട തുറന്ന് ചായയ്ക്ക് വെള്ളം തിളപ്പിക്കും .
കൃത്യം ആറുമണിക്ക് അരീക്കോട് നിന്നും കക്കാടംക്കുന്നിലേയ്ക്കുള്ള 'പുലരി ' ബസ്സ്
ഓടിക്കിതച്ച് എത്തിച്ചേരും .
തോടുമുക്കം എത്തിക്കഴിഞ്ഞാൽ ഡ്രൈവറും ക്ലീനറും വണ്ടിയൊതുക്കി വക്കൻച്ചേട്ടന്റെ ചായക്കടയിൽ കയറി ഓരോ കട്ടൻച്ചായ കുടിക്കും.
അങ്ങാടീന്നു ബസ്സിൽ കൊണ്ടുവന്ന വക്കൻ ചേട്ടൻ വരുത്തിക്കുന്ന രണ്ടുതരം പത്രങ്ങൾ നിവർത്തി ഒന്നു വായിച്ചെന്നു വരുത്തി വണ്ടിയുമായി കക്കാടംക്കുന്നു കയറും.
ഇനി മൂന്നു മണിക്കൂറു കഴിഞ്ഞേ ബസ്സ്
ഇതുവഴി തിരിച്ചു പോവുകയുള്ളൂ.
ഇങ്ങിനെ ഒരു ദിവസം ആകെ രണ്ടു ട്രിപ്പാണുള്ളത്.
'പുലരി "അങ്ങാടിയിലെത്തിച്ചേരുമ്പോഴേയ്ക്കും
പുലർച്ചെയുള്ള റബ്ബർപാലെടുപ്പും മറ്റും കഴിഞ്ഞ്
ആ കുന്നിൻ പ്രദേശത്തെ ഭൂരിഭാഗം പുരുഷൻമാരും ചായക്കടയിൽ
എത്തിച്ചേർന്നിരിക്കും ,
ഒരോ കട്ടൻ ചായ മൊത്തി കുടിക്കുന്നതിനിടയ്ക്ക് പത്രപാരായണവും വാർത്താ വിശകലനവും തുടങ്ങിയിട്ടുണ്ടാവും.
അങ്ങാടിയങ്ങിനെ പതിയെ ഉണരുകയായി.
അങ്ങിനെയിരിക്കെ ഒരു ദിവസം ആറുമണിയുടെ .. 'പുലരി ' അങ്ങാടിയിൽ എത്തിയന്നേരം അതിൽ നിന്നും ചെറുപ്പക്കാരായ ഒരു ചേട്ടനും ചേട്ടത്തിയും ,മൂന്നു കുഞ്ഞുങ്ങളും
രണ്ടു ട്രങ്ക് പെട്ടിയും മറ്റു വസ്തുവകളുമായി വന്നിറങ്ങി .
നേരെ വക്കൻച്ചേട്ടന്റെ ചായക്കടയിൽ കയറി ഓരോ ചായ ഓർഡർ ചെയ്തു .
തോബിയാസും ത്രേസ്യാമ്മയും കുറവിലങ്ങാട്ടു നിന്നും കുറ്റിയും പറിച്ചു പോന്നതാണ് എന്നു പറയാം .
പാലത്തിനക്കരെയുള്ള കുന്നിലെ കിളിയനാനി പീലിപ്പോസിന്റെ പത്തേക്കർ റബ്ബർത്തോട്ടം നോക്കി നടത്താനായി പീലിപ്പോസ് നാട്ടീന്ന് വരുത്തിച്ചതാണ് .
തോട്ടം , റബ്ബർ വെട്ടാൻ തുടങ്ങുന്നേയുള്ളൂ.
ഈ തോട്ടത്തിനു നടുവിലായി രണ്ടു മുറിയും ചായ്പ്പുമുള്ള ഓടിട്ട ഒരു ചെറിയ വീടുണ്ട്.
ചായകുടിയെല്ലാം കഴിഞ്ഞ് അത്യാവശ്യം സാധനങ്ങളുമൊക്കെയായി അവർ
അങ്ങോട്ടു പോയി.
ഇരു നിറത്തിൽ ആറടിയോളം കിളരവും ഒത്ത ശരീവും ഉള്ള തോബിയാസിനെ
നല്ല അദ്ധ്വാനിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ കണ്ടാലറിയാം
ക്ഷൗരം ചെയ്ത് മിനുസപ്പെടുത്തിയ ചതുരവടിവുള്ള മുഖത്തെ പ്രസന്നത ആ പൗരുഷത്തിനു മാറ്റുകൂട്ടുന്നുമുണ്ട്.
പതിയെ
തോബിയാസിന്റെ കൈകുരുത്തം പീലിപ്പോസിന്റെ തോട്ടത്തിൽ
പ്രതിഫലിക്കാൻ തുടങ്ങി
പുലർച്ചെ വെട്ടുകഴിഞ്ഞ് വക്കൻ ചേട്ടന്റെ കടയിൽ കയറി ചായ കുടിയും പത്രപാരായണവും മുറുക്കും ഒക്കെയായി
വരത്തൻ പതുക്കെ ആ ഗ്രാമത്തിന്റെ സ്പന്ദനത്തോടൊപ്പം മിടിക്കുവാൻ തുടങ്ങി.
പീലിപ്പോസിന്റെ തോട്ടം എന്നു പറയുന്നത്
ഭൂരിഭാഗവും ചെങ്കുത്തായ കുന്നിൻ ചെരിവാണ് നിറയെ പാറകളും .
വീതി കുറഞ്ഞ പ്ലാറ്റ്ഫോമുകളായി പറമ്പ് ഒരുക്കിയിട്ട് അതിലാണ് റബ്ബർ മരങ്ങൾ നട്ടിട്ടുള്ളത് . മരം ടാപ്പു ചെയ്യുന്നതും പാലെടുക്കുന്നതുമൊക്കെ വലിയ അദ്ധ്വാനം തന്നെ.
വീടിനോടുചേർന്നുള്ള ചെരുവിൽ തോബിയാസ് കപ്പയിട്ടിട്ടുണ്ട് .
കാട്ടുപന്നി കുത്താതിരിക്കാൻ
ശീമകൊന്നയുടെ തറികൾ അതിനു ചുറ്റിലും കുത്തിയിറക്കി മണ്ണോട് ചേർന്ന് പഴയ സാരികൾ വലിച്ചു കെട്ടിയിട്ടുണ്ട് ,ഈ ചെറിയ തടസ്സം പന്നിയെ തിരിച്ചു വിടും എന്നാണ് വയ്പ്പ് .
രാവിലെ ടാപ്പിങ്ങ് കഴിഞ്ഞാൽ ഉണങ്ങിയ റബ്ബർഷീറ്റും തലയിൽ വച്ച് മൂടൽമഞ്ഞും വകഞ്ഞു മാറ്റി അയാൾ
കുന്നിൻ ചെരിവിറങ്ങി വരുന്നത്
കാണാൻ നല്ല ചേലാണ്.
കനാലിനരികെ തോടിനോടു ചേർന്ന്
കവുങ്ങു തടികൾ കുത്തി നാട്ടി മുകളിൽ താർപ്പായ വലിച്ചു കെട്ടി ഒരു താത്കാലിക
ഷെഡ്‌ഡുണ്ട് ഇതിനകത്തായി ഒരു വലിയ മരമുട്ടിയുണ്ട് ,
ശനിയാഴ്ച ദിവസം പിറ്റേദിവസം അറക്കാനുള്ള ഉരുവിനെ ഇതിനരികെയുള്ള മരത്തിൽ കെട്ടിയിടും
ഞായറാഴ്ച പുലർച്ചെ ഉരുവിനെ അറുത്ത് കൊറു തിരിച്ച് ഷെഡ്ഡിലെ വിലങ്ങനെയുള്ള മുളയിൽ കെട്ടിത്തൂക്കിയിടും
രാവിലെ കർബ്ബാന കഴിഞ്ഞ് ഓരോരുത്തരായി വന്നു ആവശ്യത്തിനു ഇറച്ചിയും വക്കൻ ചേട്ടന്റെ പീടികവരാന്തയിൽ കൊണ്ടുവച്ചിട്ടുള്ള
തോബിയാസിന്റെ വെണ്ണകപ്പയും വാങ്ങി
പതിവു ചായ കുടിയും മുറുക്കും പേപ്പർ വായനയും കൂട്ടം പറച്ചിലും ഒക്കെ കഴിഞ്ഞ് വീടുകളിലേക്ക് പോകും ...
കിഴക്കുനിന്നും മലവെള്ളം കാട്ടുചോലയിലൂടെ പലവട്ടം ഒഴുകി പോയി ,
കാലവും അതൊടൊപ്പം പൂക്കുകയും കൊഴിയുകയും ചെയ്തു.
അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച
കുർബ്ബാനയൊക്കെ കഴിഞ്ഞ് ഇറച്ചി വാങ്ങി കൊണ്ടിരിക്കെ തോബിയാസിന്റെ മൂത്ത മകൻ ജെയിംസ് ഓടിക്കിതച്ചു വന്നു .
" വക്കൻ ച്ചേട്ടാ , ചാച്ചൻ പാലെടുത്തു വന്നതേ
ബോധംക്കെട്ടു വീണു പോയ് ...
വക്കൻച്ചേട്ടൻ സണ്ണിച്ചന്റെ അടുത്തേയ്ക്ക് ജീപ്പ് ഇറക്കി കൊണ്ടുവരാൻ ആളെ വിട്ട്
അവിടെയുള്ളവരേയും കൂട്ടി ജെയിംസിന്റെ പുറകെ പോയി .
എല്ലാവരും ചേർന്ന് തോബിയാസിനെ താങ്ങിയെടുത്ത് കുന്നിറങ്ങി താഴെ എത്തുമ്പോഴേയ്ക്കും സണ്ണിച്ചൻ ജീപ്പുമായി എത്തിയിരുന്നു തളർന്ന് അവശനായി ബോധം ക്കെട്ടു കിടക്കുന്ന തോബിയാസിനേയുമായി ജീപ്പ് അകലെയുള്ള അരീക്കോട് ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് കുതിച്ചു ..
"മസ്തിഷ്കാഘാതമാണ്! തലച്ചോറിൽ രക്തസ്രാവമുണ്ട് '
പരമാവധി ശ്രമിക്കാം .!
ഇരുപത്തിനാലു മണിക്കൂറു കഴിയാതെ ഒന്നും പറയാനാവില്ല : !
ഡോക്ടർ പറഞ്ഞു വച്ചു
വക്കൻച്ചേട്ടൻ ജെയിംസിനെ തന്നോട് ചേർത്തുപിടിച്ചു
ഒരു മണിക്കൂറു പോലും കാത്തു നിൽക്കാതെ
തോബിയാസ് മരണത്തിന്റെ താഴ്‌വരയിലേയ്ക്ക്
ചിറകടിച്ചു പറന്നു പോയി
............
"നാട്ടീന്ന് ആരെങ്കിലും വരാനുണ്ടോ ..." ?
" ആരൂ ല ,..വക്കൻചേട്ടാ .,നമ്മുക്ക് ഇവിടെ
തന്നെ അടക്കാം .."
" ഞങ്ങൾ ഇഷ്ട്ടം കൂടി ഇറങ്ങി പോന്നതാ
ആരും വരാനില്ല .!
കരഞ്ഞു തളർന്ന മക്കളെ കൂട്ടിപ്പിടിച്ച്
ശൂന്യതയിൽ തറച്ച കണ്ണുകൾ അനക്കാതെ
ത്രേസ്യാമ്മ പറഞ്ഞു..
" അച്ചാച്ചന് ഇച്ചിരീം കൂടൊക്കെ കഴിഞ്ഞിട്ട്
പോയേച്ചാ മതിയാരുന്നു . ''
......
തോബിയാസിന്റെ അടക്ക് കഴിഞ്ഞ് കൃത്യം മൂന്നാം നാൾ ആറുമണിയുടെ പുലരിയും കാത്തിരിക്കേ .,
മൂടൽ മഞ്ഞും വകഞ്ഞു മാറ്റി ഒരു രൂപം പാലം കടന്നുവരുന്നതു കണ്ട് വക്കച്ചൻ ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയി .
അടുത്തെത്തവേ വക്കച്ചനു ആളെ മനസ്സിലായി
തോബിയാസിന്റെ നീളമുള്ള ഫുൾ കയ്യൻ ഷർട്ടും കള്ളിമുണ്ടും തലയിൽ റബ്ബർ ഷീറ്റുമായി
ത്രേസ്യാമ്മയാണു
കണ്ണിൽ നിശ്ചയദാർഡ്യത്തിന്റെ തിളക്കം
ഷീറ്റു വരാന്തയിലോട്ടിറക്കി വച്ചിട്ട് വക്കച്ചനോടായ് പറഞ്ഞു
" ചായ അനത്തിയില്ലേ വക്കൻച്ചേട്ടാ ..!
സണ്ണി വരുമ്പോൾ ഷീറ്റു ഒന്ന് തൂക്കി വച്ചേക്കണേ ...!
അങ്ങിനെ ചായയും വാങ്ങിക്കുടിച്ച്
പുലരി " വരുന്നതിനു മുൻപേ ത്രേസ്യാമ്മ
കുന്നുക്കയറിപ്പോയി .
തന്റെ മൂത്ത മകൾ കുഞ്ഞുമേരി ഉണ്ടായിരുന്നേ
ഇപ്പോൾ ഈ പ്രായം വരുമായിരുന്നു .
വക്കൻ ചേട്ടൻ ആലോചനയുടെ
കുന്നു കയറുമ്പോൾ
"പുലരി " പാലവും കടന്നു അങ്ങാടിയിലേയ്ക്ക് വരുന്നുണ്ടായിരുന്നു.
പെണ്ണൊരുത്തി അങ്ങാടിയിൽ നേരം വെളുക്കും മുൻപേ വരുന്നതും ചായ കുടിക്കുന്നതുമൊക്കെ നാട്ടുകാർക്ക് പുതുമയായിരുന്നു അതും കെട്ടിയോൻ ചത്തിട്ട് മൂന്നിന്റന്ന് .
പിറ്റേന്നും ത്രേസ്യാമ്മ മൂടൽ മഞ്ഞും വകഞ്ഞു മാറ്റി വരവായി .
വിവരം അറിഞ്ഞ് ആളുകൾ ഇന്ന് നേരത്തേ ചായ പീടികയിലുണ്ട്
വീതി കൂടിയ തോളും കള്ളി ഷർട്ടിൽ ഒതുങ്ങാത്തമാറിടവും നടക്കുമ്പോൾ ചെറുതാളത്തിൽ തുളുമ്പുന്ന നിതംമ്പവുമായി
ത്രേസ്യാമ്മ പതിയെ പാലം കടന്നു വരുകയായി.
തൃഷ്ണയുടെ നുര പതിയെ ഉണരുന്ന മനവുമായി പുരുഷാരം അവളെ നോക്കി നിന്നു .
"ഈ പെണ്ണിനെ സമ്മതിക്കണം ,
അവർ പരസ്പരം പിറുപിറുത്തു
വക്കൻ ചേട്ടൻ അവൾ വന്നതേ
കട്ടൻ ചായയും കൊടുത്ത് തലേനാളത്തെ റബ്ബറിന്റെ തൂക്കമെഴുതിയ കടലാസ്സും കൊടുത്തു വാത്സല്യത്തോടെ ഒന്നു ചിരിച്ചു.
അവളെ നോക്കിക്കൊണ്ടിരിക്കുന്നവരുടെ നേർക്ക് കൺകോണിൽ കനലുറയുന്ന ഒരു നോട്ടവും ചുണ്ടിൽ ഒരു കോണിൽ നേർത്ത ചിരിയും സമ്മാനിച്ച് അവൾ തിരിച്ചു പോയി.
പോകെ പോകെ ചായ കുടിക്കാനും പത്രം വായിക്കാനും എന്ന വ്യാജേനെ
ത്രേസ്യാമ്മയെ നയനപാനം ചെയ്യാൻ
ആളുകൾ കൂടി വന്നു .
അവളാകട്ടെ ഇതിനകം തോബിയാസായി
കൂടുമാറ്റം നടത്തിയിരുന്നു
.......
രാത്രി എട്ടു മണിക്ക് മുറ്റത്തൊരു മുരടനക്കം കേട്ടിട്ടാണ് ത്രേസ്യാമ്മ വരാന്തയിൽ വന്നു നോക്കിയത് .
" ആരാദ് . "
അപ്പോൾ ഇരുളിൽ നിന്നും കുന്നേൽ ഔതയുടെ
മോൻ മുന്നോട്ടു നീങ്ങി നിന്നു
" ആരാ ജോസോ
എന്നാ കാര്യം "
" ഒന്നൂല ചുമ്മാ ഒന്നു കയറിയെന്നേയുള്ളൂ :
" ഈ കിഴുക്കാംതൂക്ക് കുന്നു ചുമ്മാ കയറിയോ ....?
ഏതായാലും തിണ്ണയിലോട്ട് കയറിയിരിക്ക് !
ഞാനിപ്പ വരാം "
അകത്തോട്ടു പോയ ത്രേസ്യാമ്മ നല്ല മൂർച്ചയുള്ള അരിവാ എടുത്തു കൊണ്ടുവന്ന്
തിണ്ണയിൽ വന്ന് ഇടത്തേ കൈയ്യുടെ ചൂണ്ടുവിരലിന്റെ അറ്റം ഒന്നു വരഞ്ഞു .
തെറിച്ചു ചാടിയ ചോര മുറ്റത്തേയ്ക്ക്
എറ്റിച്ചു കൊണ്ടു പറഞ്ഞു .
" ഇന്നലെ രാത്രി ഒരു കാട്ടുപന്നി കപ്പ കുത്തിയിളക്കാൻ വന്നിരുന്നു ....
അവനിട്ടു വെട്ടിയത് തേറ്റയ്ക്കു കൊണ്ടു .,
മൂർച്ച പോയാന്നൊരു സംശയം ., രാകി ശരിയാക്കി കൊണ്ടിരിക്കുമ്പോഴാ ജോസ് കുഞ്ഞു വന്നത് "
തിണ്ണയിൽ നിന്നും പതിയെ താഴെയിറങ്ങിയ ജോസ് പറഞ്ഞു .
"ചേടത്തീ ഞാൻ പിന്നെ വരാം "
" പിന്നെ വരണ്ട ...! എട്ട് മണികഴിഞ്ഞ്
ഒട്ടും വരണ്ട പിള്ളേര് ഉറങ്ങും
വന്ന സ്ഥിതി യ്ക്ക് ഒന്നു മുറുക്കിയേച്ചു പൊയ്ക്കൊ "
വെറ്റില പാത്രം മുന്നോട്ടു നീക്കി
ചേടത്തി പറഞ്ഞു .
ജോസ് ഇരുട്ടിൽ പൊടുന്നനെ അപ്രത്യക്ഷനായി
........
പിറ്റേന്ന് രാവിലെ പതിവു പോലെ ഷീറ്റും
ഏറ്റിക്കൊണ്ട് ത്രേസ്യാമ്മ ചായകടയിൽ
വന്നു .
ജോസ് പത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തി
ചൂണ്ടുവിരലിലെ കെട്ടു കണ്ട് വക്കൻ ചേട്ടൻ
ചോദിച്ചു .
" എന്നാ പറ്റിയതാ കുഞ്ഞേ ?
" അതിന്നലെ ഒരു കാട്ടുപന്നിക്കിട്ട് ഓങ്ങിയതാ
വിരലേ തട്ടിപ്പോയി ...."
ജോസ് പത്രം താഴെയിട്ട് പൊടുന്നനെ ഇറങ്ങി പോയി .
വേറെയും ചിലർ തത്രപ്പെട്ട് മുഖം പത്രത്താളിൽ പൂഴ്ത്തി ....
ത്രേസ്യാമ്മ , സെബാന്റെ വെറ്റില തട്ടിൽ നിന്നും ഒരു വെറ്റിലയെടുത്ത് ചുണ്ണാമ്പു തേച്ച് ഒന്നു മുറുക്കി .
വഴിയിലേക്ക് നീട്ടിത്തുപ്പി ഷർട്ടിന്റെ കൈ കൊണ്ട് ചുണ്ടു തുടച്ച് തിരിച്ചുപോയി.
..
കാലം ചെല്ലവേ എല്ലാവരും അവരെ ബഹുമാനത്തോടെ കാണാൻ തുടങ്ങി തന്റേടിയായ പെണ്ണൊരുത്തി എന്ന നിലയിൽ സ്നേഹത്തോടെ "ചേട്ടത്തി " എന്ന് വിളിക്കാൻ തുടങ്ങി
ഇറങ്ങിവരുന്ന കുന്നിനെ "ചേട്ടത്തിക്കുന്നെന്നും "
.....
തോട്ടിലൂടെ കാലം പിന്നീടും ഒരുപാടു വെള്ളം ഒഴുക്കികളഞ്ഞു
വക്കൻ ചേട്ടന്റെ ഒരുപാടു നാളായുള്ള
ആഗ്രഹമായിരുന്നു മണ്ണുറോഡൊന്നു കറുപ്പിച്ചു കാണുക എന്നത് .
മലയോരവികസന പദ്ധതിയോടെ അതിനുള്ള വഴി തെളിഞ്ഞു പാലത്തിനരികെ ചേട്ടത്തിക്കുന്നിന്റെ ഒരു ഭാഗം ഇടിച്ചു താഴ്ത്തി ഉയരം കുറച്ച് റോഡു ടാറിട്ടു അവിടെ ഒരു ബസ് സ്റ്റോപ്പും കൂടിയായി
"ചേട്ടത്തിക്കുന്ന് "
"പുലരി യ്ക്ക് പുറമെ ഫാൻസി " അമ്പാടി "
എന്നിങ്ങനെ രണ്ടു ബസ്സുകൾ കൂടിയായി
റേഷൻ ഷാപ്പിലെ അംഗങ്ങളുടെ എണ്ണം ഇരുന്നൂറായി .
ആറു മുറി പീടികയുടെ മുന്നിൽ അഞ്ചു മുറി പീടിക കോൺക്രീറ്റ് മേൽകൂരയോടെ വന്നു
ഇതിൽ ഒരു കാസറ്റു ഷാപ്പും . ടി വി മുതലായ റിപ്പയർ ഷാപ്പും ഒരു ക്ലബും ഉണ്ടായി .
ക്ലബിനു മുന്നിൽ കാരംബോർഡും ചെസ്സു ബോർഡും ഒക്കെയായി പുതു തലമുറ വന്നു.
തോടിനോട് ചേർന്ന് ഭൂമി തട്ടിയൊരുക്കി ചുറ്റും വല കെട്ടിയ വോളിബോൾ കോർട്ടും വന്നു.
അങ്ങാടിയിൽ വലിയ ഉണർവ്വാണ്
കുരിശു തൊട്ടി പുതുക്കിപണിത് ചെറിയൊരു കപ്പേളയായി.
പള്ളിയിലേയ്ക്ക് പടികൾക്ക് പുറമേ, ഒരു വശം ചേർന്ന് വാഹനങ്ങൾ എത്തിചേരുവാനുള്ള വഴി വെട്ടി ടാറിട്ടു.
അങ്ങാടി വളരെയേറെ മാറിപ്പോയി
മാറ്റമില്ലാത്തത് ആറു മുറി പീടികയ്ക്കും
വക്കൻ ചേട്ടനും .
"ചേട്ടത്തിക്കുന്ന് ആളിറങ്ങാനുണ്ടോ ...!
പെട്ടെന്ന് ഓർമ്മകളുടെ കുന്നിറങ്ങി ജെയിംസ് സീറ്റിൽ നിന്നും എഴുന്നേറ്റു
നേവിയിൽ ജോലി കിട്ടിയതിനു ശേഷം ജയിംസ് നാട്ടിൽ ആദ്യമായി വരികയാണു.
പഴയ ഇരുമ്പുപാലത്തിനരികിൽ കള്ളി ഷർട്ടും , മുണ്ടും കൈയ്യിലൊരു പിടിയടർന്ന അരിവാ യുമായി കണ്ണുകളിൽ വറ്റാത്ത തിളക്കവുമായി അവനെയും കാത്തു
ത്രേസ്യാമ്മ നിൽപ്പുണ്ടായിരുന്നു.
ശുഭം .....
2019 - 07 - 03
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot