Slider

ബാലവേണി - ഭാഗം 3

0

"അച്ഛൻ പറഞ്ഞില്ലേ അവരോട് ?"ശ്രീബാല ചോദിച്ചു.
"രാഘവൻ അവരെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു മോളെ.."ശേഖരൻ പറഞ്ഞു.
"അത് പോരല്ലോ അച്ഛാ.നമ്മൾ അല്ലെ അവരോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കേണ്ടിയത്.ഇനി നാളെ ഒരു കാലത്ത് ഇത് അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറഞ്ഞ് അതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാവാനുള്ള  ഇട  കൊടുക്കരുത്.."ശ്രീബാല കർക്കശമായി പറഞ്ഞു.
"ചേച്ചി പറയുന്നത് ശരിയാ അച്ഛാ..അച്ഛൻ അവരോട് സംസാരിക്കണമായിരുന്നു.."വേണിയും അത് ശരി വെച്ചു .
"മനപ്പൂർവം പറയാഞ്ഞതൊന്നുമല്ല..രാഘവൻ സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോ വീണ്ടും അതെ വിഷയം എടുത്തിട്ട് കൂടുതൽ വഷളാക്കണ്ട എന്ന് കരുതി.."ശേഖരൻ തളർച്ചയോടെ  പറഞ്ഞു.
"അച്ഛന് വിഷമം ആണെങ്കിൽ ഞാൻ വിളിച്ച് സംസാരിക്കാം.."ശ്രീബാല പറഞ്ഞു.
"അതിന് അവരുടെ നമ്പർ ഉണ്ടോ?"വേണി ചോദിച്ചു.
"പോവുന്നതിന് മുൻപ് എനിക്ക് ഒരു നമ്പർ തന്നിരുന്നു.നാളെ സ്കൂളിൽ പോകുന്ന വഴി അതിൽ വിളിച്ച് നോക്കാം.."ശ്രീബാല പറഞ്ഞു.ശേഖരൻ ഒന്നും മിണ്ടാതെ അകത്തേക്ക് പതിയെ നടന്നു.
"അച്ഛന് വിഷമം ആയീന്ന് തോന്നുന്നു."വേണി വിഷമത്തോടെ പറഞ്ഞു.
"അത് കാര്യമാക്കണ്ട..സത്യങ്ങൾ മറച്ച് വെച്ച് ജീവിതകാലം മുഴുവൻ വിഷമിക്കുന്നതിനെക്കാട്ടിലും നല്ലതല്ലേ  ഇത്.."ശ്രീബാല പറഞ്ഞു.
"ഇത് കേൾക്കുമ്പോ അവർ ഈ ആലോചന വേണ്ട എന്ന് വെയ്ക്കുവോ?"വേണി വിഷമത്തോടെ ചോദിച്ചു.
ശ്രീബാല അവളെ അത്ഭുതത്തോടെ നോക്കി.
"നിന്റെ മുഖം കണ്ടാ നീ ഇപ്പൊ കരയുന്ന മട്ടുണ്ടല്ലോ ..ചെക്കൻ ഒന്ന് സംസാരിച്ചപ്പോഴേക്കും പെണ്ണിന്റെ മനസ്സിന് ഇളക്കം തട്ടിയോ ?"ശ്രീബാല കളിയാക്കി.
"ഓഹ് പിന്നെ അങ്ങനെ ഒന്നുമില്ല..ഞാൻ പോയി വേഷം മാറട്ടെ."വേണി വിഷയം മാറ്റി മുറിയിലേക്ക് പോവാൻ തുടങ്ങി.
"നിൽക്ക്  നിൽക്ക്  ചോദിക്കട്ടെ..നിനക്ക് ഒരാളെ ഇത്ര പെട്ടെന്ന് ഇഷ്ട്ടപ്പെടണമെന്നുണ്ടെങ്കിൽ അത് വെറുതെ ആവില്ല..നിന്നെ ഇപ്പൊ തന്നെ കണ്ണേട്ടന്റെ കൂടെ പറഞ്ഞ് വിട്ടേക്കാൻ അച്ഛനോട് പറയട്ടെ?"ശ്രീബാല ചോദിച്ചു.
"ഈ ചേച്ചീടെ ഒരു കാര്യം..ജിതേഷേട്ടനെ  നോക്കി വെള്ളമിറക്കികൊണ്ടിരുന്നത് ആരും കണ്ടില്ലെന്ന് വിചാരിക്കേണ്ട കേട്ടോ.."വേണി ശ്രീബാലയെ നോക്കി ചിരിയോടെ പറഞ്ഞു..അത് കേട്ട് ശ്രീബാല കണ്ണ് മിഴിച്ചു.വേണി അവളെ നോക്കി കൊഞ്ഞനം കുത്തി.എന്നിട്ട് അവിടെ നിന്നും അടുക്കളയിലേക്ക് ഓടി..
" ഇവളെ  ഇന്ന് ഞാൻ!"ശ്രീബാല വേണിയെ പിടിക്കാനായി  അവളുടെ പിറകെ ഓടി..അവരുടെ കളിയും ചിരിയും ബഹളവും അപ്പുറത്തെ മുറിയിലിരുന്ന് ശേഖരൻ  കേൾക്കുന്നുണ്ടായിരുന്നു.ഇന്ന് വന്ന ചെറുപ്പക്കാരെ അവർ മനസ്സ് കൊണ്ട് സ്വീകരിച്ച് കഴിഞ്ഞു എന്ന് അദ്ദേഹത്തിന് മനസ്സിലായി.തന്റെ മക്കളുടെ സന്തോഷം എന്നും അതേപോലെ നിലനിൽക്കണെ ഭഗവാനെ എന്ന് അദ്ദേഹം മനസ്സുരുകി പ്രാർത്ഥിച്ചു..
പിറ്റേന്ന് സ്കൂളിൽ പോവുന്ന വഴി ശ്രീബാല ഫോൺ ബൂത്തിൽ കയറി ജിതേഷ് തന്ന നമ്പറിൽ ഡയല് ചെയ്തു.രണ്ട് റിങ്ങ്  അടിച്ചപ്പോൾ തന്നെ ജിതേഷ് കാൾ അറ്റൻഡ് ചെയ്തു.
"ഹലോ ആരാണ് ?"ജിതേഷിന്റെ സ്വരം കേട്ടപ്പോൾ തന്നെ ശ്രീബാലയ്ക്ക് മനസ്സിന് ഒരു സുഖം തോന്നി.
"ഞാൻ ശ്രീബാലയാണ്.."അവൾ പറഞ്ഞു.
"ബാലയോ..ഇത് ഏത് നമ്പർ?"ജിതേഷ് ചോദിച്ചു.
"ഞാൻ ഒരു ബൂത്തിൽ നിന്നാണ് വിളിക്കുന്നത്."അവൾ പറഞ്ഞു.
"മൊബൈൽ ഇല്ലേ തനിക്ക്?"ജിതേഷ് ചോദിച്ചു.
"ഇല്ല.."അവൾ പറഞ്ഞു.
"ശെരിക്കും?അതോ നമ്പർ തന്നാൽ ഞാൻ വിളിച്ച് ശല്യപ്പെടുത്തും എന്ന് ഭയന്നിട്ടോ ?"ജിതേഷ് പാതി കളിയായും   കാര്യമായും ചോദിച്ചു.
"അയ്യോ അല്ല..എനിക്ക് മൊബൈൽ ഫോൺ ഇല്ല..അതിനൊക്കെ ഒരുപാട് പൈസയാവില്ലേ.."ശ്രീബാല പറഞ്ഞു.ജിതേഷ് ചിരിച്ചു.
"നമ്പർ തന്നെങ്കിലും വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..എന്ത് പറ്റി?നമ്പർ തെറ്റി വിളിച്ചതാണോ?"ജിതേഷ് കളിയായി ചോദിച്ചു.
"അല്ല..ഒന്ന് നേരിൽ കാണാൻ പറ്റുമോ?എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്.."ശ്രീബാല പറഞ്ഞു.
"അതിനെന്താ..കാണാമല്ലോ..എവിടെ വരണം?"ജിതേഷ് ചോദിച്ചു.
"എന്റെ സ്കൂളിന്റെ അടുത്ത് ഒരു പാർക്ക് ഉണ്ട്.വൈകിട്ട് അവിടെ ഒന്ന് വരാമോ?"ശ്രീബാല ചോദിച്ചു.
ജിതേഷിന്റെ അനക്കം ഒന്നും കേട്ടില്ല.
"ഹലോ കേൾക്കുന്നുണ്ടോ?"ശ്രീബാല ചോദിച്ചു.
"ഉണ്ട് കേൾക്കുന്നുണ്ട്..ഇവിടെ കണ്ണൻ ഇരിപ്പുണ്ട്.അവൻ ചോദിക്കുന്നു വേണിയും ഉണ്ടാവുമോ അവനും കൂടെ വന്നോട്ടെ എന്ന്.."ജിതേഷ് ചോദിച്ചു.
ഈ കാര്യം സംസാരിക്കുമ്പോൾ കണ്ണനും കൂടെ അവിടെ ഉണ്ടാവുന്നതാണ് നല്ലതെന്ന്  ശ്രീബാലയ്ക്ക് തോന്നി.
"ആയിക്കോട്ടെ..പാർക്കിൽ  വെയിറ്റ് ചെയ്താ മതി.ക്ലാസ് കഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട്  വന്നോളാം."ശ്രീബാല പറഞ്ഞു.
വൈകിട്ട് കാണാമെന്ന ധാരണയിൽ അവർ ഫോൺ വെച്ചു.
വൈകിട്ട് സ്കൂൾ കഴിഞ്ഞ് ശ്രീബാല ഇറങ്ങി വന്നപ്പോൾ ഗേറ്റിൽ അവളെ കാത്ത് വേണി നിൽപ്പുണ്ടായിരുന്നു.
"എന്തായി ചേച്ചി?ജിതേഷേട്ടനോട്  കാര്യം പറഞ്ഞോ?"വേണി ആകാംഷയോടെ
 ചോദിച്ചു.
"ഇല്ല മോളെ.ഫോണിൽ കൂടി സംസാരിക്കുന്നതിനേക്കാൾ നല്ലത് നേരിട്ട് കണ്ട് പറയുന്നതാണ്.പാർക്കിൽ വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്."ശ്രീബാല പറഞ്ഞു.
"ജിതേഷേട്ടൻ  ഒറ്റയ്ക്കാണോ..അതോ?"വേണി മടിച്ച് മടിച്ച് ചോദിച്ചു.
"അതോ..?"ശ്രീബാല കുസൃതിയോടെ അവളെ നോക്കി.
"ഓഹ് അറിയാത്ത പോലെ..ഞാൻ പോവാ.."വേണി ശുണ്ഠി എടുത്ത് പോവാൻ തുടങ്ങി.
"ആഹ് പൊയ്ക്കോ പൊയ്ക്കോ കണ്ണേട്ടൻ വരുമ്പോ ഞാൻ പറഞ്ഞോളാം നിനക്ക് കാണണ്ടാന്ന് പറഞ്ഞൂന്ന്.."ശ്രീബാല പറഞ്ഞത് കേട്ട് വേണി പെട്ടെന്ന് നിന്നു.
"അപ്പൊ വരുന്നുണ്ടല്ലേ..എങ്കി വാ പോവാം.ഇല്ലെങ്കിൽ അവർ അവിടെ കാത്തിരുന്ന്  മുഷിയും"വേണി തിടുക്കം കൂട്ടി.
വേണിയുടെ സന്തോഷം കണ്ടപ്പോൾ ശ്രീബാലയ്ക്കെന്തോ സങ്കടം വന്നു.
"അധികം സന്തോഷിക്കണ്ട മോളെ.ചേച്ചി  ആദ്യം അവരോട് സംസാരിക്കട്ടെ. രാഘവേട്ടൻ പറഞ്ഞിട്ടുണ്ടെന്നല്ലേ   പറഞ്ഞത്. ഇനി അവർക്കെന്താ പറയാനുള്ളതെന്ന്   നമ്മൾക്ക് നോക്കാം."ശ്രീബാല പറഞ്ഞതും വേണിയുടെ മുഖം മങ്ങി.
ശ്രീബാലയും വേണിയും പാർക്കിൽ എത്തി.അകത്തേക്ക് നടന്നതും അവിടെ ഒരു  ബെഞ്ചിൽ ജിതേഷും കണ്ണനും എന്തോ സംസാരിച്ച് ഇരിക്കുന്നത് കണ്ടു.
ശ്രീബാലയെയും  വേണിയെയും കണ്ടതും അവർ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
"വന്നിട്ട് ഒരുപാട് നേരമായോ?"ശ്രീബാല ചോദിച്ചു.
"ആഹ് കുറച്ച് സമയമായി..പെട്ടെന്ന് നേരിട്ട് കാണണം  എന്തോ സംസാരിക്കണം ഇവിടെ വരണം എന്നൊക്കെ പറഞ്ഞപ്പോ ആകെ ഒരു ടെൻഷൻ.അതുകൊണ്ട് കുറച്ച് നേരത്തെ ഇങ്ങ് പോന്നു.."ജിതേഷ് പറഞ്ഞു.
ശ്രീബാലയുടെ പിറകിലായി വേണി കണ്ണനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
"വായാടി എന്താ ഇന്ന് സൈലന്റ് ആണല്ലോ.."കണ്ണൻ ചോദിച്ചു.
"അതെ അതെ..ഈ സൈലെൻസ്  എപ്പഴാ വയലൻസ്  ആവുക  എന്ന് പറയാൻ പറ്റില്ല.. "ശ്രീബാല അവളെ കളിയാക്കി.വേണി ശ്രീബാലയുടെ കൈയിൽ ഒരു പിച്ച് വെച്ച് കൊടുത്തു.
"ആഹ്.."ശ്രീബാല കൈ തിരുമ്മിക്കൊണ്ട്  അവളെ നോക്കി കണ്ണുരുട്ടി.
"വിരോധമില്ലെങ്കിൽ നമ്മക്ക് ആ കോഫി ഷോപ്പിലേക്ക് ഇരിക്കാം?"ജിതേഷ് ചോദിച്ചു.ശ്രീബാല സമ്മതിച്ചു.അവർ നാല് പേരും പാർക്കിൽ തന്നെയുള്ള കോഫി ഷോപ്പിലേക്ക് കയറി.ജിതേഷ് കോഫിയും മസാല ദോശയും  ഓർഡർ ചെയ്തു.
"അയ്യോ കോഫി മതിയായിരുന്നു.."ശ്രീബാല പറഞ്ഞു.
"സ്കൂളിൽ നിന്നും നേരെ ഇങ്ങോട്ടല്ലേ വന്നത്..രണ്ടാൾക്കും വിശക്കുന്നുണ്ടാവില്ലേ."കണ്ണൻ  പറഞ്ഞു.
ശ്രീബാലയ്ക്കും വേണിക്കും   അവരോട് ശെരിക്കും  ബഹുമാനം  തോന്നി. രണ്ടുപേർക്കും അതിയായി വിശക്കുന്നുണ്ടായിരുന്നു.തങ്ങളുടെ മനസ്സറിഞ്ഞ് ആരും  പറയാതെ തന്നെ ജിതേഷും കണ്ണനും  കാണിച്ച ഈ പ്രവർത്തിയിൽ അവർക്ക് തങ്ങളോട് എന്ത് മാത്രം കരുതൽ ഉണ്ടെന്ന് ശ്രീബാലയ്ക്കും വേണിക്കും  മനസ്സിലായി.
"എന്താ ബാലെ പറയാൻ ഉണ്ടെന്ന് പറഞ്ഞത്..?"ജിതേഷ് ചോദിച്ചു.പെട്ടെന്ന് ശ്രീബാലയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
വേണിയുടെ ഹൃദയം  പട പട എന്ന് മിടിച്ചു.കണ്ണനും ജിതേഷും ശ്രീബാലയുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
"അത് ..രാഘവേട്ടൻ നിങ്ങളെ അറിയിച്ചിരുന്നു എന്നാണ് പറഞ്ഞത്.പക്ഷെ എല്ലാം തുറന്ന് പറയേണ്ടത് ഞങ്ങളുടെ കടമയാണ്. "ശ്രീബാല പറഞ്ഞു.
"എന്തിനാ മുഖവുര ഒക്കെ?എന്താണെങ്കിലും മടിക്കാതെ തുറന്ന് പറഞ്ഞോളൂ.."ജിതേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.”ഞങ്ങൾക്ക്..ഞങ്ങൾക്ക്  ഒരു ഏട്ടൻ കൂടിയുണ്ട്.."പറഞ്ഞിട്ട് ശ്രീബാല അവരെ നോക്കി.ജിതേഷും കണ്ണനും അവൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു." ഹരിയേട്ടൻ  ജേർണലിസ്റ്റ് ആയിരുന്നു..ബോംബെയിലെ 'മേരി ആവാസ്' എന്ന പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഹരിയേട്ടനെ കാണാതായി.ഇപ്പൊ എവിടെയാണെന്ന്  ആർക്കും അറിയില്ല.."ശ്രീബാല പറഞ്ഞു.
ജിതേഷിന്റെയും കണ്ണന്റെയും  മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും കണ്ടില്ല.
"ഇതാണോ കാര്യം?താൻ മനുഷ്യനെ വെറുതെ പേടിപ്പിച്ചു.രാഘവേട്ടൻ ഇത് ആദ്യമേ പറഞ്ഞിരുന്നു."ജിതേഷിന്റെ മറുപടി കേട്ടപ്പോൾ വേണിക്ക്  ചെറിയ ഒരാശ്വാസം തോന്നി.അവൾ കണ്ണനെ നോക്കി.കണ്ണൻ അവളെ ഒരു പ്രശ്നവുമില്ല  എന്ന് കണ്ണടച്ച് കാണിച്ചു.വെയ്റ്റർ അവർക്ക് കോഫിയും മസാല ദോശയും കൊണ്ടുവന്ന് വെച്ചു.
"ദാ കോഫി കുടിക്ക്.." ജിതേഷ് കാപ്പി എടുത്ത് അവൾക്ക് നേരെ നീട്ടി.
"ഞാൻ മുഴുവനും പറഞ്ഞ് തീർന്നില്ല.."ശ്രീബാല പറഞ്ഞു.
"മിസ്സിംഗ് ആയ സമയത്ത് ഏട്ടൻ..ഏട്ടൻ  ഒരു ക്രിമിനൽ കേസിലെ  പ്രതി ആയിരുന്നു!"ശ്രീബാല അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.വേണിയുടെ നെഞ്ചിടിപ്പിന്റെ താളം അവൾക്ക് കേൾക്കാമായിരുന്നു.
ജിതേഷും കണ്ണനും പരസ്പരം നോക്കി.
"നാട്ടിൽ മിക്കവർക്കും ഏട്ടന്റെ കാര്യം അറിയാം.അതുകൊണ്ട് ഞങ്ങളോട് അടുക്കാൻ എല്ലാവർക്കും ഭയമാണ്.ഏട്ടൻ തെറ്റ്  ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അന്ന് അച്ഛനും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.പക്ഷെ നാട്ടുകാരുടെ പരിഹാസവും കുത്തുവാക്കുകളും എല്ലാമായപ്പോൾ അച്ഛന് പിടിച്ച് നിൽക്കാനായില്ല.സാഹചര്യ തെളിവുകളും ഏട്ടന് എതിരായപ്പോൾ അച്ഛനും ഏട്ടനെ വെറുത്ത് തുടങ്ങി.അല്ലെങ്കിൽ പുറമെ അങ്ങനെ ഭാവിക്കുന്നു.."ശ്രീബാല പറഞ്ഞുകൊണ്ടിരുന്നതിനിടയ്ക്ക് ജിതേഷ് സംസാരം നിർത്താൻ അവളോട്  കൈകൊണ്ട് ആംഗ്യം കാണിച്ചു.വേണിയും ശ്രീബാലയും ഒരുപോലെ ഞെട്ടി! ജിതേഷും കണ്ണനും ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പോവാണെന്ന് അവർ ഉറപ്പിച്ചു.അവർക്ക് തങ്ങളുടെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചത്പോലെ തോന്നി!
"ഇതെല്ലം രാഘവേട്ടൻ പറഞ്ഞിരുന്നു ഞങ്ങളോട്.."ജിതേഷ് സംസാരിച്ച് തുടങ്ങി."അത് അതിന്റെ വഴിക്ക് നടക്കട്ടെ.ഞങ്ങൾക്ക് അതെ കുറിച്ചൊന്നും അറിയാൻ താൽപ്പര്യമില്ല..ഞങ്ങൾ ഇഷ്ടപ്പെട്ടത് നിങ്ങളെ ആണ്.നിങ്ങൾ രണ്ടാളും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ..ഞങ്ങൾക്ക് അത് മാത്രം അറിഞ്ഞാൽ മതി."ജിതേഷ് പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ശ്രീബാലയും വേണിയും അവരെ രണ്ടുപേരെയും നോക്കി.
"ഒന്നും ഒളിച്ച് വെക്കാതെ  ഞങ്ങളോട് ഇതെല്ലം തുറന്ന് പറയാൻ നിങ്ങൾ കാണിച്ച ഈ നല്ല മനസ്സുണ്ടല്ലോ അത് മതി..നിങ്ങളുടെ ഹൃദയത്തിൽ    എന്ത് മാത്രം പരിശുദ്ധി ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി."ജിതേഷ് തന്റെ കൈയെടുത്ത് മേശയിൽ ശ്രീബാലയുടെ കൈക്ക്  മുകളിൽ വെച്ചു.ആശ്വാസവും സന്തോഷവും കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.വേണിയുടെ നെഞ്ചിലും ഒരു മഴ പെയ്ത് തോർന്ന ആശ്വാസമായിരുന്നു.അവളുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു.
"അതെ ഈ കരച്ചില് കാണാൻ ഒരു രെസോമില്ല കേട്ടോ.വളരെ ഫ്രാങ്ക് ആയിട്ട് എന്തും മുഖത്ത് നോക്കി ചോദിക്കുന്ന അന്നത്തെ വായാടിപ്പെണ്ണിനെയാ എനിക്കിഷ്ടം."കണ്ണൻ വേണിയെ നോക്കി  പറഞ്ഞു.
വേണി കണ്ണുകൾ തുടച്ച് അവനെ നോക്കി ചിരിച്ചു.
"ഇനി ആഹാരം കഴിക്കാമല്ലോ..?" ജിതേഷ് ചോദിച്ചു.എല്ലാവരും പതിയെ ആഹാരം കഴിച്ച് തുടങ്ങി..***** നന്ദൻ റൂമിലിരുന്ന് മുഷിഞ്ഞപ്പോൾ വെറുതെ വെളിയിലേക്കിറങ്ങി.ശ്യാമ വരാൻ  ഇനിയും സമയമുണ്ട്.അവൾ ബാങ്ക് മാനേജർ ആണ്. ബസിലാണ് പോയ്  വരുന്നത്.കഴിവതും നേരത്തെ വീട്ടിലെത്താൻ അവൾ ശ്രമിക്കാറുണ്ട്.പക്ഷെ ചില ദിവസങ്ങളിൽ എത്ര ശ്രമിച്ചാലും സന്ധ്യ കഴിയാതെ വീട്ടിലെത്താൻ പറ്റില്ല..നന്ദൻ വീടിന് ചുറ്റും ഒന്ന്  നടന്നു.ശാരി അവിടെ തുണി നനച്ചുകൊണ്ട് നിൽക്കുകയായിരുന്നു.നന്ദനെ കണ്ടതും ആ ദേഷ്യത്തിൽ അവർ തുണികൾ അലക്കുകല്ലിൽ ആഞ്ഞടിക്കാൻ തുടങ്ങി.
"ഓഹ് തമ്പുരാൻ ഉലാത്താൻ ഇറങ്ങിയിട്ടുണ്ട്.."ശാരി പിറുപിറുത്തു.
നന്ദൻ അവരെ ശ്രദ്ധിക്കാതെ പറമ്പിലേക്കിറങ്ങി.
"അതെ മരത്തേലോക്കെ   കേറാൻ അറിയാവോ?" ശാരി ചോദിച്ചു.
നന്ദൻ ചുറ്റും ഒന്നും നോക്കി.
"നോക്കണ്ട നിന്നോട് തന്നെയാ ചോദിച്ചേ.അറിയാമെങ്കി രണ്ട് മാങ്ങ ഇട്ട് താ..ചമ്മന്തി അരയ്ക്കാനാ.."ശാരി പറഞ്ഞു.
"എനിക്ക് അക്രോഫോബിയ ആണ്.."നന്ദൻ പറഞ്ഞു..
അത് കേട്ട് ശാരി കണ്ണുമിഴിച്ചു.
"എന്തോന്നാ എന്തോന്നാ ? മരത്തിൽ കേറാൻ പറഞ്ഞതിന് നീ എന്നെ ചീത്ത വിളിക്കുവാണോ?"ശാരി നന്ദനോട് ചൂടായി.
"ഞാൻ ചീത്ത വിളിച്ചതല്ല.അക്രോഫോബിയ..അതൊരു മെഡിക്കൽ കണ്ടിഷൻ ആണ്..ഫിയർ ഓഫ് ഹൈറ്റ്സ്..ഉയരം  ഉള്ള സ്ഥലങ്ങളിൽ കയറാൻ എനിക്ക് പേടിയാണ്.."നന്ദൻ വിശദീകരിച്ച് കൊടുത്തു.
"അയ്യോടാ അത് കൊള്ളാം..പീക്കിരി പിള്ളേര് വരെ മരത്തിന്റെ മണ്ടേല് വലിഞ്ഞുകേറും.ഇത് പോത്ത് പോലെ  വളർന്നിട്ടും പേടി പോലും !കഷ്ടം!"ശാരി കളിയാക്കി.നന്ദൻ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു നിന്നു.
"ശ്യാമയ്ക്ക് ചോറിന്റെ കൂടെ മാങ്ങാ   ചമ്മന്തി ഭയങ്കര ഇഷ്ടമാ.അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു..ഇനി ഇപ്പൊ നാളെ പരമു വരുമ്പോ അവനെക്കൊണ്ട് ഇടീക്കാം.. "ശാരി പറഞ്ഞു.എന്നിട്ട്  കഴുകിയ തുണിയെല്ലാം  ബക്കറ്റിലാക്കി.
"ശ്യാമയ്ക്ക് ഇഷ്ടമാണോ?എങ്കിൽ ഞാൻ കേറാം.."നന്ദൻ പറഞ്ഞു.തന്റെ കളി ഏറ്റു എന്ന് ശാരിക്ക് മാനസ്സിലായി.
പടുകൂറ്റൻ മൂവാണ്ടൻ മാവായിരുന്നു അത്.നന്ദൻ കുറച്ച് നേരം ആ മാവിൽ തന്നെ നോക്കി നിന്നു.
"എന്തോ നോക്കി നിൽക്കുവാ..അങ്ങോട്ട് കേറിക്കോ..ഞാൻ ഇവിടെ ഉണ്ടല്ലോ.."ശാരി പറഞ്ഞു.നന്ദൻ ഒരു വിധം അതിൽ വലിഞ്ഞ് കയറി.താഴത്തെ കൊമ്പിലെ മാങ്ങാ പറിക്കാൻ തുടങ്ങിയതും ശാരി പറഞ്ഞു.
"അത് കൊള്ളത്തില്ല ..ആ രണ്ടാമത്തെ കൊമ്പിലെ നോക്കിക്കേ.."നന്ദൻ ശാരിയെ ഒന്ന് നോക്കിയിട്ട് പിടിച്ച് പിടിച്ച് രണ്ടാമത്തെ കൊമ്പിലേക്ക് കയറി.
"ഇത് ഇടട്ടെ?"നന്ദൻ ചോദിച്ചു.
"അത് പൊട്ടാടാ പൊട്ടാ..കുറച്ച് കൂടി മുകളിലോട്ട് പോയാൽ നല്ലതുണ്ട്.."ശാരി വിളിച്ച് പറഞ്ഞു.എന്നിട്ട് അയൽപ്പക്കത്തെങ്ങാനും  ആരെങ്കിലും ഇത് കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി.
"എനിക്ക് പേടിയാ ചിറ്റേ ഇനിയും മുകളിലോട്ട് കേറാൻ..ഇപ്പൊ തന്നെ എന്റെ തല കറങ്ങുന്നു.."നന്ദൻ പേടിയോടെ പറഞ്ഞു.
"എന്തിനാടാ പേടിക്കുന്നത്?ഞാൻ ഇവിടെ താഴെ നിൽപ്പുണ്ടല്ലോ..ആഹ് നിനക്ക് വയ്യെങ്കിൽ ഇങ്ങ് ഇറങ്ങി പോരെ ..അവള് നിനക്ക് എന്തെല്ലാം ചെയ്ത് തരുന്നു.അവക്ക് വേണ്ടി ഇച്ചിരി ചമ്മന്തി ഉണ്ടാക്കാൻ രണ്ട് മാങ്ങാ പറിക്കാൻ പറഞ്ഞപ്പോ നിനക്ക് ഭയങ്കര ഡിമാൻഡ്.."ശാരി നന്ദനെ ഇളക്കാൻ പറഞ്ഞുകൊണ്ടിരുന്നു.നന്ദൻ ധർമ്മസങ്കടത്തിലായി.ശ്യാമയ്ക്ക് വേണ്ടി അവൻ എന്തും ചെയ്യും .അവളെ  അവന് അത്ര ജീവനാണ്.ഒടുവിൽ കുറച്ച് കൂടി മുകളിലേക്ക് പോവാൻ തന്നെ നന്ദൻ  തീരുമാനിച്ചു.അവൻ മുകളിലെ കൊമ്പിലേക്ക് നോക്കി.താഴത്തെ കൊമ്പിൽ പിടിച്ച് പതിയെ പതിയെ മുകളിലേക്ക് കയറാൻ തുടങ്ങി.പക്ഷെ താഴേക്ക് നോക്കിയതും പെട്ടെന്ന് അവന് തലകറങ്ങി..
"ചിറ്റേ എന്റെ തല കറങ്ങുന്നു.."നന്ദൻ ഒരു കൊമ്പിൽ മുറുകെ പിടിച്ചു.
"ചിറ്റേ എന്നെ ഒന്ന് താഴെ ഇറക്കാമോ?"നന്ദൻ ഉറക്കെ വിളിച്ച് ചോദിച്ചു.പക്ഷെ താഴെ ശാരിയുടെ പൊടി പോലുമില്ലായിരുന്നു.നന്ദൻ കൊമ്പിൽ മുറുകെ പിടിച്ച് കൊണ്ട് കണ്ണുമടച്ച് അവിടെ തന്നെ ഇരുന്നു.കൈകൾ തളരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു!

(കഥ എന്താണെന്ന് പിടികിട്ടുന്നില്ല എന്നറിയാം.കുറച്ച് ക്ഷമിക്കണേ.വഴിയേ എല്ലാം മനസ്സിലാവും.)

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo