നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പല പല നാളുകൾ, ഞാനൊരു പുഴുവായ്‌

Image may contain: Rahul Raj
പൂക്കൾ മനുഷ്യനെ നോക്കി പുഞ്ചിരി തൂകിയിരുന്ന, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരോണക്കാലം. നാട്ടിൻപുറമായതിനാൽ ക്ലബ്ബ് വക ഓണത്തിന് കുട്ടികളുടെ കലാമത്സരങ്ങൾ ഉണ്ടാകും. സ്റ്റേജിൽ കയറുക എന്നത് ഭയമായതിനാൽ മൂന്നാം തരത്തിലായിട്ടും എന്റെ കലാവൈഭവം പ്രകടിപ്പിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷെ ഈ വർഷം എന്റെ പേടി മാറ്റി എന്റെ കലാപ്രകടനം നാട്ടുകാരെ കാണിക്കാൻ തന്നെ വീട്ടുകാർ തീരുമാനിച്ചു.
അങ്ങനെ ആ ദിവസം നെഞ്ചിടിപ്പോടെ സ്റ്റേജിൽ കയറാനുള്ള എന്റെ ഊഴവും കാത്ത് ഇരിക്കുകയാണ് ഞാൻ.
"അടുത്തതായി രാഹുൽ രാജ്"
രാമകൃഷ്ണൻ മാഷ് അനൗൺസ് ചെയ്തു.
ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റില്ല. അവസാനം അമ്മ വന്ന് എന്നെ സ്റ്റേജിലേക്ക് നടത്തിച്ചു. സ്‌കൂളിലെ ചെറിയ ഹാളിനുള്ളിൽ ബെഞ്ച് നിരത്തിയിട്ട് നിർമിച്ച ചെറിയൊരു സ്റ്റേജ്. ഞാൻ അതിനു മുകളിലേക്ക് കയറി.
ആരോ വന്ന് മൈക്ക് എന്റെ ഉയരത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് തന്നു. കുട്ടികളും മുതിർന്നവരും അടങ്ങിയ ചെറിയൊരാൾക്കൂട്ടം എന്നിലേക്ക് തന്നെ കണ്ണ് നട്ടിരിക്കുന്നു. എന്നെ കളിയാക്കി ചിരിക്കുന്നത് പോലെ തൊട്ട് മുന്നിൽ മൈക്ക് എന്നെ നോക്കുന്നു. നെഞ്ചിൽ ഉത്സവത്തിന് ചെണ്ട കൊട്ടുന്ന മേളം. ശരീരത്തിൽ ആകെ എന്തോ ഇഴയുന്നത് പോലെ.
ഒടുവിൽ ഞാൻ കണ്ണുകളടച്ച് മൂന്ന് തവണ ശ്വാസം ഉള്ളിലേക്കെടുത്തു. പരിഭ്രമം കൂടുന്ന സമയത്ത് അങ്ങനെ ചെയ്താൽ ആശ്വാസം കിട്ടുമെന്ന് അമ്മ പറഞ്ഞിരുന്നു. അങ്ങനെ ചെയ്തപ്പോൾ ഒരൽപ്പം ആശ്വാസം തോന്നി. പിന്നെ ഒന്നും നോക്കിയില്ല, ഞാൻ സദസ്സിന് മുൻപിലേക്ക് എന്റെ ഉള്ളിലെ പദ്യത്തിന്റെ കെട്ടഴിച്ചു.
"പല പല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി..."
ആദ്യ വരി പാടിയപ്പോൾ പലരും ചിരിക്കുന്നത് പോലെ എനിക്ക് തോന്നിയെങ്കിലും ഞാൻ അതൊന്നും വക വെക്കാതെ എന്റെ ആലാപനം തുടർന്നു.
ഒടുവിൽ
"പൂവിൽ തുള്ളും പൂവത് പോലെ
പൂന്തേനുണ്ടു കഴിഞ്ഞു ..."
എന്ന് ഞാൻ പാടി അവസാനിപ്പിച്ചു.
സദസ്സ് കരഘോഷം മുഴക്കി.ഒരു വരി പോലും തെറ്റിപ്പോകാതെ പാടിയ എന്നെക്കുറിച്ചോർത്ത് എനിക്ക് തന്നെ അഭിമാനം തോന്നി. ഈ എനിക്കായിരുന്നോ സ്റ്റേജിൽ കയറാൻ ഭയം എന്നു ഞാൻ അത്ഭുതപ്പെട്ടു. ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷെ അമ്മയുടെ മുഖത്ത് അത്ര സന്തോഷമൊന്നും ഇല്ലായിരുന്നു. അമ്മ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി.
"അമ്മേ ... നമ്മൾ വീട്ടിക്ക് പോവാണോ? "
"ആഹ്..."
"അപ്പൊ എനിക്ക് സമ്മാനം കിട്ടിയോന്ന് നോക്കണ്ടേ"
"സമ്മാനമോ?? നിനക്കോ? കഥപറയൽ മത്സരത്തിന് വന്നിട്ട്, ക്ലാസിൽ പഠിച്ച പദ്യം ചൊല്ലിയ നിനക്ക് ആര് സമ്മാനം തരാനാടാ!"
"ഏഹ്.. കഥപറയൽ ആയിരുന്നോ?"
"ഇന്നലെ രാത്രീലും കൂടെ ഞാൻ നിനക്ക് 'പൂച്ചക്കാരു മണികെട്ടും' ന്ന കഥ പഠിപ്പിച്ച് തന്നതല്ലേ. വീട്ടിൽ നിന്ന് നീ ഭയങ്കര പ്രകടനമായിരുന്നല്ലോ. വെറുതെ എന്റെ സമയം കളഞ്ഞത് മിച്ചം"
"അത്.. അമ്മേ.. പെട്ടെന്ന് സ്റ്റേജ് ....ആള്...
അമ്മേ നമുക്കൊരു കാര്യം ചെയ്യാം.. വീട്ടി പോയി ഓണ സദ്യ കഴിക്കാം"
നിറഞ്ഞ ഒരു പുഞ്ചിരിയോടെ അമ്മ എന്നെ വാരിയെടുത്ത് നെറ്റിയിൽ ഒരുമ്മ തന്നു. ഞാനും അമ്മക്കൊരുമ്മ കൊടുത്തു.
"ന്നാലും ന്റെ മോൻ നന്നായി പാടി"
മനസ്സ് നിറഞ്ഞ ഞങ്ങൾ രണ്ടാളും സദ്യ കഴിച്ച് വയറും കൂടെ നിറക്കാനായി വീട് ലക്ഷ്യമാക്കി നടന്നു.

By 
Rahul Raj, Admin, Nallezhuth Facebook Group

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot