Slider

സൂപ്പർസ്റ്റാർ

0

അമ്മേ ഞാൻ നാളെ മുതൽ സ്കൂളിൽ പോകുന്നില്ല.
ലാലുമോൻ നല്ല കുട്ടിയല്ലേ അങ്ങിനെയൊന്നും പറയരുത്.
നാളെ എന്തെങ്കിലും ക്ലാസ്സ് ടെസ്റ്റ് ഉണ്ടോ, പഠിപ്പിച്ചത് വല്ലതും മനസ്സിലാകാതെയുണ്ടെങ്കിൽ അമ്മ പറഞ്ഞു തരാം, മക്കൾ പുസ്തകമെടുത്തു കൊണ്ടു വാ, ഇങ്ങിനെ നിസ്സാരകാര്യങ്ങൾക്ക് നല്ല കുട്ടികൾ സ്കൂളിൽ പോകുന്നില്ല എന്ന് വാശി പിടിക്കരുത്.
നിസ്സാര കാര്യമൊന്നുമല്ലമ്മേ, ഇതിത്തിരി സീരിയസ്സാണ്. പഠിത്തക്കാര്യമൊന്നുമല്ല പോകുന്നില്ല എന്നു പറഞ്ഞതിന് കാരണം. ക്ലാസ്സിൽ ഞാൻ ടോപ്പ് ആണെന്ന് അമ്മയ്ക്കറിയില്ലേ. ഇത് മറ്റൊരു കാരണമാണ് പിള്ളേരെല്ലാം ലൂസ്വീപ്പർ എന്ന് പറഞ്ഞ് കളിയാക്കുന്നു.
അത് മോൻ സ്കൂളിൽ എന്നും നേരത്തെ എത്തുന്നതു കൊണ്ടല്ലേ , ഞങ്ങടെ കുട്ടിക്കാലത്തും നേരത്തെ സ്കൂളിൽ എത്തുന്ന കുട്ടികളേ സ്ക്കൂൾ അടിച്ചു തൂക്കാൻ വന്നവർ എന്നു പറഞ്ഞ് കളിയാക്കിയിരുന്നു.
അതു തന്നേയല്ലേ തൂപ്പുകാർ എന്നതിന് പകരം സ്വീപ്പർ എന്നു വിളിയ്ക്കുന്നു എന്നു മാത്രം. മോൻ്റെ സ്കൂൾ
ബെല്ലടിച്ചാൽ കേൾക്കുന്ന ദൂരത്തിലല്ലേ അതുകൊണ്ട് നാളെ മുതൽ അല്പം വൈകിപ്പോയാൽ മതി, കാര്യം സോൾവായില്ലേ.
ഇതതല്ലമ്മേ കാരണം ലൂസിഫർ എന്നതിന് പകരം കളിയാക്കി വിളിക്കുന്നതാണ്.
അത് സൂപ്പർ ഹിറ്റ് സിനിമയല്ലേ. മോൻ്റെ പേര് ലാലു എന്നായതായിരിക്കും കാരണം. അത് കുറച്ചു ദിവസത്തേക്കല്ലേ കാണൂ, സാരമില്ല മോനെ. ഇനിയിപ്പോൾ കളിയാക്കാൽ മോനു വിഷമമാകുന്നു
എന്നാൽ മോന് അച്ചനോട് കംപ്ലെയ്ൻ്റ് പറയാമായിരുന്നില്ലേ, അച്ഛനല്ലേ നിങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്റർ. കംപ്ലെയ്ൻറ് ചെയ്യും എന്നൊന്ന് പറഞ്ഞാൽ മതി അപ്പോൾ തന്നേ കുട്ടികൾ പേടിച്ച് കളിയാക്കൽ നിർത്തിക്കൊള്ളും.
ആ പഷ്ട് എന്നെക്കാൾ കൂടുതൽ അച്ചനെയാണ് ഇപ്പോൾ കുട്ടികൾ കളിയാക്കുന്നത്. അച്ഛൻ അത് ആരോട് പറയും എന്ന വിഷമത്തിൽ ആയിരിക്കും. ഏതായാലും അച്ഛൻ്റെ നല്ല പേര് തന്നെ പി.കെ.രാംദാസ്.
അതു ശരിയാണല്ലോ മോൻ്റെ അച്ചൻ്റെ പേര് പറയുമ്പോൾ ഇപ്പോൾ ആൾക്കാരെല്ലാം ഭയങ്കര ചിരിയാണല്ലോ, ഇന്നലെ തന്നെ നമ്മുടെ പുറകിലെ തൊടിയിൽ മരം നോക്കാൻ വന്നവർ കൂടെ അച്ഛൻ്റെ പേര് പറഞ്ഞപ്പോൾ ചിരിയോട് ചിരി.
അതെന്താ സംഭവം., അതു ഞാനറിഞ്ഞില്ലല്ലോ?
അതിന്നലേ ഒഴിവു ദിവസം ആയിരുന്നല്ലോ നീ കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയിരിക്കുകയായിരുന്ന സമയം. അച്ചൻ പുറകുവശത്ത് വാഴക്ക് തടമെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടു പേർ, കണ്ടിട്ട് മരക്കച്ചവടക്കാർ ആണെന്ന് തോന്നുന്നു. റോഡിൽ നിന്ന് നമ്മുടെ വലിയ ആഞ്ഞിലിമരം കണ്ടു വന്നതാണ്. അവർ മരമെല്ലാം ചുറ്റിനടന്ന് കണ്ടിട്ട് എൻ്റെ അടുത്ത് വന്നു ചോദിച്ചു.
ആ നിൽക്കുന്ന പി.കെ. രാംദാസിനെ കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന്.
എന്തിനാണെന്ന് ചോദിച്ചപ്പോൾ അവർ പറയുന്നു.
അറുത്തെടുത്താൽ കതകിനും, ജനലിനും ഉള്ള നല്ല പലക കിട്ടും, ബാക്കിയുള്ളതുകൊണ്ട് വീടിൻ്റെ കട്ടിലയും പണിയാം,
കിടക്കാനായി നല്ല കട്ടിലും പണിയാമെന്ന്.
ദേഷ്യം കൊണ്ട് കണ്ണ് കാണാതായ ഞാൻ അവരെ ചീത്തപ്പറഞ്ഞ് ഓടിച്ചു. നിൻ്റെ അച്ഛന് ഇത്തിരി തടി കൂടുതൽ ഉണ്ടെന്ന് പറഞ്ഞ് ഇങ്ങിനെ കളിയാക്കാമോ?
ഒടുക്കം ഞാൻ അവരോട് പറഞ്ഞു അത് എൻ്റെ കുട്ടികളുടെ അച്ഛനാണ് ഇത്തിരി തടി കൂടുതൽ ഉണ്ടെങ്കിൽ ഞാനങ്ങു സഹിച്ചോളാം എന്ന്.
അപ്പോൾ അവർ എന്തു പറഞ്ഞമ്മേ.
അവർ അപ്പോഴും ചിരിയോട് ചിരി തന്നേ
പി.കെ. രാംദാസ് എന്ന വൻമരമല്ലേ പിള്ളേരടെ അച്ഛൻ എന്നും പറഞ്ഞ്. അവരെന്തിനാണ് ചിരിച്ചതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.
അതു തന്നേയാണമ്മേ ഇപ്പോത്തെ പ്രശ്നം. പി.കെ.രാംദാസ് എന്ന വന്മരം.
അതിന് മറുപടി പറഞ്ഞത് ചേച്ചിയാണ്.
ഒന്നടങ്ങടാ ലാലു, ഇതെല്ലാം ഒരു സ്പോർട്ട്സ്മാൻ സ്പിരിട്ടിൽ എടുത്താൽ മതി.
അതിനിത്ര പ്രശ്നം ഒന്നുമില്ലമ്മേ , എന്നെ കോളെജിലെ പിള്ളേർ ഇപ്പോൾ വന്മരം വീണിട്ട് ചെറുമരത്തിന് വല്ലതും പറ്റിയോ എന്നു പറഞ്ഞ് മിക്ക ദിവസവും കളിയാക്കുന്നുണ്ടല്ലോ അതിന് ഉരുളയ്ക്കുപ്പേരി പോലെ നല്ല കണക്കിന് ഞാനും കൊടുക്കാറുണ്ട്. പുത്തൻപുരയിൽ കൃഷ്ണൻ നായരുടെ മകൻ പി.കെ. രാംദാസ് എന്ന കരുത്തനായ വന്മരം ഇന്നും തലയുയർത്തി തന്നെയാണ് നിൽക്കുന്നതെന്നും വന്മരത്തിൻ്റെ താഴെയുള്ള ലീലാ രാംദാസിന് എന്നും താങ്ങും തണലുമായി ഉള്ളതീ വന്മരം തന്നേയാണെന്നും പറഞ്ഞ് കളിയാക്കുന്നവരുടെ വായടപ്പിച്ചു. മോനും അതുപോലെ നല്ല മറുപടി കൊടുത്താൽ മതി കളിയാക്കാൻ വരുന്നവരോട്.
അപ്പോൾ മോനും സൂപ്പർസ്റ്റാർ ആകാം ക്ലാസ്സിൽ.
ശരി ചേച്ചി
നമ്മൾ കരുത്തനായ പി.കെ. രാംദാസ് എന്ന വന്മരത്തിൻ്റെ
കരുത്തുള്ള ചെറുമരങ്ങളല്ലേ .

By: PS ANILKUMAR DEVIDIYA
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo