നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സയനൈഡ്

Image may contain: 1 person
സമയം ഉച്ചയ്ക്ക് ഒന്നര മണി.
"ഊണ് റെഡി.... എന്റെ കറികള് ഒന്നിനും കൊള്ളാത്തതാണെന്ന് പറയാത്ത ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ അവര്ക്ക് കഴിക്കാം" ചോറും കറികളും ടേബിളില് കൊണ്ടു വച്ചിട്ട് അവൾ പറഞ്ഞു.
ധൃതിപിടിച്ച് ഹാളില് മകള് നിരത്തിയിട്ട പാഠപുസ്തകങ്ങള് അടുക്കി വച്ച്, മകന് ഊരിയെറിഞ്ഞ സോക്‌സും ടി ഷർട്ടും എടുത്ത്, ബാക്കി തുണികളുമായി അവൾ നടന്ന്‌ നീങ്ങി.
"തന്തയെപ്പോലെ തന്നെ അടുക്കും ചിട്ടയും ഇല്ലാത്ത രണ്ട് മക്കള്"അവൾ പറഞ്ഞത് ശരി വച്ചത് പോലെ വാഷിംഗ് മെഷീന് ശബ്ദിച്ചു തുടങ്ങി ..
ശീമച്ചക്കക്കറി തേങ്ങാക്കൊത്ത് ചേർത്ത് കടുക് വറുത്തത്.... ഞായറാഴ്ച ആയതിനാല് അവൾ എന്റെ ഇഷ്ട വിഭവം ഉണ്ടാക്കിയതാണ്.. കൂടെ കോവക്ക മെഴുക്ക് പുരട്ടിയതും മോരും....ദഹന വ്യവസ്ഥയെ ഒന്നടങ്കം ത്രസിപ്പിക്കുന്ന വാസന....
പള്ളിയില് പോയി കുറെ നേരം നിന്ന് കാൽ കടച്ചിലായി... കുറച്ച് നേരം സെ റ്റിയില് ദുല്ഖര് സല്മാന്റെ സിനിമ കണ്ടുകൊണ്ട് കിടന്നപ്പൊ ഓര്ത്തു ഇവള്ക്ക് കാൽ കടച്ചിലും ക്ഷീണവും ഒന്നുമില്ലേ!!!
"മോനെ ലഞ്ച് ആയി. കഴിക്കാൻ വാ"
അവൾ സ്റ്റെയര് കേസിന് താഴെ ചെന്നു നിന്ന് മുകളിലേക്ക് നോക്കി എട്ടാം ക്ലാസ്സ് കാരന് മകനെ വിളിച്ചു...
വെളുപ്പിന് എഴുന്നേറ്റ് ഉണ്ടാക്കിയ അപ്പവും കടലക്കറിയും ബാക്കി വന്നത് ടേബിളില് നിന്ന് എടുത്ത് മാറ്റുമ്പോള് അവൾ എന്നെ ഒന്ന് സൂക്ഷിച്ച്‌ നോക്കി.
കടലക്കറി നന്നായിരുന്നു. രാവിലെ അതങ്ങനെ ആസ്വദിച്ച്‌ കഴിക്കുമ്പോളായിരുന്നു തിടുക്കത്തി ല് പള്ളിയില് പോകാൻ ഒരുങ്ങി ക്കൊണ്ട് അവളുടെ ആ വർത്തമാനം
"ഇരിക്കുന്നിടത്ത് നിന്ന്‌ അനങ്ങരുത്.
കിടന്ന കട്ടിലിന്റെ ഒരു കോലം കണ്ടോ ഈ ബെഡ് ഷീറ്റ് ഒന്ന് വിരിച്ചിട്ടാല് എന്ത് വരും? എന്തെങ്കിലും പറഞ്ഞാ ബുര്ജ് ഖലീഫ വിഴുങ്ങിയ പോലെ ഇങ്ങനെ ഇരുന്നേച്ചാ മതി.. ഡിഗ്രീക്ക് പഠിക്കുന്ന പെണ്ണിനെ രാവിലെ കൂട്ടുകാരുടെ വീട് നിരങ്ങാന് കൊണ്ടു വിട്ടു. ഗ്രേസി ഇന്ന്‌ വരത്തില്ലാന്ന് അറിയാമല്ലോ... "
ഞാൻ ബെഡ് ഷീറ്റ് വിരിക്കാനോ.? ധനികനായ, പ്രമാണിയായ ഒരു അപ്പന്റെ മോനാണ്‌..മകളെ കൂട്ടുകാരിയുടെ പിറന്നാള് ആഘോഷിക്കാന് ഞാനാണ് കൊണ്ടു വിട്ടത്. അത് ഒരു അപ്പന്റെ കടമ. അത് ഞാൻ ചെയതതാണ്‌. പക്ഷേ വേലക്കാരി വരാത്തത് എന്റെ കുറ്റമല്ല. അവളുടെ അമ്മാവന്റെ മകനോട് ഇന്ന്‌ കല്യാണം കഴിക്കാൻ പറഞ്ഞത് ഞാനല്ല. ഗ്രേസി വന്നില്ലെങ്കില് ഇവള് വിരിക്കും. ഇവള്ക്ക് വയ്യെങ്കിൽ ധനികനായ എന്റെ ബെഡ് ഷീറ്റ് വിരിക്കാന് നൂറു പേർ വരും.. ആ അഹങ്കാരത്തോടെ ഞാൻ വിളിച്ചു പറഞ്ഞു "നിനക്ക് എന്താ പണി? ഇതേപോലെ ഒന്നിനും കൊള്ളാത്ത കുറെ കറികള് ഉണ്ടാക്കുന്നതല്ലേ?"
പെട്ടെന്നാണ് ഞാൻ ഓര്ത്തത്... രാവിലെ ഞാൻ പറഞ്ഞ അതേ വാചകങ്ങള് അല്ലേ അവൾ ഇപ്പൊ പറഞ്ഞത്? അതെ അത് തന്നെ... ഓര്ത്തു വച്ച് അതേ വാചകങ്ങള് അവൾ പറഞ്ഞിരിക്കുന്നു!!!!.
വിശപ്പ് ഒരു വശത്ത് അഭിമാനം മറു വശത്ത്.... ചെറുക്കനെ വിളിക്കേണ്ട താമസം.. അവന് ഇറങ്ങി വന്ന് കൈ കഴുകി ഇരുന്നു... "ആഹ്.. ഇന്ന്‌ മമ്മി ടെ സ്പെഷ്യലാ പപ്പാ എഴുന്നേറ്റ് വാ"
അവന് മൂടി തുറന്ന്‌ കറികള് മണത്തു കൊണ്ട്‌ പറഞ്ഞു.
പതുക്കെ എഴുന്നേറ്റ് കൈ കഴുകു മ്പോള് വീണ്ടും ഒരു സംശയം... അവൾ ആഹാരം കഴിക്കാൻ ഭർത്താവിനെ വിളിച്ച രീതി ശരിയായോ... ഏയ്... അതൊന്നും കുഴപ്പമില്ല .. അവൾ ഒരു പാവമാണ്...
കസേര വലിച്ച് ഇരിക്കുമ്പോള് ഞാൻ ഓര്ത്തു ഇങ്ങനെ എത്രയോ തവണ നാണം കെട്ട് കഴിച്ചിട്ടുണ്ട്.. എനിക്കി പ്പോ അതൊന്നും ഒരു പ്രശ്നമേയ ല്ല.... കാരണം എനിക്കറിയാം ഇതിലൊന്നും അവൾ ഒരു തെറ്റു കാരിയല്ലെന്ന്... ഒക്കെ അവളുടെ അടുത്ത് നിന്ന് ഞാൻ ചോദിച്ച് മേടിക്കുന്നത്.. അവൾ എന്റെ പാവം ഭാര്യയാണ്... ഈഗോയ്ക്ക് ഇവിടെ സ്ഥാനമില്ല.. ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചത് പോലെ തന്നെ ഇതും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.
"എന്തെങ്കിലും വേണമെങ്കിൽ വിളിക്കണം. ഞാൻ അപ്പനു കഞ്ഞി കൊടുക്കാന് പോവാ" മകന് കാണാതെ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട്‌ അവൾ പോയി.
"നീ കഴിക്കുന്നില്ലേ"
"ഇല്ല.. നിങ്ങളൊക്കെ കഴിക്ക്.. ഞാൻ പിന്നെ"
അവൾ ഇടയ്ക്കിടെ പറയാറുണ്ട്.
"എബി ഇങ്ങനെ ഒരു പാവത്താനാവരുത്.. അളിയന് ചോദിക്കുമ്പോ എപ്പൊഴും കാഷ് എടുത്ത് കൊടുക്കരുത്.. ചേച്ചി അറിയാതെ വന്ന് ചോദിക്കുന്ന തായിരിക്കും.."
ചേച്ചിക്ക് ഉള്ളത് പണ്ടേ അപ്പൻ കൊടുത്തതാ. അവൾ പറഞ്ഞത് സത്യമാണ്. എങ്കിലും അളിയന് ഒരു ദു രാഗ്രഹി.
ചിലര് അങ്ങനെയാണ്‌ എല്ലാം ഉണ്ടെങ്കിലും ഭാര്യയുടെ വീട്ടില് നിന്ന് എപ്പോഴും എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ടിരിക്കണം.. ഒന്പത് വയസ്സിന് മൂത്ത ചേച്ചി, അമ്മ മരിച്ചതിനു ശേഷം എനിക്ക് അമ്മയായവള്... എല്ലാം അവള്ക്ക് അറിയാം..അവൾ പറയാറുണ്ട്..
"നിങ്ങളെ കൊഞ്ചിച്ച്, ഓമനിച്ച് വളര്ത്തിയതാ അവര്ക്ക് കൊടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ബാങ്കില് സൂക്ഷി ക്ക്.. ചേച്ചിക്ക് ആവശ്യമുള്ളപ്പോള് കൊടുക്കാം" (പലപ്പോഴും മടി പിടിച്ചിരിക്കുന്ന എന്നോട് ദേഷ്യപ്പെടു മ്പോള് അവൾ "നിങ്ങളെ വളർത്തി വഷളാക്കിയ ആ തള്ളെ ഈ വീട്ടില് ഞാനിനി കേറ്റത്തില്ല "എന്ന് പറയുന്നത് അവളുടെ വെറും അഭിനയം മാത്രമാണെന്ന്‌ ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.)
അപ്പനെ നോക്കാന് ആളെ വയ്ക്കാന് സമ്മതിക്കില്ല അവൾ.. "നമ്മളെക്കൊണ്ട് കഴിയുന്ന പോലെ നോക്കണം.." അതാണ്‌ അവൾ പറയുന്നത്. കാരണമുണ്ട്.. അമ്മയി ല്ലാത്ത ഒരു വീട്ടിലേക്ക് കയറി വന്നതിന്റെ ബുദ്ധിമുട്ട് അറിയിക്കാതെ യാണ് അച്ഛൻ അവളെയും ഞങ്ങളുടെ മക്കളെയും നോക്കിയത്..
"പണവും സമ്പത്തും സർക്കാർ ജോലിയുമുള്ള നിനക്ക് എന്തിനാ പണം? പഠിച്ച ഒരു പെണ്ണ് മതി" അപ്പൻ ആലോചിച്ച് നടത്തിയ കല്യാണം... "ഒരുപാട്‌ ബുദ്ധിമുട്ടിയാ ബി. എസ്. സി നഴ്സിങ്ങിന് പഠിക്കാന് വിട്ടത്.. അവളുടെ ജോലികളയിപ്പിക്കരുത്" അവളുടെ അപ്പന്റെ ഈ ആവശ്യം ന്യായമാണെന്നു എന്നോട് വാദിച്ച് ജയിച്ച എന്റെ അപ്പൻ അവള്ക്ക് ജോലിക്ക് പോകാൻ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.
"അവള് അധ്വാനിച്ച് കിട്ടുന്നതില് നിന്ന് എന്തെങ്കിലും അവടെ അപ്പനു കൊടുക്കുമ്പോള് അവൾക്കുണ്ടാകുന്ന സന്തോഷം നമ്മ ളായിട്ട് ഇല്ലാതാക്കരുത് "അപ്പൻ അവൾ കേള്ക്കാതെ എന്നോട് പറയാറുണ്ട്.
അങ്ങനെ നന്മയുള്ള ഒരു അപ്പന് ഇങ്ങനെ ദൈവം ഇത്രയും നല്ല ഒരു മരുമകളെ കൊടുക്കാതിരിക്കും... അപ്പന്റെ പുണ്യമാണ്‌ എന്റെ ഭാര്യ... ഏഞ്ചല്.. പേര് പോലെ തന്നെ ഒരു മാലാഖ...
"പപ്പാ ഈ കറിക്ക് ഇത്തിരി ഉപ്പ് കൂടുതലാണോ" നിവിന്റെ ചോദ്യം എനിക്ക് ബോധിച്ചില്ല "കുറ്റം കണ്ടുപിടിക്കാന് നോക്കാതെ കഴിച്ചെങ്കില് എണീറ്റു പോടാ" അവള്ക്ക് ഒരു സന്തോഷമാകാന് വേണ്ടി ഞാൻ ഉറക്കെ പറഞ്ഞു.
കൈ കഴുകി തുടയ്ക്കുമ്പോള് അപ്പന്റെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.
"മതി മക്കളെ എനിക്ക്... കുടിക്കാന് വയ്യ" നീവിന് ചെന്ന് അപ്പനെ പിടിച്ച് നന്നായി ഇരുത്തി.
"കുറച്ച്‌ കൂടി കുടിക്കണം" നിര്ബന്ധിച്ചു കഞ്ഞി കുടിപ്പിക്കുന്നു അവൾ... അവള്ക്ക് മാത്രമല്ല എന്റെ രണ്ട് മക്കള്ക്കും അവരുടെ അപ്പാപ്പനെ ജീവനാണ്.
കല്യാണത്ത ലേന്ന് എനിക്ക് മനസ്സിലാകാനായി അപ്പൻ ഒരു ലോക സത്യം പറഞ്ഞു തന്നു. "മോനെ നമ്മടെ വീട്ടില് വരുന്ന പെണ്ണിനെ നമ്മൾ ആദ്യം മനസ്സറിഞ്ഞ് അങ്ങോട്ട് സ്നേഹിക്കണം. അപ്പൊ നമുക്ക് അവൾ അതിന്റെ ഇരട്ടിയായി ആ സ്നേഹം തിരിച്ചു തരും.. അല്ലാതെ അവൾ വന്നിട്ട് നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കി അവൾ ഇങ്ങോട്ട് സ്നേഹിച്ച് തുടങ്ങിയിട്ട് അവളെ സ്നേഹിക്കാന് കാത്തിരിക്കരുത് "
പകല് മുഴുവന് സമയവും ജോലിക്കാരി ഉണ്ടെങ്കിലും ഉച്ച ഭക്ഷണത്തിന് സമയമാകുമ്പോള് അവൾ അപ്പന്റെ അടുത്തേക്ക് ഓടി വരും അപ്പന് കഞ്ഞിയും മരുന്നും കൊടുക്കാൻ. കിട്ടിയ സ്നേഹം പതിന്മടങ്ങായി തിരിച്ചു കൊടുക്കാന്..
ടിവി യില് ദുല്ഖര് സല്മാന് മാറി മിയ വന്നിരിക്കുന്നു... ഈ പെണ്ണ് കൊള്ളാം മനസ്സിൽ ഓര്ത്തു.. വീണ്ടും സെറ്റിയിലേക്ക് ചായുമ്പോൾ ടേബിള് വൃത്തിയാക്കാന് അവൾ എത്തി.. പാത്രങ്ങളെടുക്കുമ്പോൾ അവൾ ടിവി യിലേക്ക് നോക്കി. അവിടെ മിയയെ കണ്ടതിന്റെ കുശുമ്പും ദേഷ്യവും, ദഹിപ്പിക്കുന്ന നോട്ടമായി രൂപാന്തരപ്പെട്ടു വരുന്നതിന് മുന്നെ ചാനൽ മാറ്റി ഞാന് രക്ഷപ്പെട്ടു. മാറി മാറി വച്ച ചാനലുകളിലെല്ലാം ഒരേ വാര്ത്ത... കൂടത്തായി കൊലപാതകം...ജോളി...
"ഹോ ഏത് ചാനൽ വച്ചാലും ഇത് തന്നെ" എനിക്ക് ദേഷ്യം വന്നു.
"ഇതുപോലെ ഈ വീട്ടിലും കുറെ യെണ്ണത്തിനെ ഞാൻ തട്ടും.. ഉറപ്പാ"
ഇത്രയും പറഞ്ഞ്‌ പാത്രങ്ങളുമായി അവൾ അകത്തേക്ക് പോയി.
"ഉം നീ ഞൊട്ടും" മനസ്സില് പറഞ്ഞുകൊണ്ട്‌ ഞാൻ നീണ്ടു നിവര്ന്ന് കിടന്നു. വീണ്ടും മിയ യിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് തലേ ദിവസം കൂടത്തായി കൊലപാതകത്തെപ്പറ്റി ഓഫീസിലു ണ്ടായ സംസാരത്തെപ്പറ്റി ഓര്ത്തത് .
"ഹൊ എന്നാലും അളിയാ ആ പെണ്ണുമ്പിള്ള കണ്ണില് ചോരയില്ലാത്ത സാധനമാണല്ലൊ "വേണു പറഞ്ഞതിനെ ഇമ്മാനുവേല് ശരിവച്ചു." അവൾ ഇത്രയും കാലം ഇതൊക്കെ എങ്ങനെ രഹസ്യമാക്കി വച്ചു? സമ്മതിക്കണം"
"അതാണ്‌ പെണ്ണിന്റെ കഴിവ്" എന്റെ സംശയത്തിന്‌ അപ്രതീക്ഷിതമായി ഉത്തരം തന്നത് പ്രമീളയാണ്. "ഞങ്ങൾ ഒന്ന് വിചാരിച്ചാല് അത് നടത്തിയിരിക്കും" പ്രമീളയെ സപ്പോര്ട്ട് ചെയ്തത് ആനി. "കുലീനകള് എന്ന് തോന്നിപ്പിക്കുന്ന പെണ്ണുങ്ങള് കുടുംബത്തിൽ സ്നേഹം അഭിനയിച്ച് ഇങ്ങനെയൊക്കെ ചെയ്യാമോ " വീണ്ടും ഞാൻ സംശയിച്ചു. "പിന്നേ സ്വത്ത് മോഹം വന്നാൽ മനുഷ്യന് എന്തും ചെയ്യും. "വന്നുവന്ന് സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റാതായല്ലോ കര്ത്താവേ" അത്രയും നേരം എല്ലാം കേട്ട് ഫ്രീസായി നിന്ന ജോസേട്ടന് നെടുവീര്പ്പിട്ടുകൊണ്ട്‌ പറഞ്ഞു.
സ്നേഹത്തോടെ ഭക്ഷണമുണ്ടാക്കി കുടുംബത്തെ കഴിപ്പിക്കുന്ന സ്ത്രീകള്ക്ക് ഇതിനൊക്കെ കഴിയുമോ.. പെട്ടെന്നാണ് മനസ്സിലൊരു വെള്ളിടി വീണത്... ഇപ്പൊ അവൾ എന്തോ പറഞ്ഞല്ലോ.. എന്തായിരുന്നു അത്...ഓര്ത്തെടുത്തു. ഹോ.. അത് തന്നെ.. എല്ലാരേം ഇതേ മോഡലിൽ തട്ടിക്കളയുമെന്ന്.
ഒരു നിമിഷം... എന്റെ നാഡീ ഞരമ്പു കൾക്കിടയിലൂടെ എന്തോ ഒന്ന് അതിവേഗത്തില് പാഞ്ഞുപോയി.
അടിവയറ്റില് എന്തോ ഒരു താളം തെറ്റല് പോലെ.. ഒരു ഓക്കാനം, വല്ലായ്മ.. കണ്ണില് ഇരുട്ട് കേറുന്ന പോലെ.. "നിവിന്.... മോനെ" എന്റെ വിളി ഉച്ചത്തിലായി.. ഞാൻ ഇപ്പൊ കരയും. മോന് ഓടി വന്നു.. "എന്താ പപ്പാ?"
"എടാ എനിക്കെന്തോ വല്ലാതെ വരുന്നു.. നിനക്കോ?"
"എനിക്ക് കുഴപ്പമൊന്നുമില്ല" അവന് പറഞ്ഞു..
"എടാ അവള് പറ്റിച്ചെടാ.. എനിക്ക് വയ്യ.. അപ്പാപ്പന് എന്തിയെ" അവന് എടുത്ത് തന്ന വെള്ളം കുടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. "എന്തൊക്കെയാ പപ്പ വിളിച്ചു പറയുന്നെ?അപ്പാപ്പന് ഉറങ്ങി "അവന് പറഞ്ഞു. അപ്പൻ ഉണ്ട് കഴിഞ്ഞ് ഉറങ്ങാനുള്ള സമയം ആയില്ലല്ലോ.. ഞാൻ ഓര്ത്തു.. "അയ്യോ അപ്പാപ്പൻ ഉറങ്ങുകല്ല, നീ ഒന്നൂടെ നോക്കിക്കേ "
എന്റെ വയറിലെ കൊളുത്തി വലിക്ക ല് കൂടിക്കൂടി വന്നു.. നെഞ്ച് പിടിയ്ക്കുന്നു... വല്ലാത്ത ഒരു എരിച്ചി ല്... തികട്ടി വരുന്നു... ഉറപ്പായും അവൾ ഈ ഭക്ഷണത്തില് എന്തോ കലര്ത്തി.. ഇടയ്ക് ചുമ്മാ ഒരു കിന്നാരം പറയാന് അടുക്കളയില് ചെന്നപ്പോൾ അവൾ എന്തോ കലക്കി കറിയിലേക്ക് ഒഴിക്കുന്നു...എന്റെ കണ്ണിന് കണ്ടതാണ്... ദ്രോഹി അത് സയനൈഡ് തന്നെ ആയിരുന്നു അല്ലേ...
"അയ്യൊ... ഞാനിപ്പം മരിക്കുമേ" "എന്താ അപ്പാ…?" മോന്റെ ചോദ്യം എനിക്ക് അവ്യക്തമായിരുന്നു. ഭാഗ്യം... ഇതുവരെ അവന് കുഴപ്പമൊന്നുമില്ല. ആദ്യത്തെ ഇര ഞാൻ മാത്രമായിരിക്കും.. അവന്റെ ചുമലില് പിടിച്ച് എങ്ങനെയോ എഴുന്നേറ്റ് അപ്പാപ്പന്റെ മുറിയിലേക്ക് നടക്കുമ്പോൾ എന്റെ ജീവിതഡയറി യുടെ താളുകള് തിരിച്ചും മറിച്ചും ഞാൻ നോക്കുകയായിരുന്നു.
"എബി ഒരു മണ്ടനാണ്" എന്ന് അവൾ തമാശ പറയുന്നതാണെന്ന് ഞാൻ ഇത്ര നാൾ വിചാരിച്ചു.. അളിയന് കാശ് കൊടുക്കാൻ സമ്മതിക്കാത്ത ത്, അപ്പനെ നോക്കാന് ആളെ വയ്ക്കാന് സമ്മതിക്കാത്തത്, ഇടയ്ക്കിടെ ബാങ്ക് ബാലന്സ് ഒക്കെ കൃത്യമായി നോക്കി എല്ലാ രേഖകളും സൂക്ഷിച്ച്‌ വയ്ക്കുന്നത്, എന്തെങ്കിലും പ്രശ്‌നങ്ങള് വന്നാൽ അതിജീവിക്കാനുള്ള കഴിവ് നേടണ മെന്ന് മോനെ ഉപദേശിക്കുന്നത്.. "ഇത്രയും സ്വത്തിന്റെ അവകാശിയല്ലേ അപ്പന്റെ മോള്.. അപ്പൻ ഭാഗ്യവാനല്ലേ" എന്ന് അവടെ അപ്പനോട് ഒരിക്കല് അവൾ ഫോണിൽ ചോദിച്ചത്‌ ,നീ കഴിക്കുന്നി ല്ലേ എന്ന് ചോദിച്ചപ്പോള് ഇപ്പൊ കഴിക്കുന്നില്ല എന്ന് പറഞ്ഞ്‌ ഒരു ചിരി ചിരിച്ചത്... വഞ്ചകി .. അത് നിന്റെ കൊലച്ചിരി ആയിരുന്നു അല്ലേ... ഇത്രയും നാള് ഞാൻ ഈ പിശാചിന്റെ കൂടെയാണല്ലോ കര്ത്താവേ ജീവിച്ചത്!!!! മുന്നിലുള്ളതൊന്നും കാണാന് പറ്റുന്നില്ല.. ഒന്നൂടെ മോനെ നോക്കി.. ഒന്നും മനസ്സിലാകാതെ അവന്... പാവം കുഞ്ഞ്... പപ്പയ്ക്ക് നിന്നെ കണ്ടു കൊതി തീര്ന്നില്ലെടാ... മനസ്സ് അവനോട് മന്ത്രിച്ചു. മകളെ അവസാനമായി ഒന്ന് കാണാന് ആഗ്രഹിച്ചു.
അപ്പൻ തല വഴി പുതപ്പ് മൂടിക്കിടക്കുന്നു... "അപ്പാപ്പന് പോയെടാ" ഞാൻ കരഞ്ഞു കൊണ്ട്‌ പുതപ്പ് മാറ്റി.. "എന്തോന്നാ ഒന്ന് കിടന്ന് ഉറങ്ങാനും സമ്മതിക്കത്തില്ലേ?" അപ്പൻ ചൂടായി.. അല്ലെങ്കിലും ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അപ്പന് പണ്ടേ ഇഷ്ടമല്ല. മോന് ആകെ പേടിച്ചു. "മമ്മീ" അവന് ഉറക്കെ വിളിച്ചു... അവൾ ഓടി വന്നു." "ദേ മമ്മീ പപ്പ എന്തൊക്കെയോ വിളിച്ചു പറയുന്നു "
"എബിക്കിതെന്നാ? എന്നെ വിളിച്ചാ പോരെ.. കൊച്ചിനേം അപ്പാപ്പനേം ബുദ്ധിമുട്ടിക്കണോ?"
കൈയിലുള്ള ഗ്ലാസ്സ് അവൾ എന്റെ നേരെ നീട്ടി. "ഇത് കുടിക്ക്.. ചുക്കിട്ട കാപ്പിയാ... കടച്ചക്ക കഴിച്ച് വായു ഇള കിയതാ മനുഷ്യാ പ്രായമാവുകല്ലേ... ഇത് പേടിച്ച് ഞാൻ ആ കറി എടുത്ത പ്പോഴേ അപ്പൻ പറഞ്ഞു വേണ്ടെന്ന്.."
"ആണോ?"
ഞാൻ മോനെ നോക്കി. "അവനെ നോക്കണ്ട അവന്റെ പ്രായത്തില് ഗ്യാ സിന്റെ അസുഖമൊന്നും വരില്ല".
"പപ്പാ" മോന് എന്റെ തോളില് പിടിച്ച് കുലുക്കിയപ്പോഴാണ്‌ എനിക്ക് സ്ഥലകാല ബോധം തിരിച്ച് കിട്ടിയത്.. വയറ്റിലെ കൊളുത്തിപ്പിടുത്തം കുറച്ച് കുറഞ്ഞ പോലെ... "ഇത് കുടിക്ക് പപ്പാ" അവന് ഏന്ജലിന്റെ കൈയിൽ നിന്ന് ആ ഗ്ലാസ്സ് വാങ്ങി എന്റെ കൈയിൽ തന്നു.
"ഇവിടുത്തെ വിളിയും ബഹളവും കേട്ടപ്പോഴേ എനിക്ക് മനസ്സിലായി കാര്യം എന്താണെന്ന്..അതാ പെട്ടെന്ന് ഇത് ഉണ്ടാക്കിയത്. കുടിച്ചിട്ട് പോയി കിടക്ക്. ഞാൻ ടെറസില് തുണി വിരി ക്കാൻ പോവാ" ബക്കറ്റില് തുണികളു മായി അവൾ പോയി.. അപ്പൻ വീണ്ടും സുഖ നിദ്രയിലേക്ക് പോയിരിക്കുന്നു. മകനും അവന്റെ പാട്ടിന് പോയി.
എന്റെ എല്ലാ അസുഖങ്ങളും (അസുഖമുണ്ടെന്നുള്ള തോന്നലുകള്) മാറിയ പൊലെ.. എങ്കിലും... വിഷമല്ല എങ്കിൽ പിന്നെ അവൾ എന്താണ്‌ ആ കറിയിൽ കലക്കിയത്? ചുക്ക് കാപ്പി കുടിച്ച ഗ്ലാസ് വയ്ക്കാനെന്ന ഭാവത്തില് ഞാൻ പമ്മിപ്പതുങ്ങി അടുക്കളയിലെത്തി. കറിയില് കലക്കി ഒഴിച്ചിട്ട് ബാക്കി വന്ന ആ മഞ്ഞ കവറിലുള്ള സാധനം ഫ്രിഡ്ജ് തുറന്ന് ഞാൻ എടുത്തു. നല്ല വെട്ട ത്തിലേക്ക് പിടിച്ചു നോക്കി വായിച്ചു "Maggi coconut powder"..
ഒരു നിമിഷം... ഞാൻ സ്വയം നാണം കെട്ട പോലെ.. "എബി ഒരു പാവമാ" എന്ന് അപ്പന്റെയും "ഈ മണ്ടനെയാ ണല്ലോ ഞാൻ കെട്ടിയത്" എന്ന് ഭാര്യ യുടെയും വിലയിരുത്തലുകള് ശരി വയ്ക്കുന്നതായിരുന്നു എന്റെ ഇപ്പോഴത്തെ പ്രകടനം... പക്ഷേ ഒരു ഭാഗ്യം ഉണ്ടായി.. ആരും ഈ മണ്ടത്തരം തിരിച്ചറിഞ്ഞില്ല.
ഞാൻ എന്താണെന്ന് മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന ഭാര്യയെ മനസ്സിലാക്കാന് വൈകിപ്പോയെന്ന് എനിക്ക് തോന്നി.
ടെറസിലേക്ക് ചെല്ലുമ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ആഹാ ഒറ്റ കാപ്പിയില് മിടുക്കനായിപ്പോയല്ലോ".
അവളുടെ ചിരിയില് അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സൗന്ദര്യം... ആ ബക്കറ്റ് അവളുടെ കൈയില് നിന്ന് പിടിച്ചു വാങ്ങി തുണി വിരിക്കാൻ തുടങ്ങിയ എന്നെ ഒരു പുതിയ മനുഷ്യനെ കാണുന്ന പോലെ അവൾ നോക്കി നിന്നു. ( അവളുടെ അതിശയം തുളുമ്പുന്ന മുഖം കണ്ട് ശരിക്കും എന്റെ ഉള്ളിലിരുന്ന് ഒരു പുതിയ മനുഷ്യന് ചിരിക്കുന്നുണ്ടായിരുന്നു ).
ശശികല. 😍😍.
7/10/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot