
വർഷങ്ങൾക്കു ശേഷമാണ് ഈ കഴിഞ്ഞ ദിവസം ഒരു മരണവീട്ടിൽ വച്ച് അവളെ കണ്ടുമുട്ടിയത് .'' മാഷേ '' എന്ന വിളിയോടെ അവൾ ഓടി വന്നു .ഒക്കത്തൊരു കൈക്കുഞ്ഞ് ,ഏകദേശം 2 വയസ്സ് പ്രായം വരും .ഒരു കുഞ്ഞിനെ അവൾ കൈ പിടിച്ചിട്ടുണ്ട് .അതിന് 3 വയസ്സ് കാണും .കാലം ശരീരത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയപ്പോൾ അന്നത്തെകോലുപോലിരുന്ന കുട്ടി ഇന്ന് കുറച്ച് തടിച്ചുരുണ്ടിട്ടുണ്ട് .പക്ഷേ ആ മുഖത്തിന് വലിയ മാറ്റമൊന്നും ഇല്ലാത്തതു കൊണ്ട് എനിക്കവളെ വേഗം മനസ്സിലായി .വർഷങ്ങൾ പുറകിലേക്ക് പോയി .ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥിനി .ഉയർന്ന മാർക്കോടെ പത്താം ക്ലാസ് ജയിച്ച് അവളിറങ്ങിയപ്പോൾ ഞങ്ങൾ അദ്ധ്യാപകർ ഒരു യോഗമൊക്കെ വിളിച്ച് അവളെ ആദരിച്ചു .ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി രണ്ടു വാക്കവൾ സംസാരിച്ചു .പഠിച്ചു വലിയ നിലയിലെത്തണം ,ഒരു ടീച്ചറാവാനാണ് ആഗ്രഹം എന്നൊക്കെ അവൾ പറഞ്ഞു .സ്ക്കൂൾ ജീവിതത്തിലേയ്ക്ക് കടന്നാൽ ഒരുപാടു അനുഭവങ്ങൾ കുത്തിക്കുറിക്കാനുണ്ടാവും .
നമുക്കു വിഷയത്തിലേക്കു വരാം .
' ആഹാ! നീയങ്ങു വളർന്നു പോയല്ലോ ,വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയല്ലേ ?' നിനക്കെന്താ ഇപ്പോൾ ജോലി ,അന്നു പറഞ്ഞ പോലെ ടീച്ചറായോ ?വിടർന്ന മുഖം വാടിയത് എത്ര പെട്ടെന്നാണ് . " ഞാനൊന്നും ആയില്ല മാഷേ ,പതിനെട്ട് തികഞ്ഞ് മൂന്നാം ദിവസം എന്റെ വിവാഹം കഴിഞ്ഞു .ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങളുണ്ടായിരുന്നു .പതിനെട്ടിൽ നടന്നില്ലെങ്കിൽ പിന്നെ 25 - ലേ യോഗമുള്ളൂന്ന് കണിയാര് പറഞ്ഞു .പൊന്നും പണവുമൊന്നും ആവശ്യപ്പെടാതെ ഒരു സർക്കാർ ജോലിക്കാരൻ വന്നപ്പോൾ അച്ഛൻ മറ്റൊന്നും നോക്കിയില്ല ." ആള് ദേ അവിയെടുണ്ട് ,പട്ടാളക്കാരനാണ് " പറയലും കൈയിട്ടു മാടി വിളിക്കലും ഒന്നിച്ചു കഴിഞ്ഞു .നല്ല പയ്യൻ'' ദേ എന്നെ പഠിപ്പിച്ച മാഷ്" അവൾ പറഞ്ഞപ്പോഴേയ്ക്കും ആ ചെറുപ്പക്കാരൻ അയാളെ പരിചയപ്പെടുത്തി .' വിവാഹത്തിന് ശേഷം നീ പിന്നെ പഠിച്ചില്ലേ ?അതിനു മറുപടി പറയേണ്ടത് ആ ചെറുപ്പക്കാരനാണെന്ന് അവളുടെ നോട്ടം വിളിച്ചു പറഞ്ഞു .അവൻ ചെറിയ ഒരു നാണത്തോടെ തല താഴ്ത്തി നില്ക്കുമ്പോൾ അവൾ തുടർന്നു " ഇങ്ങേര് തുടർന്ന് പഠിപ്പിക്കാം എന്നൊക്കെ പറഞ്ഞിട്ടാ ഞാനും അച്ഛനുമൊക്കെസമ്മതിച്ചത് ,എന്തു ചെയ്യാനാ മാഷേ ഓണം കഴിഞ്ഞ് അടുത്ത ആഴ്ച്ചയായിരുന്നു വിവാഹം .പുത്തനോണമുണ്ണാൻ ഞങ്ങൾ മൂന്നു പേരും കൂടിയാണ് പോയത് " .മുത്ത കൊച്ചിനെ ചൂണ്ടിയാണവൾ പറഞ്ഞത് .
' ഹമ്പട വീരാ ' പട്ടാളത്തിന്റെ ശൗര്യം ഇവിടേയും കാണിച്ചല്ലേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു .ചെറുനാണത്തോടെ അവൻ തുടർന്നു " അതു പിന്നെ മാഷേ പഠിപ്പിക്കാം എന്നൊക്കെ കരുതിയായിരുന്നു കെട്ടിയത് .ആകെ രണ്ടു മാസം ലീവ് .അതിനിടയിൽ...." .മുഴുമിപ്പിച്ചില്ലെങ്കിലും ശേഷം ഞാനും വായിച്ചെടുത്തു .ആദ്യത്തെ കൊച്ചിന്റേത് അങ്ങനെ പോവട്ടെ പിന്നെ ഇവളെ പഠിക്കാൻ വിട്ടോ ? .
രണ്ടു പേർക്കും മൗനം .ആ മൗനത്തിന്റെ അർത്ഥമാണ് രണ്ടാമത്തെ കുട്ടി എന്നെനിക്കും മനസ്സിലായി .അപ്പോഴേക്കും ഇളയ കൊച്ച് കരച്ചിൽ തുടങ്ങി ." ഞാൻ വരാം ട്ടോ മാഷേ '' എന്നും പറഞ്ഞവൾ നടന്നു മറഞ്ഞു .
ചിരപരിചിതരെപ്പോലെ ആ ചെറുപ്പക്കാരൻ സംസാരിച്ചു തുടങ്ങി .അവൾ പഠിക്കുന്ന കാര്യത്തിൽ സമർത്ഥയാണ് .കുട്ടികളുള്ള പല അമ്മമാരും പഠിക്കാൻ പോവുന്നില്ലേ ,എന്താ തന്റെ ഭാവി പരിപാടി ,അവളെ തുടർന്ന് പഠിപ്പിക്കുന്നുണ്ടോ ?
" അതു പിന്നെ മാഷേ വീട്ടിൽ അച്ഛനു വയ്യ ,അമ്മയുടെ കഥയും ഇതുപോലൊക്കെത്തന്നെ .നമ്മളെ പോറ്റി വളർത്തിയവരല്ലേ ,ഞാൻ ലീവിന് വന്നാലും കൂടിയാൽ ഒന്നോ രണ്ടോ മാസം ,അവരെ നോക്കാൻ ആരെങ്കിലും വേണ്ടേ " ?
ശരിയാണ് ചില ചോദ്യങ്ങൾക്കു മുമ്പിൽ ഉണ്ണീ ഗണപതിയുടെ കൊമ്പുമുറിഞ്ഞപ്പോൾ കൈലാസനാഥൻ മൗന വാല്മീകത്തിലമർന്നതു പോലെ ചിലപ്പോൾ നമ്മളും .എന്റെ ചിന്തകളിൽ നിന്ന് ഉണർത്തിയത് അവന്റെ വാക്കുകളാണ് " ഇതുപോലുള്ള അവസരങ്ങളിലാണ് ബന്ധുക്കളെയൊക്കെ ഒന്നിച്ചു കാണുന്നത് ,ഞാൻ വരാം ട്ടോ മാഷേ " ഒരു ചെറുപുഞ്ചിരിയോടെ അവനും നടന്നകന്നു .
ഈ കാര്യം ഇപ്പോൾ ഇവിടെ പറയാൻ കാരണം സമൂഹത്തിൽ മാറ്റത്തിനൊപ്പം മാറുന്നവരാണ് നമ്മളെങ്കിലും ചിലരിപ്പോഴും ആ മാറ്റം ഉൾക്കൊള്ളുന്നില്ല .അവരെ പറഞ്ഞിട്ടും കാര്യമില്ല .പെറ്റത് പെണ്ണാണെങ്കിൽ ഒരുത്തന്റെ കൈകളിൽ പിടിച്ചു കൊടുക്കുന്നതു വരെ അവരുടെ മനസ്സിൽ തീയാണ് .അതിനെ ആളിക്കത്തിക്കാനുതകുന്ന ചില വാർത്തകളും നമ്മൾ നിത്യം കേൾക്കുന്നു . ഒരിക്കൽ ഇതുപോലൊരു പതിനെട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ ആ കുട്ടിയുടെ പിതാവിനോട് ഞാനിതു നേരിട്ടു ചോദിച്ചപ്പോൾ കിട്ടിയ മറുപടി " എന്റെ മാഷേ ദിവസം അഞ്ചെട്ട് ഗുളികയുടെ പുറത്താ ഞാൻ ജീവിച്ചു പോകുന്നത് .കണ്ണടയുന്നതിനു മുമ്പേ മക്കളെ ഒരു വഴിക്കാക്കുക എന്നതല്ലേ ഒരു അച്ഛന്റെ കടമ ?നാളെ ഞാനില്ലാതായാൽ അവർ ദുഃഖിക്കരുത് .അച്ഛനേയും അമ്മയേയും പോലെയാവുമോ മാഷേ പകരമൊരാൾ നിന്നാൽ ?'' അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട് .
നമ്മുടെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാലും കാണാം ഇതുപോലുള്ള ചില കാഴ്ച്ചകൾ .
പതിനെട്ടുകാരിക്ക് ഇരുപത്തഞ്ചോ ഇരുപത്താറോ വയസ്സായാൽ വല്ല കുഴപ്പവും ഉണ്ടോ ,വിവാഹമെന്ന ഒറ്റകുറ്റിയിൽ തളച്ചിടേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ .ആൺകുട്ടികളെപ്പോലെ വിദ്യാഭ്യാസത്തിന് അവർക്കും അർഹതയില്ലേ ,ഒരു ജോലി അവർക്കും സ്വപ്നം കണ്ടു കൂടെ ?
വിദ്യാഭ്യാസമില്ലാത്ത ,പറഞ്ഞാൽ മനസ്സിലാവാത്ത മാതാപിതാക്കളുടെ കാര്യം പോട്ടെ എന്നുവെക്കാം ,വിദ്യാഭ്യാസമുള്ള ചില മാതാപിതാക്കളും ഇതിന് കൂട്ടുനില്ക്കുന്നതു കാണുമ്പോൾ...
ഭക്ഷണ രീതിയിലെ മാറ്റങ്ങളും പാരമ്പര്യവുമൊക്കെ ഇന്നന്നെ പെൺകുട്ടികളെ '' കാലമെത്താതെ ' പ്രായപൂർത്തിയാക്കുന്നുണ്ട് .ഇതിന്റെയൊക്കെ മാറ്റം പെൺകുട്ടികളുടെ ശരീരത്തിലും കാണാം .ശരീരവളർച്ചയാണോ മനസ്സിന്റെ വളർച്ച ? .മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തിൽ അമ്മമാരാവുന്നവർ .പതിനെട്ട് എന്ന ഒരു രേഖയുള്ളതുകൊണ്ട് അതാവാൻ ചില മാതാപിതാക്കൾ കാത്തിരിക്കുന്നു .ഇതൊരു പതിനാലോ ,പതിനഞ്ചോ ആയിരുന്നെങ്കിൽ ചിലപ്പോൾ ആ പ്രായത്തിലും ചിലർ അമ്മമാരായി തീർന്നേനെ .
വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിനു മുമ്പേ ഒരു ദമ്പതികൾ എന്റെയൊരു സുഹൃത്തിന്റെ അടുത്ത് കൗൺസിലിംഗിന് വിധേയമായ സംഭവം ഒരിക്കൽ ഞങ്ങളുടെ സംസാരത്തിനയ്ക്ക് കടന്നു വരികയുണ്ടായി .
മുസ്ലീം കുടുംബം ഒരു പയ്യൻ, വിദേശത്ത് ജോലി .
വരുന്നു ,പെണ്ണുകാണുന്നു കെട്ടു നടക്കുന്നു .ആകെ 2 മാസത്തെ ലീവ് .അതിനിടയിൽ ഇതെല്ലാം .
ഒരാഴ്ച്ച ഒന്നിച്ചുള്ള താമസത്തിനു ശേഷം ആ പെൺകുട്ടി അവളുടെ വീട്ടിലേക്ക് പോയി ,പിന്നെ നാട്ടുപഞ്ചായത്തിൽ വീണ്ടും ഒന്നിച്ചുള്ള ജീവിതം ,വീണ്ടും തിരിച്ചു പോക്ക് .സംഭവം ആകെ പ്രശ്നമായപ്പോൾ ആ പയ്യൻ പോക്കു നീട്ടിവച്ചു .
ആ പെൺകുട്ടി അതിന്റെ മൂത്ത ഏട്ടന്റെ ഭാര്യയോട് സംഗതിയുടെ വിവരങ്ങൾ പറഞ്ഞപ്പോഴാണ് ഈ പിണങ്ങി വരവിന്റെ സംഗതി അവർക്ക് പിടി കിട്ടിയത് .
ചുരുക്കിപ്പറഞ്ഞാൽ ആദ്യ രാത്രി ' കരിമ്പിൻ തോട്ടത്തിൽ ആന കയറിയ പോലെ ആയി ' എന്നു ചുരുക്കം .അതിൽ നിന്നുള്ള ഭയം .
ഇരുപത്തഞ്ചുകാരൻ വായിച്ചതും കണ്ടതുമെല്ലാം ഒറ്റയടിക്കു പരീക്ഷിച്ചു .
ഇവിടെയാണ് വിദ്യാഭ്യാസത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി എത്ര എന്ന ചോദ്യമുണരുന്നത് .അദ്ധ്യാപകരായാലും മാതാപിതാക്കളായാലും വിദ്യാർത്ഥികളോടും മക്കളോടുമൊക്കെ പറയുന്നതിന് ഒരു പരിധിയുണ്ട് .ആ പരിധിക്കുള്ളിൽ നിന്ന് ആവുന്നത്ര കാര്യങ്ങൾ വിദ്യാഭ്യാസ കാലത്തു തന്നെ കുട്ടികളെ പഠിപ്പിക്കാത്തതിന്റെ ചില കുഴപ്പങ്ങളാണ് സമൂഹത്തിൽ കാണുന്ന ചില മൂല്യച്യുതികളും .
പ്രായത്തിൽ കവിഞ്ഞ് ശരീരം വളർന്നതറിയാതെ ചില മാതാപിതാക്കൾ പെൺമക്കളെ വസ്ത്രം ധരിപ്പിച്ച് വിടുമ്പോൾ അവരുടെ അഴകളവുകൾ ' ലേസർ 'കണ്ണുകളുഴിയുന്നതിലും തനിക്കു നേരെ താൻ ഇഷ്ടപ്പെടാത്ത ഒരു പെരുമാറ്റം വരുമ്പോൾ ചില പെൺകുട്ടികൾ പ്രതികരണം കണ്ണീരിലൊതുക്കുന്നതുമൊക്കെ നമ്മളവർക്ക് വേണ്ട സമയത്ത് വേണ്ട ഉപദേശം കൊടുക്കാത്തതിന്റെ ഫലമാണ് .
നേരിൽ അറിയുന്നവരും അല്ലാത്തതുമായി ഈ മുഖപുസ്തകത്തിൽ എനിക്കും ഒരുപാടു അദ്ധ്യാപക സുഹൃത്തുക്കളുണ്ട് .വെറും പുസ്തകങ്ങൾ മാത്രം പഠിപ്പിച്ചു കൊടുക്കലല്ല അദ്ധ്യാപകന്റെ ജോലി എന്നു ഞാൻ വിശ്വസിക്കുന്നു .പ്രതികരണ ശേഷിയുള്ള ,ചിന്താശേഷിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അദ്ധ്യാപകർക്കാവണം .
" മാഷേ / ടീച്ചറേ " എന്ന വിളിയിൽ നമ്മളനുഭവിക്കുന്ന ആ സ്നേഹമുണ്ടെല്ലോ ,സമൂഹം നമുക്കു നല്കുന്ന വിലയുണ്ടല്ലോ അപ്പോൾ നമ്മളിൽ നിന്ന് പലതും അവർ പ്രതീക്ഷിക്കുന്നുണ്ട് .
തൂലികത്തുമ്പിനാൽ ഏഴു വർണ്ണങ്ങൾ ചാലിച്ചൊരുക്കുന്നവർക്ക് സമൂഹത്തിനോടും ചിലതൊക്കെ പറഞ്ഞു പഠിപ്പിക്കാനുണ്ട് ,ചിലത് പഠിക്കാനുണ്ട് .
#ലിജീഷ് പള്ളിക്കര .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക