Slider

മല്ലിക

0
Image may contain: 1 person

യിന്നുകൂടി ഫീസ് കൊടുത്തില്ലേല്‍ ക്ലാസ്സീന്നിറക്കി വിടുന്നാമ്മേ ടീച്ചര്‍ പറഞ്ഞത്. ഞാനെങ്ങും സ്കൂളീപ്പോണില്ല." അത്ര പത്രാസൊന്നുമില്ലാത്ത ചെറിയ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഗൗരി സങ്കടത്തോടെ പറഞ്ഞത് തലേന്നത്തെ ചോറ് തിളപ്പിച്ചൂറ്റി വട്ട ചോറ്റുപാത്രത്തില്‍ ഗൗരിക്കും കുറച്ച് തന്‍റെ തൂക്കുപാത്രത്തിലുമായി വിളമ്പുന്ന മല്ലിക കേട്ടത്. അരിയില്ലാത്തതിനാല്‍ തലേന്ന് കെട്ടിയോന്‍ കണ്ണന്‍ കഴിക്കാതെ വച്ച റേഷനരിയുടെ ചോറ് വീണ്ടും തിളപ്പിച്ചപ്പോള്‍ പുറത്തേക്കു വന്ന മനം മടുപ്പിക്കുന്ന മണത്തെക്കുറിച്ചോര്‍ത്തു നിന്ന മല്ലിക അതു മറന്നിട്ട് ഉടനെ പറഞ്ഞു.
നിന്‍റപ്പനോടും പറഞ്ഞൂടെ ദേ യവിടെ കിടപ്പുണ്ട് തുണീം ചീലേമില്ലാണ്ട്. എന്നു പറയാന്‍ വന്നേലും തുണീം ചീലേം എന്ന രണ്ടു വാക്കുകളെ മല്ലിക തൊണ്ടക്കുഴിയില്‍ വച്ചു കൊന്നുകളഞ്ഞു. ആകെ ഉണ്ടായിരുന്ന രണ്ടു ഉരുളക്കിഴങ്ങരിഞ്ഞ് മുളകുപൊടി ടിന്‍ തട്ടിക്കുടഞ്ഞെടുത്ത് കൂട്ടാനാക്കിയപ്പോള്‍ ഗൗരിയുടെ പാത്രത്തില്‍ വിളമ്പാനുള്ളതെ ഉണ്ടായിരുന്നുള്ളൂ. അതവള്‍ക്ക് വിളമ്പുമ്പോള്‍ മല്ലിക സങ്കടത്തോടെയിരിക്കുന്ന തന്‍റെ മോളെ ഏറു കണ്ണുകൊണ്ടൊന്നു നോക്കി.
കീറിയ പെറ്റിക്കോട്ടിന് മുകളിലേയ്ക്ക് നീലനിറത്തിലുള്ള ഫിനോഫോം കയറ്റിയിടുകയായിരുന്നു ഗൗരി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് എടുത്തതാ ഇപ്പോള്‍ മുട്ടിന് മുകളിലായി പെണ്ണ് കുനിഞ്ഞ് നിന്നാല്‍ തുടവരെ കാണാം.
"യെന്‍റെ മല്ലികേ യാ കുട്ടിക്കൊരു ഫിനോഫോമെടുത്തുകൂടെ നിങ്ങക്ക്, നരച്ചുതുടങ്ങി ഇറക്കോമില്ല, യൊന്നുവല്ലേലും ഒരു പെണ്‍കുട്ടിയല്ലെ" ക്ലാസ് ടീച്ചര്‍ മോളിക്കുട്ടി പറഞ്ഞ വാക്കുകള്‍ കൂടി അപ്പോള്‍ ആ കാഴ്ചയ്ക്കൊപ്പം എവിടെ നിന്നോ മല്ലികയുടെ കാതിലേക്കു കയറിവന്നു.
പുല്ലുമേഞ്ഞ വീടിന്‍റെ മോന്തായത്തില്‍ നിന്നൊരു പാറ്റ വിളമ്പിവെച്ച തൂക്കുപാത്രത്തിന്‍റെ അരികില്‍ വീണു അതിനെ മുഷിഞ്ഞു കറുത്ത കൈക്കലത്തുണി കൂട്ടി ഒരടി കൊടുത്ത് ചാണകം മെഴുകിയ തറയിലിട്ടു ഒരു ചവിട്ടു കൊടുത്തേലും പാറ്റ വീണ്ടും എങ്ങോട്ടോ സാവധാനം ഓടിപ്പോയി. ചീനച്ചട്ടിയിലേയ്ക്ക് തൂക്കുചോറ്റുപാത്രത്തിലെ ചോറിട്ടിളക്കി വീണ്ടും പാത്രത്തിലാക്കുമ്പോള്‍ മല്ലിക മനസ്സില്‍ പറഞ്ഞു. " പച്ചച്ചോറുണ്ണുന്നതിലും ഭേദമല്ലേ ".
മണ്‍കട്ട കെട്ടിയുണ്ടാക്കിയ അടുപ്പിന്‍ പാതകത്തിന് കീഴില്‍ ചെളിയും പുകയും പിടിച്ച് ഇരുണ്ട നിറത്തിലിരുന്ന പ്ലാസ്റ്റിക് കൊട്ടയെടുത്ത് കൂടി കിടന്ന ഉള്ളിത്തൊലീം മുളക് ഞെട്ടുകളും വകഞ്ഞു മാറ്റിയപ്പോള്‍ കിട്ടിയ രണ്ട് ഉള്ളിയും ഒരു പച്ചമുളകും കഴുകിയെടുത്ത് തന്‍റെ ചോറ്റുപാത്രത്തില്‍ വയ്ക്കുമ്പോള്‍ മല്ലികയുടെ മനസ്സ് പറഞ്ഞു "ആ നാശം പിടിച്ച തള്ള കാണാണ്ടിരുന്നാമതിയായിരുന്നു'"
മല്ലിക ഏലത്തോട്ടത്തിലെ പണിക്കാരിയാണ് സ്ഥിരപ്പെട്ടൊന്നുമില്ല. ദിവസേന 300 രൂപ കൂലി കിട്ടും. വക്കച്ചന്‍ എന്ന നല്ലവനായ മനുഷ്യന്‍റെ ഏലക്കാട്ടിലാണ് പണി. രാവിലെ 7.30 ന് ജീപ്പില്‍ വന്ന് കൂട്ടിക്കൊണ്ടു പോകും എല്ലാ പണിക്കാരേം. വൈകുന്നേരം 4 മണിക്ക് തിരിച്ചു കൊണ്ടാക്കും. കൂടെ പണിയുന്ന കുശുമ്പിത്തള്ള ലീലാമ്മ കണ്ടാല്‍ പറയുന്ന കാര്യമാ മല്ലിക ഓര്‍ത്തുപോയത്." കറിയില്ലാത്ത ദിവസങ്ങളില്‍ വട്ടമിരുന്ന് ഉണ്ണാന്‍ മല്ലിക നില്‍ക്കാറില്ല.
പാത്രമടച്ച്, തൂത്ത് വൃത്തിയാക്കി ഗൗരിയുടെ പാത്രം അവളുടെ സ്വിപ്പ് പോയ ബാഗില്‍ വച്ചിട്ട് പാതകം വൃത്തിയാക്കുന്നതിനിടയില്‍ മല്ലിക ഗൗരിയോടു പറഞ്ഞു.
" മോള് പേടിക്കേണ്ട യമ്മച്ചി ടീച്ചറിനോട് പറഞ്ഞിട്ടുണ്ട് യിന്ന് വൈകുന്നേരം തരാന്ന്." നാളെ ഫീസ് തരാത്തവര്‍ എണീക്കാന്‍ പറഞ്ഞാല്‍ എന്‍റെ മോളെണീക്കേണ്ട കേട്ടോ" 
കേട്ടുമടുത്ത വാക്കുകളെ വിശ്വസിക്കാന്‍ ഒന്‍പതു വയസ്സുകാരി ഗൗരിക്കു കഴിഞ്ഞില്ല, അവള്‍ പതിവു പോലെ ഇന്നും സ്കൂളിലേക്കു പോകാന്‍ ഉറച്ചു. ഫീസടക്കാത്തവരെ ഇറക്കി നിര്‍ത്തുമെന്നു പറഞ്ഞാലും ഇറക്കി നിര്‍ത്തില്ലാന്ന് ഗൗരിക്കറിയാം. തന്‍റെ കൂട്ടുകാര്‍ വരുമ്പോള്‍ അവരോടൊപ്പം പോകാന്‍ വേണ്ടി ഗൗരി തന്‍റെ പുല്ലു മേഞ്ഞ പ്രായംചെന്ന വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി അതിനു മുന്നിലായിട്ടുള്ള പണി തീരാത്ത ലോണ്‍ വീടിന്‍റെ കതകു വെക്കാത്ത പുറം വാതിലിലൂടെ കയറി അടുക്കളയില്‍ നിന്ന് നടുവിലത്തെ മുറിയിലെത്തി. മുന്നിലേക്കിറങ്ങുമ്പോള്‍ അതിനു മുന്നിലായി നീണ്ടു നിവര്‍ന്നു കിടക്കുന്ന പഞ്ചായത്ത് റോഡില്‍ വക്കച്ചന്‍റെ മഹീന്ദ്രാ ജീപ്പ് വന്നുനിന്ന് ജീപ്പ് അതിന്‍റെ ഭാഷയില്‍ മല്ലികയെ വിളിച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്ന വക്കച്ചന്‍ ചോദിച്ചു.
" ഗൗരിക്കുട്ടി പോരുന്നോ സ്കൂളിലിറക്കി വിടാം."
അതുകേട്ടുകൊണ്ടു വന്ന മല്ലിക മനസ്സില്‍ പറഞ്ഞു.
" സ്കൂളീന്നിറക്കിവിടാഞ്ഞാ മതിയാരുന്നു"
ജീപ്പിന്‍റെ പുറകിലത്തെ ഡോര്‍ തുറന്ന് അവിടെയിരിക്കുന്ന ലീലാമ്മച്ചേടത്തിയുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കിടയില്‍ മല്ലിക കയറി ഇരുന്നപ്പോള്‍, വക്കച്ചന്‍ ചോദിച്ചു.
"യെന്തിയെ മല്ലികെ നിന്‍റെ കെട്ടിയോന്‍ കണ്ണന്‍" ?
കണ്ണന്‍ എന്ന വാക്ക് വക്കച്ചന്‍ ഒരു പ്രത്യേക തരത്തിലെ പറയൂ, പുച്ഛം കലര്‍ന്ന സ്വരത്തില്‍, അതില്‍ അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
"യെന്തിനാടി മല്ലികെ നിനക്കി കാശിന് കൊള്ളാത്ത ഒരു പുളുന്താന്‍ കെട്ടിയോനെ" എന്ന് പണ്ടൊരിക്കല്‍ വക്കച്ചന്‍ ചോദിച്ചപ്പോള്‍ മല്ലികയ്ക്ക് ഇഷ്ടമായില്ല. പറയുന്നത് കാര്യമാണെങ്കിലും കെട്ടിയോനല്ലെ മല്ലികയുടെ ഇഷ്ടക്കേട് മല്ലികയുടെ മുഖത്ത്നിന്ന് വായിച്ചെടുത്ത വക്കച്ചന്‍ എന്ന മാന്യനായ മദ്ധ്യവയസ്കന്‍ ആ വാചകം പിന്നീടാവര്‍ത്തിച്ചിട്ടില്ല.
"യവിടുണ്ട്" മല്ലിക വക്കച്ചന്‍റെ ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ ലീലാമ്മച്ചേടത്തി ഒന്നാക്കി ചിരിച്ചത് മല്ലിക കണ്ടേലും കണ്ടില്ലാന്ന് നാക്കിനോടും മനസ്സിനോടും പറഞ്ഞു.
കയറ്റം കയറിച്ചെല്ലുന്ന മഹീന്ദ്രാ ജീപ്പിനു നേരെ ഒരു ചെക്കന്‍ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ പാഞ്ഞു വന്നപ്പോള്‍ വക്കച്ചന്‍ ഭയന്നു വണ്ടി ചവിട്ടി നിര്‍ത്തി. ലീലാമ്മ ചേട്ടത്തിയുടെ തല പുറകിലെ കമ്പിയില്‍ ഇടിച്ചപ്പോള്‍ 'അങ്ങനെ തന്നെ വരണം' എന്ന് മല്ലികയുടെ മനസ്സ് പറഞ്ഞുപോയി.
കോടിയ മുഖവുമായി അവര്‍ പിറുപിറുത്തതില്‍ കടുപ്പം കുറഞ്ഞ രണ്ടു മൂന്ന് തെറികളുമുണ്ടായിരുന്നെന്ന് മല്ലികയും മറ്റു ചിലരും അറിഞ്ഞേലും വക്കച്ചന്‍ അതു കേട്ടില്ല.
" യെ ടേയ്.... യെ ടേയ് ... സൂക്ഷിച്ചു പോടെ" 
വക്കച്ചന്‍ അത്രയും പറഞ്ഞു നിര്‍ത്തി, ഗിയര്‍മാറ്റി വണ്ടി എടുക്കുമ്പോള്‍, മറ്റു വല്ലവരുമായിരുന്നേല്‍ ആ ചെക്കന് നാല് തെറി ഉറപ്പായിരുന്നുവെന്ന് മല്ലിക ഓര്‍ത്തു.
പഞ്ചായത്തില്‍ നിന്നു കിട്ടിയ ഐ.എ.വൈ. വീടിന്‍റെ അവസാന ഗഡു ഒരുലക്ഷം രൂപ കിട്ടിയാലും വീടിന്‍റെ പണി തീരുമെന്നുറപ്പില്ല. കടം കൊടുത്തു തീര്‍ത്തിട്ടു വേണം ബാക്കി പണിയാന്‍. രണ്ടു മുറിയും ഒരു അടുക്കളയും ഒരു വരാന്തയും കൂടെ ഒരു കക്കൂസും. മേല്‍ക്കൂര വാര്‍ത്തു. ബാക്കി കാശ് ഗ്രാമസേവകനോടു ചോദിച്ചാല്‍ ഉടനെ കിട്ടും എന്ന മറുപടി പറയുന്നതിനിടയില്‍ അയാളുടെ കണ്ണുകള്‍ തന്‍റെ ശരീരമെല്ലാം ഇഴഞ്ഞു നടക്കുന്നതവള്‍ കണ്ടിട്ടുണ്ട്. ഇരു നിറമാണേലും മല്ലിക സുന്ദരിയാണ്, വേണ്ട ഉയരം വട്ടക്കണ്ണുകള്‍, നീളമുള്ള മുടി, ഒതുങ്ങിയ അരക്കെട്ട് നിറഞ്ഞ മാറിടവും നിതംബവും. വിഷം കഴിച്ച് മരിച്ച അമ്മയുടെ സൗന്ദര്യമാ തനിക്കെന്ന് മല്ലിക ഓര്‍ക്കാറുണ്ട്.
കൂടെപ്പണിയുന്ന ഏതോ ഒരുത്തിക്കൊപ്പം അപ്പന്‍ ഒന്നു കിടന്നതിനാ അമ്മ 35-ാം വയസ്സില്‍ വിഷം കഴിച്ച് മരിച്ചത്. കെടന്നോ ഇല്ലയോ എന്നാര്‍ക്കറിയാം.
ഏതായാലും അപ്പന്‍ തന്നേയും, അനുജനെയും അനുജത്തിയെയും നന്നായി നോക്കി.രണ്ടാമതു കെട്ടാനും പോയില്ല. സഹോദരങ്ങളെ അപ്പന്‍ നന്നായി പഠിപ്പിക്കുന്നു.
അന്തിക്ക് പണി കഴിഞ്ഞ് അല്പം ചാരായം കുടിച്ച് വീട്ടില്‍ വന്നു കയറുമ്പോള്‍ ഭിത്തിയില്‍ ചിരിച്ചോണ്ടിരിക്കുന്ന അമ്മയുടെ ഫോട്ടോയില്‍ നോക്കാതെ ഒരിക്കലും അകത്തേയ്ക്ക് അപ്പന്‍ കയറാറില്ല. ആ ചിത്രത്തില്‍ അപ്പന്‍ നോക്കിനില്‍ക്കുന്നത് കാണുമ്പോള്‍ മല്ലികയ്ക്ക് സങ്കടം വരും. അറിയാതെ മല്ലിക പറഞ്ഞുപോകാറുണ്ട്.
'അമ്മയ്ക്കിതെന്തിന്‍റെ കേടാരുന്നോ ?'
അപ്പന്‍ ചുവന്ന കല്ലുള്ള മൂക്കുത്തി വാങ്ങി തന്നു. അതിട്ടു കണ്ടപ്പോള്‍ അപ്പന്‍ പറഞ്ഞു 'അളകായിരിക്കെ'
യന്ത അളക് കെട്ടിയോന്‍ കണ്ണന്‍ ഊരിമാറ്റി ഇപ്പോള്‍ മൂക്കില്‍ തുളമാത്രം.
'യെറങ്ങടി മല്ലികെ കാടെത്തി', ലീലാമ്മ ചേട്ടത്തി അത്രയും പറഞ്ഞപ്പോള്‍ മല്ലിക ഓര്‍മ്മകളില്‍ നിന്ന് പുറത്തേക്കിറങ്ങി.
"ചോറ്റുപാത്രം കാവല്‍പ്പുരയില്‍ വച്ചോണെ അല്ലേല്‍ കഴിഞ്ഞയാഴ്ചത്തെ പോലാകും"
വക്കച്ചന്‍ പറഞ്ഞു.
കാവല്‍പ്പുര എന്ന ഷീറ്റിട്ടുമേഞ്ഞ ചെറിയ വീടിന്‍റെ വരാന്തയില്‍ മറച്ചു വച്ചിരുന്ന ചോറെല്ലാം കുരുങ്ങന്മാര്‍ എടുത്തു ശാപ്പിട്ടു. ചോറു തീര്‍ന്നപ്പോള്‍ പാത്രങ്ങള്‍ താഴേക്കിട്ടു തന്നു.
അന്നെല്ലാവര്‍ക്കും കരടിക്കട എന്നു നാട്ടുകാര്‍ ഇരട്ടപ്പേരിട്ടു വിളിക്കുന്ന ചായക്കടയില്‍ നിന്ന് വക്കച്ചന്‍ ഉള്ളിവട വാങ്ങിക്കൊടുത്തു. കഴിച്ചോണ്ടിരിക്കുന്നതിനിടയില്‍ ലീലാമ്മച്ചേടത്തി പറഞ്ഞു "ബോണ്ടാമതിയാരുന്നു" മല്ലികയുടെ ചോറെടുത്ത കുരങ്ങനെ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല പച്ചമുളക് കഴിച്ച് എരിഞ്ഞു പുളഞ്ഞ മുഖവുമായി വികൃതി കാട്ടിയ കുരങ്ങന്‍ അങ്ങനെ വെളിപ്പെട്ടു. സാരിക്ക് മുകളില്‍ വീട്ടിലെ ആണുങ്ങളുടെ പഴയ ഷര്‍ട്ട് കയറ്റി ഇട്ട്, തലയില്‍ മുടി മറച്ചൊരു തോര്‍ത്തും കെട്ടി ഏലയ്ക്കായെടുക്കുന്ന ബക്കറ്റുമായി ഓരോരുത്തരും ഓരോ ഏലച്ചെടിയുടെ ചുവട്ടിലേക്കു നീങ്ങി. തീരെ കായ് കുറഞ്ഞ ഒരു ചെടിയായിരുന്നു മല്ലികയ്ക്ക് കിട്ടിയത്.
ഒരു ചേരപ്പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ട് പേടിച്ചു നിലവിളിച്ച ലീലാമ്മച്ചേടത്തിയോട് വക്കച്ചന്‍ പറഞ്ഞു.
"പേടിക്കണ്ട ചേരയാ എലിയെ പിടിച്ചോളും"
'യെന്നെ പിടിക്കാതിരുന്നാല്‍ മതിയാര്ന്ന്' വിളഞ്ഞ നാവുകൊണ്ട് വിധവയായ ലീലാമ്മച്ചേടത്തി പറഞ്ഞത് കേട്ടു നിന്ന് പണിക്കാരന്‍ ചടയന്‍ 'പതുക്കെ പറഞ്ഞു, യിനിയെന്തോന്ന് പിടിക്കാനാ'
കൊച്ചിന് ഫീസടയ്ക്കാന്‍ കഴിഞ്ഞ രണ്ടു തവണ കാശ് കടം വാങ്ങീത് വക്കച്ചന്‍ മുതലാളിയോടാ, കുറേച്ച് പണിക്കൂലീന്ന് പിടിച്ചോളും. ആശാരിക്ക് പണിക്കൂലി കൊടുക്കാന്‍ വാങ്ങിയ 2500 രൂപാ നിലവില്‍ കടമുണ്ട്.
ഓരോന്നോര്‍ത്ത് മല്ലിക ഏലക്കായെടുക്കുമ്പോള്‍ അറിയാതെ പോലും ഒരു പിഞ്ചുകാ അവള്‍ എടുക്കില്ലെന്നു മാത്രമല്ല കൂടുതല്‍ കായെടുക്കുന്നതും മല്ലിക തന്നെ.
തലേ ദിവസത്തെ മദ്യത്തിന്‍റെ പൂസ്സ് തലേന്നിറങ്ങിയപ്പോള്‍ കണ്ണന്‍ കണ്ണുതുറന്നു.
ദേഹത്തപ്പോള്‍ ഒരു അടിവസ്ത്രം മാത്രം. അതിന്‍റെ ചിലഭാഗത്തെ തയ്യല്‍ വിട്ടിരുന്നു. കശാപ്പുകാരന്‍ ചിന്നവന്‍റെ -ചിന്നവന്‍ മുതലാളിയുടെ സഹായിയാണ് കണ്ണന്‍. ആഴ്ചയില്‍ നാല് വെട്ട്, മാടിനെ തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്ത്, തോലുരിഞ്ഞ് കുറക് തിരിച്ച് കൊടുക്കുന്നത് കണ്ണനാ. ഒരു മാടും ഉരുണ്ട് തടിച്ച കണ്ണനില്‍ നിന്ന് ഇന്നോളം രക്ഷപെട്ട ചരിത്രമില്ല.
കപ്പയും ഇറച്ചിയും കള്ളും പിന്നെ ചീട്ടുകളിയും ഇതെല്ലാം കഴിയുമ്പോള്‍ കാശൊന്നും വീട്ടിലേക്ക് വരാനുണ്ടാവില്ല. അതുകൊണ്ടുതന്നെ വീടു നടത്തുക, ഏക മോളെ പഠിപ്പിക്കുക എന്നീ ഭാരിച്ച ഉത്തരവാദിത്തമൊന്നും കണ്ണന്‍ തലയില്‍ പേറി നടക്കാറില്ല.
' മാടിനെ കിട്ടാത്തപ്പം അവനൊരിക്കല്‍ നിന്നെ തലക്കടിച്ചു വീഴ്ത്തും' മല്ലികയുടെ അപ്പന്‍ പലകുറി പറഞ്ഞിട്ടും മല്ലികയ്ക്ക്, തനിക്ക് കരിവള വാങ്ങിത്തന്ന, മാല വാങ്ങിത്തന്ന, വെള്ളം കോരാന്‍ പോകുമ്പോള്‍ ഓലിക്കല്‍ കാത്തുനില്‍ക്കുന്ന നന്നായി പാടുന്ന കളിക്കൂട്ടുകാരനെ ഒരു ഓട്ടക്കാ കളയുന്ന പോലെ മനസ്സീന്നു പറിച്ചു കളയാനായില്ല.
മരക്കൊമ്പിലൂടെ ചാടിക്കളിക്കുന്ന കുരങ്ങന്മാരെ കണ്ട് വക്കച്ചന്‍ പറഞ്ഞു.
"ആനത്താര, കടുവായ്ക്ക് വീട്, കുരങ്ങന്മാര്‍ക്ക് വീട് ഇവിടെ മനുഷ്യര്‍ക്ക് ഒന്നും വേണ്ട ഒരു കസ്തൂരി രംഗന്‍, ഇവനെയൊക്കെ വെടിവച്ചു കൊല്ലണം"
രണ്ടു ദിവസമായി ഫീസ് ചോദിക്കാത്തതില്‍ മല്ലികക്ക് അത്ഭുതം തോന്നി. ഗൗരിയോടാണേല്‍ ഒന്നും ചോദിക്കുന്നുമില്ല. തന്‍റെ കെട്ടിയോനെങ്ങാനും കൊടുത്തോ എന്നു സന്ദേഹം ആദ്യം മല്ലികയ്ക്ക് ഉണ്ടായേലും അങ്ങനെ സംശയിച്ചാല്‍ ദൈവംപോലുംപൊറുക്കില്ലാന്നവള്‍ക്കറിയാവുന്നത് കൊണ്ട് ആ തോന്നല്‍ മണ്ട ചീഞ്ഞ ഏലച്ചെടി പോലായി.
ആശുപത്രിയില്‍ പോകാനൊണ്ടെന്നു പറഞ്ഞ് സ്കൂളില്‍ ചെന്ന് 500 രുപ ഹെഡ്മിസ്ട്രസിനോട് കടം വാങ്ങി അവരെ പറ്റിച്ചയാളാ തന്‍റെ കെട്ടിയോന്‍. അതിന്നോളം കൊടുത്തിട്ടില്ല. കിട്ടില്ലാന്നവര്‍ക്കറിയാം അതുകൊണ്ടവര്‍ ചോദ്യം നിര്‍ത്തി.
മഴ കുറവായാല്‍ എന്തു ചെയ്യും. കുളത്തില്‍ വെള്ളമുണ്ടേലും അടിക്കാന്‍ കരന്‍റ് വേണ്ടേ?
കേരളത്തിനു മുഴുവന്‍ വെട്ടം കൊടുക്കുന്ന ഇടുക്കിക്കാരന് അവന്‍റെ സ്വന്തം ഡാമീന്നിത്തിരി വെട്ടോം, വെള്ളോം കിട്ടാത്തത് കഷ്ടമല്ലേന്ന് പറഞ്ഞിരിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് രണ്ടും മൂന്നും ദിവസം ന്യൂനമര്‍ദ്ദം ഉണ്ടായത്. തോരാത്ത മഴ, പോരാത്തതിന്, നാശം വിതച്ച കാറ്റും. മരക്കൊമ്പുകള്‍ ഒടിച്ച കാറ്റ് ഏലത്തട്ടകളേയും വെറുതേ വിട്ടില്ല. കാട്ടില്‍ പണിക്ക് ആളെ ഇറക്കാന്‍ ആരും തയ്യാറായില്ല. ഉടുമ്പന്‍ചോലയില്‍ ഏതോ ഒരു കാട്ടില്‍ മരം ഒടിഞ്ഞ് വീണ് രണ്ടു പണിക്കാര്‍ മരിച്ചത് എല്ലാവരെയും ഭയപ്പെടുത്തി. ഏലക്കായ് പഴുത്ത് കുറേ നഷ്ടമായേലും വേണ്ടില്ല. വേലിയില്‍ ഇരിക്കുന്ന അപകടത്തെ ക്ഷണിച്ചു വരുത്തേണ്ട എന്ന തോന്നലായിരുന്നു എല്ലാവര്‍ക്കും.
ചത്തമാടുകളുടെ ഇറച്ചി കേരളത്തില്‍ പരക്കെ വില്‍ക്കുന്നു എന്ന വാര്‍ത്ത ഏഷ്യാനെറ്റില്‍ വന്നതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ മിന്നല്‍ പരിശോധന ഇറച്ചിക്കടകളിലെ ചോരമണം ഉണക്കി സൂക്ഷിച്ചു. മാരകവിഷം കുത്തിവെച്ചാണ് മൃഗങ്ങളെ അതിര്‍ത്തി കടത്തി എത്തിക്കുന്നതെന്ന വാര്‍ത്ത കൂടിവന്നതോടെ കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ ചെക്കിംഗ് കര്‍ശനമാക്കിയ സാഹചര്യത്തില്‍ ചിന്നവന്‍റെ മാത്രമല്ല മിക്കവാറും ഇറച്ചിക്കടകളില്‍ നിന്ന് മാടുകളുടെ പ്രാണരോദനം കേള്‍ക്കാതെയായി. ചിന്നവന്‍ കെട്ടിച്ചയച്ച തന്‍റെ മൂത്തമകളുടെ നാടായ തഞ്ചാവൂരിലേക്ക് കുടുംബസമേതം ടൂര്‍ പോയതിനാല്‍ കണ്ണന് തന്‍റെ കുടിയും തീറ്റയും ചീട്ടുകളിയും എല്ലാം മുടങ്ങി. അടഞ്ഞു കിടക്കുന്ന ഇറച്ചിക്കടയില്‍ ചെന്ന് എല്ലാ ദിവസവും കൂട്ടം കൂടിയിരിക്കുന്ന കാക്കകളെ തെറിവിളിച്ച് ചാനലുകാരനേം നാലു തെറിവിളിച്ച്, ആരോടെങ്കിലും 100 രൂപ കടം വാങ്ങി ലഹരി ശമനം വരുത്തി പണിതീരാത്ത വീടിന്‍റെ തറയില്‍ മലര്‍ന്നു കിടന്നപ്പോള്‍, ആകെയുണ്ടായിരുന്ന പത്തുസെന്‍റു ഭൂമിയുടെ വീടൊഴിച്ചുള്ള എല്ലാ ഭാഗത്തും കൊങ്ങിണി കേറിപ്പടര്‍ന്ന് ഇരുട്ടിന്‍റെ ഇടനിലമായി മാറി.
മാടുകളെ കൊല്ലുകയാണ് തന്‍റെ പണി താന്‍ പിറന്നത് അതിനു തന്നെയാണ് മറ്റൊരു പണിയും താന്‍ ചെയ്യില്ലാന്ന് പറഞ്ഞ് കണ്ണന്‍ കഴിഞ്ഞുകൂടി.
കൊടുക്കാനുള്ള കാശ് കൊടുക്കാത്തതിന് തന്‍റെ അകന്ന ബന്ധു ചുരുളിയപ്പന്‍ തെറി പറഞ്ഞപ്പോള്‍, കണ്ണന്‍ അറിയാതെ തന്‍റെ മുതലാളി ചിന്നവനേം വിളിച്ചു നാലു പച്ചത്തെറി.
"തഞ്ചാവൂര് ഈയാള്‍ യെന്നായൂരാന്‍ പോയതാണോ?" അടച്ചിട്ട ഇറച്ചിക്കടയുടെ അടുത്തിരുന്ന് കണ്ണന്‍ പറഞ്ഞത് ചിന്നവന്‍റെ അനുജന്‍ ആക്രിക്കച്ചവടക്കാരനായ ശെല്‍വരാജ് കേട്ടതും കഴുത്തിനു പിടിച്ചു തള്ളിയതും കണ്ണന് സങ്കടമായേലും അതൊന്നും അത്ര വലിയ കാര്യമായിട്ടയാള്‍ക്ക് തോന്നിയില്ല.
ന്യൂനമര്‍ദ്ദകാലത്ത് പലചരക്ക് കടയിലെ പറ്റ് പിന്നീട് തരാമെന്ന് പറഞ്ഞ് മല്ലിക കടക്കാരന്‍ സജിയോട് പറഞ്ഞത് പതിവില്ലാതെ അയാള്‍ കേട്ടെങ്കിലും അയാളുടെ പെണ്ണുമ്പിള്ളയുടെ മുഖത്തെ കറുപ്പ് ചോറിലെ വേവാത്ത അരി പോലെ കിടന്നു.
ന്യൂനമര്‍ദ്ദം കഴിഞ്ഞ് ഏലക്കാട്ടില്‍ പണി തുടങ്ങുമ്പോള്‍ മൂക്കൊലിപ്പുമായി വന്ന ലീലാമ്മച്ചേട്ടത്തിയും ചുമയുമായി വന്ന കുഞ്ഞുമോളും മഴ മുടിഞ്ഞു പോകണേന്ന് പ്രാകി. പ്രാക്കു കേട്ട വക്കച്ചന് അതിനോടും യോജിക്കണോ വിയോജിക്കണോന്നറിയാതെ കുഴങ്ങി.
സന്തോഷത്തോടെ സ്കൂളില്‍ പോയിട്ടു വരുന്ന ഗൗരി ഫീസിന്‍റെ കാര്യം ചോദിക്കാത്തതില്‍ മല്ലികയ്ക്ക് വലിയ അത്ഭുതം തോന്നി. ആരേലും കൊടുത്ത ഫീസ് പേരുമാറി എഴുതിയതാണോ കാരണം എന്നു മല്ലിക ഓര്‍ത്തു. അങ്ങനെങ്കില്‍ രസീത് കിട്ടണ്ടേ എന്ന സംശയം മനസ്സ് ചോദിച്ചത് അവളെ ആകെ കുഴപ്പത്തിലാക്കി.
കുടിക്കാതെ, ചീട്ടുകളിക്കാതെ, ആകെ ഭ്രാന്തുപിടിച്ചു നടന്ന കണ്ണന്‍റെ തെറി കേട്ടു മടുത്തപ്പോള്‍ കെട്ടിയോന്‍റെ വായടക്കാന്‍ വീണ്ടും വക്കച്ചന്‍ ചേട്ടനോട് 200 രൂപ കടം വാങ്ങി മല്ലിക കെട്ടിയോന്‍റെ ആര്‍ത്തിയിലേക്കിട്ടു.
ഏലക്കാട്ടിലെ തെന്നിതെറിച്ചു കിടന്ന വഴിയില്‍ തെന്നിവീണ മല്ലിക ദേഹമാസകലം ചെളിയില്‍ പുതഞ്ഞു കുളക്കരയിലെ മോട്ടര്‍ പുരയുടെ സൈഡില്‍ നിന്ന് തുണി കഴുകിയുടുക്കുമ്പോള്‍ ഏലത്തട്ടയുടെ പിന്നില്‍ നിന്ന് ഒളിഞ്ഞുനോക്കിയ രണ്ടു കണ്ണുകളെ കയ്യോടെ പിടിച്ച് മല്ലിക രണ്ടു പൊട്ടിച്ചു.
അത് ആരാണ് എന്നറിഞ്ഞപ്പോള്‍ മല്ലിക അതിലും ഞെട്ടി നല്ലവനായ വക്കച്ചന്‍റെ ഇഷ്ട തോഴന്‍ നല്ലവനല്ലാത്ത തോമാച്ചന്‍. വെറുതെ കാടുകാണാന്‍ വന്നതാരുന്നു.
പണിയില്‍ നിന്ന് പിരിച്ചു വിടുമോ എന്ന ആശങ്കയില്‍ നിന്ന മല്ലികയോട് വക്കച്ചന്‍ മാപ്പു പറഞ്ഞു, ഒപ്പം അഭിനന്ദിക്കുകയും ചെയ്തത് തോമാച്ചന് പുളിച്ചു തികട്ടിയേലും, മല്ലികയ്ക്ക് അത് അത്ഭുതവും ഉണ്ടാക്കി.
അന്നു ശനിയാഴ്ച കൂലി തീര്‍ക്കുമ്പോള്‍ കടം വാങ്ങിയ 200 രൂപ പിടിക്കാതെ തന്നെ വക്കച്ചന്‍ മല്ലികയുടെ കൂലി കൊടുത്തു. മല്ലിക ഏറെ നിര്‍ബ്ബന്ധിച്ചപ്പോള്‍ വക്കച്ചന്‍ പറഞ്ഞു അടുത്തമാസം മുതല്‍ നാലു തവണയായി ഞാന്‍ പിടിച്ചോളാം.
ഒന്നും പറയാനാവാതെ കിട്ടിയ കാശ് തൂക്കുചോറ്റുപാത്രത്തില്‍ വച്ച് പുറത്തേക്കിറങ്ങുമ്പോള്‍ വക്കച്ചന്‍റെ വാക്കുകള്‍ മടക്കി വിളിച്ചു.
" കുറേ ദിവസമായി ഇത് പോക്കറ്റിലിരിക്കുന്നു തരാന്‍ മറന്നു"
നീട്ടിയ റോസ് നിറമുള്ള പേപ്പര്‍ വാങ്ങി നോക്കിയ മല്ലികയുടെ കണ്ണു നിറഞ്ഞു.
"ഗൗരിക്കുട്ടി 4 ബി. തേര്‍ഡ് ടേം ഫീസ് - 1500 രൂപ"
എന്തു പറയണമെന്നറിയാതെ നിന്ന മല്ലികയോട് വക്കച്ചന്‍ പറഞ്ഞു "ഞാന്‍ അയാളോടു പറഞ്ഞിട്ടുണ്ട്. ഗൗരിയുടെ ഫീസ് ഞാന്‍ അടച്ചോളാന്ന്. മല്ലിക എന്‍റെ കാട്ടില്‍ പണിയുന്ന കാലം." മിഴിനനഞ്ഞു നിന്ന മല്ലികയോട് വക്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. പിന്നേയിത് യെന്‍റെ കെട്ടിയോടെ നിര്‍ബന്ധമാ കേട്ടോ "അവടെ ക്ലസ്മേറ്റാ നിങ്ങടെ ഹെഡ്മിസ്ട്രസ് " സന്തോഷമാണോ സങ്കടമാണോ മനസ്സിനുള്ളില്‍ നില്‍ക്കുന്നതെന്നറിയാതെ ജീപ്പില്‍ കയറി ഇരുന്ന മല്ലിക ആരോടും ഒന്നും മിണ്ടിയില്ല. വണ്ടി പതിവു ശനിയാഴ്ചകളില്‍ സെന്‍ട്രല്‍ ഹോട്ടലിന്‍റെ എണ്ണപ്പലഹാരമിരിക്കുന്ന അലമാരക്കടുത്തു വന്നു നില്‍ക്കും വരെ. ശനിയാഴ്ചകളില്‍ വണ്ടികളിലെ എല്ലാ പണിക്കാര്‍ക്കും അതൊരു പതിവാണ്.
ഗൗരിക്കിഷ്ടമുള്ള ബോണ്ട വാങ്ങി ജീപ്പില്‍ കയറുമ്പോള്‍ കൊടുത്ത കാശിന്‍റെ ബാക്കി മേടിക്കാന്‍ മറന്ന മല്ലികയോട് കടയുടമ ജോയിച്ചേട്ടന്‍ തിരക്കി
'യെന്താമല്ലികെ ബാക്കിവേണ്ടേ?'
സന്തോഷത്തിന്‍റെ വീടിനടുത്തു തന്നെ കാണും സങ്കടത്തിന്‍റേം
വീട്ടില്‍ ചെല്ലുമ്പോള്‍ കുടിച്ച് അണ്ടര്‍വയര്‍ മാത്രം ധരിച്ച് കിടക്കുന്ന കെട്ടിയോന്‍. പണിതീരാത്ത വീടിന്‍റെ തറയില്‍ ഛര്‍ദ്ദിച്ച് ലക്ക് കെട്ട്. ഗൗരി തൊട്ടടുത്ത വീട്ടില്‍ കളികളിലും.
പുതിയ വീടിന്‍റെ പിന്നിലെ രണ്ടു ജനല്‍ ഫ്രെയിമുകള്‍ കാണാനില്ല,
മല്ലികയുടെ കരച്ചില്‍ കേട്ടു, അല്പം മുന്നോട്ടു നടന്ന കൂടെ പണിയുന്ന ആളുകളും, ജീപ്പ് തിരിച്ചോണ്ടിരുന്ന വക്കച്ചനും ഓടിവന്നു.
ഓടി പോന്ന പോരിച്ചയ്ക്ക് നന്നായി സൈഡ് ഒതുക്കാത്തതിന് പിന്നാലെ വന്ന ലോറിക്കാരന്‍ ഹോണടിച്ചും, കണ്ണുരുട്ടിയും വക്കച്ചനെ എന്തൊക്കെയോ പറഞ്ഞു.
മല്ലികയുടെ കെട്ടിയോന്‍ ചത്തുകാണുന്നാ എല്ലാരും കരുതിയത്.
ജനല്‍ പൊളിച്ച് വിറ്റ് കള്ളു കുടിച്ചും കടം വീട്ടീം ന്യൂനമര്‍ദ്ദത്തിന്‍റെ കേടു തീര്‍ത്ത കണ്ണന്‍റെ ഒത്ത നടുക്കൊരു ചവിട്ടു കൊടുക്കാനാ വക്കച്ചന് തോന്നീത്. പിന്നെ കുട്ടി ഒന്നല്ലേയുള്ളൂ എന്ന തോന്നല്‍ അതു വേണ്ടാന്നു വച്ചു.
അയലത്തെ പെണ്ണമ്മ പറഞ്ഞപ്പോഴാണ് പണിക്കൂലി ചോദിച്ച് മേസ്തിരി ചെമ്പന്‍ രാമന്‍ - നാട്ടുകാര്‍ പാമ്പുമേസ്തിരി എന്നു വിളിക്കും.- വന്നപ്പോള്‍ അയാള്‍ക്ക് ജനലഴിച്ചു കൊടുത്തു ബാക്കി കാശു വാങ്ങി. കിട്ടിയ കാശിന് രണ്ടാളും കുടിച്ചെന്നും കേട്ടപാടെ വക്കച്ചന്‍ വീട്ടില്‍ നിന്ന് ചാടിയിറങ്ങി ജീപ്പെടുത്തു. കൂടെ പണിയുന്ന പെണ്ണുങ്ങള്‍ കരഞ്ഞിരിക്കുന്ന മല്ലികയോട് സാരമില്ലാന്ന് പറഞ്ഞോണ്ടിരിക്കുമ്പോള്‍ വക്കച്ചന്‍ തിരിച്ചു വന്നു.
ജീപ്പിന്‍റെ പിന്നില്‍ കെട്ടിവച്ച രണ്ടു പാളി ജനലും ഒപ്പം ചെമ്പനും. കാലേല്‍ നില്‍ക്കാന്‍ വയ്യാത്ത ചെമ്പന്‍ വേച്ച് വേച്ച്ജീപ്പില്‍ നിന്നിറങ്ങുമ്പോള്‍ കണ്ടുനിന്നവര്‍ ചിരിച്ചുപോയി. അയല്‍ക്കാരും വക്കച്ചനും കൂടി ജനല്‍ ഇറക്കി വയ്ക്കുമ്പോള്‍ ചെമ്പന്‍ നിന്നാടി. അയാളുടെ വെളുത്ത മുഖത്ത് ആരുടെയോ അഞ്ചുവിരലുകള്‍ പതിഞ്ഞു കിടന്നു.
നാളെയിതു പൊളിച്ചെടുത്ത് തന്നെ കെട്ടി വച്ചില്ലേല്‍ നിന്‍റെ കാലുഞാന്‍ തല്ലിയൊടിക്കുമെന്ന് വക്കച്ചന്‍ പറഞ്ഞപ്പോള്‍ ചെമ്പന്‍ അനുസരണയോടെ കൈ കൂപ്പി.
ജീപ്പ് തിരിച്ച് വീട്ടിലേക്കു പോകുമ്പോള്‍ വക്കച്ചന് ഗൗരിക്കുട്ടി റ്റാറ്റാ കൊടുത്തു. ഇതൊന്നുമറിയാതെ കണ്ണന്‍ അവിടെക്കിടന്നു മുള്ളി. ച്ഛര്‍ദ്ദിയില്‍ പെട്ട കുറെ പാവം ഉറുമ്പുകള്‍ രക്ഷപെടാന്‍ പരിശ്രമിച്ചു.

By: Jiji K Philip
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo