Slider

പാണർ പാടും പാട്ടുകൾ ( A Story by Shaju Vijayan)

0
Image may contain: 1 person, beard, eyeglasses and closeup

നൂപുര ധ്വനികളും , കങ്കണക്കിലുക്കവും മറ്റു ബാലികമാരെപ്പോലെ ഇഷ്ടം ആയിരുന്നെങ്കിലും കുതിര കുളമ്പടിയും ,ഖഡ്ഗങ്ങൾ ഖഡ്ഗങ്ങളിലും , പരിചകളിലും , പടച്ചട്ടകളിലും തീർക്കുന്ന നാദം കാതിനേറ്റം ഇമ്പമുണ്ടാക്കിയത് ഏതോ ഉൾവിളിയുടേയോ അതല്ലെങ്കിൽ ജീവിത ദൗത്യത്തിന്റെയോ നിർണ്ണയം ആണെന് കുറച്ചു മുതിർന്നപ്പോൾ മനസ്സിലായി. അല്ലങ്കിൽ ബ്രാഹ്മണ കുലത്തിൽ പേഷ്വാ ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലെ വെറുമൊരു ജീവനക്കാരന്റെ മകളായി ജനിച്ച താൻ , മണികർണികയിൽ നിന്ന്‌ റാണി ലക്ഷ്മീ ഭായിയായും , ഝാൻസി റാണി ലക്ഷ്മീഭായി എന്ന മുഴുവൻ ഭാരതീയരും പോരാത്തിന് ശത്രുക്കായ ബ്രിട്ടീഷ്‌കാരുപോലും വീരാംഗനയായി വാഴ്ത്തിയ ധീര വനിതയാകാൻ കഴിഞ്ഞത് ഈ അദൃശ്യ നിർണ്ണയവും അചഞ്ചലമായ തന്റെ മനസ്സുറപ്പും അല്ലാതെ പിന്നെന്താണ്? നാലാം വയസ്സിൽ അമ്മ മരിച്ച പെൺകുഞ്ഞ് എന്ന നിലയിൽ പേഷ്വായിൽ നിന്നും ,അച്ഛനിൽ നിന്നും ,കൊട്ടാരത്തിലെ മറ്റു ജീവനക്കാരിൽ നിന്നും , അന്തപുരത്തിലെ സ്ത്രീകളിൽ നിന്നും കിട്ടിയ പരിഗണനകളും , ലാളനകളും തന്നെ ഒരു അരുത്തിക്കുട്ടിയായോ , കുമാരന്മാർ മനസ്സിൽ നെയ്യുന്ന സ്വപ്നങ്ങളിലെ രാജകുമാരിയായോ, ഏതോ ധനികന്റെ അന്തപുരത്തിലെ മേലാളായി ധീരപുത്രൻമാർക്കും, തന്നെക്കാൾ സുന്ദരികളായ പുത്രിമാർക്കും ജന്മം നൽകി , പേരക്കുട്ടികളെ ലാളിച്ചും കളിപ്പിച്ചും വാനപ്രസ്ഥം അസ്വദിച്ചും , പിന്നെ ജന്മനാടായ കാശിയിൽ സന്ന്യാസത്തിന്റെയും ധ്യാനത്തിന്റെയും നിർവൃതിയിൽ ഇഹലോകവാസം വെടിഞ്ഞ് ഭൗതിക ശരീരത്തിന്റെ ഭസ്മം ഗംഗാ മാതാവിന്റെ മാറിൽ ലയിപ്പിച്ചൊഴുക്കി അനന്ത സാഗരത്തിലെ ഒരു കണികയായി, ഏതൊക്കെയോ ജീവജാലങ്ങൾക്ക് ഭക്ഷണമായി , ആ കാലത്തെ ഏതൊരു സാമാന്യ ബുദ്ധിയുള്ള കുലീനയായ സ്ത്രീയുടെയും ജീവിത ചക്രത്തിന്റെ എല്ലാ ആശ്രമ ധർമ്മങ്ങളും ആസ്വതിച്ചനുഭവിച്ച് മോഹവിമുക്തയായ ആത്മാവായി തീരാമായിരുന്നു.
കൊട്ടാരത്തിൽ വേറെയും ബാലികാബാലന്മാർ ഉണ്ടായിരുന്നെങ്കിലും പേഷ്വാ തന്റെ വളർത്തുമകനായ നാനാ സാഹിബിന് അധ്യയനത്തിലും, യുദ്ധ മുറകളിലും അഭ്യാസം നേടാൻ ഒപ്പം നിയോഗിച്ചത് തന്നെ ആയിരുന്നുവെന്നത് അദ്ദേഹത്തിന്റെ ദീർഘദർശനത്തിന്റെയും നിരീക്ഷണ പാടവത്തിന്റെയും ഉദാഹരണമല്ലെങ്കിൽ മറ്റെന്താണ്? പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്നെ , യാഥാസ്ഥിതിയ മനോഭാവം വെടിഞ്ഞ് ഒരു പെണ്ണിനെ രാഷ്‌ട്രീയ മുഖ്യ ധാരയിലേക്കു കൊണ്ടുവരാൻ തന്റേതായ പങ്കുവഹിച്ച ആ മഹാത്മാവിന്റെ വിശാല മനസ്കതക്കും , സമത്വ ഭാവനക്കും പകരം വെയ്ക്കാൻ മറ്റെന്തുണ്ട്? എല്ലാ ആയോധന വിദ്യകളിലും അവൾ പുരുഷന് ഒപ്പം നിന്നു. വാൾ പയറ്റിൽ, തോക്കും പീരങ്കിയും ഉപയോഗിക്കുന്നതിൽ , അശ്വാരോഹണത്തിൽ എന്നു വേണ്ട സകലതിലും. അശ്വത്തിന്റെ കടിഞ്ഞാൺ കടിച്ചുപിടിച്ച് രണ്ടു കൈയ്യിലും വാൾ പിടിച്ചുള്ള യുധമുറയിൽ മണികർമ്മിക , നാനാ സാഹിബിനെയും അത്ഭുതപ്പെടുത്തി. എന്നാലും തന്റെ കുഞ്ഞുപെങ്ങളായി കരുതിയ മനൂബായിയോട് തെല്ലും വിദ്വേഷം തോന്നിയില്ല മറിച്ച് അഭിമാനിച്ചു. നാനാ സാഹിബിന്റെ സുഹൃത്തായിരുന്ന താന്തിയോ തോപ്പയും ഈ ബാല്യകാല കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു.
പതിനാലാം വയസ്സിൽ ഝാൻസിയിലെ നാട്ടുരാജവായ ഗംഗാധര റാവുവുമായി ഉള്ള വിവാഹം. അതോടെ മനുബായി എന്ന മണികർണിക ,റാണി ലക്ഷ്മീ ഭായി ആയി. അവർക്ക് ഒരു ആൺകുഞ്ഞു ജനിച്ചുവെങ്കിലും നാലാം മാസത്തിൽ അത്‌ മരിച്ചു. ഈ സംഭവം ആ രാജ ദമ്പതികൾക്ക് വേദനയുണ്ടാക്കി. റാണിയേക്കാൾ ഏറെ പ്രായം ഉണ്ടായിരുന്ന രാജാവ് ശയ്യാവലംബി ആയി. അദ്ദേഹം മറ്റൊരു മകനെ ദത്തെടുത്ത് മരിച്ച മകന്റെ പേരായ ദാമോദര റാവു എന്ന്‌ നാമകരണം ചെയ്തു. രാജാവിന്റെ ദേഹവിയോഗത്തോടെ രാജ്യഭാരം വെറും പതിനെട്ടു വയസ്സ് മാത്രമുള്ള റാണിയുടെ ചുമലിൽ വന്നു. മകനെ ദത്തെടുത്ത കാര്യം മരിക്കുന്നതിന് മുൻപുതന്നെ രാജാവ് ബ്രിട്ടീഷുകാരെ രേഖാമൂലം അറിയിചിരുന്നെങ്കിലും, ഗവർണർ ജനറൽ ഡെൽഹൗസി പ്രഭു കൊണ്ടുവന്ന ദത്തെടുപ്പു നിരോധന നിയമത്തിന്റെ ചുവട് പിടിച്ച് കൊട്ടാരത്തിലെ ഖജനാവ് പൂട്ടി മുദ്രവെച്ച ബ്രിട്ടീഷുകാർ, അറുപതിനായിരം രൂപ വാങ്ങി കൊട്ടാരം വിടാൻ റാണിയോട് ഉത്തരവിട്ടു. അത് നിരസിച്ച റാണി ബ്രിട്ടീഷുകാർക്ക് അനഭിമത ആയി. ഒരു ബ്രിട്ടീഷ് അറ്റോർണിയെകൊണ്ടു വാദിച്ച് കൊട്ടാരത്തിൽ കഴിയാനുള്ള അനുവാദവും പതിനായിരം രൂപയുടെ പെൻഷനും റാണിക്കു കിട്ടി.
ധീരയായ റാണി വെറുതെ ഇരുന്നില്ല. തോക്കുകളും, പീരങ്കികളും ,മറ്റ്‌ ആയുധങ്ങളും നിർമ്മിക്കാൻ വ്യവസ്‌ഥ ചെയ്തു. റാണിയെ ആക്രമിക്കാൻ തുനിഞ്ഞ നാത്തെ ഖാനെ പോലുള്ള അയൽരാജ്യങ്ങളിലെ നാട്ടു രാജാക്കന്മാർക്ക് ചുട്ട മറുയുദ്ധം കൊടുത്ത് തുരത്താൻ റാണിക്കു കഴിഞ്ഞു. അങ്ങനെ ഇരിക്കെ 1857-ൽ ശിപ്പായി ലഹള പൊട്ടിപ്പുറപ്പെട്ടു. ലഹളക്കാർ പല ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാരെയും നിഷ്ക്കരുണം കൊന്നു.ഡൽഹി പിടിച്ചടക്കിയ ലഹളക്കാർ ഝാൻസിയിലേക്ക് നീങ്ങി. ബ്രിട്ടിഷ് ഉദ്യോഗസ്‌ഥൻമാർക്കും കുടുബാഗങ്ങൾക്കും ഝാൻസി കോട്ടയിൽ സംരക്ഷണം കൊടുക്കാൻ ബ്രിട്ടീഷുകാർ റാണിയോട് അഭ്യർഥിച്ചു. ലഹളക്കാർ കോട്ട വളഞ്ഞു. കോട്ട തീ വെയ്ക്കുമെന്നും അല്ലെങ്കിൽ മൂന്നു ലക്ഷം രൂപ കൊടുക്കണം എന്നും ഉള്ള ലഹളക്കാരുടെ ആവശ്യം പരിഗണിച്ച്, തന്റെ ആഭരണങ്ങൾ കൊടുത്ത് റാണി അവരെ തിരിച്ചയച്ചു. ശത്രു പാളയത്തിൽ പെട്ടവരെങ്കിലും അഭയം തേടിയവരെ ഒരു അരും കൊലയിൽ നിന്നും രക്ഷിച്ച റാണിയുടെ മനുഷ്യത്വം അപ്പോൾ ഇരുപത്തിരണ്ട് വയസ്സ് മാത്രമുള്ള ഒരു യുവതിയുടെ പ്രായത്തിൽ കവിഞ്ഞ പക്വതയുടെ അമൂല്യവും , അവർണനീയവും, അതുല്യവുമായ മാതൃക അല്ലെ? എന്നാലും അക്രമികൾ നടത്തിയ ചില അരും കൊലകളിൽ റാണിയുടെ പങ്ക് ബ്രിട്ടീഷുകാർ സംശയിച്ചെങ്കിലും അതിൽ അവർക്കുള്ള നിരപരാധിത്വം രക്ഷപെട്ട ചില വെള്ളക്കാർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
കോട്ടയിൽ നിന്ന് പിൻമാറിയ ബ്രിട്ടീഷുകാർ റാണിയെ താത്കാലിയ ഭരണം ഏൽപ്പിച്ചു. വിധവയുടെ മൂടുപടം അഴിച്ചുമാറ്റി രാജ്യഭരണം ഏറ്റെടുത്ത റാണിക്ക് വളരെ ചുരുങ്ങിയ കാലമേ അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ എങ്കിലും ,ആ ചുരുങ്ങിയ കാലം കൊണ്ട് ഒരു നല്ല ഭരണാധികാരി എന്ന പേരെടുക്കാൻ ആ ഇരുപത്തിരണ്ടു കാരിക്ക് സാധിച്ചു. ഏതാണ്ട് പത്തു മാസങ്ങൾക്കു ശേഷം ഹ്യൂഗ് റോസ് എന്ന ബ്രിട്ടീഷ് കമാൻഡറുടെ നേതൃത്വത്തിൽ ബ്രിട്ടിഷ് സൈന്യം ഝാൻസിയിലേക്ക് നീങ്ങി. റാണിയോട് കീഴടങ്ങാൻ ഹ്യൂഗ് നിർദേശിച്ചു. അവർ അത് നഖശിഖാന്തം എതിർത്തു. കോട്ടക്കൊത്തളങ്ങളിൽ നിന്നും പ്രവഹിച്ച വെടിയുണ്ടകൾ ബ്രിട്ടീഷ്‌കാരെ നടുക്കി. പക്ഷെ അധികം പിടിച്ചു നിൽക്കാൻ റാണിക്ക് ആവുമായിരുന്നില്ല. അവർ താന്തിയോ തോപ്പയോട് സൈന്യത്തിന്റെ സഹായം അഭ്യർത്ഥിച്ചു.അദ്ദേഹം ഏതാണ്ട് ഇരുപതിനായിരത്തോളം സൈനികരെ അയച്ചുവെങ്കിലും എണ്ണത്തിൽ കുറവെങ്കിലും ആധുനിക യുദ്ധോപകരണങ്ങൾ കൈയ്യിലുള്ള ബ്രിട്ടീഷ് കാരോട് എതിരിടാൻ ആവാതെ മടങ്ങി.
പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു മനസ്സിലാക്കിയ റാണി പടച്ചട്ട ആണിഞ്ഞ് തന്റെ പത്തുവയസ്സുള്ള വളർത്തു മകനെ പുറകിൽ കെട്ടിവെച്ച് ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയിൽ നിന്നും താഴേയ്ക്ക് ചാടി. ബാദൽ മരിച്ചു എങ്കിലും റാണിയും മകനും രക്ഷപെട്ടു. ഇനി ബ്രിട്ടീഷ് സൈന്യത്തിന് പിടികൊടുക്കാതെ ഏതാണ്ട് 86 മൈൽ അകലെയുള്ള കാൽപ്പിയിൽ എത്തണം . അവിടെ താന്തിയോ തോപ്പയും , നാനാ സാഹിബിന്റെ അനന്തിരവൻ റാവു സാഹിബും ഒത്ത് ബ്രിട്ടീഷ്കാർക്കെതിരെ പടനീക്കം നടത്തണം. അവരെ തുരത്തണം. കൂരിരുട്ട്. ഒരു സംഘം സൈനികരും , സേവകൻമാരും കുതിരകളും പല്ലക്കുമായെത്തി. ബാദലിന്റെ ചേതന അറ്റ ശരീരത്തിൽ തൊട്ടു വന്ദിച്ചു. തന്റെ മനസ്സിലുള്ള ദിക്കുപോലും അറിയുന്ന കുതിരകളായിരുന്നു ബാദലും , സാരഗിയും, പവനും. അതിൽ സാരഗിയേയും , പവനേയും കോട്ടയിൽ തന്നെ മനസ്സില്ലാ മനസ്സോടെ വിടേണ്ടി വന്നു.
എത്രയും വേഗം കാല്പിയിൽ എത്തണം. പന്തം കൊളുത്താൻ പാടില്ല. കൊളുത്തിയാൽ ആ വെട്ടം കണ്ട് ശത്രു സൈന്യം പിന്തുടരും. വളരെകുറച്ച് ആൾ ബലവും ആയുധ ബലവുമെ കൂടെയുള്ളൂ. തന്റെ മനസ്സറിയുന്ന കുതിരകളും കൂടെയില്ല. എന്നാലും ഏതാണ്ട് ഒരു മണിക്കൂറുകൊണ്ടു കുതിര തന്റെ ഇഗിതത്തിനു വഴങ്ങി ഓടാൻ പഠിച്ചു. അറിയാത്ത കാട്ടു പാതകൾ , നാട്ടുപാതകൾ. ഒരു തിരി വെട്ടവുമില്ലാതെ ഉറങ്ങുന്ന ഗ്രാമങ്ങൾ. വഴി കുറെയൊക്കെ അറിയാവുന്ന വിശ്വസ്തനായ ഒരു ഭടൻ മുന്നിൽ കുതിരയെ നയിക്കുന്നു. കൂടുതലും കാട്ടു വഴി ആയതിനാൽ ശത്രുക്കൾ പിന്തുടരാനുള്ള സാദ്ധ്യത കുറവായതിനാൽ ഒന്നോ രണ്ടോ പന്തം കത്തിച്ചു. മുയലുകളും, കാട്ടു പൂച്ചകളും, മ്ലാവുകളും, പാമ്പുകളും വഴിയിൽ കുറുകെക്കടക്കുന്നു. അടുത്തു കണ്ട അരുവിയിൽ രണ്ടു വലിയ കടുവകളും രണ്ടു കുഞ്ഞുങ്ങളും വെള്ളം കുടിക്കുന്നു. അവ തല പൊക്കി നോക്കുന്നു. ഒരു പെരുമ്പാമ്പ് ഒരു മുയലിനെ വിഴുങ്ങി കൊണ്ട് വഴിയിൽ കുറുകെ കിടക്കുന്നു. കുതിര ഒന്നമാന്തിച്ചെങ്കിലും കടിഞ്ഞാൺ നിയന്ത്രിച്ച് കുതിരകളെ കുതിപ്പിച്ചു ചാടിക്കുന്നു. കോട്ടയിൽ നിന്ന് വീണപ്പോൾ വേദനഅറിഞ്ഞില്ല. തോളുകളിലും , മുതുകിലും, കാൽമുട്ടിലും വേദന തല പോക്കുന്നു. ഇടക്ക് നല്ല വീതിതിയുള്ള ഒരു തോട്‌. പാലം ഉള്ളയിടത്ത് വരെ പോയാൽ 15 മൈൽ കൂടുതൽ പോകണം. കുതിരകളെ ചാടിക്കാം. പക്ഷെ റാണിയുടെ പല്ലക്കും മറ്റു യുദ്ധോപകരണങ്ങളും വഹിക്കുന്ന കുതിരകളെ എങ്ങനെ ചാടിക്കും. അപ്പോൾ മറിഞ്ഞു കിടക്കുന്ന ഒരു കാട്ടുമരം റാണിയുടെ കണ്ണിൽ പെട്ടു. അവർ കുതിരപ്പുറത്തുനിന്നിറങ്ങി ആ മരത്തിലേക്ക് നോക്കിയതും പരിചാരകർ അവരുടെ ഇഗിതം അറിഞ്ഞ് ആ മരം തോടിന് കുറുകെ ഇട്ടു. ചാടാവുന്ന കുതിരകളെ ഒക്കെ തോടിന് കുറുകെ ചാടിച്ചു. പല്ലക്കും മറ്റു സാധനങ്ങളും , ചാടാൻ വയ്യാത്ത ഏതാനും കുതിരകളേയും കുറുകെ ഇട്ട മരത്തിലൂടെ അക്കരെ എത്തിച്ചു യാത്ര തുടർന്നു.
റാണി തന്നെ മുന്നിൽ കുതിരയുമായി മുന്നേറുന്നു. റാണിയുടെ വേഗം പിടിക്കാൻ ബാക്കിയുള്ളവർ പ്രയാസപെടുന്നു. വേനൽ തുടങ്ങിയതിനാൽ അസഹ്യമായ ചൂട്ടുകാറ്റ് മണ്ണ് പറത്തികൊണ്ട് ചുഴറ്റി അടിക്കുന്നു. റാണിയുടെ ശരീരം മുഴുവൻ വീണതിന്റെ വേദന ഇളകുന്നു. തന്റെ വേദന പരിചാരകർ അറിയരുത്. താനും ഒരു സാധാരണ സ്ത്രീ ആണെന്ന് അവർ അറിയരുത്. അവരുടെ ഒക്കെ മനസ്സിൽ താൻ അമാനുഷിക കഴിവുകൾ ഉള്ള ഒരു റാണിയോ ,ദേവിയോ ഒക്കെ ആണ്. പല്ലക്കിൽ കയറാൻ പരിചാരകർ നിർബന്ധിക്കുന്നുണ്ടെങ്കിലും അവർ വിസമ്മതിച്ചു. ഇടക്കിടയ്ക്കു കല്ലുകൾ നിറഞ്ഞ പാതയിൽ കുതിരകൾ ഓടാൻ മടിക്കുന്നു. ആ സമയങ്ങളിൽ റാണി പല്ലക്കിൽ കുറച്ച് വിശ്രമിക്കുന്നു. പരിചാരകർ കൊണ്ടുവന്ന ഭക്ഷണം ഹിന്ദു മുസ്ലിം ഭേദമില്ലാതെ റാണി വാങ്ങി കഴിച്ചു. വെള്ളം കുടിച്ച് ദാഹമടക്കി. തങ്ങൾ കൊണ്ടുവന്ന ഭക്ഷണം റാണിക്ക് കൊടുക്കാൻ ഭാഗ്യം ലഭിച്ചവർ ഭഗവാനും, അള്ളാഹുവിനും നന്ദി പറഞ്ഞു. റാണിയുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചു.
നേരം പുലരുന്നു. ചമ്പൽ കാടുകളിലൂടെ ഉള്ള യാത്ര. ചമ്പൽ കാടുകളിലെ കൂനകൾക്കിടയിലൂടെ ഉള്ള യാത്ര. കുതിരകളും നന്നേ പണിപ്പെടുന്നു. മുള്ളുള്ള ചെടികൾ ദേഹത്ത് പോറലുകൾ ഉണ്ടാക്കുന്നു. ഇത്തിരി ആശ്വാസം. ഒരു ചെറിയ തടാകം. താമരപ്പൂക്കൾ നിറഞ്ഞ തടാകം. കൊക്കുകളും , കാട്ടു താറാവുകളും നീന്തി കളിക്കുന്നു. അവിടെ നിറുത്തി വിശ്രമിക്കാൻ റാണി കല്പിച്ചു. തന്റെ ലക്ഷ്യ ബോധം ആ തടാകത്തിലെ പ്രകൃതി ഭംഗി പോലും ആസ്വദിക്കാൻ റാണിയെ അനുവദിച്ചില്ല. അവർ കൂടുതൽ കൂടുതൽ അക്ഷമയായി.വീണ്ടും കുതിരപ്പുറത്തു കയറി അതീവ വേഗതയിൽ യാത്ര തുടർന്നു. വെയിലിന്റെ കാഠിന്യം കൂടി കൂടി വരുന്നു. ചൂടുകാറ്റടിക്കുന്നു. ദേഹം പൊള്ളുന്ന ചൂട്. റാണിയുടെ ശരീര വേദന പതിൻ മടങ്ങു കൂടുന്നു. അതൊന്നും വക വെയ്ക്കാതെ റാണി യാത്ര തുടരുന്നു. വഴിയിൽ, വയലിൽ പണി എടുക്കുന്ന ചില ഗ്രാമീണർ റാണിയെ തിരിച്ചറിയുന്നു. അവർ ആ ധീര വനിതയെ വണങ്ങുന്നു. പഴങ്ങളും , വെള്ളരിക്കയും, നാരങ്ങയും, പശുവിൻപാലും റാണിക്കും , പരിചാരകർക്കും, സൈന്യത്തിനും കൊടുത്ത്, കുതിരകൾക്കു വേണ്ട പുല്ലും കൊടുത്ത് ആ നിഷ്കളങ്കരായ ഗ്രാമീണർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ 'അണ്ണാൻ കുഞ്ഞും തന്നാലായത് ചെയ്തു'.
ഉച്ച സൂര്യന്റെ ചൂടും വകവെയ്ക്കാതെ റാണിയും കൂട്ടരും യാത്ര തുടർന്നു. സുന്ദരിയായ റാണിയുടെ ഗോതമ്പ് നിറമുള്ള മുഖം വെയിലേറ്റ് ചുവന്നു. പിന്നെ കറുത്തു പൊള്ളി. ക്ഷീണിതയായ റാണിയെ പല്ലക്കിലേയ്ക്കു മാറ്റി. അവർ കുറച്ചു നേരം വിശ്രമിച്ചു. താൻ പല്ലക്കിൽ പോകുമ്പോൾ കൂടുതൽ സമയം എടുക്കുന്നതിനാൽ അക്ഷമയായ റാണി കുതിര സവാരി തുടർന്നു. കൂടെയുളവരെ പ്രോത്സാഹിപ്പിച്ചു. കാൽപ്പിയിൽ എത്തിയപ്പോൾ ഏറെ ഇരുട്ടിയിരുന്നു. റാവു സാഹിബിന്റെ കൊട്ടാരത്തിൽ റാണിയെയും കൂട്ടരേയും വേണ്ടപോലെ ആദരവ് നൽകി സ്വീകരിച്ചു. ക്ഷീണിതായ റാണി കിടന്നതെപ്പോൾ എന്നറിയാതെ ഉറങ്ങി.
അടുത്ത ദിവസം എഴുനേറ്റു. ശരീര വേദന അങ്ങനെതന്നെ. എല്ലാ വേദനയും മറന്ന റാണി താന്തിയോ തോപ്പയുടേയും , റാവു സാഹിബിന്റെയും , തന്റെയും സംയുക്‌ത സൈന്യത്തെ ഗ്വാളിയോറിലേക്ക് നയിച്ചു. സിന്ധ്യാ രാജാവുമായി ചേർന്ന്‌ ഗ്വാളിയോർ കോട്ടയിൽ നിന്നും ബ്രിട്ടീഷുകാരെ നേരിടാനായിരുന്നു പദ്ധതി എങ്കിലും ബ്രിട്ടീഷ് കാരുമായി ഉണ്ടാക്കിയ രഹസ്യ ധാരണയിൽ സിന്ധ്യാ രാജാവ് കോട്ട വിട്ട് ആഗ്രയിലേക്ക് പലായനം ചെയ്തു. ഹ്യൂഗ് റോസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവുമായി റാണിയുടെ നേതൃത്വത്തിലുള്ള സേന ഏറ്റുമുട്ടി. ആയുധങ്ങളുടെ മികവും യുദ്ധ നൈപുണ്യവും , സിന്ധ്യാ രാജാവിന്റെ കൂറും ബ്രിട്ടീഷ് പടക്ക് മേൽക്കോയ്മ നൽകി. രണ്ടു കൈയ്യിലും വാളേന്തിയും , തോക്കുകൊണ്ടും ഒരു നല്ല പ്രതിരോധം നൽകാൻ റാണിക്കു കഴിഞ്ഞെങ്കിലും അവർ വീര മൃത്യു വരിച്ചു. ജീവനോടെ പിടികൂടിയ താന്തിയോ തോപ്പയെ ശിവപുരിയിൽ വെച്ച് തൂക്കിൽ ഏറ്റി.
പിന്നെയുള്ള ചരിത്ര രേഖകൾ പാണന്റെ പാട്ടുപോലെയാണ്. ബ്രിട്ടീഷ് കാരോട് കൂറുള്ള പാണന്മാർ റാണി വെടി ഏറ്റ് മരിച്ചെന്നും ,
ബ്രിട്ടീഷ്കാർ അവരുടെ ഭൗതിക ദേഹം എല്ലാ രാജകീയ ബഹുമതികളോടെ ഗ്വാളിയോറിൽ ഫൂൽ ബാഗിനടുത്തുള്ള ഒരു വലിയ പുളിമരത്തിന്റെ കീഴിൽ ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു എന്ന്‌ പാടുന്നു. എല്ലാ കാര്യങ്ങളിലും ഒരു ദിവ്യത്വം കാണുന്ന ആൾക്കാരോട്‌ കൂറുള്ള പാണൻമാർ താൻ കൊല്ലപ്പെടും എന്നു മനസ്സിലായപ്പോൾ ഒരു ദിവ്യൻ അവിടെ വന്നു എന്നും , ദിവ്യനോട് തന്നെ ദഹിപ്പിക്കാൻ അവശ്യപ്പെട്ടന്നും അദ്ദേഹം അപ്രകാരം ചെയ്‌തെന്നും പാടുന്നു. ഇനി സിന്ധ്യാരാജവംശത്തോട് കൂറുള്ള പാണന്മാർ സിന്ധ്യാ രാജാവ് ചതിച്ചില്ല എന്ന രീതിയിൽ പാടുന്നു.
പാണൻ എങ്ങനെയോ പാടിക്കോട്ട് ; അത് പാണന്റെയും പാടിപ്പിച്ചവന്റേയും ഇഷ്ടം. പക്‌ഷേ ഒരുകാര്യം വ്യക്തമാണ്. ഇഗ്ലീഷുകരോട് എതിർത്തവർ , രാജ്യസ്നേഹികൾ, അത് റാണി ലക്ഷ്മീ ഭായിയോ , താന്തിയോ തോപ്പയോ, നാനാ സാഹിബോ, റാണാ പ്രതാപ് സിംഗോ അതല്ലെങ്കിൽ പഴശ്ശിരാജയോ ആയിക്കോട്ടെ, അവരും വംശവും മരിച്ചു മണ്ണടിഞ്ഞ് , കോട്ട , കൊട്ടാരങ്ങൾ ഇടിഞ്ഞു പൊളിഞ്ഞ്, പാണന്മാരുടെ പാട്ടിലെ നായികാ നായകൻമ്മാരായി ജന ഹൃദയങ്ങളിൽ ജീവിക്കുന്നു. മറിച്ച് ബ്രിട്ടീഷുകാരുടെ സേവ ചെയ്ത രാജാക്കന്മാരോ , നാട്ടു രാജാക്കന്മാരോ അന്നും , അവരുടെ വംശപരമ്പരകൾ ഇന്നും കോട്ട ,കൊട്ടാരങ്ങളുടെ അധിപന്മാരായി തുടരുന്നു. അധികാരം തലക്കു പിടിച്ച ഇവരിൽ പലരും പല രാഷ്ട്രീയ പാർട്ടികളിലും കുടുംബ മഹിമയും പണത്തിന്റെ ശക്തി കൊണ്ടും സീറ്റ് നേടി ജന പ്രതിനിധികളും, മന്ത്രിയും, മുഖ്യമന്ത്രിയും, പ്രധാന മന്ത്രിയും ഒക്കെയായി ജനാധിപത്യത്തിന്റെയും മുതലെടുപ്പ് നടത്തി ജീവിക്കുന്നു.
രാജ്യ സ്നേഹികളേ നിങ്ങൾക്ക് ബാക്കിയായി ഈ പാണർ പാടും പാട്ടുകൾ മാത്രം.
A story by....................ഷാജു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo