ആ തണുത്ത പ്രഭാതത്തിൽ അവൾ അവനേയും കാത്ത് ജനൽപ്പടിയിൽ ഇരുന്നു, പതിവുപോലെ. അവൻ വന്നു അവളെനോക്കി പുഞ്ചിരിച്ചു.പിന്നെ എങ്ങോ മറഞ്ഞു. യാദൃശ്ചികമായ കണ്ടുമുട്ടലുകളിലൂടെ പുഞ്ചിരി മാത്രം സമ്മാനിച്ച് അവൻ മറയും. അവന്റെ കണ്ണിലെ തിളക്കത്തിൽ നിന്നും അവൾ എല്ലാം വായിച്ചറിഞ്ഞു. അവന്റെ സ്വന്തമാകണം അവൾ ആർത്തിപൂണ്ടു. ഇനിയുള്ള ജീവിതം അവനോടലിഞ്ഞു ചേരാൻ അവൾ വെമ്പൽ കൊണ്ടു. ക്യാൻസർ സെന്ററിലെ നാലാം നിലയിൽ ഇരുന്ന് അവൾ കാഴ്ചകൾ കണ്ടു. മതിവരുവോളം .....
പുറത്ത് ഡോക്ടർ വിധി എഴുതി ഇനി മൂന്നുനാൾ. അവൾ സന്തോഷിച്ചു. വേദനയില്ലാത്ത ലോകത്തേക്ക് തനിക്ക് പറക്കാം അവനോടൊപ്പം.
പിറ്റേ പ്രഭാതത്തിൽ അവൾ അവനെ കണ്ടില്ല. ഹൃദയം ഏങ്ങലടിച്ചു. കണ്ണുകൾ അവനായ് പ രതി .ഇല്ല അവൻ വന്നില്ല. ഇനി അവൻ.......
ചിന്തകൾ കാടുകയറി. അന്നത്തെ കാഴ്ചകൾ അവൾ കണ്ടില്ല. വേദന കടിച്ചമർത്തി ബെഡിൽ ചുരുണ്ടു. ഉറക്കം വന്നില്ല. അവൾ നിലവിളിച്ചു .
പിറ്റേ ന്നും പതിവുപോലെ അവൻ വന്നില്ല. അവൾക്ക് ഭ്രാന്തു പിടിച്ചു. ഉച്ചത്തിൽ അലറിക്കരഞ്ഞു.ശരീരത്തിലെ വേദനയേക്കാൾ മനസ്സിലെ വേദന അവളെ തളർത്തി.ഉറ്റവരേം ഉടയവരേം അവൾ കണ്ടില്ല. അവനെ കാണാത്ത കണ്ണുകൾ ഇനി ആരേം കാണണ്ട. കണ്ണുകൾ ഇറുക്കി അടച്ച് അവൾ കരഞ്ഞു.
വിധിയുടെ മൂന്നാം നാൾ അവൾ മെല്ലെ കണ്ണു തുറന്നു.അരികിൽ അവനെ കണ്ടു. ചിരിച്ചു പൊട്ടിപൊട്ടി ചിരിച്ചു. "വരൂ " അവൻ വിളിച്ചു.
വിറയാർന്ന കൈകൾ അവൻ മുറുകെ പിടിച്ചു. "സമയമായ് പോകാം" .അവൻ അവളുടെ കാതിൽ മന്ത്രിച്ചു.ആ ദേഹം വിട്ട് അവൾ അവനോടൊപ്പം നടന്നു. അവർ കൈകോർത്ത് പിടിച്ച് മഞ്ഞിലേക്ക് അലിഞ്ഞു.നേർത്ത ജലകണമായ്.....
By
Ruby Sajeev
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക