Slider

പാര്‍വതി പടിയിറങ്ങുന്നു (ചെറുകഥ)

0

പടിയിറങ്ങുമ്പോള്‍ പാര്‍വ്വതി നിറഞ്ഞുചിരിച്ചു,ആഗ്രഹിച്ചതു നേടിയെന്നു പറയുമ്പോലെ. മറ്റുള്ളവര്‍ അതൊരു യാത്രപറയലായി കരുതി.ഒന്നും പറയാന്‍ അര്‍ഹതയില്ലാതെ താനുമത് കണ്ടുനിന്നു.
ഈ ഞാന്‍ ആരാണാവോ? എന്നല്ലേ‍... മുന്‍പാരായിരുന്നു എന്നതവിടെ നില്‍ക്കട്ടെ. ഏതായാലും ഇന്നുമുതല്‍ പാര്‍വ്വതിയുടെ ഭര്‍ത്താവ്.കല്യാണനാളിലായതുകൊണ്ടാവാം ഭര്‍ത്താവെന്ന സ്ഥാനം അങ്ങട് ഉള്‍ക്കൊള്ളാന്‍ പറ്റണില്ല. ഓ.. ശരിയാവുമായിരിക്കും.
പാര്‍വ്വതിയുടെ ഈ നിറഞ്ഞ ചിരിയുടെ പൊരുള്‍ അനസ്സൂയയ്ക്കുമാത്രം മനസ്സിലായി.ഒരു ഭാവഭേദവുമില്ലാതെ നിറചിരിയോടെ അവളും നിന്നു.
പാര്‍വ്വതി... അനസ്സൂയയുടെ പ്രിയപ്പെട്ടവള്‍.എന്നും എപ്പോഴും കൂട്ടുണ്ടാവുന്നവള്‍. അനസ്സൂയ ഒരേ ഒരു കാര്യമേ പാര്‍വ്വതിയുമായ് പങ്കുവെയ്ക്കാത്തതായുള്ളൂ.ഏതൊരാള്‍ക്കുമെന്നപോലെ അതവളുടെ സ്വകാര്യതയായിരുന്നല്ലോ. തന്നെ കടന്നുപോകാറുള്ള ഇളംകാറ്റുപോലുമറിയാതെ മനസ്സില്‍ കാത്തുസൂക്ഷിച്ച ഇഷ്ടം,കാറ്റിനേക്കാള്‍ വേഗത്തില്‍ വേരുറച്ചുപോയത് പാര്‍വ്വതിയുടെ ഉള്ളിലാണെന്നറിഞ്ഞനാളില്‍ അനസ്സൂയ തന്‍റെ ഇഷ്ടങ്ങളെ താഴിട്ടുപൂട്ടി. പാര്‍വ്വതിയാകട്ടെ എല്ലാ പ്രകടിപ്പിച്ചുകൊണ്ടുമിരുന്നു.
ഇടയ്ക്കെപ്പോഴൊ ആരും കാണാതെ ഒരു നോട്ടം, അതുമാത്രമാണ് അനസ്സൂയയുടെ മനസ്സിനെ തനിക്കുമുമ്പില്‍ വെളിപ്പെടുത്തിയിരുന്നത്.
ജോലിക്കുവേണ്ടിയുള്ള പരിശീലനത്തിനായി അനസ്സൂയ ആറുമാസത്തോളം നഗരത്തിലേക്ക് പോയപ്പോള്‍ മാത്രമാണ് ഞാനാഗ്രഹിച്ചത് അവളുടെ മനസ്സായിരുന്നുവെന്ന തിരിച്ചറിവെന്നിലുണ്ടായത്. ആ സമയത്തുതന്നെയായിരുന്നല്ലോ ആല്‍ത്തറയില്‍ ആകാശം കണ്ടുകിടന്ന തന്നോട് പാര്‍വ്വതി അവളുടെ ഇഷ്ടമറിയിച്ചതും.മറുപടിയൊന്നും പറയാതെ തിരക്കഭിനയിച്ച് ഒഴിഞ്ഞുമാറിയ ദിവസങ്ങളില്‍ കണ്ണുകളേക്കാള്‍ മനസ്സാണ് പാര്‍വ്വതിയില്‍ നിന്നകന്ന് മാറിപ്പോയിക്കോണ്ടിരുന്നത്.
അങ്ങനെയൊരൊളിച്ചോട്ടത്തിനിടയിലാണ് നഗരത്തിലെ തിരക്കേറിയൊരു മെഡിക്കല്‍ സ്റ്റോറിന്‍റെ മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി അനസ്സൂയയുടെ അച്ഛനെ കണ്ടുമുട്ടിയത്. ഒരു കപ്പു കാപ്പിയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് അദ്ദേഹത്തിന്‍റെ വേദനയെന്നിലേക്കു പറിച്ചുനടുകയായിരുന്നു. ആ മനസ്സിന്‍റെ ഭാരമിത്തിരി കുറഞ്ഞെങ്കിലും മകളുടെ മുന്നില്‍ വാക്കുതെറ്റിക്കേണ്ടിവന്നതിന്‍റെ നിരാശ വല്ലാതെ നിറഞ്ഞുതുളുമ്പി.
ഒന്നും ആരും അറിയില്ലെന്ന വാക്കുറപ്പിലാണ് അനസ്സൂയയെ കാണാന്‍ ചെന്നത്. കോശങ്ങളുടെ അനുസരണക്കേടിനെ അടക്കിനിര്‍ത്താന്‍ പാടുപെടുമ്പോഴും മനസ്സിനെ ജയിച്ചുകൊണ്ടിരുന്ന അവളുടെ മുഖം അസാമാന്യധൈര്യമാണന്ന് പ്രകടിപ്പിച്ചത്.
എന്നത്തേയും പോലെ ഏറെ ശ്രദ്ധാലുവായി എന്‍റെ നേര്‍ക്കയച്ച അവളുടെ കണ്ണുകളെ അന്നാദ്യമായി ഞാന്‍ കൈയ്യോടെ പിടികൂടി. നിന്‍റെയിഷ്ടം ഞാനാണെന്നെനിക്കറിയാമെന്ന് ഒരു മുഖവുരയും കൂടാതെ പറഞ്ഞിട്ടും വല്ലാത്തൊരു നിര്‍വ്വികാരതയില്‍,എന്നാല്‍ ഒട്ടും തന്നെ ഗൗരവം വിടാതെ അവളെന്നെ തോല്‍പ്പിക്കുകയായിരുന്നു.
''കൂട്ടുകാരിക്കുവേണ്ടി ഞാനെന്‍റെയിഷ്ടത്തെ മാറ്റിവെക്കാന്‍ ഒരിക്കലും മനസ്സുകൊണ്ട് തയ്യാറല്ലായിരുന്നു...മറച്ചുവെച്ചു,അവളറിയാതിരിക്കാന്‍... അത് സത്യമാണ്.''
''എനിക്കറിയാമായിരുന്നു, നിന്‍റെ കണ്ണുകള്‍ വരച്ചിടുന്ന നേര്‍രേഖകള്‍ എന്നിലേക്കെന്ന്. എന്നിട്ടും ഞാനറിയാതെന്‍റെ നെഞ്ചിലെ ഓരോ അണുവിലും എനിക്കാവശ്യമില്ലാഞ്ഞിട്ടും വളരുന്ന കൊച്ചുകോശങ്ങളോടൊപ്പം പാര്‍വ്വതിയുടെ ഇഷ്ടങ്ങളും വളരുകയായിരുന്നു.''
അനസ്സൂയ തുടര്‍ന്നു,
'' ഒന്നുകൂടിയുണ്ട്...''
''നിനക്കുവേണ്ടിയെത്രനാള്‍ വേണമെങ്കിലും കാത്തിരിക്കുമെന്ന പാര്‍വ്വതിയുടെ വാക്കുകള്‍.
ഒരുപക്ഷേ നീയൊരു വിവാഹം തകര്‍ന്നവനാണെങ്കിലും അവള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമെന്ന്....''
എനിക്കറിയാം അതൊരു ഹൃസ്വമായ കാത്തിരിപ്പുമാത്രമായിരിക്കുമെന്ന്.എങ്കിലും പാര്‍വ്വതിയ്‌ക്കതുവേണ്ടെന്ന് ഈ കൂട്ടുകാരി തീരുമാനിച്ചുകഴിഞ്ഞു.''
ശരീരം മനസ്സിനെ കീഴടക്കുമോ എന്ന ഭയത്താല്‍ ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടാണ് അനസ്സൂയ അന്നത്രയും പറഞ്ഞുതീര്‍ത്തത്.
ആ വാക്കുകള്‍ പറയാതെ പറഞ്ഞത് പാര്‍വ്വതിയെ സ്വീകരിക്കണമെന്നുള്ള ഉത്തരവായിരുന്നു. എതിര്‍ക്കാനൊരു വാക്കുപോലും അവള്‍ തന്നുമില്ല.അവളുടെ ദൃഢനിശ്ചയത്തിനുമുന്നില്‍ വിദൂരഭാവിയില്‍ പോലും തനിക്കവളെ മറക്കാന്‍ കഴിയില്ലെന്ന ചിന്ത വേരോടെ പിഴുതെറിയപ്പെടുകയായിരുന്നു.
ഓര്‍മ്മകളെ ഭയന്നുകൊണ്ട് ഇന്നിതാ പാര്‍വ്വതിക്കരികില്‍ നില്‍ക്കുകയാണ്. ഇതുവേണമായിരുന്നോയെന്ന് അപ്പോഴും എന്‍റെ കണ്ണുകള്‍ അനസ്സൂയയോട് ചോദിച്ചുകൊണ്ടേയിരുന്നു.അതിനുള്ള മറുപടിയാവട്ടെ അവളുടെ പേരിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു.
മനസ്സുകൊണ്ടെന്നെ ജയിച്ചവളെ എന്നന്നേക്കുമായി മായ്ച്ചുകളയാന്‍ മഷിത്തണ്ടുകള്‍ തേടിക്കൊണ്ട് ,പാര്‍വ്വതിയുടെ കൈ പിടിച്ച് പതിയെ പടികളിറങ്ങി.
തിരിഞ്ഞുനോക്കുവാന്‍ മനസ്സുവെമ്പുന്നു...അതുകൊണ്ടെന്തുകാര്യം.
സ്വപ്നങ്ങളുടെ സ്ഫടികഗോപുരം അനസ്സൂയ തന്നെ ഉടച്ചുകളഞ്ഞതാണ്. പാടില്ല.. ഇനിയൊരു നോട്ടം പോലും.അവള്‍ കരയുന്നത് ഞാന്‍ കാണാന്‍ പാടില്ല, അതൊരുവാക്കാണ്.കരയില്ലെന്നവള്‍ വാക്കുതന്നതുമില്ല. കാരണം, ഇഷ്ടങ്ങള്‍ അടക്കം ചെയ്ത ഞങ്ങളുടെ കല്ലറയ്ക്കരികില്‍ ചെന്നുനിന്ന് രണ്ടുതുള്ളി കണ്ണുനീര്‍ പൊഴിക്കാന്‍ തന്നെപ്പോലെ അവള്‍ക്കും അവകാശമുണ്ടല്ലോ...
--------------ഷൈല ഉല്ലാസ്---
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo