Slider

എന്റെ പെണ്ണന്വേഷണ പരീക്ഷകൾ - Part 2

0
Image may contain: 1 person, outdoor and closeup

പെണ്ണുകാണൽ തകൃതിയായി തുടരുകയാണു.
പെണ്ണു കാണൽ എന്ന് പറഞ്ഞാൽ ചിലയാളുകളുടെ മനസ്സിൽ മേശക്ക്‌ മുകളിൽ നിറയെ പലഹാരങ്ങൾക്ക്‌ നടുവിൽ താളത്തിൽ ചായയുമായി നമ്രമുഖിയായി കടന്ന് വരുന്ന പെൺകുട്ടി. ചായയൊക്കെ കുടിച്ച്‌ ചെക്കൻ വിശദമായി പെണ്ണിനോട്‌ സംസാരിച്ച്‌ ആദ്യകാഴ്ചയിൽ തന്നെ പെണ്ണിനെയും വീട്ടുകാരെയും ഭാഗീകമായി മനസ്സിലാക്കി തിരിച്ച്‌ വരുന്നതായിരിക്കും പലരുടെയും മനസ്സിലെ പെണ്ണുകാണൽ ചടങ്ങ്‌.
എന്നാൽ ഞങ്ങളുടെ നാട്ടിൽ പെണ്ണുകാണൽ എന്ന് പറഞ്ഞാൽ ചെക്കനെക്കാൾ ബുദ്ധിമുട്ടാണു പ്രായപൂർത്തിയായൊരു പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും. ചില ഞായറാഴ്ചകളിൽ ചില വീടുകളിൽ അവിവാഹിതരായ ചെറുപ്പക്കാരുടെ നിരന്തര സന്ദർശ്ശനമാകും. ചായയൊന്നും വെക്കാനും കുടിക്കാനും സമയമില്ലാത്ത അത്രയും തിരക്കിട്ട സന്ദർശ്ശനങ്ങൾ. എന്നാലും ചിലരെങ്കിലും വല്ലതും കുടിക്കാൻ കൊടുക്കാതെ എങ്ങനെയാ പറഞ്ഞയക്കുക എന്നോർത്ത്‌ ,നാളെ ഇതിൽ ഏതെങ്കിലും ഒരുത്തൻ മോളെ കെട്ടിക്കഴിഞ്ഞാൽ “ഒരു കുടിവെള്ളം തന്നില്ലല്ലൊ” എന്ന് പറയിക്കരുതല്ലൊ എന്നോർത്ത്‌ മിക്കവീടുകളിലെയും അമ്മമാർ പഞ്ചസാര വെള്ളമെങ്കിലും നിർബന്ധമായും കലക്കി തരും.
പെണ്ണു കാണാൻ പോകുന്ന ചെക്കന്റെയും കൂട്ടുകാരുടെയും മനസ്സിലും കാണും, കുടിക്കാതിറങ്ങിയാൽ “ഷുഗർരോഗി"യെങ്ങാനും ആക്കുമോ എന്ന ചിന്ത. അത്‌ കൊണ്ട്‌ മിക്ക ഞായറാഴ്ചകളിലും പെണ്ണിന്റെ വീട്ടിലെ പഞ്ചസാര പാത്രം കാലിയാവുകയും പെണ്ണു കാണാൻ പോകുന്നവനു 'അകാലഷുഗർ ഭയം'ഉണ്ടാവാനും സാധ്യതയുണ്ട്‌.
എന്നെ സംബന്ധിച്ച്‌ ഇത്‌ വലിയ പ്രശ്നായിരുന്നില്ല. സ്വജാതി എന്ന് പറയുന്നത്‌ ‘മൊട്ടക്കുന്നിലെ പച്ച പോലെ’ അവിടവിടെ മാത്രമുള്ളൊരു പ്രതിഭാസമായിരുന്നു. ഒരു പെണ്ണു കണ്ടാൽ അടുത്തത്‌ ചിലപ്പൊ അടുത്ത പഞ്ചായത്തിലായിരിക്കും. അത്‌ കൊണ്ട്‌ തന്നെ ആദ്യത്തെ സുഹൃത്തുക്കളുടെ ‘കാറിൽ പെട്രോൾ അടിച്ച്‌ കൊടുത്ത്‌’ കാണാൻ പോകുന്ന പരിപാടി ഒക്കെ പെട്ടെന്ന് നിർത്തി. പിന്നീട്‌ ഞായറാഴ്ചകളിൽ ഒന്നോ രണ്ടോ കൂട്ടുകാരെയും കൂട്ടി ബസ്സിൽ പോയി പെണ്ണിന്റെ വീടിന്റെ അടുത്ത കവലയിൽ നിന്ന് ഓട്ടോ പിടിച്ചാണു പെണ്ണു കാണാൻ പോകുന്നത്‌. അധികസ്ഥലത്തും ഓട്ടോയിൽ നിന്നിറങ്ങാതെ ഞാൻ വണ്ടി തിരിച്ച്‌ വിടാൻ പറയാറാ പതിവ്‌.
വലിയ വീട്‌ കാണുമ്പൊളേ എനിക്ക്‌ മുട്ടിടിക്കും. കാലക്കേടിനു ഇത്‌ എങ്ങാൻ ശരിയായാൽ അവരുടെ വീട്ടുകാരും പെണ്ണും ഞങ്ങളുടെ വീട്‌ കാണുമ്പോളുള്ള മുഖത്തെ ഭാവം ഞാൻ മുൻകൂട്ടി കാണും. കൂട്ടുകാരൊക്കെ പലതും പറഞ്ഞ്‌ എന്നെ തിരുത്താൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സ് മാറിയില്ല.
എനിക്ക്‌ എന്റെ വീടിനേക്കാൾ ചെറിയ വീട്ടിൽ നിന്നും അതിനേക്കാൾ ചെറിയ ചുറ്റുപാടിൽ നിന്നുമുള്ള‌ പെണ്ണു മതി എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും മനസ്സനുവദിച്ചില്ല.
കൂട്ടുകാർക്ക്‌ മുഷിയാൻ തുടങ്ങി. മെല്ലെ അവർ ഒഴിവ്കഴിവ്‌ പറഞ്ഞൊഴിയാൻ തുടങ്ങി.
പിന്നീട്‌ പല പെണ്ണുകാണലും ആ പ്രദേശത്തെ സൗഹൃദത്തിലുള്ള പാർട്ടിക്കാരനായ ആരെയെങ്കിലും കൂട്ടി പോകാൻ തുടങ്ങി.
പെണ്ണു കണ്ട്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയാൽ തുടങ്ങും അടുത്ത ഉത്തരവാദിത്തം. വൈകുന്നേരം ഏകദേശം ഏഴ്‌ മണിയൊക്കെ ആകുമ്പോൾ ‌ കൈയ്യിൽ കിട്ടിയ കുറിപ്പിൽ (ജാതകപകർത്ത്‌) നിന്ന് നമ്പറെടുത്ത്‌ ഫോണിലൊരു കുത്തി വിളിയാ.
“ഹലോ ഇത്‌ ഇന്ന് നിങ്ങളുടെ മകളെ പെണ്ണു കാണാൻ വന്ന ആ ചെക്കന്റെ സുഹൃത്താ" ( ചിലപ്പൊ ഫ്രണ്ട്‌, ചിലപ്പൊ അമ്മാവൻ, ചിലപ്പൊ അച്ഛൻ വരെ ആയിട്ടുണ്ട്‌, ഗതികേട്‌ കൊണ്ടാ)
അപ്പൊ അപ്പുറത്ത് നിന്ന്
"എപ്പൊ വന്നയാ? രാവിലെയാണൊ? എത്ര മണിക്കാ? പതിനൊന്ന് മണിക്കാണൊ? പാന്റിട്ട്‌ വന്നയാണൊ?
അങ്ങനെ നീണ്ട ചോദ്യോത്തരങ്ങൾക്കൊടുവിൽ ചിലയിടത്ത്‌ നിന്ന് "ആ ബാങ്കിൽ പണിയാന്ന് പറഞ്ഞെ അല്ലേ? ആ പാർട്ടിക്കാരൻ"
"ആ.. അതന്നെ അതന്നെ" വലിയ ജിജ്ജാസയിൽ മറുപടിക്ക്‌ കാത്ത്‌ നിൽക്കുമ്പോൾ ഉത്തരം കിട്ടും "പെണ്ണിനിനിയും പഠിക്കണോന്നാ പറയുന്നേ"
"അല്ല അത്‌ പിന്നെ കല്ല്യാണം കഴിഞ്ഞാലും പഠിക്കാലൊ"
ന്ന് ചോദിച്ചാൽ
"വേറൊന്നും വിചാരിക്കരുത്‌ കേട്ടാ പാർട്ടിക്കാരന്റെ കൂടെ അയക്കാൻ നമ്മൾക്കും വലിയ താൽപര്യമില്ല"
മെല്ലെ ഫോൺ കട്ടാക്കി എനിക്ക്‌ ജനിക്കാതെ പോയ ആ അമ്മയിയച്ചനോട്‌ മനസ്സിൽ പറയും.
"ന്നാ അത്‌ മുൻകൂട്ടി പറഞ്ഞൂടാരുന്നോ പരട്ടക്കിളവാ, ഓട്ടോന്റെ പൈസേം പോയി ഫോണിലെ പൈസയും തീർത്തല്ലോന്ന്"
തോൽക്കാൻ മനസ്സില്ലാത്ത ഞാൻ അടുത്ത നമ്പറിലേക്ക്‌ വിളിക്കാൻ വേണ്ടി റീച്ചാർജ് ചെയ്ത്‌ ഉടൻ വരും.....
(തുടരും)
✍️ഷാജി എരുവട്ടി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo