Slider

തനിയാവർത്തനം

0

.......................
കട്ട പിടിച്ച കോടമഞ്ഞിലൂടെ ആയാസപ്പെട്ട് മൃദുല കാലുകൾ നീക്കി വെച്ചു .കാറ്റിന്റെ അകമ്പടി ആ പ്രവർത്തിയുടെ വൈഷമ്യം കൂട്ടിക്കൊണ്ടിരുന്നു.
വേണ്ടായിരുന്നു...ഈർഷ്യയോടെയെന്ന വിധം അവർ തന്നോടു തന്നെ പിറുപിറുത്തു.രണ്ടു വർഷം മുൻപ് നിർത്തിയതാണ് രാവിലത്തെ ഈ നടപ്പ്.കൃത്യമായി പറഞ്ഞാൽ മുത്തിന്റെ കല്യാണത്തോടെ.എന്തിനുമേതിനും തുണയായുണ്ടായിരുന്ന മകൾ സ്വന്തം ജീവിതത്തിലേക്കു കാലൂന്നിയതോടെ പെട്ടെന്നങ്ങു തനിച്ചായതു പോലെ ...ശീലങ്ങൾ മാറിമറിഞ്ഞു.അടുക്കും ചിട്ടയും തീരെയില്ലാതായി.വിശന്നാൽ എന്തെങ്കിലും വാരിക്കഴിച്ച് ഒഴിവുസമയം മുഴുവൻ മെത്തയിലേക്കു ചുരുണ്ടുകൂടിത്തുടങ്ങി.വേഷത്തിലെ അലസത ശ്രദ്ധിച്ചിട്ടാവണം മാലിനിമാഡം ഒരിക്കൽ പറഞ്ഞു...
'മൃദു,തനിച്ചാവുക എന്നത് ഒരു തെറ്റല്ല ,അത് ചിലരുടെ വിധിയാണ്.പക്ഷേ അതിനെ ആസ്വദിക്കാൻ കഴിയാതെയാവുന്നത് ഗുരുതരമായ അപരാധം തന്നെയാണ്.എന്തിനേക്കാളുമുപരിയായി സ്വയം സ്നേഹിക്കാൻ നമ്മൾ പഠിച്ചേ പറ്റൂ'
അതാണു ശരി എന്ന് അവരെ കാണുമ്പോഴൊക്കെയും തോന്നും.മേനോൻ സാർ മരിച്ചിട്ട് ആറുവർഷം കഴിഞ്ഞിരിക്കുന്നു.മക്കളില്ല,പ്രണയവിവാഹമായതിനാൽ ബന്ധുക്കളുടെ തുണയുമില്ല.എങ്കിലും മുഖം വാടിക്കണ്ടിട്ടേയില്ല.എപ്പോഴും ഊർജ്ജസ്വലയായി ഓടിനടക്കുന്ന പ്രകൃതം.
ചിന്തകളത്രയുമെത്തിയപ്പോൾ സ്വയമറിയാത്തൊരു നെടുവീർപ്പ് മൃദുലയിലുണ്ടായി.അവൾക്കു ചുറ്റും നിറഞ്ഞു നിന്നിരുന്ന മഞ്ഞുകണങ്ങളെ പൊള്ളിച്ചു കൊണ്ട് ഒരിളംചൂടായി അൽപ്പനേരമത് അന്തരീക്ഷത്തിൽ തങ്ങിനിന്നു.
ഹരിക്ക് എപ്പോഴും ചൂടായിരുന്നു.ഇളം
ചൂട് ...പൊതിഞ്ഞുപിടിക്കുന്നൊരു സംരക്ഷണകവചം പോലെ .ഹരിയുണ്ടായിരുന്നപ്പോൾ എല്ലാമെല്ലാം സുന്ദരമായി തോന്നിയിരുന്നു.മഞ്ഞും തണുപ്പും മഴയും വെയിലും ...വീട്ടുജോലികളും ഉത്തരവാദിത്വങ്ങളും...എല്ലാം ആസ്വദിക്കാൻ കഴിയാറുണ്ടായിരുന്നു ,
എന്തുകൊണ്ടോ മനസ്സിലൊരു കുറ്റബോധം ... അതൊക്കെയും നല്ലതായിരുന്നു...സന്തോഷമുണ്ടായിരുന്നു.ജീവിക്കുന്നു എന്ന് തോന്നിയിരുന്നു...എന്നിട്ടുമെന്തേ...???
എപ്പോഴാണ് അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നലുമായൊരു കാളസർപ്പം മനസ്സിലേക്കിഴഞ്ഞുകയറിത്തുടങ്ങിയത്?
ഓരോ സന്ദർഭങ്ങളിലും വിഷം കക്കി കക്കി മനസ്സു മുഴുവനായും വിഷലിപ്തമാക്കാൻ വളരെ കുറച്ചു നാളുകളേ വേണ്ടിവന്നുള്ളൂ അതിന്.
വാക്കുകളെ തേച്ചുമിനുക്കി മൂർച്ച കൂട്ടി സൂക്ഷിച്ചു തുടങ്ങി,ഒരിടത്തും തോറ്റുകൊടുക്കാതെ ഒന്നിനു പത്തെന്നു തിരിച്ചു പറഞ്ഞു.കണ്ടില്ല കേട്ടില്ല എന്നു ഭാവിച്ചു നടന്നിരുന്ന അമ്മയുടെ കൊള്ളിവാക്കുകളോടു പോലും വാശിയോടെ പ്രതികരിച്ചു തുടങ്ങി.
സംഘർഷഭരിതമായ നിമിഷങ്ങളെ മനസ്സിലിട്ടയവിറക്കി സ്വയം ന്യായീകരണങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു.
ഇനി നിന്നിട്ടു കാര്യമില്ല എന്നു തോന്നിയൊരു നിമിഷത്തിന്റെ അവസാനത്തിൽ മുത്തിനെയുമെടുത്തു പടിയിറങ്ങുമ്പോൾ അഞ്ചക്കശമ്പളമുള്ള ജോലി ധൈര്യത്തേക്കാൾ അഹങ്കാരം തന്നെയായിരുന്നു എന്നിപ്പോൾ തിരിച്ചറിയുന്നു.
തന്നിഷ്ടം കാട്ടിയിറങ്ങി വന്നവൾക്കു വീട്ടിലിടമില്ല എന്ന അച്ഛന്റെ തീരുമാനം പോലും ആ വാശി കുറയ്ക്കാൻ കാരണമായില്ല.പകരമതാളിക്കത്തി.ജീവിച്ചു കാണിക്കുമെന്ന വാശിയിൽ മകളെ മാത്രം നെഞ്ചിൽ ചേർത്ത് നടന്നു തീർത്ത കനൽവഴികൾ...
മരം കോച്ചുന്ന തണുപ്പിലും മൃദുല വിയർത്തു.
കിതപ്പടക്കാനൊരു നിമിഷം നിന്നു...വീണുപോകുമെന്ന തോന്നലിൽ വേലി തീർക്കുന്ന ചെമ്പരത്തിക്കാടുകളിലേക്ക് ചായവേ വർഷങ്ങളായ് കെട്ടിനിന്ന കാർമേഘങ്ങൾ പെയ്തുതുടങ്ങിയിരുന്നു.
.........
ചേർത്തടച്ച വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു കയറുമ്പോൾ മുത്ത് ഉണർന്നിരിക്കുമോ എന്നായിരുന്നു ചിന്ത മുഴുവൻ.അവളുടെ മുറിയുടെ വാതിൽ ചാരിയിട്ടേയുള്ളൂ...അടുത്തു ചെന്ന് ആ മുഖത്തേക്കു നോക്കിയിരിക്കുമ്പോൾ ഇരുപത്തഞ്ചു വർഷം മുൻപത്തെ തന്നെ കാണുന്നതു പോലെ...അതേ വാശി,തന്റേടം,അഹങ്കാരം...ചില്ലുപാത്രം എറിഞ്ഞുടയ്ക്കുന്ന ലാഘവത്തോടെ എറിഞ്ഞുകളഞ്ഞ ഭൂതകാലം,ജീവിതം അവളിലൂടെ വീണ്ടും മുന്നിൽ വന്നു നിന്നു കൊഞ്ഞനം കുത്തുകയാണ്...
'മമ്മീടെ മോളല്ലേ ഞാൻ,പെണ്ണിനു ജീവിക്കാൻ ഒരാളുടേം സഹായം വേണ്ട എന്നു ജീവിച്ചുതെളിയിച്ച മൃദുലയുടെ മകൾ...ആ എന്റടുത്താ വരുണിന്റേം ആന്റീടേം ഭരണം....അൺകൾചേർഡ് ഇഡിയറ്റ്സ്...താലി പൊട്ടിച്ചയാൾടെ നേർക്കെറിഞ്ഞിട്ട് ഞാനിങ്ങു പോന്നു മമ്മി...'
എന്തോ നേടിയെടുത്ത ആവേശത്തോടെ മുത്തതു പറയുമ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടി നിൽക്കേണ്ടി വന്നു.അമ്മയുടെ മകൾ...
കണ്ണിനു മുന്നിൽ തെളിഞ്ഞത് അച്ഛന്റെ മുഖമായിരുന്നു.പിണങ്ങിവന്ന മകളെ സമാധാനിപ്പിച്ചു തിരിച്ചയക്കാൻ ആവും വിധം ശ്രമിച്ച അച്ഛൻ ...മകളുടെ അഹങ്കാരം പരിധി വിട്ട നിമിഷത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞ അച്ഛൻ ... ആ വാക്കിൽ കടിച്ചുതൂങ്ങി പിന്നീടൊരിക്കലും തിരികെ വരാതിരുന്ന മകളെയോർത്ത് ഉരുകിനിലച്ചു പോയ ഒരു പാവം ഹൃദയം...
വീണ്ടുമെല്ലാം ആവർത്തിക്കുമോ എന്ന ഭയം...ഒന്നും പറയാതെ അവളെ മുറിയിലേക്കയച്ചു...ആകെ പുകയുന്നതു പോലെ തോന്നി.രണ്ടും കൽപ്പിച്ചാണ് വരുണിനെ വിളിച്ചത്.
ഫോൺ അറ്റൻഡ് ചെയ്തിട്ടും മറുതലയ്ക്കൽ മൗനം കനം തൂങ്ങി നിന്നു.
'വരുൺ'
നിമിഷങ്ങൾക്കു ശേഷമായിരുന്നു മറുപടി
'ആന്റീ'
'എന്തുണ്ടായി വരുൺ?'
'ആന്റീ എനിക്കു വിഷമമുണ്ട്.നിമ വല്ലാതെ വയലന്റായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ അറിയാതെ തല്ലിപ്പോയതാ'
'ഉം...സാരമില്ല വരുൺ.ഞാനവളോട് സംസാരിക്കട്ടെ'
ഫോൺ വെച്ചത് ആശ്വാസത്തോടെയാണ്.ഹരിയോളം വാശിയില്ല വരുണിന്.മുത്തിനെ പറഞ്ഞു മനസ്സിലാക്കിയേ തീരൂ...പക്ഷേ എങ്ങനെ ...അതൊരു ചോദ്യചിഹ്നമായിരുന്നു.അവളെ ഉപദേശിക്കാൻ അർഹതയുണ്ടോ തനിക്ക്?
അച്ഛന്റെ സ്നേഹം നിഷേധിച്ച് ,എല്ലാവരിൽ നിന്നുമകറ്റി പൊതിഞ്ഞുപിടിച്ചു വളർത്തിയ മകൾ...അവൾ മുഖത്തിനു നേരെ വിരൽ ചൂണ്ടിയാൽ...നേരെ നിന്നു ചോദ്യങ്ങൾ ചോദിച്ചാൽ...
ഉള്ളിലൊരു തീക്കാറ്റുയരുന്നത് അനുഭവിച്ചു കൊണ്ട് ഉറങ്ങാനാവാതെയാണ് രാത്രി തള്ളി നീക്കിയത്.
കൈയിൽ ഒരു ചൂടുള്ള സ്പർശം അനുഭവപ്പെട്ടപ്പോഴാണ് നോക്കിയത്.മുത്ത് ഉണർന്ന് തന്നെ നോക്കി കിടക്കുകയാണ്.
'എന്തു തണുപ്പാ മമ്മീടെ കൈയ്ക്ക്...'
'നടന്നു വന്നതിന്റെയാ...മഞ്ഞല്ലേ പുറത്ത്'
അവൾക്കു മുഖം കൊടുക്കാതെ എഴുന്നേൽക്കാൻ ശ്രമിച്ചു.അതോടെ കൈയിലെ പിടുത്തം മുറുകി.വെറുതെ അൽപ്പനേരം നോക്കിക്കിടന്നിട്ട് പതിയെ എഴുന്നേറ്റു അവൾ.
മുഖമാകെ വിളറിയിട്ടുണ്ട്.
നെറ്റിയിലൊന്നു തൊട്ടു
'എന്തു പറ്റി എന്റമ്മൂന്?'
'ഒന്നൂല്ല'
ഒറ്റവാക്കിൽ മറുപടി തന്ന് അവളിറങ്ങി പോയി.
എന്തുകൊണ്ടോ അവളുടെ ഭാവമാറ്റം ആശ്വാസമാണുണ്ടാക്കിയത്.ഒരു മറുചിന്ത അവളിലുണ്ടാവണേ എന്നേറ്റവും ആഗ്രഹിക്കുന്നത് ഞാനാണല്ലോ.
..............
ഭക്ഷണമേശയിലും ഒട്ടും പ്രസരിപ്പില്ലാതെ നുള്ളിപ്പെറുക്കിയിരിക്കുകയാണ് അവൾ.
'നിനക്ക് തിരിച്ചു പോകണമെങ്കിൽ മമ്മിയും കൂടെ വരാം'
അവളെ നോക്കാതെയാണ് പറഞ്ഞത്.എന്തുകൊണ്ടാണ് സ്വന്തം മകളെ അഭിമുഖീകരിക്കാൻ തനിക്കു കഴിയാതെയാവുന്നത്.
'വോട്ട് നോൺസെൻസ് മമ്മീ,ഇഷ്ടമില്ലാത്ത സാഹചര്യങ്ങളോട് അഡ്ജസ്റ്റ് ചെയ്തുതീർക്കാനുള്ളതല്ല എന്റെ ലൈഫ്.
ഐ നീഡ് ടു സേർച്ച് എ ജോബ് '
വാക്കുകളുടെ തനിയാവർത്തനം ... പറയാൻ കരുതിയതൊക്കെയും ഒരു നിമിഷത്തിൽ ശൂന്യമാവുകയായിരുന്നു.
'അല്ലാ ,എന്തോ ഒരു വിഷമമുള്ളതു പോലെ തോന്നി,അതാ...'
സ്വരത്തിൽ വിക്കലുണ്ടായിരുന്നുവോ....എന്തോ അവളത് ശ്രദ്ധിച്ചില്ലെന്നു തോന്നി.
'ഐ ആം നോട്ട് ഫീലിങ്ങ് ഗുഡ്.സം സോർട്ട് ഓഫ് ....അസ്വസ്ഥത...ദാറ്റ്സിറ്റ്'.
അവൾ ആഹാരം മതിയാക്കി എഴുന്നേറ്റു.രണ്ടടി നടന്നതേയുള്ളൂ ,ശബ്ദം കേട്ടു മുഖമുയർത്തിയപ്പോൾ കണ്ടത് നിലത്തു ബോധമറ്റു കിടക്കുന്ന മുത്തിനെയാണ്.
ഒരു നിമിഷം ചുറ്റും ഇരുൾ മൂടുന്നതായി തോന്നി.
ഡോക്ടർക്കു മുന്നിൽ ഇരിക്കുമ്പോഴും ആ ഇരുട്ട് പൂർണ്ണമായി മാറിയിരുന്നില്ല.
'കുട്ടിയുടെ ഹസ്ബന്റ് എവിടെയാ?'
'ഹി ഈസ് നോട്ട് വിത്ത് മി നൗ.എന്താ മാഡം?'
അവളുടെ മുഖത്ത് ധാർഷ്ട്യം.
ഡോക്ടറുടെ മുഖം ഒന്നു മുറുകി.
'യൂ മീൻ ...'
'യാ...വി ആർ തിങ്കിങ്ങ് എബൗട്ട് ഡിവോർസ്'
'ബെറ്റെർ റികൺസിഡർ ഇറ്റ്.യൂ ആർ കാരിയിങ്ങ് നൗ'
തുടർന്നുണ്ടായ വാദപ്രതിവാദങ്ങളൊന്നും കാതുകളിലേക്കെത്തിയില്ല.
മോൾ...അവളൊരമ്മയാവുന്നു...ഞാനൊരു മുത്തശ്ശിയാവുന്നു...സന്തോഷപ്പൂത്തിരിയുടെ നിറം പെട്ടെന്നു മങ്ങി.
വരുൺ...
...........
തിരികെയുള്ള യാത്രയിൽ മനസ്സു പാകപ്പെടുകയായിരുന്നു.അവളെ തിരുത്തിയേ പറ്റൂ...തനിയാവർത്തനങ്ങൾ തടഞ്ഞേ മതിയാകൂ.
'നിമ'
പതിവില്ലാതെ പേരെടുത്ത് വിളിച്ചതിനാലാവണം അവൾ മുഖമുയർത്തി നോക്കി.
'വരുണിനെ വിളിക്കണം.'
'വൈ മമ്മി,ഫോർ വാട്ട്?'
'അവൻ അച്ഛനാവുന്നു എന്ന വാർത്ത അവനറിയണ്ടേ...'
'ഓ...അതിന് ഈ കുഞ്ഞ് വേണോ എന്ന കാര്യം റീതിങ്ക് ചെയ്യുകയാണ് ഞാൻ'
കൈത്തലം അവളുടെ കവിളിലാഞ്ഞു പതിച്ചതിനു ശേഷമാണ് ഞാൻ പോലുമതറിഞ്ഞത്.
'അതിരു കടക്കുന്നു നീ...അവനെ വിളിക്ക്'
അവൾ സ്തബ്ധയായിരുന്നു.ആദ്യമായാണ് താനവളെ തല്ലിയത്.അപ്രതീക്ഷിതമായ അനുഭവം ഒരു ഞെട്ടലായി അവളുടെ കണ്ണിൽ തെളിഞ്ഞു.
പതിയെ ഫോണെടുത്ത് വരുണിന്റെ നമ്പർ തിരയുമ്പോഴും അവിശ്വസനീയതയോടെ ഇടക്കിടെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു.
'നിമ'
'യാ,ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു.ദെ കൺഫേംഡ് ദാറ്റ് ആം പ്രെഗ്നന്റ് '
'നിമ,ആർ യു സീരിയസ്?'
'യാ,അബ്സല്യൂട്ട്ലി'
'വെയ്റ്റ്,ഐ വിൽ ബി ദേർ ഇൻ ആൻ അവർ'
ഫോൺ കട്ട് ചെയ്ത് അവളെന്നെ നോക്കി.
'മമ്മി'
'അർത്ഥശൂന്യമെന്നു കരുതി ഒരിക്കൽ നാം വലിച്ചെറിയുന്നതിനെ ആഗ്രഹിച്ചാലും പിന്നെ തിരികെ കിട്ടില്ല നിമ. ചിലപ്പോഴെങ്കിലും വിട്ടുകൊടുക്കുന്നതാണ് വിജയം.
നിന്റെ കുഞ്ഞിന് അച്ഛനും അമ്മയുമുണ്ടാവണം.അത് മറ്റൊരു നിമയായി വളർന്നു കൂടാ.'
'സോ യു റിഗ്രറ്റ്?'
'യെസ്...ആൻഡ് ഐ ഡോന്റ് വാണ്ട് ഇറ്റ് ടു റിപ്പീറ്റ് ഇൻ യൂ'
'മമ്മി തന്നെയാണോ ഈ പറയുന്നത് ,എന്റെ മനസ്സിലെ ഏറ്റവും ശക്തയായ സ്ത്രീ ഈ നിമിഷം വരെ മമ്മിയായിരുന്നു.ബട്ട്...ബട്ട് യു സ്പോയിൽഡ് ഇറ്റ്'
'ചില ബിംബങ്ങൾ തകരുന്നത് നല്ലതാണ് കുട്ടീ.
അമ്മ ചെയ്തത് തെറ്റായിരുന്നു.നീയുമതാവർത്തിക്കരുത്.'
'യൂ ഹാവ് ഗോൺ നട്ട്സ്'
കയ്പ്പു നിറഞ്ഞൊരു ചിരി തൊണ്ടയിൽ തടഞ്ഞു.
'യൂ ആർ റൈറ്റ് മോളു...പക്ഷേ അതിപ്പോഴല്ല,ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപാണ്.ഒരു നിമിഷത്തെ വാശിക്കു വലിച്ചെറിഞ്ഞു കളഞ്ഞത് എന്റെയും നിന്റെയും സന്തോഷങ്ങളുടെ താക്കോലാണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി.അമ്മ കുഞ്ഞിനു തണലാണെങ്കിൽ അച്ഛൻ വേരുകൾക്കു പടർന്നിറങ്ങാനുള്ള മണ്ണാണ്.നിനക്ക് ഞാനത് നിഷേധിച്ചു.നിന്റെ കുഞ്ഞിന് നീയുമത് നിഷേധിക്കരുത് നിമ'
നിമിഷങ്ങളോളം എന്നെ നോക്കി നിശബ്ദയായി നിന്നിട്ട് അവൾ തിരികെ നടന്നു.മുറിവാതിൽ ശബ്ദത്തോടെ അടഞ്ഞു. .എന്റെ കണ്ണുകളപ്പോൾ വഴിയിലേക്കായിരുന്നു...പ്രതീക്ഷിച്ചത് വരുണിനെ മാത്രവും.
.............
വരുണിനോടൊപ്പം പോകാനിറങ്ങുമ്പോൾ നിമ സന്തോഷവതിയായിരുന്നു.
നിറഞ്ഞ ചിരിയോടെ അരികിലെത്തി ചേർത്തു പിടിച്ചു അവൾ
'സോറി മമ്മി.യെസ്റ്റർഡെ ഞാൻ ഹർട്ട് ചെയ്തെന്നറിയാം...'
അവളുടെ ചിരി നിറഞ്ഞ കണ്ണിലേക്കു നോക്കി വെറുതെയൊന്നു മന്ദഹസിച്ചു.
'സാഹചര്യങ്ങളോട് പൊരുതി ജീവിക്കുക എളുപ്പമല്ല കുട്ടീ,കുടുംബം തണലാണ്.നഷ്ടപ്പെട്ടു കഴിഞ്ഞു മാത്രമേ നാമത് തിരിച്ചറിയുകയുള്ളൂ.അമ്മ നടന്ന വഴികളിലൊക്കെയും പൊരിവെയിലായിരുന്നു.നിവൃത്തിയില്ലാതെ വന്നാലല്ലാതെ ആ വഴി തിരഞ്ഞെടുക്കരുത്'
'നോ മമ്മി...എനിക്ക് മനസ്സിലായി'
കണ്ണിൽ നിന്നു കാർ മറയും വരെയും അവൾ തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു.
ഒരു നീർപ്പാടയുടെ മറവിലൂടെ ഞാനത് നോക്കി നിന്നു.
തലയിണക്കീഴിലിരുന്ന് അപ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരുന്ന ഹരിയോട് ഒരായിരം വട്ടം ചോദിച്ച ചോദ്യം മൗനമായി ഒരിക്കൽ കൂടി ഞാനാവർത്തിച്ചു
'ക്ഷമിക്കാമായിരുന്നില്ലേ ഹരി ...ഒരു വട്ടമെങ്കിലും ഒന്നു തിരികെ വിളിക്കാമായിരുന്നില്ലേ...? '
..........
🖍ദിവിജ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo