
ഫോൺ വിളിച്ച് കഴിഞ്ഞ് ഗുണനം ചിഹ്നമിട്ട് ഏകദേശം ഇരുപതോളം കുറിപ്പുകൾ അലമാരയിൽ നിറഞ്ഞു.
ആ കുറിപ്പുകൾ അടുത്ത ഭാഗ്യാന്വേഷിക്ക് കൈമാറി,
അവരുടെ കൈയ്യിലുള്ളത് ഇങ്ങോട്ടും വാങ്ങി വയസ്സ് ചേരുന്നത് നോക്കി പെണ്ണന്വേഷണത്തിന്റെ ജൈത്രയാത്ര തുടരുന്നതിനിടയിലാണു അധികം ദൂരമില്ലാത്ത ഒരു ഓട്ടോഡ്രൈവറുടെ മകളെ കുറിച്ച് ഒരാൾ പറയുന്നതും അയാളെയും കൂട്ടി അയാളുടെ ബൈക്കിൽ ആ വീട്ടിൽ പെണ്ണുകാണാൻ പോകുന്നതും.
ഞങ്ങളെത്തിയ വീട് കണ്ടപ്പൊ തന്നെ എന്റെ നെഞ്ച് പിടഞ്ഞു.
പുതിയ നല്ല തിളങ്ങുന്ന പെയിന്റൊക്കെ അടിച്ച്, വരാന്തയിൽ പുതിയ മോഡൽ ടൈൽസ് ഇട്ട് സുന്ദരമാക്കിയ ഒരു വീട്.
ബൈക്ക് മുറ്റത്തോളം എത്തിയതിനാൽ എനിക്ക് വേണ്ടാന്ന് പറയാനൊ മുങ്ങാനൊ ഒന്നും സാധിച്ചുമില്ല.
ഞാൻ കൂട്ടിക്കൊണ്ടു പോയ ആളുടെ മുഖത്ത് നോക്കി.
കാര്യം മനസ്സിലാക്കിയ അയാൾ എന്നെ ധൈര്യപ്പെടുത്തി. “പേടിക്കണ്ട നിന്നെ പോലെ ഒക്കെ ഉള്ളവർ തന്നെയാണു, ബാങ്കിൽ നിന്ന് ലോണെടുത്ത് ഇപ്പൊ അടുത്ത് മൊഞ്ചാക്കിയതാണു ഈ പത്രാസൊക്കെ. പേടിക്കാതെ കയറു”
അയാളെന്റെ തോളിൽ തട്ടി ഉമ്മറത്തേക്ക് കയറ്റി.
ഉമ്മറത്തെ മൂലയിൽ ആരുടെയോ ബീഡി തെറുക്കുന്ന മുറം തന്നെ അനാഥമാക്കി അകത്ത് പോയ ഉടമയെ കാത്ത് കിടക്കുന്നുണ്ടായിരുന്നു.
എന്നെ കൂട്ടിപോയ ആളും പെൺ കുട്ടിയുടെ അമ്മയും തമ്മിലുള്ള സംസാരത്തിൽ നിന്ന് എനിക്ക് ബാങ്കിലാണു ജോലി എന്ന് ഇവരെ അറിയിച്ചതായി എനിക്ക് മനസ്സിലായി. അതിന്റെ ഗുണം ഗ്ലാസ്സിൽ കലങ്ങിയ രസ്നയിലും കാണാമായിരുന്നു. രസ്നയും കൂട്ടി മിക്ചർ അകത്താക്കുമ്പോളാണു അകത്ത് നിന്ന് അമ്മയുടെ വിളി
“എന്നാ സുരേഷ....”
“ഓഹ് ശരി” എന്നും പറഞ്ഞ് മൂപ്പർ എന്നെ തോണ്ടി കണ്ണു കൊണ്ട് അകത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു.
വെപ്രാളത്തിൽ മിക്ചറും രസ്നയും കൂടി തൊണ്ടയിൽ കുടുങ്ങി.
ഒന്ന് രണ്ട് വട്ടം ശബ്ദ്മില്ലാതെ ചുമച്ച് കണ്ഠശുദ്ധി വരുത്തി, അകത്തേക്ക് കയറുന്നതിനിടയിൽ ഉയരം കുറഞ്ഞ വാതിൽ പടിയിൽ മോശമല്ലാത്ത രീതിയിൽ തലയും കൊണ്ടിടിച്ചു.
നല്ല വേദന ഉണ്ടായെങ്കിലും മുടി ചീകിയത് മാത്രമേ പോയുള്ളൂ എന്ന വ്യാജേന മുടി കൈകൊണ്ട് മാടി വെക്കുന്നതിനിടയിലാ ആ അമ്മ “എന്താ അവിടെ ശബ്ദം” എന്നും ചോദിച്ച് മുറീലേക്ക് വന്നത്.
എന്റെ കൈ തലയിൽ കണ്ടപ്പൊ തന്നെ അവർ കാര്യം മനസ്സിലാക്കി. “ടൈൽസ് ഇട്ടപ്പൊ പടി ഉയരം കുറഞ്ഞു പോയതാ” എന്നും പറഞ്ഞ് അവർ വീണ്ടും അടുക്കള വാതിലിനു പിന്നിൽ മറഞ്ഞു.
ഞാൻ കുട്ടിയുടെ അടുത്തേക്ക് ചെന്നു.
പേരെന്താണെന്ന് ചോദിച്ചു. പേരു ചോദിച്ചാൽ പിന്നെ വിറയില്ലാതെ ഫോർമാലിറ്റിക്ക് ചോദിക്കാൻ ആകെ അറിയുന്നത് പഠിക്കുന്നത് എന്താണെന്നാണു. അത് ചോദിച്ചപ്പൊ കുട്ടി പറഞ്ഞു “ബി.ബി.എ” ആണെന്ന്. അത് കേട്ടപ്പൊ തന്നെ ഞാൻ കൂടെ വന്ന ആളെ മനസ്സിൽ ഒരു വട്ടം സ്മരിച്ചു.
പ്രീ ഡിഗ്രിക്കപ്പുറം ഏതാ, എന്താന്നറിയാത്ത ഞാൻ അതെന്താണെന്നൊന്നും ചോദിക്കാൻ പോയില്ല.
മെല്ലെ തടി രക്ഷപ്പെടുത്താൻ നോക്കുമ്പോൾ ആണു കുട്ടി എന്നോട് ഇങ്ങോട്ട് “ബാങ്കിലാണല്ലേ” എന്ന് തിളങ്ങുന്ന കണ്ണുമായി ചോദിച്ചത്.
ഞാൻ പറഞ്ഞു
“അതെ ബാങ്കിൽ ബിൽകലക്ടറാണെന്ന്”
“അതെന്ത്"? എന്ന കുട്ടിയുടെ കണ്ണിലെ സംശയത്തിനു ഞാൻ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.
“സൈക്കിളിൽ പോയി പൈസ പിരിച്ച് ബാങ്കിലടക്കുന്ന പണിയാണെന്ന്”
കണ്ണു മിഴിച്ച് തലയാട്ടുന്ന കുട്ടിയെ നോക്കി ഞാൻ പുറത്തിറങ്ങുമ്പൊ കൂടെ വന്ന ആൾ ശബ്ദം കുറച്ച് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു.
“വേണ്ടാത്ത കാര്യോക്കെ പറയണോന്ന്”
ഞാൻ എന്ത് വേണ്ടാത്ത കാര്യാ പറഞ്ഞേന്ന് ആലോചിക്കുമ്പൊളാ അകത്തൊരു കുശുകുശുപ്പും
“കലക്ടറാണെന്ന്” പറഞ്ഞൊരു വായ പൊത്തി ചിരിയും കേട്ടത്.
പതിവ് പോലെ കുറിപ്പും വാങ്ങി ബൈക്കിൽ വരുമ്പൊ ഞാൻ ഓർത്തു.
അവർക്ക് അവരുടെ രസ്ന നഷ്ടം,എനിക്കെന്റെ നെറ്റി മുട്ടിയതും.
വരും വഴി കൂടെ വന്നയാളുടെ കുറെ വഴക്കും. “അടുത്ത് തന്നെ പ്രമോഷനാകും നൊക്കെ പറയുന്നതിനു പകരം.. ആ നിനക്ക് പെണ്ണു കിട്ടിയത് തന്നേന്ന്…”
“കുട്ടി പഠിക്കുന്നത് അറിഞ്ഞപ്പൊ ഞാൻ പിന്നെ"... എന്റെ ബബബ കേട്ടിട്ട് അയാളാ പറഞ്ഞെ
“ഞാൻ വിചാരിച്ചത് പോലെ അത് എം ബി ബി എസ് ഒന്നുമല്ലാന്ന്”
തിരിച്ചിറങ്ങുമ്പൊ കേട്ട ചിരിയിൽ തന്നെ ആ പെണ്ണിനു എന്നെ കെട്ടാൻ യോഗമില്ലാന്ന് മനസ്സിലായെങ്കിലും വീട്ടിലെത്തി വൈകീട്ടായപ്പൊ ഒരു സംശയം. അഥവാ ‘ബിരിയാണി കിട്ടിയാലോന്ന്’.
വിളിച്ചു നോക്കി. മറുപടി പെട്ടെന്നായിരുന്നു. “ഗൾഫുകാരെയേ നോക്കുന്നുള്ളൂ” ന്ന്. സന്തോഷം “ഈ മുന്തിരിക്കും പുളി തന്നെ” എന്നും കരുതി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പൊ, കൈ നീട്ടി നിർത്തിയ ഓട്ടോയിൽ കയറിയപ്പൊളാ ഓട്ടോഡ്രൈവർ പെണ്ണാണെന്ന് മനസ്സിലായത്. എവിടെയോ കണ്ട പരിചയം ഓർത്ത് സംസാരിച്ചപ്പൊൾ തലക്ക് മുകളിലെ ഗ്ലാസ്സിലൂടെ നോക്കി അവളാ ഇങ്ങോട്ട് പറഞ്ഞത്.
“ചേട്ടൻ പണ്ടെന്നെ പെണ്ണു കാണാൻ വന്നിരുന്നൂന്ന്”
കല്യാണം കഴിഞ്ഞാലും പഠിപ്പിക്കും എന്ന് പറഞ്ഞ്, കോഴ്സ് പൂർത്തിയാക്കും മുന്നെ കല്ല്യാണം കഴിച്ച ഗൾഫുകാരൻ പിന്നീട് തിരിച്ച് പോകാത്തതും, അയാൾക്ക് മാത്രം ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത ജീവിതഭാരത്തിന്റെ പകുതിഭാരം അയാൾ രാത്രി ഓടിക്കുന്ന ഈ ഓട്ടോ പകൽ ഓടിച്ച് അവളും പങ്കിടുന്നതൊക്കെ അവൾ പറഞ്ഞപ്പൊൾ, അവളിന്ന് ചെയ്യുന്ന ജോലിയോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും കണ്ടപ്പൊ ഞാൻ മൻസ്സിൽ പറഞ്ഞു ഏതൊരു ജോലിക്കും അതിന്റെ മഹത്വമുണ്ട്. ഏത് ജോലി ചെയ്തും കുടുംബത്തോടൊപ്പം ജീവിക്കാൻ പറ്റുന്നത് തന്നെയാണു ജീവിതത്തിന്റെ പാതി സമ്പാദ്യം.
ഇറങ്ങാറായ സ്ഥലമെത്തി മീറ്ററിൽ നോക്കി പൈസ വാങ്ങുമ്പൊ അവൾ ചോദിച്ചു “ചേട്ടനിപ്പൊ എന്താ ജോലി?”
ഞാൻ പറഞ്ഞു പഴയത് തന്നെ.
“പ്രമോഷനൊന്നും ആയില്ലാല്ലേ”?
“ഇല്ലെന്ന്” ചുമൽ ചലിപ്പിച്ച് പറയുമ്പൊ അവളുടെ ഉള്ളിൽ നിറഞ്ഞ ചെറിയൊരു സന്തോഷം എനിക്കും കൂടി മനസ്സിലാകുന്നുണ്ടായിരുന്നു.
(തുടരും)
✍️ഷാജി എരുവട്ടി..
Read all parts here - https://www.nallezhuth.com/search/label/PennanweshanaPareekshakal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക