Slider

ഉണ്ണിക്കുട്ടി ഏലിയാസ് ബുദ്ധിജീവി

0


ഉണ്ണിക്കുട്ടീടെ വല്യമ്മേടെ വീട്ടില് പുതിയ ടീവി വാങ്ങി.ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സിനിമ കാണാൻ പരിസരത്തുള്ള പെണ്ണുങ്ങളും കുട്ട്യോളും, ചില ആണുങ്ങളും വല്യമ്മേടെ വീട്ടിൽ ഹാജരാകും.
ക്ലോക്കിലെ ചെറിയ സൂചി നാലിന്റെ അടുത്തും, പിന്നെ വലിയ സൂചി ഒമ്പതിലും എത്തുമ്പോൾ ഉണ്ണിക്കുട്ടി വീട്ടിൽനിന്നും ഇറങ്ങിയോടും വല്യമ്മേടെ വീട്ടീലേക്ക്.
കുറച്ചു നേരത്തിനുള്ളിൽ അവിടെ ടീവി വച്ച മുറി ആളോളെ കൊണ്ട് നിറയും. എല്ലാരും തറയിൽ ഓരോന്ന് പറഞ്ഞിരിക്കും.
"നാല് മണിയായി ഉണ്ണിക്കുട്ട്യേ" ന്ന് വല്യമ്മ പറയുമ്പോൾ ഉണ്ണിക്കുട്ടി ഗമയിൽ ടീവി യുടെ പിന്നിലെ ചുമരിലുള്ള സ്വിച്ച് ഓണാക്കും. ടീവി ഓണാക്കുന്നതും ഓഫാക്കുന്നതും ഉണ്ണിക്കുട്ടീടെ ജോലിയാണ്.
അങ്ങനെയൊരു ഞായറാഴ്ച വൈകുന്നേരം ദൂരദർശനിലെ സിനിമ കണ്ടു കഴിഞ്ഞ് തെക്കേപ്പാട്ടെ മണിയനും, അനിയത്തി ചീരൂട്ടീം പിന്നെ ഉണ്ണിക്കുട്ടീം വലിയ ചർച്ചയിലാണ്.
"ന്നാലും, ന്റെ ഉണ്ണിക്കുട്ട്യേ, എങ്ങന്യാ ഇത്രേം ആളോള് ഈ പെട്ടീടെ ഉള്ളിൽ ഉണ്ടാവാ?"
മണിയന്റെ ചോദ്യം കേട്ട് ഉണ്ണിക്കുട്ടി തെല്ലും സംശയമില്ലാതെ മറുപടി പറഞ്ഞു.
"അവരെ, മ്മടെ പോലെയല്ല ,ദേ ഇത്രയും വലുപ്പമേ ഉണ്ടാവുള്ളു. സ്വിച്ച് ഓഫ്‌ ചെയ്തു വച്ചാൽ, പെട്ടിയ്ക്കുള്ളിൽ തേരട്ടോളെ പോലെ ചുരുണ്ടു കിടക്കും. പിന്നെ ഓൺ ആക്കുമ്പോൾ വെളിച്ചം വരില്ലേ, അപ്പോൾ എണീക്കും. മ്മള് രാവിലെ വെളിച്ചം വരുമ്പോൾ എണീക്കില്ലേ, അതുപോലന്നെ !!"
" അതുശരി, അപ്പോ ങ്ങന്യാ ഇവിടത്തെ ടീവി പെട്ടീലുള്ള, അതേ ആളോളെന്നേ കമലമ്മേടേ വീട്ടിലെ ടീവി പെട്ടീലുമുള്ളെ ?"
മണിയന് വീണ്ടും സംശയം.
" അത് പിന്നെ മ്മള് ചെന്താമരാമന്റെ കടേലും രഘുവേട്ടന്റെ കടയിലും ചില്ലു ഭരണീല് ഒരുപോലത്തെ കപ്പലണ്ടി മുട്ടായി ഇല്ലേ?
അത് മാതിരി ഒരേ പോലത്തെ ആളോളെ ആണ് എല്ലാ പെട്ടികളിലും ഇടുക."
ഉണ്ണിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു.
മണിയന് കാര്യം പിടികിട്ടി.
"ശരിയാ.ഈ ഉണ്ണിക്കുട്ടിക്ക് എല്ലാമറിയാം. ഇംഗ്ലീഷ് മീഡിയം ആയതോണ്ടാ. ന്റെ സ്കൂളിൽ ഇതൊന്നും പഠിക്കാനില്ലാട്ടോ. ഉണ്ണിക്കുട്ടി എത്രാം തരത്തിലാ."
മണിയൻ ബഹുമാനപൂർവ്വം ചോദിച്ചു.
"ഞാനേ യൂ ക്കെ ജി ബീയിലാ." ഉണ്ണിക്കുട്ടി പത്രാസിൽ പറഞ്ഞു.
അമ്പോ, ഉ ക്കെ ജി. മണിയന്റെ കണ്ണ് തള്ളി.
യൂണിഫോമും, ബാഡ്‌ജും, ഷൂസും സോക്‌സൊക്കെയിട്ട് ഉണ്ണിക്കുട്ടി സ്കൂളിൽ പോവ്വുന്നതു കാണാൻ തന്നെ ന്തൊരു ശേലാ!!
"ഞാൻ ഒന്നാം തരത്തിലാ. ഇവള് അംഗനവാടീലും."
ചീരൂട്ടിയെ ചൂണ്ടി മണിയൻ പറഞ്ഞു.
"മണിയന് ന്തു സംശയമുണ്ടെങ്കിലും എന്നോട് ചോദിച്ചോളു ട്ടോ. ഞാൻ എല്ലാം പറഞ്ഞു തരാം." ഉണ്ണിക്കുട്ടി വിശാലമനസ്കതയോടെ മണിയനോട് പറഞ്ഞു.
********************************************
വീട്ടിൽ പുതിയ ഫ്ലാറ്റ് ടീവി ഫിറ്റ്‌ ചെയ്യുന്നതിനിടയിൽ മണിയൻ അഥവാ മനുകൃഷ്ണൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
"ന്താ അച്ഛൻ വെറുതെ ചിരിക്കുന്നെ ?" ദേവിക മോൾ അന്തം വിട്ടു.
"എടോ ഉണ്ണിക്കുട്ടി!! തനിക്ക് ഓർമ്മയുണ്ടോ, പണ്ട് ടീവിയ്ക്കുള്ളിലെ ആളോളെ പറ്റി താൻ എനിയ്ക്ക് പറഞ്ഞു തന്നത് ? അത് വിശ്വസിച്ചു കൊണ്ട് എന്റെ ക്ലാസ്സിലെ എല്ലാ കുട്ടികളോടും ഞാൻ ആ കാര്യം പറഞ്ഞു കൊടുത്തിട്ടുമുണ്ട് " മനു സോഫയിലിരിക്കുന്ന ഉണ്ണിമായയുടെ മുഖത്തേക്ക് നോക്കി !!
ഉണ്ണിമായ കുണുങ്ങി ചിരിച്ചു.
ഓർത്തു വയ്ക്കാൻ ചിരിയോർമ്മകൾ ഉള്ള ബാല്യം സത്യത്തിൽ വലിയ ഭാഗ്യം തന്നെ അല്ലേ!!

BY Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo