നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനോളം മകൻ

Image may contain: 1 person, smiling, selfie and closeup

" അമ്മെ ഫീസ് ?" മകൻ മുന്നിൽ വന്നു നിന്നപ്പോൾ ലതിക ഒന്ന് പതറി . ഫീസിനുള്ള പണം മുഴുവനായും ശരിയായിട്ടില്ല .
" രണ്ടു ദിവസത്തിനകം തരാം മോനെ ടീച്ചറിനെ 'അമ്മ വന്നു കാണാം " അവൾ അവന്റ തലയിൽ ഒന്ന് തലോടി
അവൻ വിഷാദത്തോടെ തലയാട്ടി .ഫീസ് അടയ്ക്കാഞ്ഞതിനു ഇന്നലെ ക്ലാസിനു പുറത്തു നിർത്തിയത് അവൻ അമ്മയോട് പറഞ്ഞില്ല. കഴിഞ്ഞ വർഷമായിരുന്നു പൊടുന്നനെ അച്ഛൻ മരിച്ചത് .അച്ഛനുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷം ആയിരുന്നു ഒന്നും അറിഞ്ഞിരുന്നില്ല . അമ്മയ്ക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല .അത് കൊണ്ട് തന്നെ നല്ല ജോലികളൊന്നും ലഭിച്ചില്ല .ഒരു കടയിൽ നിൽക്കുകയാണ് , .അത് കൊണ്ട് അച്ഛന്റെ ആശുപത്രിചിലവുകൾ വരുത്തി വെച്ച കടം കുറേശ്ശേ ആയി തീർത്തു വരുന്നതേയുള്ളു .അവൻ ഓരോന്ന് ആലോചിചു നടന്നു കൊണ്ടിരുന്നു .
ബസിലിരിക്കുമ്പോളും മനസ്സ് പിടിവിട്ടു പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു .കൂടെയുള്ളയാൾ പെട്ടെന്ന് പോയി കഴിയുമ്പോൾ ഉള്ള ശൂന്യത നിറയ്ക്കാൻ മറ്റാർക്കു സാധിക്കും ? എല്ലാം ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടി വരുമ്പോൾ വണ്ടിക്കാളയെ പോലെ കിതച്ചു പോകുകയാണ് ചിലപ്പോളെങ്കിലും .
" ലതികേ " ഒരു വിളിയൊച്ച.ലക്ഷ്മി
ലതിക കൂട്ടുകാരിയെ നോക്കി ഒന്ന് ചിരിച്ചുവെന്നു വരുത്തി .
" എന്താ ലതികേ ?"
ലതികയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ ഇറ്റു വീണു.
" നീ കരയാതെ എന്താ ?"
ലതിക വിങ്ങിപ്പൊട്ടി കാര്യങ്ങൾ പറഞ്ഞു
"ഒന്നുമൊന്നും തികയുന്നില്ല ലക്ഷ്മി .എന്തെങ്കിലും ഒരു വഴി ?"
ലക്ഷ്മി സ്വല്പം ഒന്നാലോചിച്ചു
" ഞാൻ ജോലിക്കു പോകുന്ന ഫ്ലാറ്റിൽ ഒരാളെ ആവശ്യമുണ്ട് നല്ല വീട്ടുകാരാണ് .ഒരു അമ്മയും മോളും പിന്നെ ഒരു മുത്തശ്ശിയും മാത്രമേയുള്ളു .'അമ്മ ജോലിക്കു പോകും മകൾ സ്കൂളിലും പിന്നെയാ മുത്തശ്ശി മാത്രമേയുള്ളു. ദിവസം ഒരു രണ്ടു മണിക്കൂർ പോയാൽ നിനക്ക് ഒരു മുന്നൂറ് രൂപ കിട്ടും ദിവസവും. കടയിൽ നിന്നും നീ നാലു മണിക്കിറങ്ങില്ലേ ?"
"മോൻ അറിഞ്ഞാൽ ?"ലതിക ഇടറിയ ശബ്ദത്തോടെ ചോദിച്ചു
"അറിയുകയൊന്നുമില്ല ഇങ്ങു ടൗണിലല്ലേ ?സത്യത്തിൽ ഞാനാ അവിടെ പൊയ്ക്കൊണ്ടിരുന്നത് .നിനക്കറിയാമല്ലോ മോളുടെ പ്രസവം അടുത്ത് വരുന്നു .ഇനി ഇത് പറ്റില്ല അതാ "
ലതിക തലയാട്ടി .ആ ജോലി ചെയ്‌യുന്നതിൽ അവൾക്കു കുറച്ചിലൊന്നും തോന്നിയില്ല .പകരം ആശ്വാസമാണ് തോന്നിയത് .ദിവസം മുന്നൂറ് രൂപ ഒരു ആശ്വാസം തന്നെയാണ് .
"ഇന്ന് അവരുടെ മോളുടെ പിറന്നാളാണ് .ആ കൊച്ചിന്റെ കുറച്ചു കൂട്ടുകാരൊക്കെ വരും ഭക്ഷണം ഉണ്ടാക്കണം .ഇന്ന് മുതൽ നീയും പോരെ .ഇന്ന് ഞാനുമുണ്ടല്ലോ എല്ലാമൊന്ന് പരിചയമാകുകയും ചെയ്യും "
ലതിക തലയാട്ടി .മോന്റെ ഫീസ് അടയ്ക്കാമല്ലോ .അതാണവൾ ചിന്തിച്ചത്
ലക്ഷ്മിക്ക് പാചകം വളരെ എളുപ്പമായിരുന്നു . സഹായിക്കണ്ട ഉത്തരവാദിത്വമേ ലതികയ്ക്കുണ്ടായിരുന്നുള്ളു
" റെഡി ആയോ ആന്റി ?" മധുരമുള്ള ശബ്ദം .നിലവിളക്കു പോലെ പ്രകാശമുള്ള ഒരു സുന്ദരിക്കുട്ടി .ലതിക ഒന്ന് തലയാട്ടി
"വിളമ്പാൻ ഒന്ന് സഹായിക്കുമോ ആന്റി .'അമ്മ ലേറ്റ് ആകും "കുട്ടി വീണ്ടും പറഞ്ഞു.
"ചെല്ല് ലതികേ ഞാൻ ആകെ മുഷിഞ്ഞു " ലക്ഷ്മി പറഞ്ഞപ്പോൾ ലതിക ഭക്ഷണം കാസറോളുകളിലാക്കി കുട്ടിക്കൊപ്പം ചെന്നു.
ആറോ ഏഴോ കുട്ടികൾ
.എല്ലാവരും യൂണിഫോമിലാണ് .പെട്ടെന്ന് മിന്നൽ പോലെ ആ മുഖം അവളുടെ ഉള്ളിലുടക്കി.അവർ തറഞ്ഞു നിന്ന് പോയി
"തന്റെ മകൻ ..""ഈശ്വര"
അവനും അവളെ കണ്ടു കഴിഞ്ഞു .അവന്റെ മുഖത്ത് സ്തബ്ധത .
" നിന്റെ ആന്റി ആണോ ദേവു ?'ആരോ ചോദിക്കുന്നു
" അല്ല ഹെല്പ് ചെയ്യാൻ വന്ന ആന്റിയാ" കുട്ടി മറുപടി പറയുന്നു
" ഓ സെർവന്റ് ആണോ?എന്റെ വീട്ടിൽ സെവൻറ്സിനെയൊന്നും ഇങ്ങനെ ഗസ്റ്റുകളുടെ മുന്നിൽ വിളമ്പാനൊന്നും മമ്മി സമ്മതിക്കില്ല ." ആ കുട്ടിയുടെ മുഖത്ത് പുച്ഛം
" അതെന്താ അവരും മനുഷ്യരല്ലേ? ആന്റി വിളമ്പു ആന്റി " ദേവു ലതികയോട് പറഞ്ഞു .ലതിക ചിക്കൻ കറി വിളമ്പാൻ തുടങ്ങവേ കുട്ടി പാത്രം നീക്കി പിടിച്ചു .
" വിഷ്ണു നീ ആ ചിക്കൻ കറി ഇങ്ങു വിളമ്പിക്കെ " തന്റെ മകനോടാണ് .
വിഷ്ണു അൽപ നേരം നിശബ്ദനായി ഇരിക്കുന്നത് കണ്ടു . പിന്നെ അവൻ ആ പാത്രം വാങ്ങി ലതികയുടെ നേരെ നീട്ടി
"'അമ്മേ ഇതിൽ കുറച്ചു ചിക്കൻ കറി വിളമ്പു ...."എല്ലാവരും അവനെ നടുക്കത്തോടെ നോക്കുന്നത് ലതിക കണ്ടു .അവരുടെ കണ്ണ് നിറഞ്ഞു തുളുമ്പി .
" എന്റെ അമ്മയാ ഇത് "അവൻ തെല്ലുറക്കെ പറഞ്ഞപ്പോൾ ലതിക വാ പൊത്തി കരച്ചിൽ അടക്കി അടുക്കളയിലേക്കു ഓടി
"അമ്മെ ?'
" ഉം ?"
ബസ് ഓടിക്കൊണ്ടിരിക്കുകയായിരുന്നു .
ലതിക അവന്റ തോളിലേക്കു തലയണച്ച്‌ അനങ്ങാതെ ഇരുന്നു
" എന്താ അമ്മെ എന്നോട് പറയാഞ്ഞത് ?"
"ഇന്നായിരുന്നു മോനെ ആദ്യമായിട്ട്... നിന്റെ ഫീസ് അടയ്ക്കണ്ടേ? വേറെ ഒരു വഴിം കണ്ടില്ല ..എന്റെ മോൻ ക്ഷമിക്കു .. മോന് നാണക്കേടായല്ലേ ?"
" എന്ത് നാണക്കേട് ?അവൻ ചിരിച്ചു .ജോലി ചെയ്യുന്നതെങ്ങനെയാ നാണക്കേടാകുന്നെ ..അച്ഛൻ പറഞ്ഞിട്ടില്ലേ അത് ? സത്യത്തിൽ ഞാൻ അവിടെ ഇന്നു വരാനിരുന്നതല്ല ദേവു ഒത്തിരി നിർബന്ധിച്ചിട്ടാ. സാരോല്ല. ഈ പരീക്ഷകൾ ഒന്ന് കഴിയട്ടെ ..കാലത്തേ പത്രമിടുന്ന ജോലി തരാമെന്നു വിനയേട്ടൻ സമ്മതിച്ചിട്ടുണ്ട് ..."അവൻ ചിരിക്കുന്നു
ലതിക ആ കൈവെള്ളയിൽ അമർത്തി ഉമ്മ വെച്ചു.
" ഞാനില്ലേ അമ്മെ.. അമ്മയ്ക്ക് ..?."അവൻ മെല്ലെ ചോദിച്ചു. ചില ചോദ്യങ്ങളിൽ ഉത്തരങ്ങളും ഉണ്ടാവും.
ലതിക കണ്ണ് നിറഞ്ഞതു മകൻ കാണാതിരിക്കാൻ പുറത്തെ കാഴ്ചകളിലേക്ക് കണ്ണയച്ചു .
അതെ ..അവനുണ്ടാകും ..എന്നും തന്റെ കണ്ണീരൊപ്പാൻ .ഇപ്പോൾ അത് ലതികയ്ക്കു തീർച്ചയായി .അവൾ ദീർഘമായി നിശ്വസിച്ചു.അല്ലെങ്കിലും എല്ലാ വഴികളും ഒന്നിച്ചടയ്ക്കില്ലല്ലോ ദൈവം.

BY Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot