നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാറ്റു മോഹിക്കുന്ന കനലുകൾ (കഥ)

'ഒരിടവേള ,. ശക്തമായൊരു തിരിച്ചുവരവിനായ് ....'
എഫ് ബി യിൽ ഇപ്രകാരം കുറിച്ചിട്ട് ഗീത തന്റെ സിം കാർഡ്
ഡി-ആക്ടിവേറ്റ് ചെയ്തു. ... ചുറ്റും കനക്കുന്ന ഏകാന്തതയെപ്പുണർന്ന് ഒന്നിനോടും സമരസപ്പെടാതെ തന്റെ ലോകത്തിൽ ജീവിക്കണം കുറച്ചു നാളെങ്കിലും .... ആരുമറിയാത്തിടത്തേക്ക് ഒരു യാത്ര ...ഒപ്പം കുറച്ച് എഴുത്തും
എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ വർത്തമാനവ്യഥകൾ പകർത്തുക..... ഒരു ഫീച്ചർ , കുറേ നാളായുള്ള ഒരു ചിന്തയാണ് . ദുരന്തങ്ങൾ സൗകര്യപൂർവ്വം മറക്കുന്ന മലയാളികളെ ഒന്നുകൂടിയോർമ്മപ്പെടുത്താം ....!
വ്രണിത ദാമ്പത്യത്തിൽ പുരട്ടിയ മരുന്നുകൾക്ക് തീവ്രത പോരാഞ്ഞ്, ഒടുവിൽ വേദനാരഹിതമായ മുറിച്ചുമാറ്റലിലൂടെ കണ്ടെത്തിയ ആശ്വാസം ..... അത് നൽകുന്ന സ്വാതന്ത്ര്യം ..
അടക്കി നിർത്തിയ പലതിനേയും തുറന്നു വിടണം ..
ട്രെയിനിന്റെ ചൂളം വിളികൾ തന്റെ പുതുജീവിത കാഹളമായി അവളിൽ നിറഞ്ഞു . സമ്മിശ്രവികാരങ്ങളെ മുഖം നോക്കാതെയേറ്റു വാങ്ങാറുള്ള ജനൽകമ്പികളുടെ മാറിൽ കണ്ണീരിന്റെ ഉപ്പുരസമേറ്റ് അടർന്നപാളികളിൽ അവൾ നിർവ്വികാരമായി മിഴിയൂന്നി.
എവിടെയാണ് തനിക്ക് പിഴച്ചത് ...?
ക്ഷുഭിതയൗവ്വനങ്ങളെ തച്ചുതകർത്ത വർമ്മ സാറിന്റെ മകൾ ... കടലാസുവെച്ചുമറച്ച ജാലകങ്ങളുള്ള, ചോരയുടെയും വിസ്സർജ്യങ്ങളുടേയും ഗന്ധം പേറുന്ന പീഡനമുറികളുടെ തുടർച്ചകൾ സ്വന്തം വീട്ടിലും തേടുന്ന ക്രൂരമായ പോലീസ് മുഖം. വിപ്ലവകാരികൾ എന്നെങ്കിലും തങ്ങളുടെ വീടുവളഞ്ഞ് അച്ഛനെ ബന്ധിയാക്കി മുദ്രാവാക്യം വിളിക്കുമ്പോൾ അവർക്കൊപ്പം ചേരാനായി അവളുടെ മനസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നു. .. കുളത്തിലെ ആഴങ്ങളിൽ ആരും കാണാതെ മുങ്ങിച്ചെന്ന് മുഷ്ടി ചുരുട്ടി
"വിപ്ലവം വിജയിക്കട്ടെ ... നക്സൽ ബാരി സിന്ദാബാദ്.." എന്നു മുഴക്കുമ്പോൾ അവളിൽ വല്ലാത്തൊരാത്മനിർവൃതി നിറഞ്ഞിരുന്നു
ഡിഗ്രിയ്ക്ക് കോഴിക്കോട് പഠിക്കാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ കക്കയം ക്യാമ്പിൽ നിന്നും വിടുതൽ നേടിയ ഒരനുഭൂതിയായിരുന്നു . ...
ട്രെയിൻ ഫറൂഖ് കഴിഞ്ഞ് ചാലിയാറിന്റെ മാറിലൂടെ കുതിക്കുമ്പോൾ അവളുടെ മനസ്സ് പിന്നിലേക്കൊഴുകി.....
" ഉർവ്വരമായ മണ്ണും സുരഭിലമായ വായുവും പിന്നെ മലിനമാകാത്ത ജലാശയങ്ങളും ... ഇത്രയും മതി ഒരു മനുഷ്യന് ...പക്ഷെ ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വം മൂലം കാലങ്ങളായി നമുക്ക് നിഷേധിച്ചുകൊണ്ടിരിക്കുന്നതും ഇതാണ് .. ചാലിയാറിന്റെ അവസാന തുള്ളി ജലം വരെ മലിനമുക്തമാവുന്ന ഒരു പുലരി ..അതുവരെ നമ്മൾ സമരം ചെയ്യും..." അനിരുദ്ധന്റെ വാക്കുകൾ ഗീതയുടെ ശ്രവണപുടങ്ങളിൽ ഇപ്പോഴും മുഴങ്ങുണ്ട് ... ഒന്നാം വർഷ ഡിഗ്രി വിദ്യാത്ഥിനിയായിരിക്കുമ്പോൾ താൻ നേരിൽക്കണ്ട ആദ്യ വിപ്ലവകാരി ... അതേകോളജിലെ അവസാന വർഷ വിദ്യാർത്ഥിയായ അനിരുദ്ധൻ ... അച്ഛൻ പറഞ്ഞു കേട്ട വിപ്ലവകാരികളുടെ ശരീരഭാഷയും ചങ്കൂറ്റവും ... അവന്റെ കണ്ണിലെ അഗ്നി അവളെ അപ്പാടെ വിഴുങ്ങിയിരുന്നു ...
"ഗീതയ്ക്കറിയില്ല... ജനനേന്ദ്രിയത്തിൽ തറച്ച സൂചികൾക്കോ ഗർഭപാത്രത്തിൽ കുത്തിയിറക്കിയ ലാത്തികൾക്കോ തടയാനാവാത്ത വിപ്ലവ വീര്യത്തെ ... പ്രണയമോ സ്നേഹമോ അല്ല വേണ്ടത്, നിവർന്നു നിൽക്കാനുള്ള കരുത്താണ് നമുക്കാവശ്യം ... ഭരണകൂടഭീകരതകൾക്കെതിരെ അഹോരാത്രം സമരം ചെയ്യാനുള്ള ഉൾക്കരുത്ത് ... അതിനപ്പുറമല്ല ഒന്നും ... " തന്റെ മനസ്സിലെ പ്രണയത്തെ നിഷ്ക്കരുണം തള്ളി വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ നെഞ്ചിലേറ്റിയവൻ ....
"ഏട്ടനെ കൊണ്ടുപോവാൻ പോലീസ് വന്നപ്പോൾ കിടപ്പിലായിരുന്ന അമ്മയ്ക്ക് തന്റെ കൈ കൊണ്ട് അവസാനജലം പകർന്ന് പന്ത്രണ്ട് വയസ്സുകാരൻ അനിയനോട് 'വിപ്ലവംവിജയിക്കട്ടെ' എന്ന് ഉറക്കെപ്പറഞ്ഞ്, കക്കയത്തെ ഐബിയുടെ ഇരുട്ടറകൾക്കുള്ളിൽ പോലീസിനെ തന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുകുത്തിച്ച ധീരനായ ഏട്ടന്റെ രക്തമാണ് ഈ സിരകളിലും ... "
"ഹൊ ഒടുക്കത്തെ ഉശിരാ അവന് .. ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായി ഇടികൊണ്ടിട്ടും ഉലക്ക കൊണ്ട് തലങ്ങും വിലങ്ങും ഉരുട്ടിയിട്ടും ഒരക്ഷരം വിട്ടു പറഞ്ഞില്ല. .. ഒടുവിൽ നെഞ്ചിൻ കൂട് തകർന്ന് ചോര തുപ്പിയ അവനെ കയത്തിലേക്ക് തൂക്കിയെറിഞ്ഞു. ... " അച്ഛന്റെ സാഹസിക കഥയിലെ രഘു....
അനിരുദ്ധന്റെ സ്വന്തം ചോര ... പക്ഷെ അന്നവനോട് അത് തുറന്നു പറയാൻ ധൈര്യം തോന്നിയില്ല ... ദുഷ്ടനായ പോലീസുകാരന്റെ മകളോട് അവന് ദേഷ്യം തോന്നിയാലോ ...?
തന്റെ പ്രണയം ശക്തമായ കണ്ണാടിച്ചില്ലിൽത്തട്ടിത്തെറിച്ച പ്രകാശരശ്മി പോലെ വ്യർത്ഥമായെങ്കിലും അവനെ മറക്കാൻ കഴിയുമായിരുന്നില്ല. ..
"പരീക്ഷ നാളെക്കഴിയും ഞാൻ കാസർഗോഡ് പോവുന്നു ... പെരിങ്ങോം സമരത്തിൽ പങ്കെടുക്കാൻ ... നമ്മൾ കണ്ടതിലും ഭീകരമായ അവസ്ഥയാണ് അവിടെ വരാൻ പോവുന്നത് ... ആണവ നിലയം പോലുള്ളവ കേരളത്തിന്റ സാമൂഹിക ആരോഗ്യ മേഖലയിൽ ചെലുത്തുന്ന പ്രത്യാഘാതം അതിഭീകരമാവും ... എതു നിലയിലും അത് തടഞ്ഞേ പറ്റൂ ... ഗീതയെ എനിക്കിഷ്ടമാണ് പക്ഷെ .... നല്ല രീതിയിൽ പഠിച്ച് നല്ല ഒരു വ്യക്തിയായിത്തീരുക ... മറ്റൊന്നും പറയാനില്ല ... എപ്പോഴെങ്കിലും നമ്മൾ വീണ്ടും കണ്ടു മുട്ടിയേക്കാം ...
കത്തിയെരിഞ്ഞ പകലിന്റെ വിടവാങ്ങലിൽ തരിച്ചുനിൽക്കുന്ന സന്ധ്യയെപ്പോലെനിൽക്കാനേ അപ്പോൾ കഴിഞ്ഞുള്ളൂ. ... ആ ചൂടും പ്രകാശവും നൽകിയ നിർവൃതി പക്ഷെ പൂർണ്ണചന്ദ്രനിൽ നിന്നു പോലും തനിക്ക് ലഭിച്ചില്ലെന്ന വസ്തുത ഗീതയെ ഓർമ്മകളിലിൽ നിന്നുണർത്തി ...
ട്രെയിൻ കണ്ണപുരം സ്റ്റേഷനിൽ അതിന്റെ കിതപ്പു മാറ്റുമ്പോൾ മൊറാഴയും കരിവെള്ളൂരും പകർന്ന വിപ്ലവ വീര്യത്തെ ഗീത തന്റെ മനസ്സിലേക്കാവാഹിച്ചു ...
അനിരുദ്ധൻ ഇപ്പോഴെവിടെയാവും ... കീഴാറ്റൂരിന്റെ മാറു പിളർക്കാതിരിക്കാൻ വയൽക്കിളിയായി മാറിയിട്ടുണ്ടാവുമോ ..?
അതോ നവയുഗരാഷ്ട്രീയത്തിന്റെ വക്താവായിട്ടുണ്ടാവുമോ ?അങ്ങനെയെങ്കിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞു കാണണ്ടേ... ഇടയ്ക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സോവിയറ്റു യൂണിയന്റ തകർച്ചയോടെ പെരിങ്ങോമിലെ ആണവ ശ്രമങ്ങൾ കൂടംകുളത്ത് പൂവണിഞ്ഞതോടെ പുതിയ സമരമുഖത്തേക്ക് പോയിട്ടുണ്ടാവും ...
ആ മിഴികളിലെ തീജ്വാലയെ തന്റെ മനസ്സിൽ നിന്നും തുടച്ചുമാറ്റാൻ അച്ഛൻ കണ്ടെത്തിയ വൈറ്റ് കോളറിന് ഒരിക്കലുംസാധിച്ചിരുന്നില്ല എന്ന വസ്തുത അംഗീകരിക്കാൻ വ്യർത്ഥമായദാമ്പത്യത്തിന് വർഷങ്ങളെടുക്കേണ്ടി വന്നു....
യാത്ര ക്ഷീണം നിദ്രയിലലിയിച്ച് പിറ്റേന്ന് കൂട്ടുകാരിയുടെ കാറിൽ എൻമകജെ, കാറഡുക്ക പഞ്ചായത്തുകളിൽ എൻഡോസൾഫാൻ വിതറിയ വിപത്തുകളിലൂടെ, ദുരന്തങ്ങളുടെഭീകരമുഖത്തെ അവളടുത്തറിയുകയായിരുന്നു.
നിവർന്നു നിൽക്കാൻ കരുത്തു നഷ്ടപ്പെട്ട ജനത ....!
കോളനികളിലെ അവസ്ഥ അതിദയനീയമായിരുന്നു. ... പലരേയും കണ്ടു അഭിപ്രായങ്ങൾ കുറിച്ചെടുക്കുന്നതിനിടെ .. പൊരുതിമുന്നേറാൻ ശേഷിക്കുന്നഊർജ്ജമാവാഹിച്ച വിപ്ലവവീര്യത്തെ ഗീത തിരിച്ചറിയുകയായിരുന്നു .... !
" ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ ..? ശൂന്യമെങ്കിലും വീർത്തവയറും അടർന്നിളകിയ തൊലിപ്പുറവും മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂ... മരിച്ചുമരവിച്ച അവരുടെ മനസ്സിന്റെ നൊമ്പരങ്ങൾ ....,അത് മാറ്റാൻ പോലും അധികാര വർഗ്ഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല ..... കഷ്ടപ്പാടും ദുരിതവും ഉള്ളവർക്ക് അതിൽ നിന്നും ശാശ്വതമായൊരു മോചനമില്ല. അധികാരത്തിന്റെ നിറവും പുറംമോടിയും മാത്രമേ മാറുന്നുള്ളൂ. ... അടിയന്തരാവസ്ഥയുടെ ഭീകരത ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും കാണാം "
അവരുടെ കൂടെ ഒരു ചെറിയ കുടിലിന്റെ മെഴുകിയ നിലത്ത് പാദമൂന്നിയപ്പോൾ അവളറിഞ്ഞിരുന്നില്ല ,പെയ്തു തോരാത്ത വിപ്ലവ മഴയിൽ വീണ്ടും നനയാൻ തുടങ്ങുകയാണെന്ന് ...
മെലിഞ്ഞുണങ്ങിയ ശരീരത്തിലും ആ മിഴികളിലെ സ്ഫുലിംഗം അവളെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. നിറം മങ്ങിയ സാരിയും ആടയാഭരണങ്ങളില്ലാത്ത മേനിയും അവരുടെ ഊർജ്ജ പ്രവാഹത്തെ തടഞ്ഞിരുന്നില്ല.
"ഗീതയെന്നല്ലേ പേര് ... വർമ്മ സാറിന്റെ മകൾ ...? "
ഗീത ശരിക്കും വെട്ടി വിയർത്തു ... തന്നെ ... എങ്ങിനെ ...?
"പരിഭ്രമിക്കേണ്ട.... നിങ്ങളെക്കുറിച്ച് എനിക്ക് പലതും അറിയാമെന്ന് കൂട്ടിക്കോളൂ. ... വേട്ടക്കാരനെ ഇരകളുടെ തലമുറകൾ മറക്കില്ലല്ലോ ..? പിന്നെ അനിരുദ്ധൻ പറയാറുണ്ടായിരുന്നു ... "
അനിരുദ്ധൻ ... ! ഗീതയുടെ മിഴികൾ വിടർന്നു ... " എവിടെയുണ്ട് അനിരുദ്ധൻ..? "
"അതറിയില്ല ഇടയ്ക്ക് ഇവിടെ വരും ... ഞങ്ങൾ തമ്മിൽ ഒരു പാട് നാളായുള്ള പരിചയമാണ് ...."
അവർ ഗീതയുടെ മിഴികളിലേക്ക് നോക്കി ..
" ഇനി വരുമ്പോൾ ഞാൻ പറയാം ... അവന് സന്തോഷമാവും ... ആത്യന്തികമായി പരാജയമാണെല്ലോ വിപ്ലവകാരിയുടെ മുതൽക്കൂട്ട്....!
ഗീതയെക്കുറിച്ച് എപ്പോഴും പറയാറുണ്ട് ... ഒരു നഷ്ടബോധത്തിന്റെ ചവർപ്പോടെ..."
ഊഷരമായ കുന്നുകളിൽ സായന്തനശോണിമയിൽ ഹരിതനാമ്പുകൾ
തലയുയർത്താൻ ശ്രമിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു. ... ഏതുനിമിഷവും അടിയന്തരാവസ്ഥയുടെ നവയുഗ ഭാവങ്ങൾ പുത്തൻ പീഢന മുറികൾ പണിഞ്ഞേക്കാമെന്ന ഭീതിയോടെ ഉർവ്വരമായ മണ്ണിനും സുരഭിലമായ വായുവിനും മലിനമാവാത്ത ജലത്തിനും വേണ്ടി ഊക്കോടെ നിവർന്നു നിൽക്കാനുള്ള കരുത്തും പേറി വസന്തത്തിന്റെ പുത്തൻ ഇടിമുഴക്കങ്ങൾക്കായി ....,
ആളിപ്പടരാൻവേണ്ടി കാറ്റിനെ കൊതിക്കുന്ന കനലുകളെപ്പോലെ ...
ഗീത തന്റെ യാത്ര തുടർന്നു ...
______________-___________-_____________
അവസാനിച്ചു.
✍️ശ്രീധർ. ആർ. എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot