നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാപ്പ് കൊണ്ടുണങ്ങാത്ത മുറിവ്

Image may contain: Divija, smiling, closeup and outdoor
...............
കതകു തുറന്നതും ന്യൂസ് പേപ്പർ പറന്നു വന്നു മുഖത്തു വീണു.ഗേറ്റിനപ്പുറത്ത് ചെറുക്കന്റെ സൈക്കിൾ പറന്നകലുന്നു.
ഹോ...നെറ്റി ഒന്നമർത്തി തടവി അവനെ തുറിച്ചു നോക്കി ദേഷ്യം തീർത്തു.

'ഹിമേ...പത്രം വന്നില്ലേ...?'
'ദാ ... വന്നു...'
മഹേഷേട്ടനാണ്.കണ്ണു തിരുമ്മി തുറക്കുമ്പോഴേക്ക് കൈയിൽ പത്രം കിട്ടണം.
കൈയിലിരുന്ന പത്രം വെറുതെ ഒന്നു മറിച്ചു നോക്കി.പ്രധാനവാർത്ത ശബരിമല തന്നെ.ഇന്നും പുതിയ ഒരാക്ടിവിസ്റ്റ് മല കയറാനെത്തുന്നുണ്ട്...

സ്ത്രീസമത്വം ഉറപ്പു വരുത്തിയിട്ടേ ഇവരടങ്ങൂ...ചുളുവിൽ പ്രശസ്തി നേടാനുള്ള നാടകങ്ങൾ.
അലക്ഷ്യമായി പേജുകൾ മറിച്ച് തീർക്കുന്നതോടെ തീരും എന്റെ പത്രവായന.
ഇന്നും പതിവു പോലെ ഒന്നോടിച്ചു നോക്കിയതാണ് ,പക്ഷേ ഉൾപേജുകളിലെവിടെയൊ കണ്ടൊരു ചെറിയ വാർത്തയിൽ കണ്ണുകൾ കൊളുത്തിവലിച്ചു.

പ്രിയജ...
ഇത് അവളുടെ ചിത്രമല്ലേ...
'ഹിമേ...എത്ര നേരമായി നോക്കിയിരിക്കുന്നു.എന്തു ചെയ്യുകയാ നീ?'
അറിയാതെ ഒന്നു നടുങ്ങി . മഹേഷേട്ടനെ ഒന്നു നോക്കിയിട്ട് വീണ്ടും പത്രത്തിലേക്കു നോക്കി.
മരിച്ച നിലയിൽ കാണപ്പെട്ടു...എന്നാണു വാർത്ത.ചിത്രം വ്യക്തമല്ല.എങ്കിലും നല്ല മുഖസാമ്യം .പേരും പ്രിയജ എന്നു തന്നെ.
എന്റെ മുഖം വിവർണ്ണമായതിനാലാവാം മഹേഷേട്ടൻ പത്രത്തിലേക്ക് എത്തിനോക്കി.

'എന്താടോ?'
ഒന്നുമില്ല എന്ന അർത്ഥത്തിലൊന്നു മൂളി പത്രം കൊടുത്തിട്ട് ഞാനകത്തേക്കു കയറി.
പ്രിയജ. ഒന്നു മുതൽ ഏഴു വരെ ഒരേ ക്ളാസിൽ പഠിച്ചിട്ടും ഒരു തവണ മാത്രമേ ഞാനവളോട് സംസാരിച്ചിട്ടുള്ളൂ,
അതാകട്ടെ ഒരായുഷ്കാലം മുഴുവൻ അവളിൽ പഴുത്തു വിങ്ങിയിരിക്കാവുന്ന ഒരു മുറിവുണ്ടാക്കാൻ വേണ്ടി മാത്രം.എത്ര വലിയ പാപമാണ് ചെയ്യുന്നത് എന്ന് അന്ന് തിരിച്ചറിയാതെ പോയി.

മനസ്സിൽ ഉമി കത്തിപ്പടരുന്ന വേദനയോടെ ആ ദിവസം തെളിഞ്ഞു.
ആറാം ക്ളാസിൽ പഠിക്കുന്ന കാലം.സ്കൂൾ യുവജനോത്സവമായിരുന്നു അന്ന്.ഒപ്പനയ്ക്കായി തയ്യാറെടുക്കുകയാണ് ഞങ്ങൾ.
മുണ്ടും ബ്ളൗസുമണിഞ്ഞ് കസവുതട്ടമിട്ട് പുരികക്കൊടികൾ കൂട്ടി വരച്ച് ...ഒരുക്കാൻ അധ്യാപകരും സഹായിക്കുന്നുണ്ട്.സുചിത്രയാണ് മണവാട്ടി...സുന്ദരിയാണ് സുചിത്ര,മനസ്സിൽ ഒരിത്തിരി അസൂയ ഉണ്ടായിരുന്നു.മണവാട്ടിയാകാൻ എനിക്കുമുണ്ടായിരുന്നു ആഗ്രഹം.എവിടെയും മുൻപന്തിയിൽ നിൽക്കണമെന്ന വാശി ജൻമസിദ്ധമായി കിട്ടിയിട്ടുണ്ട് എനിക്ക്.
അത് പരിഗണിക്കപ്പെടാതെ വരുമ്പോൾ അസഹ്യമായ വേദനയും ദേഷ്യവും തോന്നും.അത് മറച്ചുവെക്കുന്നതിൽ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്.

'ഒരുക്കിയിട്ട് അത്ര നന്നായില്ല,മുഖത്ത് കറുപ്പടിക്കുന്നുണ്ട്.നീ ഇരുനിറമല്ലേ അതാ...'
ടീച്ചേഴ്സ് കേൾക്കുമെന്നു പോലും ഗൗനിക്കാതെയാണ് അവളോടത് പറഞ്ഞത്.അവളേക്കാൾ നിറമുണ്ട് എനിക്ക്.അതിന്റെ അഹങ്കാരത്തിൽ നിന്ന് ഉറവെടുത്ത വാക്കുകൾ.ഒരു മാത്ര അവളുടെ മുഖം വാടി.അതു കാണാത്ത മട്ടിൽ അല്പം കൂടി പൗഡർ തട്ടിയിട്ട് ഞാനെന്റെ മുഖം മിനുക്കി.
ഒപ്പന കഴിഞ്ഞു വന്ന് വസ്ത്രം മാറുന്നതിനിടയിലാണ് പെട്ടെന്നൊരു കരച്ചിൽ കേട്ടത് .നോക്കിയപ്പോൾ സുചിത്രയാണ്.അവളുടെ കമ്മൽ കാണുന്നില്ല.അരപ്പവന്റെ കമ്മൽ .മണവാട്ടിയുടെ ജിമുക്കി ഇടാൻ നേരം അഴിച്ചു കടലാസിൽ ചുരുട്ടി ബാഗിൽ വച്ചിരുന്നതാണ്.ഇപ്പോൾ കാണുന്നില്ല.
'നിങ്ങൾ സ്റ്റേജിൽ കയറിയ സമയത്ത് പ്രിയജ ഈ റൂമിൽ കയറുന്നത് കണ്ടു'
ആ നശിച്ച വാക്കുകൾ ആരാണ് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ കഴിയുന്നതേയില്ല.എല്ലാവരും അത് വിശ്വസിച്ചു.കുറ്റക്കാരിക്ക് മെലിഞ്ഞു കറുത്ത് ചുരുളമുടിയുള്ള ഒരു പെൺകുട്ടിയുടെ രൂപം പെട്ടെന്നു തന്നെ വന്നു.അവളെ വിളിച്ചു കൊണ്ടു വരാൻ ടീച്ചർ പറയുന്നതിനു മുൻപു തന്നെ ഓടിക്കഴിഞ്ഞിരുന്നു ഞാനും കീർത്തിയും.അവൾ വീട്ടിലേക്കു പോയി എന്നറിഞ്ഞതും നേരെ അങ്ങോട്ടോടി .മണ്ണു കുഴച്ചുണ്ടാക്കിയ പുല്ലു മേഞ്ഞ ഒറ്റമുറി വീട്ടിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളെ കണ്ടപ്പോൾ സൗഹൃദച്ചിരിക്കു പകരം അങ്കലാപ്പ് മാത്രമേ ആ കണ്ണുകളിൽ ഉണ്ടായിരുന്നുള്ളൂ.
അവൾക്കു മാത്രം മാസാമാസം ഗവൺമെന്റിൽ നിന്നു കിട്ടാറുള്ള പണം വന്നു എന്നറിയിക്കാൻ പ്യൂൺ വരുമ്പോൾ തികഞ്ഞ പുച്ഛത്തോടെ ഒരുമിച്ചു തിരിഞ്ഞുനോക്കാറുള്ളതൊഴിച്ചാൽ സൗഹൃദം കാണിക്കാൻ മാത്രം ആത്മവിശ്വാസം
ഞങ്ങളൊരിക്കലും അവൾക്കനുവദിച്ചിരുന്നില്ല.
ഓരോ കാൽവെക്കുമ്പോഴും ഭയം അവളെ കീഴടക്കുന്നത് കണ്ടറിയാമായിരുന്നു.എത്ര ക്രൂരമായാണ് അന്നു ഞങ്ങളതാസ്വദിച്ചത്....

'നീ സുചിത്രയുടെ കമ്മൽ കണ്ടോ?'
ടീച്ചറുടെ ചോദ്യം
'ഇല്ല ടീച്ചർ'...
കരയാൻ മറന്നു നിൽക്കുന്ന പ്രിയജ
'നീയെന്തിനാ ആ മുറിയിൽ കയറിയത് ?'
'വെറുതെ കയറിയതാ' വിക്കി വിക്കിയുള്ള മറുപടി.
വിചാരണ...ചെയ്യുന്നവർക്കും കാഴ്ച്ചക്കാർക്കും ഏറ്റവും ആസ്വദനീയമായ ഒരു വിനോദമാണത്.ചെയ്യപ്പെടുന്നവർക്ക് മരണതുല്യവും.
ടീച്ചർമാരും കുട്ടികളും കൂടിനിന്നു ചോദ്യം ചെയ്യുകയാണ്.വിങ്ങി വിയർത്ത് ദുർബലമായ പ്രതിരോധം തീർത്ത് കരയാതെ നിന്ന പ്രിയജ.
കൊടുങ്കാറ്റു പോലെയാണ് അവളുടെ അമ്മ സ്റ്റാഫ് റൂമിലേക്ക് കയറിവന്നത്.

അമ്മയെ കണ്ടതും അതു വരെ അടക്കി വെച്ച സങ്കടക്കടൽ മുഴുവൻ അണ പൊട്ടിയൊഴുകിയതു പോലെ അവളാ മാറിലേക്കു വീണു.
'ഞാൻ കട്ടെടുത്തെന്നു പറഞ്ഞമ്മേ...ഞാൻ കട്ടെടുത്തെന്നു പറഞ്ഞു'
മകളെ ചേർത്തടുക്കിപിടിച്ച് അവർ ടീച്ചർമാരോടു കയർത്തു .
'എന്റെ മോളെ വീട്ടിൽ നിന്നു ഒറ്റയ്ക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ നിങ്ങളാരാ,അവൾ കട്ടെടുക്കുന്നതു നിങ്ങൾ കണ്ടോ?'
അഭിമാനത്തിനു മുറിവേൽക്കുമ്പോൾ മാത്രമേ പാർശ്വവൽക്കരിക്കപ്പെട്ട ഒരു പെൺജൻമത്തിന് അത്രയുമുറക്കെ ചോദ്യമുന്നയിക്കാൻ കഴിയൂ എന്ന് അന്നെനിക്കറിയില്ലായിരുന്നു.
സംഗതി പന്തിയല്ലെന്ന തോന്നലിൽ കുട്ടികളോരോരുത്തരായി പിൻവലിഞ്ഞു.കൂട്ടത്തിൽ ഞാനും.
ടീച്ചർമാർ എങ്ങനെയാണവരെ സമാധാനിപ്പിച്ചതെന്നറിയില്ല.അൽപ്പനേരത്തിനു ശേഷം ആലില പോലെ വിറയ്ക്കുന്ന മകളെ നെഞ്ചിൽ ചേർത്തുപിടിച്ചു തന്നെ അവർ അവിടെ നിന്നിറങ്ങിപ്പോയി.
കുറ്റബോധം തൊട്ടു തീണ്ടാത്ത കണ്ണുകളോടെ ഞങ്ങളത് നോക്കിനിന്നു.

രണ്ടു ദിവസത്തിനു ശേഷം ക്ളാസ്റൂമടിച്ചു വാരുന്ന ചവറുകൾ കൊണ്ടിടുന്ന കുഴിക്കരികിൽ ആ കമ്മലുകൾ കിടന്നു തിളങ്ങി.ടീച്ചർമാരത് സുരക്ഷിതമായി സുചിത്രയെ ഏൽപ്പിച്ചു.അവളുടെ കണ്ണിലും ഞങ്ങൾ സുഹൃത്തുക്കളുടെ കണ്ണിലും സന്തോഷാശ്രുക്കൾ തിളങ്ങി.
നിശ്ശബ്ദമായി ഇതെല്ലാം കണ്ടുനിന്ന പ്രിയജ...അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ...?
അറിയില്ല.ആരുമത് ശ്രദ്ധിച്ചതേയില്ല.പ്രിയജ ഒരിക്കലും ശ്രദ്ധ അർഹിച്ചിരുന്ന വിഭാഗത്തിൽ പെട്ടിരുന്നില്ലല്ലോ....

'എന്തു പറ്റിയെടോ...?'
മഹേഷേട്ടനാണ്.നിറഞ്ഞ കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കി.
'മനസ്സു കൊണ്ട് ഒരാളോട് മാപ്പു പറഞ്ഞതാ...ഒരർത്ഥവുമില്ലാത്ത വാക്കാണതെന്ന് അറിയാമെങ്കിലും ....വേറെന്ത് ചെയ്യാനാവും ഇനിയെനിക്ക്....'
.............
🖋ദിവിജ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot