നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റൊമാന്റിക്

Image may contain: 1 person, smiling, selfie and closeup

ഞാൻ റൊമാന്റിക് അല്ലെന്ന്......
"നിങ്ങൾ ഒട്ടും റൊമാന്റിക് അല്ല "
തലേന്ന് തൊട്ടു പണിമുടക്കിലായ എന്റെ ബൈക്കിന്റെ കിക്കെർ അടിച്ചു സ്റ്റാർട്ടാക്കാൻ ശ്രമിച്ചു തളർന്നിരിക്കുന്നു എന്നോട് അവള് പറയുവാ ഞാൻ റൊമാന്റിക് അല്ലെന്ന് ..റൊമാന്റിക് ..അവളുട അമ്മേടെ ..അല്ലേൽ വേണ്ട ആ 'അമ്മ പാവമാണ് .
"മനുഷ്യാ ഞാൻ പറഞ്ഞത് കേട്ടോ ...നിങ്ങളെന്താ ഇങ്ങനെ ?"
"നീ ഈ ബൈക്ക് ഒന്ന് സ്റ്റാർട്ട് ആക്കിത്തന്നെ..ഞാൻ റൊമാന്റിക് ആണോന്നു കാണിച്ചു തരാം "
"ഹോ ചളി. ദൈവമേ നല്ലൊരു കോമെഡി പോലും അറിയാത്തമനുഷ്യൻ ...എന്റെ വിധി "
"നിനക്കൊക്കെ ഈ ചളി മതി .."
"നിങ്ങൾ എന്റെ കൂട്ടുകാരി ഷീബയുടെ ഭർത്താവു സാബു ചേട്ടനെ കണ്ടിട്ടില്ലേ ?"
" ആ പ്ലാസ്റ്റിക് ചിരിയുള്ള ഉണങ്ങിയ കാമദേവനല്ലേ?ആറടി പൊക്കത്തിൽ നീണ്ടിട്ട്, കയ്യിൽ സ്വർണവാച്ച് ഒക്കെ കെട്ടിയ അഴകിയ രാവണൻ. അവനല്ലേ ?"
"അയ്യടാ അസൂയ ..സാബു ചേട്ടൻ ..ഷീബയെ വിളിക്കുന്ന കേൾക്കണം ."..മോളെ "ആ വിളി ...കേൾക്കാൻ തന്നെ എന്ന സുഖമാ "
"അയാള് അയാളുട ഭാര്യയെ മോളെ എന്ന് വിളിക്കുന്നത് കേട്ട് നീയെന്തിനാ സുഖിക്കുന്നെ ?ഞാൻ നിന്നെ വിളിക്കാറുണ്ടല്ലോ മോളെന്നു ?"
"ഉവ്വ ..അതിനിപ്പുറത്തു വേറെ വാക്കൊക്കെ ചേർത്തല്ലേ നിങ്ങള് വിളിക്കുന്നെ ?..സാബു ചേട്ടൻ വിളിക്കുന്നത് കേൾക്കണം ചക്കരെ ..പൊന്നെ ..."എന്നെ നിങ്ങൾ വിളിക്കുന്നതെങ്ങനെയാ " എടി മീനാക്ഷി "ഇങ്ങോട്ടു വാടി കഴുതേ" എന്നൊക്കെ അല്ലെ ?"
"എടി നീ അയലത്തെ അദ്ദേഹം സിനിമ കണ്ടിട്ടുണ്ടോ ?"
"ഓ മതി . എന്ന പറഞ്ഞാലും ആണുങ്ങളുട സ്‌ഥിരം നമ്പർ ആണ് അയലത്തെ അദ്ദേഹത്തിലെ സിദിഖിനെ പോലെ ഭാര്യയെ മോളെ എന്ന് വിളിക്കുന്നവരെല്ലാം ഫ്രോഡ് ആണെന്ന് ..അല്ലാത്തവരും ഉണ്ട് .."
"ആ ഉണ്ടെങ്കിൽ ഉണ്ട് "ഞാൻ പിന്നേം ബൈക്ക് നന്നാക്കാൻ ശ്രമിച്ചു .ഇത് നന്നായി കിട്ടീട്ടു വേണമല്ലോ നമുക്ക് പണിക്കു പോകാൻ .ഇവൾക്ക് ഇത് വല്ലോം അറിയണോ ?റൊമാന്റിക് ആവാൻ നേരോം കാലോം ഒക്കെ ഇല്ലേ ?
"നിങ്ങളുട ഒടുക്കത്തെ ഒരു ബൈക്ക് ..നിർത്തിക്കെ, ഞാൻ പറയുന്നത് കേട്ടേ . നിങ്ങൾക്കെന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടോ മനുഷ്യാ ? ഞാൻ ഈ വീട്ടിൽ കിടന്നു കഷ്ടപ്പെടുവാ ..വൈകിട്ടു വരുമ്പോൾ രണ്ടു പരിപ്പുവട ..അല്ലേൽ വാഴക്കാപ്പം..പോട്ടെ കുറച്ചു മുല്ലപ്പൂ ...നിങ്ങളെനിക്ക് കൊണ്ട് തരാറുണ്ടോ ആ സാബുച്ചേട്ടൻ ദിവസോം പഫ്‌സ്, കട്ലറ്റ്, പിസ.. യോഗം വേണം യോഗം ?'
"ഞാൻ ഗൾഫ്കാരനല്ല.ഒരു സാധാരണ ദിവസകൂലിക്കാരനാ. അല്ല നിനക്കെന്തിനാ മുല്ലപ്പൂ ?നാളെ കല്യണം വല്ലോമുണ്ടോ?'
"എന്റെ ദൈവമേ ..ഇത് പോലും അറിഞ്ഞൂടാ. മുല്ലപ്പൂ റോമൻസിന്റെ സിംപൽ അല്ലെ ?നിങ്ങൾ ആലോചിച്ചേ എന്റെ ഈ മുടിയിൽ മുല്ലപ്പൂ ചൂടി നിങ്ങളുടെ മുന്നിൽ ....."അവളുടെ മുഖത്ത് ഷീല പ്രേംനസീറിനെ കാണുമ്പോളുള്ള ഭാവം
"നിന്റെ ഈ എലിവാൽ പോലുള്ള മുടിയിൽ മുല്ലപ്പൂ വെച്ചിട്ടു ഞാൻ നോക്കുമ്പോൾ പൂക്കടയുടെ മുന്നിൽ നിൽക്കുന്ന ഫീൽ അല്ലെ പൊന്നെ എനിക്ക് കിട്ടത്തുള്ളൂ?റൊമാൻസ് ഉള്ളതും കൂടി പോകും ..അതോണ്ടല്ലേ ഞാൻ വാങ്ങാത്തത്?"
"എന്ന പറഞ്ഞാലും ഒണക്ക ന്യായം ഉണ്ട് ..ഇച്ചിരി വറുത്ത കപ്പലണ്ടി എങ്കിലും മേടിച്ചു കൊണ്ട് തന്നുടെ എനിക്ക് ?'
"കപ്പലണ്ടി ഒക്കെ ഗ്യാസാണെടി"ഞാൻ വീണ്ടും ബൈക്കിൽ തൊട്ടതും അവൾ ഭദ്രകാളിയായി
"ബൈക്കിൽ തൊട്ടാൽ കൊല്ലും ഞാൻ .നിങ്ങൾ ഇതിനെയാണോ മനുഷ്യാ താലി കെട്ടിയത് ?എപ്പോ നോക്കിയാലും അതിനെ തുടച്ചും മിനുക്കിയും ഇരുന്നോണം ..അതിന്റെ പകുതി സ്നേഹം എന്നോടുണ്ടായിരുന്നെങ്കിൽ ..."
"എടി ഇതിനു ജീവനില്ലാടി. ഇതിനെ എന്ത് ചെയ്താലും ഇതെന്നെ
തല്ലുകേല ..നീയോ? നീ എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്നത് എപ്പോളാ എന്നോർത്ത ഞാൻ ജീവിക്കുന്നെ. "
"എന്നിട്ടു ഞാൻ ജയിലിൽ പോയി കിടന്നോളാൻ ..അയ്യടാ .. നിങ്ങള് നോക്കിക്കോ.. ഞാൻ വല്ലോന്റേം കൂടെ പോകും "
"ങേ ?"
"ങ്ങാ"
"ഉറപ്പാണോ "
"ഉറപ്പാ "
ഞാൻ അവളുട എടുത്തു ചെന്ന് നിന്നു വിത്ത് ശോകം...
"സത്യമായും ?"
"ആണെന്ന് "
"ചുമ്മാ ..കൊതിപ്പിക്കുവാ ..ചെയ്യൂല ..ചെയ്യുമോ ?പ്ലീസ് "
അവളെന്നെ ഒറ്റയടി
"നോക്കിക്കോ നിങ്ങള് ഒരു ദിവസം പണി കഴിഞ്ഞു വരുമ്പോൾ ഞാൻ കാണുകേല. എന്റെ പുറകെ നടക്കാനും ആളുണ്ട് ചക്കരെ, തേനേ എന്നൊക്കെ പറഞ്ഞ് "
"ഫേസ് ബുക്കിലല്ലേ? ചുമ്മാതെയാണെടി ..വെറും പറ്റിപ്പ വിശ്വസിക്കേണ്ട ..നീ ലൈവ് ആയി വല്ലോനും ഉണ്ടോന്നു നോക്ക്. ഞാൻ സമ്മതിച്ചു ..പിന്നെ ഒളിച്ചോടേണ്ട .പോലീസ്, കേസ് ...ഞാൻ പിന്നാലെ നടക്കണം ..പറഞ്ഞിട്ട് പോ .."
"ദുഷ്ട ..കാലമാട..!@#$%^ "അവളെന്റെ നേരെ ദേ ഒരു മടൽ എടുത്തു കൊണ്ട് വരുന്നു ..ഞാൻ ഓടി
വൈകുന്നേരം പണി കഴിഞ്ഞു വരുമ്പോൾ അവളില്ല. തിണ്ണയിൽ താക്കോലും ഒരു കടലാസും .
"നിങ്ങൾസമ്മതിച്ചത് കൊണ്ട് ഞാൻ പോകുന്നു .ഇനി പറഞ്ഞില്ല എന്ന് പറയരുത് "
മീനാക്ഷി
ഒറ്റനിമിഷം കൊണ്ട് ഞാൻ തണുത്തു മരവിച്ചു പോയി
അവള് പോയോ? കളി കാര്യമായോ ദൈവമേ !ഇനി പറ്റിക്കാനാണോ. ഞാൻ വീടിനു ചുറ്റും നടന്നു വിളിച്ചു നോക്കി. ഇല്ല
ഞാൻ പടിക്കെട്ടിലിരുന്നു
"ഇത്രേ ഉള്ളായിരുന്നോ ഞാൻ അവൾക്ക് ?'
വാങ്ങിച്ച മുല്ലപ്പൂവും പരിപ്പുവടയും നിലത്തു വെച്ച് ഞാൻ ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ടിരുന്നു .
" കൂയ്"
പിന്നിലൂടെ ചുറ്റിപ്പിടിക്കുന്ന വളയിട്ട രണ്ടു കൈകൾ.
"അപ്പൊ എന്നോട് ഇഷ്ടമുണ്ടല്ലേ ?'അവളുടെ മുഖം... ആ കുസൃതി ചിരി. എന്റെ ജീവൻ വീണത് അപ്പോളാണ്.
"പോടീ മരമാക്രി ...:ഞാൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു
"അയ്യേ ദേ കരഞ്ഞു "
അവളെന്റെ കണ്ണ് തുടച്ചു
"കരയാതെ പിന്നെ .?..നീ പോയാൽ ഞാൻ ഇല്ലെടി പെണ്ണെ .."ചങ്കിൽ തട്ടി പറഞ്ഞതാ ഞാൻ അത്
"സത്യം? "ആ മുഖം ചുവക്കുന്നു
"സത്യം "
'
ഒരു ഉമ്മ കൊടുക്കാൻ ചെന്നപ്പോളേക്കും അവൾ കുതറി .."അയ്യടാ അങ്ങനെയിപ്പോ വേണ്ട "
"എടി റൊമാന്റിക് ആകാൻ എന്നെ അനുവദിക്കൂ ..പ്ലീസ് ..ദേ നീ പറഞ്ഞ മുല്ലപ്പൂ ,നീ പറഞ്ഞ പരിപ്പുവട .."
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് വീടിനകത്തേക്ക് ഓടി
ഞാൻ അങ്ങോട്ട് ചെല്ലട്ടെ
ഇന്ന് ഞാൻ ഈ മുല്ലപ്പൂവും പരിപ്പുവടയും കൊണ്ട് ഒരു താജ് മഹല് പണിയും..
.എന്റെ എല്ലാമെല്ലാമല്ലേ ?എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ? ഞാൻ റൊമാന്റിക് അല്ല പോലും... ഷാജഹാനെ ഞാൻ ഇന്നു തോൽപിക്കും നോക്കിക്കോ. .
അയ്യടാ എന്തോ നോക്കിയിരിക്കുവാ ..ഇനി ഒന്നുമില്ല കഥ തീർന്നു എണീറ്റ് പോയെ .. ...സർവം ശുഭം

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot