നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭൂമിയുടെ/ഭൂമിയിലെ മഹാ നിദ്ര..(ഹാസ്യ കവിത)



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആ രാത്രിയിൽ
എത്ര ഉറങ്ങിയിട്ടും
ഉണർന്നു, വീണ്ടും കിടന്നുറങ്ങിയിട്ടും
നേരം വെളുത്തില്ല.,
ഭൂമിയിലാരും ഉറക്കമുണർന്നില്ല...!
ഒന്നുറങ്ങിഎണീറ്റാലൊന്നും നേരം വെളുക്കില്ലെന്ന
പഴഞ്ചൊല്ലിൽ പതിരില്ലെന്ന്
അന്ന് പലരുമറിഞ്ഞു...
പുലർച്ചെ കോഴി കൂവിയില്ല,
പൈക്കിടാവും കരഞ്ഞില്ല.
ബ്രഹ്മ മുഹൂർത്തം കഴിഞ്ഞിട്ടും
അഭിഷേകം ലഭിക്കാതെ
ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ നിന്നുറങ്ങി..
കണ്ണു തുറക്കാത്ത ദൈവങ്ങൾ എന്ന പരാതി
ആദ്യമായി സത്യമെന്ന് തെളിയിക്കപ്പെട്ടു.!
പടിക്കൽ പത്രക്കാരന്റെ
സൈക്കിൾ ബെല്ലടി മുഴങ്ങിയില്ല.
യഥാർത്ഥ പത്രത്തിന്റെ ശക്തിയുമായി
മാതൃഭൂമിയും,
പുതിയ വായനയും പുതിയ കേരളവുമായി
ദുൽഖർ സൽമാനും, മനോരമയും
വന്നില്ല.
പാല് മതിൽക്കട്ടയിൽ വെച്ചു
പാൽക്കാരൻ മിസ് കോളടിച്ചില്ല.
കേരളത്തിന്‌ കണി കണ്ടുണരാൻ
നന്മയുമായി മിൽമ പാലും വന്നില്ല
നേരം വെളുക്കാത്തതിനാൽ ഉണ്ണിക്കുട്ടൻ
എഴുന്നേറ്റില്ല.
എഴുന്നേൽക്കാഞ്ഞതിനാൽ
പല്ലു തേച്ചില്ല.
പല്ലു തേക്കാത്തതിനാൽ
ബെഡ് കോഫി കുടിച്ചില്ല...
അന്ന്
പഠിക്കാൻ സ്കൂളിൽ പോയില്ല
പഠിപ്പിക്കാനും ആരും വന്നില്ലല്ലോ.. !
കലം കഴുകാതെ,
കഞ്ഞി വെക്കാതെ
അമ്മയും കിടന്നു.
കെട്ടിക്കൊണ്ടു വന്നതിൽപ്പിന്നെ
പതിറ്റാണ്ടുകൾക്ക് ശേഷം
ആദ്യമായി ലഭിച്ച ദീർഘനിദ്ര
അമ്മയും ആഘോഷമാക്കി
പട്ടാളച്ചിട്ടയുള്ള അച്ഛൻ
പുതപ്പിനുള്ളിൽ നിന്നു തല പൊന്തിച്ചില്ല,
ജോലിക്ക് പോയില്ല.
ഓഫിസ് തുറക്കാനും ആരും വന്നില്ലല്ലോ... !
ആറുമണി കഴിഞ്ഞിട്ടും,
മണി ഏഴായിട്ടും പത്തായിട്ടും
റോഡിൽ വണ്ടികളോടിയില്ല..
പകലന്തിയോളം
ഗ്രാമവും നഗരവും ചത്തു കിടന്നു.
ആത്മാർത്ഥമായി കറങ്ങിയിട്ടും
ഘടികാര സൂചികളെയാരും
വിശ്വസിച്ചില്ല.. !!
മോഷ്ടിക്കുവാനായി
രാവേറെ നീട്ടിത്തന്നതിനു
കള്ളന്മാർ
മറഞ്ഞു നിന്ന
സൂര്യനെ സ്തുതിച്ചു കീർത്തനങ്ങൾ പാടി
കൂർക്കം വലികളാൽ സംഭവ ബഹുലമായ
പകലും,
മനസ്സിന്റെ വെള്ളിത്തിരകളിൽ
സിനിമാസ്കോപ്പായി ഓടിയ
മാരത്തോൺ സ്വപ്നങ്ങളുമായി
ഒരു രാത്രിയും പിന്നിട്ട ശേഷം,
വീണ്ടും
ഭൂമിയിൽ കിളികളുണർന്നു
പിന്നാലെ പുലരിയും പിറന്നു.
കലണ്ടറിന്റെ ഒരു കള്ളിക്കു മീതേ
കങ്കാരുക്കളായി പറന്നു ചാടിയ
മൊത്തം മനുഷ്യരോടായി
എഫ് എം റേഡിയോ ജോക്കികൾ
ചോദിച്ചു ;
"Wonderful.... Amazing...
Actually..എന്താണുണ്ടായത്
എങ്ങനെയാണിത് സംഭവിച്ചത്... "
ജിറാഫിനെ പോലെ കഴുത്തുയർത്തി,
സൂര്യനെ നോക്കിക്കൊണ്ട് ശ്രോതാക്കൾ
മൊബൈലിലൂടെ മൊഴിഞ്ഞു
" ഇന്നലെ സൂര്യനുദിച്ചില്ല,
സൂര്യൻ ചതിച്ചതാണ്. "
അതു കേട്ട്
ആകാശത്തിൽ കത്തിക്കയറി നിന്നിരുന്ന
സൂര്യൻ
ഉഗ്ര താപമുള്ള രശ്മികൾ
താഴേക്കയച്ചു കൊണ്ട് പറഞ്ഞു.
"ഉദിച്ചതിൽ പിന്നെ ഒരിക്കലും
ഞാൻ അസ്തമിച്ചിട്ടില്ല.
ഇന്നലെ ഭൂമി സ്വയം ഭ്രമണം നിർത്തിവെച്ചതാണ് "
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഈ മാസം 13ന് ഭൂമി കറങ്ങില്ല എന്ന് ഒരു വാർത്ത കേട്ടപ്പോൾ എഴുതിയത്.
°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot