Slider

സ്നേഹക്കൂട്

0

Image may contain: 1 person, beard

ഇന്നലെകളിൽ തുടങ്ങി, ഇന്ന് പടർന്ന് പന്തലിച്ച് നാളെകളിലേയ്ക്കുള്ള ഈടുവയ്പുകളാകട്ടെയീ സ്നേഹസൗഹൃദക്കൂട്ടായ്മ.
പത്തിരുപത് വർഷത്തിനു ശേഷവും നമ്മളിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ടാവും എന്നറിയില്ല എങ്കിലും അന്ന്
നമ്മൾ അന്നത്തെ 94 ബാച്ചിലെ ബാക്കിയുള്ളവർ
ചേർന്ന് ഒരു സ്നേഹ കൂടുണ്ടാക്കി ഒന്നിച്ചു കഴിയുന്നത് ഒന്നോർത്ത് നോക്കിയേ എന്തു രസമായിരിക്കും. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് ഇരുപതു വയസ്സുള്ള നമ്മൾ എങ്ങിനെ ഒന്നിച്ചു കഴിഞ്ഞു
അതുപോലെ തന്നേയോ, അതോ അതിനേക്കാൾ സ്നേഹത്തോടെയോ ആയിരിക്കില്ലേ നമുക്കന്ന് കഴിയാനാവുന്നത്. എത്ര പക്വതയോടേയാണ് നമ്മൾ ഇപ്പോൾ ഇടപഴകുന്നത്. ഇന്നിപ്പോൾ നമ്മുടെ വിശേഷം പറയലുകളിൽ നമ്മുടെ കുട്ടികൾ,കുടുംബം, ജോലി എല്ലാം നിറഞ്ഞു നിൽക്കുന്നു. പക്ഷെ നാളെ ചിലപ്പോൾ നമ്മുടെ കുട്ടികളുടെ വിശേഷം പറയലുകളിൽ നമ്മളുണ്ടാകുമോ എന്നറിയില്ല. അങ്ങിനെ ഇല്ലാതെ വന്നാൽ നമ്മൾ വിഷമിയ്ക്കണ്ട അവരേയും
കുറ്റം പറയാൻ ആവില്ല.
നമ്മുടെ തലമുറയിൽ നമ്മൾ
കണ്ടിരുന്ന കൂട്ടുകുടുംബത്തിൻ്റെ അവസാന കണ്ണികൾ ആയിരുന്നല്ലോ നാം. അവസാനത്തിനു മുമ്പുള്ള ചില മുനിഞ്ഞുകത്തൽ ബാക്കിയുണ്ടായിരുന്നു. പിന്നീട് നമ്മൾ കണ്ട അണുകുടുംബം. അണുകുടുംബവും നാളെ ചെറുതായി അണു മാത്രമായി മാറും. ഞാനെന്ന അണു മാത്രം ആയി മാറുന്ന അവസ്ഥ. നമ്മുടെ കുട്ടികളേയും നമ്മൾ പഠിപ്പിക്കുന്നത് ആകാശത്തിൻ്റെ അതിരുകൾ ഭേദിച്ചുള്ള അനന്ത സാദ്ധ്യതകൾ തേടാനല്ലേ. അവർക്കും തിരിച്ചു വരാനുള്ള ദൂരം ഓരോ ദിവസവും കൂടി കൊണ്ടിരിക്കുകയല്ലേ. അപ്പോൾ അവരേയും നമുക്ക് കുറ്റം പറയാനാവില്ല.
നമ്മൾ ഇപ്പോൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി എല്ലാ മാസവും ഒരു ചെറിയ തുക നമ്മളിൽ നിന്ന് എടുക്കാം എന്ന് തീരുമാനിച്ചല്ലോ, അതിൻ്റെ കൂടെ നമുക്കു വേണ്ടിയും കൂടെ ചെറുതല്ലാത്ത ഒരു തുക നമുക്ക് മാറ്റി വയ്ക്കാം.
നാളെകളിൽ നമ്മളിൽ ആർക്കെങ്കിലും ഒരു ചികിത്സാ സഹായം ആവശ്യമായി വന്നാൽ അതിനും അതു പോലെ കുഞ്ഞുകുട്ടി പരാധീനങ്ങളെല്ലാം വളർന്ന് പറക്കമുറ്റി പറന്നു പോയി കഴിയുമ്പോൾ കൂടുകളിൽ ഒറ്റയ്ക്കാവുന്ന ലൈഫുമേറ്റുകളും, ക്ലാസ്സ്മേറ്റുകളും ഒന്നിച്ച് കഴിയാൻ പറ്റുന്ന ഒരു വലിയ സ്നേഹക്കൂടൊരുക്കാനും.
ഇന്നത്തെ കളിയും, ചിരിയും, കളിയാക്കലുകളും, സ്നേഹപരിഭവങ്ങളും, പരസ്പരമുള്ള കരുതലും സ്നേഹവും, ഇരുപത്തഞ്ചു വർഷം മുമ്പ് എവിടെ നിർത്തിയോ അവിടെ നിന്ന് പഴയപോലെ ഒഴുകിതുടങ്ങിയ ഒരു നദിയായതു പോലെയങ്ങിനെ തന്നേ അനന്തമായി ഒഴുകുന്ന ഒരൊഴുക്ക്, ഒറ്റപ്പെടലുകളുടെ വേദനകൾ ഇല്ലാതെ എന്നും മനസ്സുകൊണ്ട് യൗവ്വനം നിലനിർത്തിയുള്ള യാത്ര. പരസ്പരം താങ്ങും തണലുമായുള്ള സ്നേഹസൗഹൃദമാകട്ടെ
എന്നുമീ സ്നേഹക്കൂട്.

By Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo