നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീർമാതളം പൂക്കാത്ത കാലം-

Image may contain: Swapna Alexis, smiling, selfie and closeup

-------------------------------------
ആമി എഴുതിത്തീർത്ത ഓൺലൈൻ പേജ് ഒന്നുകൂടി വായിച്ചുനോക്കി. "നീർമാതളം പൂത്ത കാലം". ഒരു അധ്യായം എഴുതിത്തീർത്തിരിക്കുന്നു. ഇനി പോസ്റ്റ് ചെയ്യണം. ടൈപ്പ് ചെയ്ത് ചെയ്ത് തളർന്ന വിരൽത്തുമ്പുകൾ അവർ നീണ്ട് ഇടതൂർന്ന മുടിക്കുള്ളിൽ ഒളിപ്പിച്ചു.
"എനിക്ക് വീണ്ടും ഒരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍
എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം ഉറങ്ങും.
മാന്‍ പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.
വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും
ഒരു മഞ്ചലിലെന്നപോലെ കിടക്കുകയും ചെയ്യും .
എന്റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട്
യാതൊരു സാദൃശ്യവും ഉണ്ടാകില്ല .
ഞാന്‍ സുഗന്ധവാഹികളായ പൂക്കളുടെ ദളങ്ങളും
മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും…"
എഴുതിക്കഴിഞ്ഞ ഏതാനും വരികൾ അവർ ഒരിക്കൽക്കൂടി വായിച്ചു. അല്പം മുൻപ് വരെ പരസ്പരം ചുംബിച്ചുകൊണ്ടിരുന്ന അഴകാർന്ന പുരികക്കൊടികൾ ആലിംഗനത്തിൽ നിന്നും വേർപെട്ട് ഉയർന്നു വളഞ്ഞു.
ആമി നാലപ്പാട്ട് തറവാട്ടിലെ തന്റെ കിടപ്പുമുറിയുടെ ജനലഴികളിൽ മുകളിൽ നിന്നും മൂന്നാമത്തേതിലേക്ക് നോക്കി. അവർ തന്റെ കണ്ണുകൾ തുറന്നുകൊണ്ട് തന്നെ ദൃഷ്ടികേന്ദ്രത്തിൽ പതിവ് കുസൃതി ആരംഭിച്ചു. അവൾ അവനോട് സംസാരിച്ചു തുടങ്ങി. "കുഞ്ഞികൃഷ്ണാ, ഞാൻ നെന്നെയാ നോക്കണേ. നീ ന്റെ കണ്ണില് നോക്കുമ്പോ എന്താ കാണണെ?"
"നീ നോക്കുന്നത് എന്നെയാണ് ആമി, നിന്റെ പ്രിയപ്പെട്ട ജനലഴി ആയ എന്നെ." കുഞ്ഞിക്കൃഷ്ണൻ പതിവ് മറുപടി പറഞ്ഞപ്പോൾ ആമി ഒന്ന് കുലുങ്ങിചിരിച്ചു. "അല്ലാട്ടോ കുഞ്ഞാ, ഞാൻ നോക്ക്യേ മാനത്തെ ചന്ദ്രനെയാ. നെന്നെ നോക്കണ ഭാവത്തില് കൃഷ്ണമണ്യോയോള് കാണണ്ടാവും. ന്നാല് ഞാൻ കണ്ണോൾടെ നടുവില് മനസ്സുകൊണ്ട് മറച്ച് നെന്നെ കാണാതെ ഇരിക്ക്യാ. എന്നാ നെനക്ക് ചുറ്റോള്ളതൊക്കെ നിക്ക് വ്യക്തായിട്ട് കാണാം. നീയ്യ് പിന്നേം വിഡ്ഡി ആയീലോ കുഞ്ഞാ." ആമി ഇളകിയിളകിച്ചിരിച്ചു. കുഞ്ഞനെ തൊടാതെ, പതുങ്ങി ഉള്ളിലേക്ക് വന്ന ഒരു ഇളം കാറ്റ് ആ മുടിച്ചുരുളുകളിൽ അല്പമെടുത്ത് ആമിയുടെ പകുതിക്കാഴ്‌ച മറച്ചു. ആമി ആ മുടിച്ചുരുൾ എടുത്തുമാറ്റാൻ തുനിഞ്ഞതേയില്ല. ചിരിച്ചുകൊണ്ടുതന്നെ അവർ പതിയെ സ്ക്രീനിലേക്ക് മുഖം തിരിച്ചു.

-------------------

ആർ.എ.ജപ്പാൻ ഫേസ്ബുക്ക് തുറന്നു. ഒരുപാട് നോട്ടിഫിക്കേഷൻസ് വന്നിട്ടുണ്ട്. ആദർശകഥാബീജം ഗ്രൂപ്പിൽ ആയിരത്തോളം കഥകളാണ് ഒന്ന് കണ്ണ് തെറ്റിയപ്പോൾ പോസ്റ്റ് ആയിരിക്കുന്നത്. എവിടെ തുടങ്ങണം? ആദ്യം കണ്ണിൽപ്പെട്ടത് ഒരു പ്രത്യേക പേരാണ് "നീർമാതളം പൂത്ത കാലം". എന്തുകൊണ്ടോ ആ പേരിൽ ഉടക്കിയ കൃഷ്ണമണികൾ അത്ര വേഗം പറിച്ചെടുക്കാനാകുന്നില്ല. "ഇത് അവളല്ലേ? ആ ഫെമിനിച്ചി കമല?" ജപ്പാൻ ഒന്ന് ഇരുത്തി മൂളി. കട്ടിലിന്റെ അടിയിൽ ബീയാർഡോ-മുസ്റ്റാഷ് റോൾ ഓണിന് ഒപ്പം ഒളിപ്പിച്ചിരിക്കുന്ന ബ്രൗൺ ചുമ-മരുന്ന് കുപ്പിയിൽ, കരടി നെയ്യും ആവണക്കെണ്ണയും സമാസമം ചേർത്ത മീശവളർത്തൽ മരുന്നിന്റെ ബലത്തിൽ, ആറുമാസം കൊണ്ട് മൂക്കിനടിയിലായി കോടാമ്പക്കത്തും കറാച്ചിയിലുമായി വളർന്നുവന്ന നാല് രോമങ്ങൾ ആ മൂളലിൽ പ്രകമ്പനം കൊണ്ടു.

ജപ്പാൻ പണി തുടങ്ങി. കീബോർഡിന്റെ നിലവിളി ശബ്ദം സ്റ്റീരിയോയിൽ പോസ്റ്റ് മലോണിന്റെ സൈക്കോ ഉയർത്തിയ താളത്തിൽ മുങ്ങിമരിച്ചു.
ജപ്പാൻറെ വിരലുകൾ കുത്തിത്തീർന്ന ചാലുകളിൽക്കൂടി ഒന്ന് ഒഴുകിയാൽ വായിച്ചെടുക്കാവുന്ന സന്ദേശം ഇതായിരുന്നു. "തികച്ചും വികലമായ ഒരു സൃഷ്ടി. ഇതൊക്കെ ഓൺലൈൻ മീഡിയയുടെ ശാപമാണ്. ഇത്തരത്തിൽ ഉള്ള പോസ്റ്റുകൾ അപ്പ്രൂവ് ആകുന്നത് തന്നെ മലയാള സാഹിത്യത്തിന്റെ ദാരുണാന്ത്യം കുറിക്കുന്ന നടപടിയാണ്. ചില വരികൾ വായിച്ചിട്ട് കണ്ണ് കഴുകി ഐ ഡ്രോപ്പ്സ് ഇടേണ്ടി വന്നു. ഏതാനും വരികളെടുത്ത് പറഞ്ഞിട്ട് കാര്യമില്ല ഈ സമ്പൂർണ്ണ പരാജയമായ നോവലിൽ. എങ്കിലും ഏതാനും വരികളെപ്പറ്റി പറയാം. എങ്ങനെയാണ് നക്ഷത്രങ്ങൾക്കിടയിൽ ഉറങ്ങുക? ആകാശത്ത് നിങ്ങൾക്ക് ആരെങ്കിലും കട്ടിൽ പണിത് തരുമോ? മാത്രമല്ല നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ എരിയുന്ന തീക്കട്ടകളാണ്. നിങ്ങളെങ്ങനെ ആ ചൂടത്ത് കിടന്ന് ഉറങ്ങും ഹേ? മാത്രമല്ല, ഈ വരികളിൽ നിങ്ങൾ മലർന്നുകിടക്കുമെന്ന് പറയുന്നു. എവിടെയാണ് മലർന്ന് കിടക്കുക? നദിയിലോ? അണ്ണാക്കിൽ വെള്ളം കേറി ചത്ത് മലക്കും. പിന്നെ മൂന്നിൻറെ അന്ന് കിട്ടുമ്പോ കാണാൻ ഇത്രയ്ക്ക് ഭംഗിയുണ്ടാവില്ല. മേക്കപ്പില്ലാതെ അല്ലെങ്കിലും നിന്നെയൊക്കെ കണ്ടാൽ എന്റെ ഗ്രെഗ് (ഗ്രെഗ് എന്റെ ബുൾ ഹൗണ്ട് ആണ് കേട്ടോ) പോലും വെള്ളം കുടിക്കില്ല. കഷ്ടം"
അരിശം തീരാണ്ട് ആർ എ ജപ്പാൻ തന്റെ ഫേസ്ബുക്ക് വോളിൽ ഈ വിധം കുറിച്ചു.. "കുറച്ച് കുലസ്ത്രീകൾ ഇറങ്ങിയിട്ടുണ്ട്. സാഹിത്യമാണത്രെ സാഹിത്യം. വാരിവലിച്ച് എന്തെങ്കിലും ഛർദ്ദിച്ച് വച്ചാൽ അതെങ്ങനെ സാഹിത്യമാകും? സൃഷ്ടികൾ ഭാഷ കടഞ്ഞെടുക്കുന്ന അമൃതാകണം. ഭാഷയിൽ കലക്കുന്ന വിഷമാകരുത്. ഇന്നൊരെണ്ണത്തിന് കണക്കിന് കൊടുത്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ജപ്പാൻ പൊരുതിക്കൊണ്ടേയിരിക്കും. മലയാള സാഹിത്യത്തിന്റെ കറുത്ത ഇടനാഴികളിലെ മെഴുക്ക് തുടച്ചുനീക്കിയ ശേഷമേ ഞാനെന്റെ തൂലികയ്ക്ക് വിശ്രമം നൽകൂ..." ഒപ്പം ഒരു കിടിലൻ പടവുമങ്ങ് പോസ്റ്റി.
ഇത്രയൊക്കെ ചെയ്തിട്ടും കലിയടങ്ങാതെ ജപ്പാൻ ചുരുട്ടിക്കൂട്ടി മൂലയ്ക്കെറിഞ്ഞിരുന്ന രണ്ടാമൂഴത്തിന്റെ കോപ്പി ആയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. അറിയട്ടെ എം ടി, ജപ്പാൻ ആരാണെന്ന്.. ഹല്ല..

ഇത്രയും പോസ്റ്റ് ചെയ്ത ശേഷമാണ് വാതിലിൽ തുടരെയുള്ള മുട്ടുകൾ ജപ്പാൻ ശ്രദ്ധിച്ചത്. "എടാ നാശം പിടിച്ചവനേ, നീ തോറ്റ് തൊപ്പിയിട്ട മലയാളം പേപ്പറിന്റെ പുനഃപരീക്ഷ ഇന്നല്ലേ? വേഗം വന്ന് വല്ലതും വലിച്ച് കേറ്റിയിട്ട് കോളേജിൽ പോകാൻ നോക്ക്." എന്ന അമ്മയുടെ അശരീരി കേട്ട് അഴയിൽ കിടന്ന ഒരുമാസമായി കഴുകാത്ത ജീൻസിൽ വല്ലവിധവും കയറിക്കൂടി തീന്മുറിയിലേക്ക് നടക്കുന്നതിനിടയിൽ ജപ്പാൻ വിളിച്ച് ചോദിച്ചു "മമ്മാ, ഹോർലിക്സ് ഉണ്ടോ?" അതിന് മറുപടിയായി വായുവിലൂടെ പറന്നുവന്ന ചട്ടുകത്തിൽ നിന്നും ഒഴിഞ്ഞ് ഇടത്ത് മാറി വലത്തമർന്നു ജപ്പാൻ കയ്യിൽക്കിട്ടിയ പുഴുങ്ങിയ പഴവുമായി പുറത്തേക്ക് കുതിച്ചു.
-------------------------
ആ സമയം ആമി ഡിലീറ്റ് ബട്ടണിൽ വിരലമർത്തി. നീർമാതളം ഒരു വലിയ തെറ്റായിരുന്നു. വേണ്ടിയിരുന്നില്ല. ഇനി ആമി എഴുതില്ല. ഒരിക്കലും. ഭാഷയിൽ വിഷം കലക്കുക! ഭാഷയെ, അക്ഷരങ്ങളെ എത്രയധികം താൻ സ്നേഹിക്കുന്നു. അവയോട് ചെയ്ത അപരാധത്തിന് ആരോടാണ് മാപ്പ് ചോദിക്കുക? കണ്ണുകളിൽ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന വേദനയുടെ നനവ് ഒഴുകിയിറങ്ങും മുൻപ് അവർ ലാപ്ടോപ്പ് അടച്ചുവച്ചു.
-----------------------------
നീർമാതളം പിന്നെ പൂത്തതേയില്ല..
(അവസാനിച്ചു)

Swapna Alexis
--------------------------------
#അടിക്കുറിപ്പ്: ആർ എ ജപ്പാന് പരീക്ഷയിൽ ലഭിച്ച ഇരുപത് മാർക്കിന്റെ ചോദ്യം ഇതായിരുന്നു: "സാഹിത്യത്തിലെ തളിരിടുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ഈ ഇന്റർനെറ്റ് യുഗത്തിൽ നമുക്ക് ചെയ്യാനാകുന്നത് എന്തെല്ലാം? രണ്ട് പുറത്തിൽ കവിയാതെ ഉപന്യസിക്കുക

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot