നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പെണ്ണന്വേഷണ പരീക്ഷകൾ - Final Part

Image may contain: 1 person, sitting, sunglasses and closeup
(അവസാനഭാഗം)
••••••••••••••••••••••••••••••••••••••••
ആ കർക്കിടകമാസവും ഡബിൾകോട്ട്‌ കട്ടിലിലെ വീതിയേറിയ പുതപ്പിന്റെ ഒരു മൂലയിൽ ചുരുണ്ട്‌ കൂടി, തലയണയെ ഇറുകെ പുണർന്ന്, സിൽക്ക്‌ സ്മിതയെയും സ്വപ്നം കണ്ട്‌, സ്വപ്നത്തെ ഇടക്ക്‌ ഭംഗം വരുത്തുന്ന പുറത്തെ ചാറ്റൽ മഴയോടും ജാലകത്തിലൂടെ അരിച്ചെത്തുന്ന തണുപ്പിനോടും പരിഭവം പറഞ്ഞ്‌ ഞാൻ തള്ളിവിട്ടു,
കളർ മങ്ങാത്ത വാറണ്ടിയുണ്ടെന്ന് പറഞ്ഞ പെയിന്റ്‌ പോലെ എന്റെ വിവാഹസ്വപ്നങ്ങളും മങ്ങിതുടങ്ങി.
കാട്ടുമരത്തിന്റെ ഉടവുകളിൽ ചിതലുകൾ വന്നു തുടങ്ങി, അവയെ തിന്നാൻ വരുന്ന അണ്ണാറക്കണ്ണന്മാർ തലക്ക്‌ മുകളിലെ കഴുക്കോലിലിരുന്ന് “ഇച്ച്യടി ഇച്ച്യടി”
എന്ന് എന്നെ നോക്കി തമാശയാക്കിക്കൊണ്ടിരുന്നു.
അതൊക്കെയും തൃണവൽഗണിച്ച്‌, ഇതുവരെയുള്ള ജീവിതത്തിനു മുന്നിൽ തോറ്റിട്ടില്ലെന്ന് വീമ്പടിച്ച്‌ നടക്കുന്ന ഞാൻ ഒരു പീറക്കല്ല്യാണത്തിനു മുന്നിൽ തോൽക്കില്ലെന്ന് മുഷ്ടി ചുരുട്ടി ദൃഢനിശ്ചയം ഇടക്കിടക്ക്‌ പുതുക്കിക്കൊണ്ടിരുന്നു.
നല്ല വേഷത്തിൽ എവിടേക്കിറങ്ങിയാലും “ പെണ്ണു കാണാനാണോ, ഒന്നും ശരിയായില്ല ഇല്ല്യോ”എന്നും,
ചില കൂടിയ ഇനങ്ങൾ “ഇന്ന് ഏത്‌ ജില്ലയിലാ പര്യടനം” എന്ന് വരെയുമുള്ള നെഞ്ചിൽ കുത്തുന്ന സ്ഥിരം ചോദ്യങ്ങളേറ്റു വാങ്ങി ഇരുചെവിക്ക്‌ പോലും ശീലമായി തുടങ്ങി.
ഈ കർക്കിടകത്തെയൊന്നും ഞാൻ വക വച്ചില്ല, ഈ കർക്കിടകത്തിൽ ശരിയായാൽ ചിങ്ങത്തിൽ ഓണത്തിനു മുമ്പെയെങ്കിലും നടന്നില്ലെങ്കിൽ, പെയിന്റ്‌ മാറ്റി അടിക്കേണ്ടി വരും എന്ന ചിന്തയും എന്നെ കർമ്മനിരതനാക്കി.
എന്റെ വിവാഹസ്വപ്നങ്ങളുടെ ലാളിത്യവും, ജോലിയോടുള്ള ആത്മാർത്ഥതയും അറിയുന്ന ഒരു സുഹൃത്ത്‌ വഴി അറിഞ്ഞാണു ഈ പെണ്ണിനെ കാണാൻ പോയത്‌.
ഞായറാഴ്ച ദിവസം, ഞങ്ങൾ ലേറ്റായിട്ട്‌ ഞങ്ങളേക്കാൾ മുന്നെ ആരെങ്കിലും വന്ന് "ഈ പെണ്ണിനെ ശരിയാക്കി ഞങ്ങൾ ശശിയാകണ്ട” എന്ന് കരുതി ഏകദേശം ഒമ്പത്‌ മണി ആയ ഉടനെ തന്നെ ഞങ്ങൾ സംഭവസ്ഥലത്തെത്തി.
എത്തിയ രണ്ട്‌നില വീട്‌ കണ്ട്‌ വീണ്ടും ഞെട്ടിയെങ്കിലും ഇതല്ല ഇതിന്റെ പിന്നിലെ ആണെന്ന് പറഞ്ഞ്‌ കൂടെ വന്നവൻ കണ്ണുരുട്ടി.
ആ വീടിന്റെ മുറ്റത്ത്‌ കൂടി പോകുന്ന വഴിയിൽ ഉമ്മറത്തിരിക്കുന്ന കാരണവരോട്‌ കുശലം പറഞ്ഞ്‌ വീട്‌ പിന്നിൽ തന്നെ അല്ലേ ഉറപ്പാക്കുന്നതിനിടയിൽ,
“പെണ്ണു കാലത്ത്‌ എണീറ്റ്‌ മൂത്രോയിക്കാൻ വരെ പോയിട്ടുണ്ടാവില്ലല്ലോഡാ" എന്ന് ആ കിളവൻ ചോദിച്ചതായി തോന്നിയെങ്കിലും
“നാരായണന്റെ മോളെല്ലേ, പിന്നിലെ തറവാട്ടിലാണു” എന്നാണെന്ന് വീണ്ടും പറഞ്ഞ്‌ ഉറപ്പിച്ച്‌ ബോധ്യമാക്കി തന്നു.
വീടിന്റെ പിന്നിലെത്തുമ്പോൾ ഒരു പാവാടക്കാരി ഇരുന്ന് പാത്രം മോറുന്നത്‌ കണ്ട്‌ ഞാൻ മുരടനക്കി. അവൾ എഴുന്നേറ്റ്‌ മാറി നിന്ന് തന്നു.
പിന്നിലെ വീടിന്റെ ഉമ്മറത്ത്‌ ആരും ഇല്ല,
വീട്‌ കണ്ടപ്പൊ അവൻ എന്നോട്‌ ആംഗ്യം കാണിച്ചു “മുങ്ങിയാലോ” ന്ന് ഞാൻ കണ്ണടച്ച്‌ കാണിച്ചു “നോ പ്രോബ്ലം” ന്ന്.
പഴയ വീട്‌, ചുമർ തേച്ച കുമ്മായം അടർന്ന് വീണ വൃത്തിഹീനമായ ഉമ്മറത്തിന്റെ ഒരു ഭാഗം മഴയിൽ ഇടിഞ്ഞ്‌ താഴോട്ട്‌ പോയിട്ടുണ്ട്‌. അത്‌ ഉമ്മറത്തെ ഓലഞാലിയെ നല്ല വണ്ണം താഴേക്ക്‌ എത്തിച്ചിട്ടുണ്ട്‌. “നാരാണേട്ടാ” എന്നും വിളിച്ച്‌ നടു വളച്ച്‌ മുന്നിൽ ഉമ്മറത്ത്‌ കയറിയ അവന്റെ പിന്നാലെ അതിനേക്കാൾ കുനിഞ്ഞ്‌ ഞാനും കയറി. വിളി കേട്ട്‌ വളരെ പ്രായം ചെന്ന ഒരു കട്ടിക്കണ്ണട വച്ചിട്ടും കൃത്യമായ കാഴ്ച ഇല്ലാ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്ന ആൾ ഉമ്മറത്തേക്ക്‌ ഇറങ്ങി വന്നു. കുട്ടിയുടെ അപ്പൂപ്പനായിരിക്കും എന്ന് ഞങ്ങൾ ഉറപ്പിച്ചു. അയാൾ അകത്തേക്ക്‌ ഒരു സ്ത്രീയുടെ പേർ നീട്ടി വിളിച്ച്‌ ഇരിക്കാൻ സ്റ്റൂൾ എടുക്കാൻ പറഞ്ഞു. സ്റ്റൂളുമായി പ്രായം ചെന്ന ഒരു സ്ത്രീ പുറത്തേക്ക്‌ വന്നു. ഞങ്ങൾക്ക്‌ പിന്നാലെ അടുക്കള വശത്തേക്ക്‌ ഒരു പാവാടക്കാരി ഓടിമറയുന്നത്‌ കണ്ട ഞങ്ങൾക്ക്‌ കുട്ടിയെയും മനസ്സിലായി.
വാതിൽ പടിക്ക്‌ പിറകിൽ നിൽക്കുന്ന അവളോട്‌ സംസാരിക്കുമ്പൊൾ അവളുടെ കണ്ണുകളിൽ വല്ലാത്ത ഒരു നിരാശയോ, വിഷാദമോ, ഒറ്റപ്പെടലോ എന്തൊക്കെയോ വായിക്കാൻ പറ്റുന്നുണ്ടായിരുന്നു.
ചായ കുടിക്കാൻ മര്യാദയുടെ പേരിൽ പറഞ്ഞെങ്കിലും അതേ മര്യാദയോടെ നിരസിച്ച്‌ കുറിപ്പും വാങ്ങി ഞങ്ങൾ ഇറങ്ങി.
വൈകുന്നേരം വിളിച്ച്‌ “ചെക്കന്റെ അമ്മാവനായി” സംസാരിച്ച്,‌ കുട്ടിയെ ഇഷ്ടമായെന്നും, കുറിപ്പുകൾ തമ്മിൽ ചേർച്ച ഉണ്ടെന്നും, ചെക്കന്റെ വീട്ടുകാർക്ക്‌ പെണ്ണിനെ കാണാൻ താൽപര്യമുണ്ടെന്നും അറിയിക്കുകയും അടുത്ത ഞായറാഴ്ച
അങ്ങോട്ട്‌ വന്ന് കാണാൻ ചോദിച്ച അനുവാദത്തിനു അങ്ങേത്തലക്കൽ നിന്ന് വന്നോളാൻ മറുപടിയും കിട്ടി.
സാധരണയുള്ള രഹസാന്വേഷണത്തിൽ നിന്നും ആ വൃദ്ധർ തന്നെയാണു കുട്ടിയുടെ മാതാപിതാക്കളെന്നും വളരെ വൈകി കല്ല്യാണം കഴിച്ച അവർക്ക്‌ അതിലും വൈകി കിട്ടിയ ഒറ്റ മകളാണു ഇതെന്നും മനസ്സിലായി. അന്വേഷണത്തിനേർപ്പാടാക്കിയ ആൾ ഇതിലെ “ഹൈലറ്റും” പറഞ്ഞ്‌ തന്നു. ചാരായം വാറ്റാണു ഭാവി അമ്മായിയപ്പന്റെ തൊഴിൽ.
ഇതൊന്നും എന്നെ കുലുക്കിയില്ല.
ആ വീട്ടിൽ ആ മാതാപിതാക്കളുടെ മകളായി ജനിച്ചതൊന്നും ആ കുട്ടിയുടെ കുറ്റം കൊണ്ടല്ല,
ഞാൻ കുട്ടിയെ മാത്രമാണു വിവാഹം കഴിക്കുന്നത്‌, വിവാഹം കഴിഞ്ഞാൽ കുട്ടി എന്റെ വീട്ടിലാണു താമസിക്കുക, അവളെ പോറ്റാനുള്ള കൈമുതലും അദ്ധ്വാനവും എന്റെ പക്കലുണ്ട്‌.
മറ്റൊന്നിനും ചെവി കൊടുക്കാതെ ഞായറാഴ്ച അമ്മയും പെങ്ങളും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ഉൾപ്പെടെ അഞ്ചെട്ട്‌ ആളുകളെ പെണ്ണിന്റെ വീട്‌ കാണാൻ വേണ്ടി ഞാൻ കയറ്റി വിട്ടു.
അവരുടെ അഭിപ്രായം പ്രതീക്ഷിച്ചതാണെങ്കിലും പെങ്ങളുടെ അഭിപ്രായം അതിരു വിട്ടതായി പോയി. “ആദർശം നല്ലതാ, തലക്ക്‌ പിടിച്ച്‌ വട്ടാകരുത്‌, ഒന്നിച്ച്‌ നടക്കുമ്പൊ എന്തെങ്കിലും ചേർച്ച ഉള്ള ഒന്നിനെ എവിടുന്നെങ്കിലും കിട്ടും ഇത്‌ ഒഴിവാക്കാൻ".
ആരുടെയും ഒരു വാക്കിനും ഞാൻ ചെവി കൊടുത്തില്ല.
“ഇത്‌ മതിയെന്നും കെട്ടുന്നത്‌ ഞാനാണെന്നും” വലിയ വായിൽ താക്കീത്‌ കൊടുത്ത്‌ ഞാൻ കട്ടക്ക്‌ നിൽക്കുമ്പോളാണു
“ന്റെ മുത്തപ്പാ ഈ മാരണത്തെ ന്റെ വീട്ടിൽ കേറ്റാണ്ട്‌ ഒഴിവാക്കി തന്നാൽ പറശ്ശിനിയിൽ വന്നൊരു വെള്ളാട്ടം കൈയ്പ്പിച്ചോളാമേ”
തിരിഞ്ഞ്‌ നോക്കുമ്പൊ അമ്മ കൈരണ്ടും കൂപ്പി കണ്ണടച്ച്‌ പ്രാർത്ഥിക്കുകയാണു.
“എന്നാ നോക്കാലോ മുത്തപ്പനാണോ ഞാനാണോ കെട്ടുന്നേന്ന്,” ഞാനും തലയാട്ടി.
രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു ദിവസം ജോലിക്കിടയിൽ അമ്മയുടെ കോൾ മൊബൈലിൽ. എടുത്ത്‌ നോക്കിയപ്പൊ മൂന്നാലാളുകൾ കാണാൻ വീട്ടിൽ വന്നിരിക്കുന്നൂന്നറിഞ്ഞ്‌ "ഇതാരപ്പാ വീട്ടിൽ അന്വേഷിച്ച്‌ വന്നേന്നറിയാൻ" ബൈക്ക്‌ ഒരു അറുപതിൽ കൊടുത്ത്‌ പത്ത്‌ മിനുട്ടിനുള്ളിൽ വീട്ടിലെത്തിയപ്പൊ ഇറയം കല്ലിൽ മൂന്നാലു ഷൂസ്‌, അതിൽ രണ്ടെണ്ണം ബ്രൗൺ നിറത്തിൽ കണ്ടപ്പൊ തന്നെ എന്റെ ഉള്ളം കത്തി.
പഴയ കേസ്സിൽ പൊക്കാൻ വേണ്ടി മഫ്തിയിൽ വന്ന പോലീസുകാർ ആകുമെന്ന് ഞാൻ ഉറപ്പിച്ചു. മുറ്റത്തിറക്കിയ ബൈക്ക്‌ തിരിക്കാൻ സ്ഥലമില്ലാത്തതിനാൽ ഏതായാലും പെട്ടു, ഉച്ചഭക്ഷണം വല്ലതും കഴിച്ച്‌ 'പിടി കൊടുക്കാം' എന്ന് കരുതി ഞാൻ ഉമ്മറത്ത്‌ കയറി കൈ രണ്ടും കൂട്ടിപിടിച്ച്‌ ഉമ്മറത്തിണ്ണയിൽ ഇരുന്നു. അപ്പൊളാ അതിലൊരാൾ പരിചയപ്പെടുത്തിയെ ഞങ്ങൾ
“ധന്യയുടെ അമ്മാവന്മാരാണു."
"ഏതാപ്പാ ധന്യ…”
അപ്പൊളാ ലാസ്റ്റ്‌ കണ്ട പെണ്ണിന്റെ പേരു 'ധന്യയല്ലേ' എന്ന് ഓർത്തത്‌.
പെട്ടെന്ന് തിണ്ണയിൽ നിന്ന് എഴുന്നേറ്റ്‌ നിന്ന് ഞാൻ കല്ല്യാണചെക്കന്റെ മസ്സിൽ വിടർത്തി.
“ഇത്‌ കൂത്തുപറമ്പ്‌ എസ്‌ ഐ ആണു, ഞാൻ എ എസ്‌ ഐ, ഇത്‌… കൂട്ടത്തിൽ മൂത്തയാൾ പരിചയപ്പെടുത്തി.
വന്ന നാലു അമ്മാവന്മാരും പോലീസുകാർ.
പരിചയപ്പെടുത്തൽ കേട്ടപ്പൊ തന്നെ മസിൽ വീണ്ടും ചുരുങ്ങി.
അപ്പൊളേക്കും അമ്മ നാലു ഗ്ലാസ്സിൽ കട്ടൻചായയുമായി ഉമ്മറത്തേക്ക്‌ വന്നു.
പെണ്ണിനോടുള്ള ദേഷ്യം കൊണ്ടാകും എന്ന് കരുതി കണ്ണുരുട്ടി “പാലില്ലേ” എന്ന് ചോദിച്ചപ്പോൾ
“അവർക്ക്‌ ഗൊളസ്രോൾ” ഉണ്ട്‌ പോലും എന്ന് അമ്മ.
കട്ടനും കുടിച്ച്‌ കൊണ്ട്‌ അവർ എന്റെ ജോലിയും മറ്റുമടക്കം ഇരുന്നൂറോളം ചോദ്യങ്ങൾ മുന്നിൽ കിട്ടിയ പ്രതിയോടെന്ന പോലെ ഒന്നിനു പിറകെ ഒന്നായി മാറി മാറി ചോദിച്ച് എന്നെ തളർത്തി.
ഒടുവിൽ കലാശക്കൊട്ട്‌ എന്ന നിലക്ക്‌
“കുറിപ്പുകൾ ചേരുന്നുണ്ടെങ്കിലും ജാതകം കൂടി നോക്കണം, എവിടെ ജാതകം” മൂത്തയാളുടെ ഈ ആവശ്യം കൂടി കേട്ട എനിക്ക്‌ അടിപടലം ചൊറിതൂവ തട്ടിയ വിധത്തിലായി.
“മൂന്നാലു പറക്കുന്ന കാരണവന്മാർ ഉണ്ടായിട്ട്‌ ആ മൂന്ന് ജന്മങ്ങൾ തല ചായ്ക്കുന്ന കൂര ഒന്ന് ഒന്ന് നേരാംവണ്ണം മഴ കൊള്ളാതെ വൃത്തിയാക്കി കൊടുക്കാൻ ഒരുത്തനും ഇല്ല, ജാതകം നോക്കാൻ ഇറങ്ങിയേക്കുന്നു” പറയാൻ വന്നത്‌ ഇതാണെങ്കിലും,
“എന്റെ സാറന്മാരെ എനിക്ക്‌ അച്ഛനും അമ്മയും ജാതകം എഴുതിയിട്ടില്ല, ഈ കുറിപ്പ്‌ തന്നെ ഞാൻ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയതാ”.
എന്നും പറഞ്ഞ്‌ ഞാനവരെ സന്തോഷത്തോടെ യാത്രയാക്കി,
അകത്ത്‌ കയറി അമ്മയോട്‌ “നിങ്ങളെ വെള്ളാട്ടത്തിന്റെ പൈസ പോയെ” ന്നും പറഞ്ഞ്‌ മുറിയിൽ കയറി കതകടച്ചു.
മൂന്നാലു ദിവസങ്ങൾക്ക്‌ ശേഷം ഒരിക്കൽ കൂടി ആ നമ്പറിൽ നിന്ന് കോൾ വരികയും‌ “വീണ്ടും ഒന്നുകൂടി ആലോചിക്കാൻ” പറഞ്ഞെങ്കിലും “താൽപര്യമില്ല മറ്റൊന്ന് ശരിയായിട്ടുണ്ട്‌” എന്ന് പറഞ്ഞ്‌ ഞാൻ ആ നമ്പർ ഡിലീറ്റ്‌ ചെയ്തു.
******* ********** *********
"വേഗം ഇറങ്ങെഡാ ആളുകളൊക്കെ എത്തീട്ടുണ്ടാകും”
കൂട്ടുകാരന്റെ ധൃതി വെക്കൽ കേട്ടാൽ തോന്നും അവന്റെ കല്ല്യാണമാണെന്ന്.
“നീ ബേജാറാവണ്ട, മുഹൂർത്തത്തിനു ഇനിയും സമയം ഒരുപാടുണ്ട്‌. ക്യാമറക്കാരും വീഡിയോക്കാരും ഇപ്പൊ എത്തിയേ ഉള്ളൂ”
ഞാൻ ഇത്തിരി കൂടി പൗഡർ കണ്ണാടിയിൽ വെളിച്ചെണ്ണയുടെ തിളക്കം കണ്ടിടത്ത്‌ വീണ്ടും വാരി തേച്ച്‌ കൊണ്ട്‌ പറഞ്ഞു.
സ്ഥലത്തെത്തുമ്പോൾ ആളുകൾ റെഡിയായി നിൽക്കുകയാണു.
“ചെക്കന്റെ അമ്മാവൻ ഇപ്പൊ എത്തും ഉടനെ തുടങ്ങാം”
ആരോ ധൃതി പിടിച്ച മറ്റേ ആളെ സമാധാനിപ്പിച്ചു.
ഞാൻ ക്ഷണിച്ച്‌ എത്തിയവർക്ക്‌ ഹസ്തദാനം നൽകി ലോഹ്യം പറഞ്ഞ്‌ അങ്ങനെ നിൽക്കെ ആരോ പറഞ്ഞു. “അമ്മാവൻ എത്തി ചടങ്ങ്‌ തുടങ്ങാമെന്ന്”.
കൂട്ടത്തിൽ പ്രായം ചേർന്ന ആൾ വിളക്കിലെ തിരിയിലേക്ക്‌ രണ്ടു കൈകൊണ്ടും ഭദ്രീപം കൊളുത്തി.
“പൂമാല ചെക്കന്റെ കൈയ്യിൽ കൊടുക്ക്‌”
മുഖ്യസ്ഥൻ പറഞ്ഞത്‌ കേട്ട്‌ വലിയൊരു മുല്ലമാല എന്റെ കൈയ്യിലേക്ക്‌ തന്നു.
"ഇനി അമ്മാവൻ ചരട്‌ വലിക്കൂ."
അമ്മാവൻ ചരട്‌ വലിച്ചു.
“ശ്രീ അയ്യപ്പാ മാരേജ്‌ ബ്യൂറോ”
“ഇനി ചെക്കൻ മാല ഇട്ടോളൂ”
ഞാൻ ഇരുകൈ കൊണ്ടും ഭക്ത്യാദരപൂർവ്വം മാല ചാർത്തി ആ നൈഷ്ഠികനിത്യബ്രഹ്മചാരിയെ മനസ്സ്‌ നിറയെ പ്രാർത്ഥിച്ച്‌ കണ്ണടച്ച്‌ നിന്നു.
(അവസാനിച്ചു)
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot