നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ചോദ്യം

Image may contain: 1 person, beard
ആരെങ്കിലും തന്നോട് ഒരു ചോദ്യം - അതെ, ഒരേ ഒരു ചോദ്യമെങ്കിലും ചോദിച്ചെങ്കിൽ ?!
ഇലകൾ ഉറങ്ങുന്ന ഇടവഴിയിലൂടെ അയാൾ നടക്കാൻ തുടങ്ങിയപ്പോൾ, എതിരെ നടന്നു വരുന്ന ഓരോ മുഖങ്ങളും അയാളെ കാണാതെ കടന്നുപോയി.
വെറുതെ ഒരു ചോദ്യത്തിനായി ഇതുവരെ അയാൾ ഈ ഇടവഴിയിൽ നടന്നിട്ടില്ല...പണ്ട് ചോദ്യങ്ങൾ കേട്ട് മടുത്തായിരുന്നു അയാൾ ഈ ഇടവഴി ഉപേക്ഷിച്ചത്.. അല്ലെങ്കിലും മനുഷ്യർ അങ്ങനെയാണല്ലോ - പിറകിൽ കളഞ്ഞതിനെ പിടിക്കാനാണ് ഓരോ നിമിഷവും മുന്നോട്ട് നടക്കുന്നത്..
പരിചയമുള്ള ഒരാളുടെ വരവിനായി അയാളുടെ കാലുകൾ നിർത്താതെ ചിരിച്ചുകൊണ്ട് മുന്നോട്ടേക്ക് പാഞ്ഞു. ഏതോ ഒരു പുരുഷൻ .ഒരു സ്ത്രീ....അല്ലെങ്കിൽ ഒരു കുഞ്ഞ് .. ഏതോ ഒരു ചിരി..ഏതോ ഒരു ചോദ്യം…
ഇല്ല.....ഒന്നുമില്ല.
പൊടുന്നനെ ചിതറിവീണുപോയ ഒരു നൂൽ മഴയിൽ പാതയുടെ അറ്റത്തുള്ള നെല്ലിമരം അയാളെ നോക്കി ആർദ്രമായി തലയാട്ടി. ഇളം ചില്ലകൾക്ക് ആരാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് അയാൾ അത്ഭുതം കൂറുമ്പോൾ അവർ അയാളുടെ കഴിഞ്ഞുപോയ വർഷങ്ങൾ ഒരിളം കാറ്റിൽ കഴുകിക്കളഞ്ഞു.
മരങ്ങൾ മനുഷ്യരെ മറക്കില്ലെന്ന് പറഞ്ഞത് ആരായിരുന്നു ?!
ആ ചില്ലയിലേക്ക് എവിടെ നിന്നോ ഒരു കുഞ്ഞു പനന്തത്ത പെട്ടെന്ന് പറന്നു വന്നു. എന്നോ പരിചയമുള്ളപോലെ അവൾ അയാളുടെ കണ്ണുകളിൽ നോക്കിയിരുന്നു..പിന്നെ മെല്ലെ കൊക്ക് താഴ്ത്തി..
ഇവൾ ....
അതെ, പണ്ട് പാതവക്കത്ത് മുറിവേറ്റു വീണത് ഇവളുടെ മുത്തശ്ശി തന്നെയായിരിക്കണം. വീട്ടിൽ കൊണ്ടുപോയി മുറിവുണക്കി നാലു ദിവസം കഴിഞ്ഞു ആകാശത്തു പറത്തി വിടുമ്പോൾ അന്നവൾ എന്തോ അയാളോട് പറഞ്ഞിരുന്നു - എന്റെ തലമുറ മരിച്ചു തീരുവോളം മറക്കില്ല എന്നായിരിക്കാം...
പറവകൾ മനുഷ്യരെ മറക്കില്ലെന്ന് പറഞ്ഞത് ആരായിരുന്നു ?!
ഇടവഴിയിൽ കൂടി അയാൾ ഒരു വിജയിയെപ്പോലെ വീട്ടിലേക്ക് നടന്നു കയറി.
****
മഞ്ഞുപെയ്യുന്ന രാവിൽ പ്രിയതമ അയാളുടെ നെഞ്ചിൽ മുഖമമർത്തി പരിഭവം പറഞ്ഞു :
"മതിലിനു ഉയരം കൂട്ടണം ...ആളുകളുടെ നോട്ടം എന്നെയും കടന്നു മകളുടെ മുഖത്തേക്ക് എത്താൻ തുടങ്ങി"
പണിക്കാർ മതിലിലേക്ക് ചാഞ്ഞ മരച്ചില്ലകൾ വെട്ടിയിടുമ്പോഴേക്കും ട്രെയിൻ അയാളെയും കൊണ്ട് സ്റ്റേഷൻ വിട്ടു കഴിഞ്ഞിരുന്നു.
അയാൾക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ ട്രെയിൻ കരഞ്ഞു കിതച്ചു നിൽക്കുമ്പോൾ പുറത്തു ഡിസംബർ മാസം മൂടിപ്പുതച്ചു കാത്തു നിൽക്കുന്നുണ്ടായിരുന്നു...
അയാൾ ആകാംക്ഷയോടെ ചുറ്റും നോക്കി -
ആരെങ്കിലും ഒരു ചോദ്യം ചോദിക്കുന്നുണ്ടോ?!
എവിടെയെങ്കിലുമുണ്ടോ ഒരു നെല്ലിമരം?!
ഒരു കുഞ്ഞു പനന്തത്ത?!
(ഹാരിസ്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot