നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുത്രൻ.

Image may contain: 1 person, selfie and closeup

----------------------------------------------------------
ടൗണിൽ നിന്നുള്ള അവസാന ബസ്സ് കയറ്റം കയറി പാങ്ങുമൂട് കവലയിലേക്ക് വന്നു നിന്നു.
എതിർ വശത്തുള്ള പലചരക്കുകടയിലെ ശങ്കരൻകുട്ടി, വണ്ടിയിൽ നിന്നിറങ്ങുന്നവർ ആരെങ്കിലും തന്റെ കടയിലേക്ക് വരുന്നുണ്ടോയെന്ന് നോക്കി.ആരേയും കണ്ടില്ലാത്തതിനാൽ ലൈറ്റ് അണച്ചുകൊണ്ട് ശങ്കരൻകുട്ടി പുറത്തേക്കിറങ്ങി.
"ശങ്കരേട്ടാ !! അടക്കല്ലേ.. എനിക്ക് ഒരുകിലോ പഞ്ചസാര വേണം. "
കട അടക്കുന്നത് കണ്ട എൽദോ വിളിച്ചുപറഞ്ഞുകൊണ്ട് വന്നു.
"നീ ഇതെവിടെ ആയിരുന്നു എൽദോ?. ബസ്സിനല്ലേ വന്നത്?. "
"ബസ്സിന്‌ വന്നതാ ശങ്കരേട്ടാ. എല്ലാവരും പോട്ടെന്ന് ഓർത്ത് ഞാനങ്ങു മാറിനിന്നതാ. അറിഞ്ഞില്ലാരുന്നോ അപ്പന്റെ പുതിയ എപ്പിസോഡ്? ".
"ഈ നാട്ടിൽ ഇനി ആരാ അറിയാനുള്ളത്.സാധാരണ മക്കളാ അപ്പന്മാർക്ക് തലവേദന ആകുന്നത്. ഇത് നേരേ തിരിച്ചാ."
"ബുക്കിൽ എഴുതിക്കോ ശങ്കരേട്ടാ. ശമ്പളം കിട്ടുമ്പോൾ തരാം ".
പഞ്ചസാര മേടിച്ചുകൊണ്ട് എൽദോ പറഞ്ഞു.
"അത് ഞാൻ നാളെ എഴുതിക്കോളാം. നീ ഷട്ടർ താഴ്ത്തിക്കോ ".
കട അടച്ചു രണ്ടുപേരും വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.
" നീ വിഷമിക്കണ്ടടാ.. എല്ലാം ശരിയാവും."
"എൻ്റെ അപ്പൻ മരിക്കണം ശങ്കരേട്ടാ എനിക്ക് സമാധാനം കിട്ടാൻ. ചിലപ്പോൾ ഓർക്കും കുറച്ച് വിഷം വാങ്ങി അപ്പന് കൊടുത്താലോന്ന്. "
"എന്നിട്ടോ..? അപ്പനെ കൊന്ന മകനെന്ന് ലോകം നിന്നെ വിളിക്കാനോ?. വേണ്ട !! നിന്റെ ജീവിതം കളയരുത്.
വേണ്ടാത്തതൊന്നും ചിന്തിക്കരുത് ".
"അന്ന് ശങ്കരേട്ടൻ കുറച്ച് ധൈര്യം കാണിച്ചിരുന്നങ്കിൽ എൻ്റെ അമ്മ ഇങ്ങനെ സങ്കടപ്പെടില്ലായിരുന്നു ".
മൗനമായിരുന്നു മറുപടി.നിലത്ത് പതിക്കുന്ന ടോർച്ചുവെളിച്ചത്തിന് സ്പീഡ് കൂടിയെന്ന് എൽദോക്ക് മനസ്സിലായി.
ശങ്കരന്റെ വീട്ടിലേക്കുള്ള വഴി തിരിയുന്നിടം വരെ രണ്ടുപേരും സംസാരിച്ചില്ല.
"നിന്റെ അമ്മ ഒത്തിരി സങ്കടപ്പെടുന്നുണ്ടാവും അല്ലേ. നീ വേണം ധൈര്യം കൊടുക്കാൻ ".
പറഞ്ഞിട്ട് ശങ്കരൻ നട കയറി വീട്ടിലേക്കു പോയി.
ആ കണ്ണുകൾ നിറഞ്ഞിരുന്നു. ശങ്കരേട്ടനോട് അങ്ങനെ ചോദിക്കണ്ടായിരുന്നുവെന്ന് എൽദോക്ക് തോന്നി.
കുഞ്ഞുനാളിലെപ്പോഴോ തുടങ്ങിയ പ്രേമമായിരുന്നു ശങ്കരേട്ടനും, അമ്മയും തമ്മിൽ. നസ്രാണിപ്പെണ്ണ് ഒരു നായരേ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആങ്ങളമാരെല്ലാം കൂടി കൊമ്പുകുലുക്കി ചെന്നു.പ്രാരാബ്ധക്കാരനായ ശങ്കരേട്ടന് പിന്മാറാതെ വഴിയില്ലായിരുന്നു.
തറവാട്ട് മഹിമ നോക്കി അമ്മയേ കെട്ടിച്ചു വിട്ടു.
പക്ഷേ ശങ്കരേട്ടൻ വേറെ കല്യാണം കഴിച്ചില്ല.
എൽദോ മുറ്റത്തേക്ക് കയറിയപ്പോൾ പട്ടി കുറുകിക്കൊണ്ടോടി വന്നു സ്നേഹം പ്രകടിപ്പിച്ചു.
അമ്മ അപ്പോഴേക്കും വാതിൽ തുറന്നിരുന്നു.
കല്യാണം കഴിഞ്ഞ സമയത്ത് എത്ര സുന്ദരിയായിരുന്നു അമ്മ.ഇപ്പോൾ അമ്മയുടെ ഒരു കോലം.
കുടിച്ച് ബോധമില്ലാതെ അപ്പൻ ഇന്ന് തുണിയില്ലാതെ ബസ്സിൽ കയറിയതും,ആൾക്കാർ തല്ലുകൊടുത്തതും അമ്മ അറിഞ്ഞുകാണും.
--------------------------------------------------------------
ശരീരത്തോടൊപ്പം മനസ്സും തണുക്കട്ടെ എന്നോർത്ത് എൽദോ പിന്നെയും, പിന്നെയും തലയിലേക്ക് വെള്ളം കോരി ഒഴിച്ചു.
അത്താഴം കഴിച്ചെന്നു വരുത്തി എൽദോ മുറ്റത്തുള്ള ചാരുകസേരയിൽ വന്നിരുന്നു.
അതൊരു പതിവാണ്.നിലാവ് പൊഴിക്കുന്ന ചന്ദ്രനും,അകന്നകന്നു പോകുന്ന മേഘങ്ങളും,ഇടക്കിടെ പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളുമൊക്കെ നോക്കി ഒരല്പനേരം.
രാത്രിയുടെ നിശബ്ദതയിൽ റോഡിനു താഴെയുള്ള പുഴയുടെ ഒച്ച കേൾക്കാം.
മണൽ വാരുന്നവരുടെ ടോർച്ചുകൾ ഇരുട്ടിൽ ഇടക്കിടക്ക് മിന്നിത്തെളിയുന്നുണ്ട്.
അപ്പൻ ഇത്രയൊക്കെ തോന്ന്യാസം കാണിച്ചിട്ടും ഒന്നും മിണ്ടാതെ സഹിക്കുകയാണ് അമ്മ.അത് എന്നും അങ്ങനെ ആയിരുന്നു.
അവൻ കണ്ണുകളടച്ചു. കുഞ്ഞുനാൾ മുതലുള്ള അപ്പൻറെ പല മുഖങ്ങൾ ഓർത്തു നോക്കി.ഓർത്തുവെക്കാൻ ഒരു നിമിഷം പോലുമില്ല.എപ്പോഴും ദേഷ്യമായിരുന്നു. കുടിച്ചു ബോധമില്ലാതെയാണ് അപ്പനെ താൻ കൂടുതലും കണ്ടിട്ടുള്ളത്.
കൂട്ടുകാരൊക്കെ അവരുടെ അപ്പനെക്കുറിച്ചു പറയുമ്പോൾ താൻ ഉള്ളിൽ കരയുകയായിരുന്നു.
ആ കൈകളിലൊന്ന് തൂങ്ങി നടക്കാൻ, ആ നെഞ്ചിലൊന്ന് പറ്റിപ്പിടിച്ചു കിടക്കാൻ എത്ര കൊതിച്ചിരിക്കുന്നു.
ഒരു മിട്ടായിപ്പൊതിയോ, പലഹാരപ്പൊതിയോ നോക്കി എത്ര രാത്രികൾ ഉറക്കമിളച്ചിരുന്നിരുന്നു.
എന്നും നിരാശനാവാനായിരുന്നു വിധി.
അറിവ് വെക്കുന്തോറും തിരിച്ചറിയുകയായിരുന്നു അപ്പന്റെ അവഗണന.പഠിത്തത്തോടൊപ്പം ഒരു ചെറിയ വരുമാനം അന്ന് വലിയ കാര്യമായിരുന്നു.ശങ്കരേട്ടനായിരുന്നു വഴി തുറന്ന് തന്നത്. ശങ്കരേട്ടന്റെ കടയിൽ അല്ലറ, ചില്ലറ സഹായം.
ചെയ്യാവുന്ന ജോലികളെല്ലാം ചെയ്തു. കഷ്ടപ്പെട്ട് പഠിച്ചു.ഇന്ന് അത്യാവശ്യം സാലറി ഉള്ള ഒരു ജോലിയുണ്ട്. എങ്കിലും ഒന്നിനും തികയാത്ത അവസ്ഥ.
അപ്പനാണ് എല്ലാത്തിനും കാരണം. താനറിയാതെ ബാങ്കിൽ നിന്നും ലോണെടുത്തതിന്റെ അടവ്, വീട് ഒന്ന് പുതുക്കിപ്പണിയാൻ ആശിച്ചു ചേർന്ന ചിട്ടി വിളിച്ചെടുത്തെന്ന് അറിയുന്നത് ചിട്ടി തീർന്നപ്പോൾ. ഒരു രൂപ ഇതിൽനിന്നൊന്നും കുടുബത്തിൽ ചിലവാക്കിയിട്ടില്ല. മുഴുവനും കള്ളുകുടിച്ചു തീർത്തു.ഓരോ ദിവസവും പുതിയ തലവേദനകൾ അപ്പൻ ഉണ്ടാക്കിക്കൊണ്ടിരിക്കും.
കുളിർക്കാറ്റ് ഉറക്കം സമ്മാനിച്ചപ്പോൾ എൽദോ വീട്ടിലേക്കു കയറി.
--------------------------------------------------------------
പിറ്റേന്ന് രാവിലെ എൽദോ ഉറക്കമുണർന്നത് പതിവിലും താമസിച്ചാണ്. സാധാരണ എഴുന്നേൽക്കുവാൻ താമസിച്ചാൽ അമ്മ വിളിച്ചെഴുന്നേൽപ്പിക്കുന്നതാണ്.അന്ന് അതുണ്ടായില്ല.
പുറത്ത് മഴ തകർത്തു പെയ്യുന്നു.ഒരു പണിയുമില്ലങ്കിലും അപ്പൻ രാവിലെ ടൗണിൽ പോയിട്ടുണ്ടാവും. പതിവുള്ള കട്ടന് വേണ്ടി അമ്മയേ വിളിച്ചുകൊണ്ടു എൽദോ അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ അമ്മ ഇല്ല. അമ്മേ എന്ന് വീണ്ടും വിളിച്ചുകൊണ്ടു മുറിയിൽ നോക്കി.
"അമ്മേ.. !!!.അമ്മേ !!".
ചലനമറ്റ ശരീരത്തിലെ തണുപ്പ് എൽദോ തിരിച്ചറിഞ്ഞു. അമ്മയുടെ മുഖം കൈകളിലെടുത്തു അവൻ തളർന്നിരുന്നു.
------------------------------------------------------------
സെമിത്തേരിയിലെ അമ്മയുടെ കല്ലറയിൽ കത്തിച്ച ഉരുകിയൊലിച്ചുകൊണ്ടിരുന്ന മെഴുകുതിരിയിൽ ഒരെണ്ണം കെട്ടുപോയപ്പോൾ എൽദോ വീണ്ടും കത്തിച്ചു.
ഇരുപത്തിയഞ്ചു ദിവസങ്ങൾ ആയിരിക്കുന്നു അമ്മ മരിച്ചിട്ട്. തനിക്കു ഈ ലോകത്തിൽ സ്നേഹിക്കാൻ ആകെയുള്ള ആളായിരുന്നു അമ്മ. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നെഞ്ചുപൊട്ടി അമ്മ പോയി. ഇപ്പോൾ താൻ അനാഥനാണ്.മെഴുകുതിരികളെല്ലാം കത്തിത്തീർന്നപ്പോൾ അവൻ എഴുന്നേറ്റു.
സെമിത്തേരിയുടെ പുറത്തേക്കു നടക്കുമ്പോൾ എൽദോ കണ്ടു ., അപ്പൻ സൈഡ് മാറി മതിലിൽ ചാരി നിൽപ്പുണ്ട്.താനും, അപ്പനും തമ്മിൽ സംസാരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അമ്മയോട് പറയും. അമ്മ അത് അപ്പനോട് പറയും. തിരിച്ചും അങ്ങനെ തന്നെ.അതായിരുന്നു കുറേ നാളുകളായി പതിവ്. അവൻ അപ്പനേ കാണാത്തതുപോലെ നടന്നു.
അമ്മ മരിച്ചതിനുശേഷം അപ്പൻ ആളാകെ മാറിയിരിക്കുന്നു. എപ്പോഴും വീട്ടിൽ ഒരേ ഇരിപ്പ് ഇരിക്കുന്നത് കാണാം. പിന്നെ കുടിച്ചു കണ്ടിട്ടില്ല. എങ്കിലും എൽദോക്ക് അപ്പനോടുള്ള ദേഷ്യത്തിന് ഒരു കുറവും തോന്നിയില്ല.
------------------------------------------------------
മൂന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും അമ്മയില്ലാത്ത വീട്ടിലേക്ക് വരുമ്പോൾ എൽദോക്ക് ഭയങ്കര വിഷമമാണ്. അനാഥത്വവും ,ഏകാന്തതയും സഹിക്കാൻ കഴിയാതെ വന്നപ്പോളാണ് ജോലി ചെയ്യുന്നിതിനടുത്ത്‌ ഒരു വീട് വാടകയ്ക്ക് നോക്കിയത്.
അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്ത് ഇറങ്ങുമ്പോൾ അപ്പനോട് പറയണമോ എന്ന് ഒരു നിമിഷം എൽദോ ആലോചിച്ചു. വേണ്ട എന്ന തീരുമാനത്തിൽ തന്നെ അവൻ മുറിയിൽ നിന്നിറങ്ങി.
"മോനേ !!".
പിന്നിൽ നിന്നുള്ള വിളി കേട്ട് അറിയാതെ എൽദോ നിന്നു. ഒത്തിരി നാളുകൾ കേൾക്കാൻ കൊതിച്ചിട്ടുള്ള വിളിയാണിത്.
"ഈ അപ്പൻ തെറ്റുകാരനാണ്.നിങ്ങൾക്ക് നാണക്കേടുണ്ടാക്കിയേ ഞാൻ ജീവിച്ചിട്ടുള്ളൂ. നിന്റെ അമ്മ പോയപ്പോളാണ് അവളുടെ നഷ്ടം എനിക്ക് മനസ്സിലാവുന്നത്.ക്ഷമ ചോദിക്കാൻ അവസരം നൽകാതെ അവൾ പോയി. കഴിയുമെങ്കിൽ എന്റെ മോൻ എന്നോടൊന്ന് മിണ്ടണം. "
എൽദോ നിന്നിടത്തു നിന്നതല്ലാതെ അനങ്ങിയില്ല. അവന്റെ കണ്ണുകൾ തുളുമ്പിയാർത്തു നിന്നു. മുന്നിലെ ഭിത്തിയിലെ ഫോട്ടോയിൽ ഒരു ചെറുചിരിയോടെയുള്ള അമ്മയുടെ ഫോട്ടോയിലേക്ക് അവൻ നോക്കി.
' അപ്പൻ പറഞ്ഞതൊക്കെ കേട്ടോ.ഇത് കാണാൻ എന്റെ അമ്മ ഇല്ലാതെ പോയല്ലോ."
അമ്മയുടെ മുഖം കൂടുതൽ പ്രകാശിക്കുന്നതായി അവന് തോന്നി.
ഒന്നും മിണ്ടാതെ എൽദോ പുറത്തേക്ക് നടന്നു.
--------------------------------------------------------
അന്ന് ടൗണിൽനിന്നും പാങ്ങുമൂടിനുള്ള അവസാന ബസ്സ് പുറപ്പെടുമ്പോൾ ഒരു സൈഡ്‌സീറ്റിൽ അപ്പനേ തിരിച്ചുകിട്ടിയ പുത്രനും ഉണ്ടായിരുന്നു.
(അവസാനിച്ചു.)
ചെറുകഥ.
Written By: ബിൻസ് തോമസ്. 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot