നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കന്യക

Image may contain: Saji M Mathews, smiling, selfie and closeup

നടന്നു പോകുമ്പോൾ ഒരു വാഹനം നമ്മുടെ ദേഹത്തേക്ക് കുറച്ചു ചെളി തെറിപ്പിച്ചിട്ട് പോയെന്നുവെച്ച് പിന്നീടുള്ള കാലം മുഴുവൻ ആ ചെളിയുമായ് അവിടെത്തന്നെ നിൽക്കുമോ അതോ അത് കഴുകി കളഞ്ഞിട്ട് വീണ്ടും യാത്ര തുടരുമോ "
കഴിഞ്ഞ പത്തു വ ർഷ ത്തിൽ ഇതേ ചോദ്യം എത്രയോ തവണ അനിയത്തിയോട് ചോദിച്ചിട്ടുണ്ടാവും, ഇന്നത്തെ ഈ രാത്രി ഒന്ന് കഴിഞ്ഞുകിട്ടിയാൽ ഒരുപക്ഷെ തനിക്കിതിന്റെ ആവശ്യം വരില്ല.
“ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. പഴയതൊന്നും ഓർത്തിരിക്കേണ്ട സമയമല്ലിത്. നീയൊരു തെറ്റും ചെയ്തിട്ടില്ല... നിനക്ക് ഒരു കളങ്കവും ഏറ്റിട്ടില്ല .. മനസ്സുകൊണ്ട് നീയിപ്പോഴുമൊരു കന്യകയാണ്. "
അനുജത്തിയെ മണവറയിൽ ഇരുത്തി തിരികെ പോരും മുംമ്പ് അശ്വതി അവൾക്ക് ഒരിക്കൽ കൂടി ധൈര്യം പകർന്നു.
അഞ്ജലിയുടെ മുഖത്ത് അപ്പോഴും അറിഞ്ഞുകൊണ്ട് ഒരു മഹാപരാധംചെയ്യാൻ പോകുന്ന ഭാവം. കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു. അവളുടെ മുഖം സാരിയുടെ തുമ്പുകൊണ്ട് അമർത്തി തുടച്ചിട്ട് ആ മൂർദ്ധാവിൽ ഒരു ചുംബനമേകി അശ്വതി തിരികെ നടന്നു. പടികളിറങ്ങി താഴെ പൂജാ മുറിയുടെ മുൻപിലെത്തിയപ്പോൾ ഒന്ന് പ്രാർത്ഥിക്കണമെന്ന് തോന്നി. അനുജത്തിയുടെ ജീവിതത്തിൽ വീണ കരിനിഴൽ ഇന്നത്തോടെയെങ്കിലും മാഞ്ഞു പോകണം. അവൾ പൂജാ മുറിയിലെ കൃഷ്ണ വിഗ്രഹത്തിന്റെ കാൽക്കൽ വീണു, മനമുരുകി പ്രാർത്ഥിച്ചു. അമ്മയുടെ ഫോട്ടോയിൽ കണ്ണുടക്കിയപ്പോൾ അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു.
"അഞ്ജുമോൾക്ക് ഒരു നല്ല ജീവിതം കിട്ടാൻ അമ്മ അനുഗ്രഹിക്കണം ... അവൾ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല" അമ്മയുടെ മുഖത്ത് അപ്പോഴും ഒരു പരിഭവം നിഴലിക്കുന്നത് പോലെ അശ്വതിക്ക് തോന്നി.
മട്ടുപ്പാവിൽ നിന്ന് അജയേട്ടന്റെ ഉച്ചത്തിലുള്ള സംസാരം കേൾക്കാം. ഇടയ്ക്കിടെ എന്തോ തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്നുമുണ്ട്, ആളൊരു സംസാരപ്രിയനാണ്. നടക്കട്ടെ... വിനീതിന് ഒരു അന്യഥാ ബോധമുണ്ടെങ്കിൽ അത് മാറിക്കൊള്ളും. കല്യാണം കഴിഞ്ഞ് ഒരു പുതിയവീട്ടിൽ ആദ്യരാത്രി ചിലവഴിക്കുമ്പോൾ ആർക്കായാലും ഒരൽപ്പം ജാള്യതയുണ്ടാകും.
കുട്ടികൾ നേരത്തേ തന്നെ ഉറങ്ങാൻ പോയി. പുലർച്ചെ മുതൽ കല്യാണമണ്ഡപത്തിൽ ഓടി നടന്നതിന്റെ ക്ഷീണം കാണും. അശ്വതി പ്രാർത്ഥനയിൽ മുഴുകി പൂജാ മുറിയുടെ മുൻപിൽ ഇരുന്നു.
*********************************
"അമ്മേ പ്ളീസ് ഇന്നൊരു ദിവസം മാത്രം.. പ്രിൻസിപ്പൽ മാഡം വളരെയധികം നിർബന്ധിച്ചത് കൊണ്ട് മാത്രമാ ഞാനും അച്ചുവേച്ചിയും പങ്കെടുക്കാമെന്ന് സമ്മതിച്ചത്. അവരത് നോട്ടീസിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇനി പറ്റില്ല എന്ന് എങ്ങിനെ പറയും."
അഞ്ജലി അമ്മയുടെ മുൻപിൽ നിന്ന് ചിണുങ്ങുന്നത് കേട്ടുകൊണ്ടാണ് അശ്വതി അവിടേക്ക് വന്നത്. കലാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ നടക്കുകയാണ്. സമാപന സമ്മേളനത്തിന് അശ്വതിയും അഞ്ജലിയും ചേർന്ന് ഒരു നൃത്ത ശിൽപ്പം അവതരിപ്പിക്കണമെന്ന് അധ്യാപികമാരും പ്രിൻസിപ്പാൾ മാഡവും സ്നേഹപ്പൂർവ്വം നിർബന്ധിച്ചു. അഞ്ജലി അമ്മയോട് ചോദിക്കാതെ അവർക്ക് വാക്കു കൊടുത്തു.
അശ്വതിക്ക് അറിയാമായിരുന്നു അമ്മ സമ്മതിക്കില്ലെന്ന്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി. നൃത്താദ്ധ്യാപികയായ അമ്മ തുച്ഛമായ വരുമാനം കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് അവരെ വളർത്തിയിരുന്നത്.
ചെറുപ്പം മുതൽ രണ്ടുപേരും നൃത്തം അഭ്യസിച്ചിരുന്നു. പക്ഷെ മുതിർന്നതിനു ശേഷം മക്കളെ ഒരിക്കലും ഒരു സദസ്സിലും നൃത്തം ചെയ്യാൻ അമ്മ സമ്മതിച്ചിരുന്നില്ല. യാഥാസ്ഥിതികമായ ചുറ്റുപാടുകളിൽ നിന്നും വന്നതിനാലാകണം അമ്മയ്ക്ക് രണ്ടു പെൺമക്കളുടെയും മേൽ അമിതമായ ഒരു കരുതലാണ് ഉണ്ടായിരുന്നത്.
പെൺകുട്ടികൾ വിവാഹം കഴിക്കുന്ന പുരുഷന് വേണ്ടി മനസ്സും ശരീരവും നിർമ്മലമായി കാത്തുസൂക്ഷിക്കണമെന്ന് അവർ രണ്ടു പേരോടും സദാ ഉപദേശിച്ചു കൊണ്ടിരുന്നു. ആ വാക്കുകൾ അവരുടെ മനസ്സുകളിലും ആഴത്തിൽ പതിഞ്ഞിരുന്നു.
അമ്മയുടെ മനസ്സറിഞ്ഞ് തന്നെയായിരുന്നു മക്കളിരുവരും ജീവിച്ചിരുന്നത്. ആ ഗ്രാമത്തിലെ മറ്റു പെൺകുട്ടികൾക്ക് അവരിരുവരും ഒരു മാതൃകയാണ് ഇത്രകാലവും കഴിഞ്ഞുവന്നിരുന്നത്.
സ്വതവേ സുന്ദരിമാരായിരുന്നു അശ്വതിയും അഞ്ജലിയും. കുഞ്ഞുനാൾ മുതലുള്ള ചിട്ടയായ നൃത്താഭ്യാസം അവരുടെ ആകാര ഭംഗി വീണ്ടും കൂട്ടി. അശ്വതി MSc ഫൈനലിയർ പഠിക്കുന്നു, അതെ കോളേജിൽ തന്നെ അഞ്ജലി BSc ഫൈനലിയറിനും.
അഞ്ജലിയുടെ കരച്ചിലിനും ഉപവാസത്തിനും ഒടുവിൽ ഫലമുണ്ടായി. അമ്മ അവരെ പ്രോഗ്രാമിൽ പങ്കെടുക്കാൻ അനുവദിച്ചു.
സ്റ്റേജിൽ അശ്വതിയും അഞ്ജലിയും മനോഹരമായി നൃത്തമാടി. ആ സഹോദരിമാരുടെ അംഗലാവണ്യത്തിലും ലാസ്യമനോഹര നൃത്തത്തിലും സദസ്സ് മതിമറന്നിരുന്നുപോയി. നൃത്തം അവസാനിച്ചപ്പോൾ സദസ്സൊന്നാകെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ആ കരഘോഷം കേട്ട് സദസ്സിലിരുന്ന അമ്മയുടെ കണ്ണ് നിറയുന്നത് അശ്വതി കണ്ടു.
വസ്ത്രങ്ങൾ മാറുവാനായി കോളേജിന്റെ ഇടനാഴിയിലൂടെ അവരിരുവരും ഗ്രീൻ റൂമിലേക്ക് നടന്നു . അശ്വതിയുടെ കൂട്ടുകാരികൾ ചിലർ ഗ്രീൻ റൂമിൽ നിന്നും എതിരെ വരുന്നുണ്ടായിരുന്നു. പ്രോഗ്രാമിനായി മേക്കപ്പ് കഴിഞ്ഞു വരികയായിരുന്നവർ. അശ്വതി അവരോട് കുറച്ചു നേരം സംസാരിച്ചു നിന്നു. അഞ്ജലി ഗ്രീൻ റൂമിലേക്ക് നടന്നു.
അശ്വതി എത്തുമ്പോൾ ഗ്രീൻ റൂമിൽ അഞ്ജലി ഉണ്ടായിരുന്നില്ല. വാഷ് റൂമിൽ പോയതാവുമെന്ന് കരുതി അശ്വതി കുറച്ചു നേരം കാത്തിരുന്നു. ഡ്രസ്സ് ചേഞ്ച് ചെയ്ത് കഴിഞ്ഞും അനുജത്തിയെ കാണാതായപ്പോൾ അവൾ വാഷ് റൂമിൽ ചെന്ന് നോക്കി. അഞ്ജലി അവിടെ ഉണ്ടായിരിക്കുന്നില്ല. ആകെ പരിഭ്രാന്തയായ അശ്വതി, അമ്മയെ ഗ്രീൻ റൂമിലേക്ക് വിളിച്ചു
അവരിരുവരും ഓഡിറ്റോറിയത്തിനും ഗ്രീൻ റൂമിനുമിടയിലെ ഇടനാഴിയുടെ ഇരുവശവുമുള്ള ക്ലാസ് റൂമുകളിൽ കയറിയിറങ്ങി. അവസാനം ഒരു റൂമിലെത്തിയപ്പോൾ അവരെ തള്ളി മാറ്റികൊണ്ട് ക്ലാസ് റൂമിൽ നിന്നൊരാൾ പുറത്തേക്കിറങ്ങിയോടി. ഇരുളിൽ മുഖം കാണാൻ കഴിഞ്ഞില്ല.
ബഞ്ചുകൾക്കിടയിൽ നിന്ന് ഒരു ഞരക്കം കേട്ട് അശ്വതി അവിടേക്ക് ചെന്നു. അഞ്ജലി നിലത്ത് വീണ് കിടക്കുന്നുണ്ടായിരുന്നു. അശ്വതി അവളെ താങ്ങി എഴുന്നേൽപ്പിച്ചു. അഞ്ജലിയുടെ വായിൽ തിരുകിയിരുന്ന തൂവാല നീക്കം ചെയ്തു. അവൾ അർദ്ധബോധാവസ്ഥയിൽ ആയിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ നിലത്തേക്കിറ്റു വീണ രക്തത്തുള്ളികൾ കണ്ട് അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു.
"ചതിച്ചല്ലോ ഭഗവതി "
"അഞ്ജലിക്കൊന്നും സംഭവിച്ചിട്ടില്ല അമ്മ സമാധാനമായിരിക്ക് , ബഹളം വെച്ച് ആളെ കൂട്ടല്ലേ " അശ്വതി വിപദിധൈര്യമാർജ്ജിച്ചു. അമ്മയെ സമാധാനപ്പെടുത്തി. ഗ്രീൻ റൂമിലെത്തിച്ച് അഞ്ജലിയുടെ വസ്ത്രങ്ങൾ മാറ്റി. വേദന സഹിക്കാനാകാതെ അവൾ വിതുമ്പുന്നുണ്ടായിരുന്നു. ചുണ്ടുകൾ പൊട്ടിയിട്ടുണ്ടായിരുന്നു. ശരീരമാസകലം നഖക്ഷതങ്ങൾ. അവളുടെ കോലം കണ്ട് അമ്മ ആകെ തകർന്നുപോയി.
കോളേജധികൃതരോട് പരാതിപ്പെടാൻ ഒരുങ്ങിയ അശ്വതിയെ അമ്മ വിലക്കി.
“കേസും കൂട്ടൊമൊന്നും വേണ്ട.. നാലാളറിഞ്ഞാൽ ഉള്ള മനസ്സമാധാനം കൂടി പോകും”
ഒരു ടാക്സി വിളിച്ച് അപ്പോൾ തന്നെ അവർ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ ആരെ സമാധാനപ്പെടുത്തണം എന്നറിയാതെ വിഷമിച്ചു അശ്വതി. അമ്മയും അഞ്ജലിയും മാനസ്സീകമായി ആകെ തകർന്നു പോയിരുന്നു. ഒരുവിധം നേരംവെളുപ്പിച്ചു. രാവിലെ ഉണർത്താൻ ചെന്ന അശ്വതി കണ്ടത് കട്ടിലിൽ നിശ്ചലയായ് കിടക്കുന്ന അമ്മയെയാണ്, പാവം ഇതുപോലൊരു ഷോക്ക് താങ്ങാനുള്ള കരുത്ത് ആ ശുദ്ധ ഹൃദയത്തിനില്ലായിരുന്നു.
ശരീരത്തിനേറ്റ കളങ്കവും . അമ്മയുടെ ആകസ്മീകമായ മരണവും അഞ്ജലിയുടെ മാനസീക നില തകരാറിലാക്കി. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന അവൾ തന്റെ മുറിയുടെ നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങി. പുറത്തിറങ്ങാറില്ല, കോളേജിലും പോകുന്നില്ല.
വളരെയേറെ നിര്ബന്ധിച്ചതിന് ശേഷമാണ് എക്സാം എഴുതാൻ പോലും തയ്യാറായത്. മുൻപൊക്കെ ക്ലാസ്സിൽ ഏറ്റവും സമർത്ഥയായിരുന്ന അഞ്ജലി പക്ഷെ, കഷ്ടിച്ചാണ് ഫൈനലിയർഎക്സാം
പാസ്സായത്.
ഉയർന്ന മാർക്കോടെ MSc പാസ്സായ അശ്വതിക്ക് ദൈവാനുഗ്രഹത്താൽ ഒരു നല്ല ജോലി ലഭിച്ചു.
അനുജത്തിക്ക് ഒരു മാറ്റം ഉണ്ടാവുമെന്ന് കരുതി അവരുടെ പഴയ വീട് വിറ്റ് ദൂരെ അശ്വതി ജോലി ചെയ്യുന്ന സ്ഥാപനത്തിനരുകിലുള്ള ഒരു വീട്ടിലേക്ക് താമസം മാറ്റി. പക്ഷെ വർഷങ്ങൾ പലത് കടന്ന് പോയെങ്കിലും അഞ്ജലിയുടെ മാനസ്സീക നില മെച്ചപ്പെട്ടില്ല. ആളുകളെ അഭിമുഖീകരിക്കുവാനുള്ള ഭയമായിരുന്നു അവളുടെ മനസ്സിൽ. തന്റെ നേരെ നീളുന്ന ഓരോ നോട്ടവും അവളെ ഭയപ്പെടുത്തി.
ആൾക്കൂട്ടത്തിൽ അന്ന് തന്നെ നശിപ്പിച്ച ആൾ ഉണ്ടാകാമെന്നും അവന്റെ നേത്രങ്ങൾ ഓരോ നോട്ടത്തിലും തന്നെ നഗ്നയാക്കുകയാണെന്നും അവൾ കരുതി. കണ്മുന്നിൽ കടന്നു വരുന്ന ഏതൊരു പുരുഷനെയും അവൾ സംശയിച്ചു.
അശ്വതിക്ക് ചിലപ്പോൾ തോന്നിയിട്ടുണ്ട് - അന്ന് അവളെ നശിപ്പിച്ചത് ആരെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അഞ്ജലിക്ക് ഇന്നീ കാണുന്നത് പോലെ സമൂഹത്തോട് മൊത്തത്തിലുള്ള വെറുപ്പും ആളുകളോട് ഇടപെടുന്നതിൽ വൈമുഖ്യവും ഉണ്ടാകുമായിരുന്നില്ല. ആരോ ചെയ്ത തെറ്റിന് ഒരു തടവറയിലെന്നവണ്ണം അവൾ സ്വന്തം ജീവിതം തളച്ചിട്ടു.
വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ അശ്വതിയുടെ വിവാഹം കഴിഞ്ഞു സഹപ്രവർത്തകനായ അജയുമായി . അജയനും സ്വന്തം അനുജത്തിയെന്ന പോലെ അഞ്ജലിയെ കരുതി. അമ്മയുടെ അകാല വിയോഗമാണ് അഞ്ജലിയുടെ ഡിപ്രെഷന് കാരണമെന്നാണ് അശ്വതി ഭർത്താവിനോട് പറഞ്ഞിരുന്നത്.
ഒരു നല്ല ചെറുക്കനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിച്ചു വിട്ടാൽ എല്ലാം ശരിയാകുമെന്ന് അജയ് വിശ്വസിച്ചു. അഞ്ജലിക്കുവേണ്ടി വരനെ അന്ന്വേഷിക്കുന്നതിന് ഏർപ്പാടാക്കുകയും ചെയ്തു.
മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ടാണ് വിനീതിന്റെ വീട്ടുകാർ ആലോചനയുമായി വന്നത്. വിനീത് തന്നെയാണത്രെ അഞ്ജലിയുടെ പ്രൊഫൈൽ അച്ഛനും അമ്മയെയും കാണിച്ചു കൊടുത്തതും.
അഞ്ജലി നഖശികാന്തം വിവാഹത്തെ എതിർത്തു.
"മനസ്സുകൊണ്ടും ശരീരം കൊണ്ടും കളങ്കമേൽക്കാതെ വേണം കതിര്മണ്ഡപത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ"
കുഞ്ഞനാൾ മുതൽ കേട്ട് വളർന്ന അമ്മയുടെ വാക്കുകൾ അവളുടെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞിരുന്നു.
അറിഞ്ഞുകൊണ്ട് ഒരാളെ ചതിക്കാൻ അവൾ തയ്യാറല്ലായിരുന്നു. ഒടുവിൽ അശ്വതി അവൾക്കുമുന്നിൽ ഒരുപാധി വെച്ചു. വിനീതിനോട് നടന്ന കാര്യങ്ങൾ തുറന്നു പറയുക.എന്നിട്ടും വിനീത് ഈ വിവാഹത്തിന് തയ്യാറാണെങ്കിൽ പിന്നെ അഞ്ജലി എതിര് നിൽക്കരുത്. മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചു. അശ്വതി വിനീതുമായി സംസാരിച്ചു. അനിയത്തിയുടെ ജീവിതത്തിൽ പണ്ടുണ്ടായ ആ ദുർവിധിയെക്കുറിച്ചവനോട് പറഞ്ഞു. എല്ലാം കേട്ടശേഷവും വിനീത് ആ വിവാഹത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.
"എനിക്ക് അഞ്ജലിയെ അത്രമേൽ ഇഷ്ടമായി.. എന്റെ തീരുമാനത്തിൽ മാറ്റമില്ല" അവൻ തീർത്തു പറഞ്ഞു. അത് കേട്ടപ്പോൾ അശ്വതിയുടെ മനസ്സ് നിറഞ്ഞു.
നിശ്ചയവും വിവാഹവും അടുത്തടുത്ത നാളുകളിലായിരുന്നു. വിനീതിന് ദുബായിലെ ഒരു ബാങ്കിലാണ് ജോലി. ലീവ് തീരെക്കുറവായിരുന്നു. തിരികെ പോകുമ്പോൾ അഞ്ജലിയെ കൊണ്ടുപോകാനുള്ള ഏർപ്പാടുകളും ചെയ്തിട്ടാണ് വിനീത് വന്നിരുന്നത്.
അജയും വിനീതും ടെറസ്സിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അശ്വതി പൂജാമുറിയിൽ നിന്ന് പുറത്തേക്ക് വന്നു.
"അജയ് ഇന്നത്തെ ദിവസത്തെക്കുറിച്ചോർമ്മയില്ലേ .. വിനീതിന് ഉറക്കം വരുന്നുണ്ടാവും . കത്തിവെയ്ക്കാൻ നാളെയും സമയമുണ്ടല്ലോ.. വിനീത് റൂമിലേക്ക് ചെല്ല് അഞ്ജലി, പാവം ഉറങ്ങിക്കാണും".
വിനീതിനെ മണവറയിലാക്കി അജയ് തിരികെ വന്നു..
"അശ്വതി ...ഇനിയെങ്കിലും തനിക്കൊന്ന് സമാധാനമായുറങ്ങിക്കൂടെ.. ആഗ്രഹം പോലെത്തന്നെ അഞ്ജലിയുടെ വിവാഹം നല്ലരീതിയിൽ നടന്നു. അറിഞ്ഞിടത്തോളം വിനീത് വളരെ നല്ല പയ്യനാണ്."
"അജയ് കിടന്നുകൊള്ളൂ .. എനിക്ക് അടുക്കളയിൽ ഒരൽപം ജോലി കൂടിയുണ്ട്"
ഇന്നത്തെ ഈ രാത്രി- ഇത് കൂടി ഒന്ന് കഴിഞ്ഞാൽ അജയ് പറഞ്ഞപോലെ സമാധാനമായൊന്നുറങ്ങണം ഏറെ നാളുകൾക്ക് ശേഷം എല്ലാം മറന്നൊരുറക്കം. അഞ്ജലി വിനീതിനോട് എങ്ങിനെ പ്രതികരിക്കുമെന്നറിയില്ല. നീണ്ട പത്തു വർഷമായി അവൾ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ വാത്മീകത്തിലൊളിച്ചിട്ട്.
ചിലപ്പോഴൊക്കെ അഞ്ജലിയുടെ ചെയ്തികൾ കാണുമ്പോൾ ഭയം തോന്നിയിട്ടുണ്ട്. ഒരു ഭ്രാന്തിയെപ്പോലുള്ള ദൃഷ്ടിയുറക്കാത്ത നോട്ടം. വേറേതോ ലോകത്തിലാണെന്നുള്ള രീതിയിലുള്ള സംസാരം. മാനസീകമായി അവൾ അത്രെയേറെ തകർന്നിരുന്നു. ഇന്ന് അവളുടെ ജീവിതത്തിലെ ഒരു പരീക്ഷണമാണ്. ഇത് കടന്നു കിട്ടിയാൽ, വിനീതിനെ അവൾക്കിഷ്ടമായാൽ. പിന്നെ തനിക്കുറങ്ങാം സമാധാനമായി..
അജയുറങ്ങാൻ പോയി.. അടുക്കളയിലേക്കെന്ന വ്യാജേന അശ്വതി തിരികെ പൂജാമുറിയിലേക്കും. എല്ലാം ഈശ്വരനിലർപ്പിച്ചു വീണ്ടും പ്രാർത്ഥിച്ചു.
****************
മണവറയ്ക്ക് മുന്നിലെത്തിയപ്പോൾ വിനീത് ഒരു നിമിഷം നിന്നു. പത്തു വർഷം മുൻപ് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. അന്ന് കസിന്റെ കൂടെ അവന്റെ കോളേജിലെ ജൂബിലി ആഘോഷത്തിന് പോയപ്പോൾ ചെയ്ത പൊറുക്കാനാവാത്ത തെറ്റ്. കസിന്റെ ഫ്രണ്ട്സ് നിർബന്ധിച്ചപ്പോൾ അവരുടെ കൂടെ ചേർന്ന് കാമ്പസിനുള്ളിൽ വെച്ച് മദ്യപിച്ചു. ആ ലഹരി തലയിൽ നുരയുമ്പോളാണ് അപ്സരസുകളെപ്പോലെ രണ്ടു സഹോദരിമാർ നൃത്തം ചെയ്യുന്നത് കണ്ടത്. ഒന്ന് നേരിട്ട് കണ്ട് അനുമോദിക്കാനാണ് ഗ്രീൻ റൂമിനരികിലെത്തി കാത്തു നിന്നത്. ഇരുളിൽ പെട്ടന്ന് തന്നെ കണ്ടപ്പോൾ ഒച്ചയിടുവാൻ തുടങ്ങിയ അഞ്ജലിയുടെ വായ്പൊത്തി അടുത്ത ക്ലാസ്റൂമിലെക്ക് വലിച്ചു കയറ്റിയപ്പോൾ പോലും മനസ്സിൽ വേറേ ചിന്തയൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ആ അരണ്ട വെളിച്ചത്തിൽ -വിവേകത്തെ വികാരം കീഴടക്കിയപ്പോൾ, മുന്നിൽ നിന്ന സ്ത്രീ ശരീരത്തിന്റെ മാദക സൗന്ദര്യം കുറച്ചുനേരത്തേക്ക് തന്നെ ഒരു ഭ്രാന്തനാക്കി. പിന്നീട് പലപ്പോഴും ചെയ്തതെറ്റിനെക്കുറിച്ചോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ട്. ഒടുവിൽ ഇന്ന് അന്നത്തെ ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ദൈവമൊരവസരം തന്നിരിക്കുന്നു. അഞ്ജലിയുടെ കാലുകളിൽ വീണ് മാപ്പിരക്കണം. ഇക്കാലമത്രെയും താൻ കാരണം എത്ര ദുഃഖിച്ചിണ്ടുണ്ടാവണം
********************************************
"ഞാൻ.. ഞാൻ നശിച്ചവളല്ല ... ചേച്ചി അമ്മയോടൊന്ന് പറയുമോ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ... പാവം അന്നെത്ര വിഷമിച്ചിട്ടുണ്ടാവും "
അശ്വതിയുടെ മടിയിൽ കിടന്ന് കൊണ്ട് അഞ്ജലി ഭ്രാന്തമായി പുലമ്പുന്നു, അവൾ ധരിച്ചിരുന്ന വസ്ത്രം നിറയെ രക്തം പുരണ്ടിരുന്നു
ഇൻക്വസ്റ്റ് നടപിടികൾ പൂർത്തിയാക്കി വിനീതിന്റെ മൃതദേഹം ആംബുലൻസിലേക്ക് കയറ്റി. ആ വാഹനം ഗേറ്റ് കടന്ന് മെല്ലെ പുറത്തേക്ക് നീങ്ങി.
അടുത്തടുത്ത് വരുന്ന നിയമപാലകരുടെ ബൂട്സിന്റെ ശബ്ദം.. അശ്വതി അഞ്ജലിയെ ഇറുകെ പുണർന്നു.. ആർക്കും വിട്ടുകൊടുക്കില്ലെന്ന മനസ്സുറപ്പോടെ.
By Saji.M.Mathews.
02/12/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot