
മധുവിധുവിന്റെ മധുരം മാറും മുൻപെയാണ്, തനി വടക്കനായ നമ്മുടെ കഥാനായകനെ അമ്പേ വെടക്കാക്കി കൊണ്ട് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തേക്ക് അവനൊരു സ്ഥലം മാറ്റം കിട്ടുന്നത്...! അങ്ങനെ തലസ്ഥാന നഗരിയിൽ എന്റെ സഹ മുറിയാനാകാൻ വിധിക്കപ്പെട്ട ടിയാൻ, തന്റെ ദുർവിധിയെയും പഴിച്ച് ഗൃഹസ്ഥാശ്രമം വെടിഞ്ഞ് ആ നാലു ചുവരുകൾക്കുള്ളിൽ അവന്റെ വാനപ്രസ്ഥം ആരംഭിച്ചു...അങ്ങനെ കുറെക്കാലമായി ഞാൻ കണി കാണുന്നത് ആ കണ്ണൂരുകാരന്റെ കണ്ണീരണിഞ്ഞ തിരുമുഖമായിരുന്നു ...!. വിരഹഗാനം വിതുമ്പി നിൽക്കുന്ന വീണ പോലുള്ള ആ മുഖത്ത് നിന്നും ഉതിരുന്ന, പ്രിയതമയോടുള്ള സങ്കടത്തിൽ പൊതിഞ്ഞ ചോദ്യങ്ങളായ :
''നീ കുളിച്ചീനാ... നീ കഴിച്ചീനാ ... നീ അമ്പലത്തി പോയീനാ " തുടങ്ങിയ ചോദ്യങ്ങൾ അലാറമായി കാതിൽ മുഴങ്ങുമ്പോഴായിരുന്നു എന്റെ പതിവ് പള്ളിയുണരൽ ...
ദിനങ്ങൾ അങ്ങനെ ഈ പതിവ് പല്ലവിയും കേട്ട് കൊഴിഞ്ഞു കൊണ്ടിരിക്കെ, ഒരു സുപ്രഭാതത്തിൽ ഞാൻ കണി കാണുന്നത് വല്ലാത്ത സന്തോഷത്തിൽ ഇരിക്കുന്ന നമ്മുടെ കഥാനായകനെയാണ്... രാവിലെ തന്നെ അവന്റെ സന്തോഷ കാരണം തിരക്കിയ എന്നോട്, ടിയാൻ പറഞ്ഞ മറുപടി കേട്ടപ്പോൾ... പകച്ച് പണ്ടാരമടങ്ങിപ്പോയ് എന്റെ ബാല്യവും, യൗവ്വനവും, വാർദ്ധ്യക്യവും, പിന്നെ പരലോക ജീവിതവും !
ആ സന്തോഷത്തിന് കാരണം അവൻ തലേന്ന് കണ്ട സ്വപ്നമായിരുന്നു പോലും ... അതിൽ അവൻ തന്റെ പതിവ് ട്രെയിൻ യാത്രയും കഴിഞ്ഞ്, ക്ഷീണിച്ച്, അവശനായി കൊച്ചുവെളുപ്പാൻ കാലത്ത് വീട്ടിൽ ചെല്ലുന്ന ദൃശ്യത്തിന് പകരം... ജോലി കഴിഞ്ഞ്, കുളിച്ച് ഫ്രെഷായി ട്രിവാൻഡ്രത്ത് നിന്നും പ്ലെയിനിൽ കയറി കണ്ണൂർ ഇന്റർ നാഷണൽ എയർ പോർട്ടിൽ ചെന്നിറങ്ങി, വീട്ടിലെത്തി കൃത്യം 8-30 PM ന് ഭാര്യയോടൊപ്പം ഡിന്നർ കഴിക്കുന്ന രംഗമായിരുന്നു ഉണ്ടായിരുന്നതെന്ന് !!.
(ശേഷം ഭാവനയിൽ....)
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക