നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കണക്കുചാണകരാമൻ

Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water

മസ്കറ്റിലേക്ക് പോരുന്നോ?
കച്ചവടമൊന്നുമില്ലാതെ വെറുതെ ഇരിയ്ക്കുകയല്ലേ. കളക്ഷനുവന്ന കമ്പനിക്കാരൻ ആണ്.
ശരി പോയേക്കാം, നാളെ അവധിയും ആണല്ലോ.
പിന്നെ ഒട്ടും താമസച്ചില്ല. കൂട്ടുകാരനെ വിളിച്ചു പറഞ്ഞു.
രമേഷേ ഞാൻ രാത്രി എത്തുന്നുണ്ട്.
അവനും വളരെ സന്തോഷമായി.
പെട്ടെന്നുള്ള ഒരു രാത്രിയാത്ര. വ്യാഴാഴ്ച്ച വൈകിട്ടായതിനാൽ റോഡിലെല്ലാം കനത്ത ട്രാഫിക്. തിരക്കും മരണപാച്ചിലും എല്ലാവരും അക്ഷമരാണ് .ഓരരോ റൗണ്ട് എബൗട്ടുകൾക്കും അടുത്ത് വാഹനങ്ങളുടെ നീണ്ടനിര. അവിടെ നഷ്ടമാകുന്ന സമയം കൂടെ തിരിച്ചു പിടിയ്ക്കാനുള്ള അടുത്ത ഓട്ടപ്പാച്ചിൽ.
റൂവിയിൽ വണ്ടിയിറങ്ങി.
രമേഷ് കാത്തുനിൽപ്പുണ്ട് അകം നിറഞ്ഞ സന്തോഷത്തോടെ ആത്മാർത്ഥമായ ചിരിയോടെ. അവന്റെ ഫ്ലാറ്റിൽ എത്തി ഒന്നു ഫ്രെഷായി.
അവൻ നല്ല ചൂട് പരിപ്പുവട വാങ്ങി വച്ചിരുന്നു.അതും കഴിച്ചു സുലൈമാനിയും കുടിച്ചപ്പോൾ ക്ഷീണമെല്ലാം മാറി.
പിന്നീട് പുറത്തെ തിരക്കിലേക്ക് ഇറങ്ങി. നിയോൺ ബൾബുകളുടെ പ്രകാശത്തിൽ നട്ടുച്ചയുടെ പ്രതീതിയിൽ തുടിച്ചു നിൽക്കുന്ന നഗരം. ലക്ഷ്യമില്ലാതെ ആ തിരക്കിൽ അങ്ങിങ്ങ് അലഞ്ഞു നടന്നു. സ്റ്റാർസിനിമയുടെ പരിസരത്ത് നല്ല തിരക്ക് മുന്തിരിവള്ളികൾ പൂത്തു തളിർക്കുന്നതിന്റെ തിരക്കാണ്. കുറച്ചു നേരം അവിടെ കറങ്ങി പിന്നെ നടന്ന്നടന്ന് കെ എമ്മിൽ എത്തി. ആ ഹൈപ്പർ മാർക്കറ്റിൽ കറങ്ങി കൊണ്ടിരുന്നപ്പോൾ ആണ് അത്താഴത്തെ പറ്റി ഓർത്തത്. ഖാനാഖസാനയിലേക്ക് പോയി ഭക്ഷണം കഴിച്ച് പുറത്തിറങ്ങി.
പിന്നീടെത്തിയത് റൂവി ക്ലോക്ക് ടവറിന്റെ താഴെ. വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ക്ലോക്ക്ടവർ. നാലു സ്ഥലത്ത് നിന്നു നോക്കിയാലും സമയം അറിയാൻ പറ്റുന്ന ക്ലോക്ക് കണ്ടപ്പോൾ ഓർമ്മ വന്നത്, സ്കൂളിൽ നിന്ന് ടൂറിനു പോയപ്പോൾ കണ്ട തിരുവനന്തപുരത്തെ മേത്തൻ മണിയാണ്. ഓരോ മണിക്കൂറ് തികയുമ്പോൾ ഒച്ചയിടുന്ന മുഖത്തെ ഇരു വശത്തു നിന്നും ആഞ്ഞിടിയ്ക്കുന്ന ആടുകൾ.
എടാ നീ നമ്മുടെ രാമചന്ദ്രനെ കാണാറുണ്ടോ, വിളിയ്ക്കാറുണ്ടോ?
നമ്മുടെ ചാണക രാമനേയോ
അതു തന്നെ.
നമുക്കിപ്പോൾ വിളിക്കാം ഇവിടെ അടുത്താണ് അവൻ താമസിക്കുന്നത്.
എടാ രാമാ നീയെവിടെ ആണ്, രമേഷ് അവന് ഫോൺ ചെയ്തു
ഞാൻ റൂമിൽ ഉണ്ടെടാ, ഭക്ഷണം കഴിക്കുന്നു.
നാളെ അവധിയല്ലേടാ ഇങ്ങോട്ടി റങ്ങടാ. പീഎസ്സും ഉണ്ട്.
ആണോ എങ്കിൽ ഞാൻ റൂമിലേക്ക് എത്താം പത്തു മിനിട്ട് .
ഞങ്ങൾ തിരിച്ചു റൂമിലെത്തി. അല്പം സമയം കഴിഞ്ഞ് രാമനും എത്തി. ഒന്നിച്ചൊരേക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ വർഷങ്ങൾക്കു ശേഷം ഒന്നിച്ചൊരേ കട്ടിലിൽ ഒന്നിച്ചിരുന്നപ്പോൾ കാലം മറന്നു, പ്രായം മറന്നു. ഇന്നുകളുടെ വ്യാകുലതകൾ മറന്നു. മനസ്സ് കൊച്ചുകുട്ടികളുടേതായി മാറി പഴയ സ്കൂളങ്കണത്തിലേക്ക് പറന്നുപറന്നു പോയി.
ഓർമ്മകളുടെ കുറെ വിട്ടു പോകലുകളുടെ കൂട്ടി ചേർക്കലുകൾ, ഇടയ്ക്ക് കേട്ടറിഞ്ഞ വിശേഷങ്ങൾ, പഴയ വിശേഷങ്ങൺ ഒരുരാത്രി മുഴുവനും ഉറങ്ങാതെ, ഒരു പോള കണ്ണടക്കാതെ കഴിഞ്ഞു പോയ കാലങ്ങളിലൂടെയുള്ള ഒരു ഒന്നൊന്നരയാത്ര ആയിരുന്നു.
എടാ നമ്മുടെ രാജശ്രീ ഇപ്പോൾ എവിടെയാണ്.
അവൾ മുംബൈയിൽ സെറ്റിൽഡ് ആയില്ലെ പ്രശസ്തയായ എൻജിനിയർ ആണല്ലോ.
അവളുടെ കൂട്ടുകാരി പിശാചോ?
പിശാച്?
നമ്മുടെ പിശാച് . അന്നവരെയെല്ലാം പുറകെ നടന്ന് കളിയാക്കിയപ്പോൾ ചത്തു കഴിഞ്ഞ് പിശാചായി വന്ന് നമ്മളെയെല്ലാം ഉപദ്രവിയ്ക്കും എന്ന് പറഞ്ഞതിന് നമ്മൾ പിശാച് എന്ന് പേര് ഇട്ടു കൊടുത്ത സുന്ദരി .
കിഡ്നിക്കറിയെ മറന്നോ?
മറന്നില്ല, അങ്ങിനെ മറക്കാൻ പറ്റുമോ?
ബയോളജി ക്ലാസ്സിൽ ടീച്ചർ കിഡ്നിയെ പറ്റി പഠിപ്പിച്ചപ്പോൾ ചാടി എഴുന്നേറ്റ്
ടീച്ചറേ ഞങ്ങളുടെ വീട്ടിൽ എല്ലാ ഞായറാഴചയും കിഡ്നിക്കറി വയ്ക്കും എന്ന് പറഞ്ഞത് കേട്ട് ക്ലാസ്സ് മൊത്തവും ടീച്ചറും പൊട്ടിച്ചിരിച്ചത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.
എടാ നമ്മുടെ വീവീ ഇപ്പോൾ ചീഫ് മെഡിക്കൽ ഓഫീസർ ആണ്.
ആണോ,
ഞങ്ങൾ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.
നമ്മുടെ മലയാളം സാർ ഇപ്പോൾ ഉണ്ടോ ആവോ.
നമ്മുടെ രാമൻ നായർ സാറല്ലെ, സാർ നാലു വർഷം മുമ്പ് മരിച്ചു പോയി. പാവം.
നമ്മുടെ മണി സാറോ?
അയാളുടെ കാര്യം മാത്രം കേൾക്കുമ്പോൾ എനിക്ക് പുള്ളിയെ കൊല്ലാനുള്ള കലിവരും.
അയാൾ ഒറ്റ ഒരാൾ കാരണമാണ് എനിക്കീ ചാണക രാമൻ എന്ന വട്ടപ്പേര് മാറാതെ കിടക്കുന്നത്. ഈ പേര് എനിക്കുണ്ടാക്കിയ നാണക്കേടിന് കൈയ്യും കണക്കുമില്ല.
പ്രാഞ്ചിയേട്ടനിലെ അരിപ്പ്രാഞ്ചി ഇതിനെക്കാൾ എത്രയോ ഭേദമാണ്. ആ പേര് മാറ്റാൻ പുള്ളി കാണിച്ചതിനേക്കാൾ എത്രയധികം വേന്ദ്രത്തരങ്ങൾ ആണ് ഞാൻ കാട്ടിയത്. എന്നിട്ടും എന്റെ ഇരട്ടപ്പേര് മാറിയില്ല പകരം എന്റെ പേര് മാറി. രാമചന്ദ്രൻ അയ ഞാൻ ആദ്യം രാമൻ ആയി, പിന്നെ ചാണക രാമൻ ആയി പിന്നീട് ഒടുവിൽ വെറും ചാണകം മാത്രം ആയി. നമ്മുടെ കൂട്ടുകാർ എല്ലാവരും കാക്ക തൂറി എന്നു പറയുമ്പോൾ ജഗദീഷിനെ ഓർക്കുന്ന പോലെ ചാണകം എന്നു പറയുമ്പോൾ എന്നെ ഓർക്കുന്നു.
അഞ്ചാം ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചിരുന്ന ശപിക്കപ്പെട്ട ആ ഒരു ദിവസം. സാർ ബോർഡിൽ ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നിൽ നിന്ന് തൊള്ളായിരത്തി പത്തൊമ്പത് കുറയ്ക്കുന്നത് എഴുതി. അതിന്റെ ഉത്തരം ബോർഡിൽ എഴുതാൻ ചോക്കും തന്ന് എന്നെ ബോർഡിന്റെ അടുത്തേക്ക് വിട്ടു. കണക്കിന്റെ കാര്യത്തിൽ ഞാൻ പുറകോട്ടാണ് എന്ന് സാറിനും അറിയാം ക്ലാസിലെ കുട്ടികൾക്കും അറിയാം.
പടക്കളത്തിൽ ആയുധം നഷ്ടപ്പെട്ട പോരാളിയെ പ്പോലെ ഞാൻ നിന്നു.
സാർ മൂന്നിൽ നിന്ന് ഒമ്പത് കുറയ്ക്കാൻ പറ്റില്ല മൂന്ന് ചെറുതാണ്.
എങ്കിൽ അടുത്ത
ഇടത്തുനിന്നും ഒന്ന് കടം വാങ്ങൂ.
സാർ അവിടന്നും ഇവിടന്നും ഒന്നും കടം വാങ്ങാരുതെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്.
പറഞ്ഞു തീർന്നതും സാറിന്റെ കൈയിൽ ഇരുന്ന ചൂരൽ വായുവിലൂടെ ഉയർന്നു താണു. എന്റെ മുതുകിലും കാലിലും പ്ടേ പ്ടേ എന്ന് അടി വീണു കഴിഞ്ഞിരുന്നു.
നീ കണക്കു ചെമ്പകരാമനല്ല. നിൻ്റെ തല നിറച്ച് ചാണകമാണ്, നീ വെറും കണക്കു ചാണക രാമനാണ്.
ക്ലാസ് റൂമിലെ ഡെസ്കിൽ അടിച്ചടിച്ച് ആർത്തു ചിരിക്കുന്ന സഹപാഠികൾ. ഒന്നും ഞാൻ ഇപ്പോഴും മറന്നിട്ടില്ല.
അന്ന് തൊട്ട് കണക്ക് പഠിക്കുന്നത് ഒരു തപസ്യ ആയി കണ്ട് ശ്രമിച്ചതിൻ ഫലമായി ഇന്ന് ഞാൻ സിഎക്കാരൻ ആയി, എം.ബി.എ എടുത്തു. ഇവിടെയുള്ള ഒരു വലിയ കമ്പനിയിലെ സീനിയർ മോസ്റ്റ് അകൗണ്ടന്റ് ആയി.
എന്നാലും സാറിനോടുള്ള ദേഷ്യം ഇന്നും തീർന്നിട്ടില്ല. എന്നും പത്തു പ്രാവശ്യം എങ്കിലും സാറിനെ പ്രാകുന്നത് ഒരു ശീലമായി.
മണി സാറിനെ നീയെന്നെങ്കിലും കണ്ടോ?
കഴിഞ്ഞ വർഷം കണ്ടു.
എവിടെ വച്ച്.
സാറിന്റെ വീട്ടിൽ വച്ച്, അന്ന് സാർ മരിച്ച ദിവസം ആയിരുന്നു. സാർ മരിച്ചതറിഞ്ഞ് കാണാൻ പോയതാണ്.
ഞാൻ നാട്ടിൽ ഉള്ള സമയം ആയിരുന്നു.
അതുപോലെ തന്നെ സാറിന്റെ അടിയന്തിരവും കൂടി . നല്ല സദ്യ കഴിച്ചു. രണ്ടു തരം പായസവും ഉണ്ടായിരുന്നു. പരിപ്പു പ്രഥമനിൽ സാറിനെ പൊടിയ്ക്കാനുള്ള ദേഷ്യത്തോടെ പപ്പടം പൊടിച്ചിട്ട് പഴവും ഇട്ട് നന്നായി കുഴച്ച് പായസം കഴിച്ചപ്പോൾ എന്റെ ദേഷ്യം കുറച്ച് കുറഞ്ഞു. വർഷങ്ങളായി സാറിനോടുളള പകയുടെ വാശിയിൽ
ഞാൻ വീണ്ടും വീണ്ടും പായസം വാങ്ങി കുടിച്ചു.
ചുമ്മാതല്ല നിന്നെ ചാണകം എന്നു വിളിയ്ക്കുന്നത്, സാമദ്രോഹി.
സാധാരണ ചാണകമെന്നു വിളിച്ചാൽ വിളിക്കുന്നവനെ തെറി പറഞ്ഞു കുളിപ്പിക്കുന്നവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
ദൈവമേ ഇനി എന്റെ അടിയന്തിരത്തിനും പായസം കുടിയ്കുന്നത് ഓർത്തണോ അവൻ ചിരിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. എങ്കിലും ഞങ്ങൾ എല്ലാം ചിരിച്ചു.
നേരം വെളുത്തു തുടങ്ങിയിരുന്നു അപ്പോഴും ഞങ്ങൾ കഥ പറഞ്ഞ് തീർന്നിട്ടില്ലായിരുന്നു. ഒരിയ്ക്കലും തീരാത്ത
സ്നേഹ സൗഹൃദകഥകൾ.
പി.എസ്സ്.അനിൽകുമാർ.
ദേവിദിയ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot