നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിസ്സംഗതയുടെ കാണാപ്പുറങ്ങൾ (കഥ)


അവളുടെ ചുട്ടുപൊള്ളുന്ന മേനിയെ കുളിരണിയിക്കാൻ എസ്തപ്പാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ... കഴിഞ്ഞ രണ്ട് മാസത്തോളമായി തുടർച്ചയായുള്ള സംഭവമായതിനാൽ അയാളിൽ കാര്യമായ ഭാവവ്യത്യാസങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. പക്ഷെ അവളുടെ ഉദരത്തിൽ പൂർണ്ണവളർച്ചയ്ക്കായി തയ്യാറെടുക്കുന്ന തന്റെ ബീജം ഈ ഉഷ്ണസഞ്ചാരത്തിൽ കരിയുമോ എന്ന ഉൾഭയം എസ്തപ്പാനെ നന്നേ ഭയപ്പെടുത്തിയിരുന്നു.
തേയിലത്തോട്ടങ്ങളും നേന്ത്രവാഴക്കണ്ടങ്ങളും കടന്ന് ഒരു പാട്തവണ എസ്തപ്പാൻ മേരിയേയും കൊണ്ട് ഡോക്ടറെ കാണാൻ പോയിട്ടുണ്ട് .... ചുട്ടുപൊള്ളുന്ന പനിയെ വകവെയ്ക്കാതെ വളരെ ദുർഘട പാതയിലൂടെ ഡോക്ടറുടെ മുറിയിലെത്തുമ്പോഴേക്കും അവൾ അവശയായിട്ടുണ്ടാവും .. ഡോക്ടർ തരുന്ന മരുന്ന് കഴിക്കുന്നതോടെ അത് മാറും .. കഴിഞ്ഞ രണ്ട് മാസമായി അവർ ചെല്ലാത്ത ഡോക്ടർമാർ ചുരുക്കമായിരുന്നു.
ശക്തമായ പനി .... വന്ന പോലെ പെട്ടന്ന് പിൻവാങ്ങും. ... ചില ഡോക്ടർമാർ ടെസ്റ്റുകളും മറ്റും ചെയ്യണമെന്നു പറയുമെന്നല്ലാതെ പനി മാറുമ്പോൾ എസ്തപ്പാൻ അതു മന:പൂർവം മറക്കും ...
"പനി നല്ലതാണ് ... അത് ചികിത്സിക്കരുത്. ... ശരീരത്തിന്റെ പ്രതിരോധമാണത് ... തനിയെ... മാറിക്കൊള്ളും.... "
തന്റെ ഊശാൻ താടിയിൽ തടവിക്കൊണ്ട് പുരോഗമനം നമ്മുടെ നാശമാണ് എന്നു പറയുന്ന പ്രകൃതി സ്നേഹി സേവ്യറുടെ ഉപദേശങ്ങൾ ശരിയാണന്ന് പലപ്പോഴും എസ്തപ്പാന് തോന്നാറുണ്ട്...
അല്ലെങ്കിൽ വന്നപോലെ പനി പിൻവാങ്ങുമോ ....?
പണിയെടുത്ത് കിട്ടുന്ന പണത്തിന്റെ നല്ലൊരു ഭാഗം മേരിക്ക് പരാസെറ്റമോൾ വാങ്ങുവാൻ എസ്തപ്പാൻ എപ്പോഴും കരുതിയിരുന്നു...
വിളറി വെളുത്ത മേരിയുടെ കൈപ്പത്തി എസ്തപ്പാൻ തിരുമ്മി കോണ്ടേയിരുന്നു....
അവൾ തീരെ അവശയായിരിക്കുന്നു. .. ഇപ്പോൾ പനിയെ കൂടാതെ ശ്വാസതടസ്സവും ഉണ്ട്. ...
"നേരം വെളുക്കട്ടെ നമുക്ക് ആസ്പത്രിൽ പോവാം .... ഞാൻ കാലത്ത് അടിവാരത്തൂന്ന് വണ്ടി കൊണ്ടോരാം.... "
................. .......... .............. ..........
" ഈ പനി തുടങ്ങിയിട്ട് എത്ര കാലമായി ...."
ഡോക്ടർ അവളുടെ കൈത്തണ്ടയിലെ ചുവന്ന പാടുകളിൽ ടോർച്ചടിച്ച് സശ്രദ്ധം നോക്കുന്നതിനിടെ ചോദിച്ചു. ...
"രണ്ട് മാസത്തോളമായി .... കുറേ ഡോക്ടർമാരെ കാണിച്ചു. ... തൽക്കാലം മാറും പിന്നേം വരും.... "
"ഇപ്പോൾ പനിയില്ല ... എതായാലും രണ്ടു ദിവസം നിന്നിട്ടു പോവാം .... മേരിയുടെ വിളറിയ കണ്ണുകളിൽ രക്ത പടലങ്ങളെ കണ്ടെത്തുവാൻ പരിശ്രമിക്കുന്നതിനിടെ ഡോക്ടർ പറഞ്ഞു. ... "
വൈകീട്ട് മേരിയുടെ പനി വീണ്ടും അധികമായതോടെ ഡോക്ടർ വന്നു. ... കടുത്ത ശ്വാസം തടസ്സവും വിറയലും..... ഡോക്ടർ ഹൃദയതാളം ശ്രവിക്കുന്നതിനിടെ അസ്വസ്ഥനാവുന്നത് എസ്തപ്പാൻ കണ്ടു..
ഹാർട്ട് ബീറ്റിൽ ചില അപശബ്ദങ്ങൾ ...
ഡോക്ടർ പലതവണ നോക്കി..
ചില ടെസ്റ്റുകൾ ഉടനെ നടത്താൻ പറഞ്ഞു ...
മേരി ആകെ ക്ഷീണിതയായിരിക്കുന്നു. ...
പ്രസവം അവളുടെ ആരോഗ്യത്തെ എപ്രകാരം ബാധിക്കും എന്ന ചിന്ത ഡോക്ടറെ അലട്ടി.......
ഡോക്ടർ സീനിയർ കാർഡിയോളജിസ്റ്റായ വാര്യർ സാറിന്റെ മുറിയിലേക്ക് ചെന്നു.
"സാർ ഹാർട്ട് ബീറ്റിൽ വലിയ വേരിയേഷനുണ്ട് .... വാൽവിന്റെ പ്രവർത്തനത്തിൽ ഒരു പാകപ്പിഴ പോലെ....നോക്കാം ... "
അൽപ്പ സമയത്തിനകം ടെസ്റ്റ് റിസൽട്ട് വന്നു.
രക്തത്തിലെ പല ഘടകങ്ങളുടേയും വലിയ വ്യത്യാസം കൂടുതൽ ടെസ്റ്റുകൾ ചെയ്യേണ്ടുന്ന സാഹചര്യം സംജാതമാക്കി..
അതിനിടെ പ്രസവമെന്ന നൂൽപ്പാലത്തിലൂടെ മേരി നടന്നു പോയിരിന്നു. ...കുട്ടിയുടെ അനാരോഗ്യം അതിനെ തീവ്ര പരിചരണത്തിന്റെ തണുത്ത അന്തരീക്ഷത്തിലെത്തിച്ചിരുന്നു. ...
ഡോക്ടർ എസ്തപ്പാനെ വിളിപ്പിച്ചു...
"മേരിയുടെ ഹൃദയവാൽവിന് ഒരു ലീക്കുണ്ട്. ... വാൽവിന്റെ അടിഭാഗത്ത് തുടങ്ങിയ അണുബാധ കൃത്യമായി ചികിത്സിക്കാതെ വാൽവിനെ അടർത്താൻ തുടങ്ങിയിരിക്കുന്നു. ...അതിലൂടെ ഊർന്നിറങ്ങുന്ന രക്തക്കട്ടകൾ അപകടകാരിയാണ് ... എത്രയും പെട്ടന്ന് ഒരു സർജറി വേണം ... ശരീരത്തിലെ ചുവന്ന പാടുകൾ അവയുടെ സാന്നിദ്ധ്യത്തിന്റെ സൂചനകളാണ്. ... അത് തലച്ചോറിലെത്തിയാൽ വലിയ അപകടമാണ്. ... പണം കുറച്ച് വേണ്ടി വരും ....പെട്ടന്ന് തീരുമാനിക്കണം ... "
എസ്തപ്പാൻ സേവ്യറിനെ ഓർത്തു.
"അയ്യോ സാർ വേണ്ട.... "
ഒരു പാട് ആലോചിച്ചിട്ടായിരുന്നു എസ്തപ്പാൻ മറുപടി പറഞ്ഞത്. .....
"പനി വന്നാൽ രണ്ടൂസം ..പിന്നെ മാറും ... അതിന് ഇത്രേം വല്യ ഓപ്പറേഷൻ ഒക്കെ വേണോ സാറേ ....?"
"എസ്തപ്പാൻ ഒരു കാര്യം മനസ്സിലാക്കണം ...
ശരീരത്തിന്റെ പ്രതിരോധമാണ് പനി എന്നത് ശരി തന്നെ. ....
പക്ഷെ.... എന്തിനോടുള്ള പ്രതിരോധമാണ് എന്നത് ശ്രദ്ധിക്കണം .... ജലദോഷത്തിനെതിരേയും ഇത്തരം രോഗങ്ങൾക്കെതിരേയും .. പനിയുണ്ടാവും
നിങ്ങൾ കുറേ ഡോക്ടർമാരെ കാണുന്നതിനു പകരം ഒരാളെത്തന്നെ കണ്ടിരുന്നെങ്കിൽ ഈ അസുഖം ഇത്ര സങ്കീർണ്ണമാവില്ലായിരുന്നു. ... അയാൾ എത്രയോ മുൻപ് ഇത് കണ്ടു പിടിച്ചേനെ..
സർജറിയല്ലാതെ വേറെ മാർഗ്ഗമില്ല. .... നിങ്ങളുടെ കുഞ്ഞിനെ ഓർത്തെങ്കിലും പ്ലീസ്. .... "
ഡോക്ടർ എസ്തപ്പാനോട് സ്നേഹത്തോടെ പറഞ്ഞു.
എസ്തപ്പാൻ ശരിക്കും ഒരു വിഷമഘട്ടത്തിലായിരുന്നു. ...
പണം എങ്ങിനെയെങ്കിലും ഉണ്ടാക്കാം ... വറീത് മാപ്പിളയെ കണ്ടാൽ പണം തരും ... തന്റെ അടിവാരത്തുള്ള 20 സെന്റ് സ്ഥലത്തിൽ അയാൾ കുറേക്കാലമായി കണ്ണുവെയ്ക്കുന്നു ....
അമ്മച്ചിയുടെ കൈയിൽ അത്യാവശ്യത്തിന് പണം നൽകി മേരിയെ ഒന്നു കൂടി കണ്ട ശേഷം പോവാനൊരുങ്ങിയ എസ്തപ്പാന്റെ
കൈയിൽ പിടിച്ച മേരിയുടെ കണ്ണിൽ നിന്നും ധാരയായൊഴുകിയ കണ്ണുനീർ അയാളുടെ മിഴികളേയും ആർദ്രമാക്കി.
"ഇച്ചായാ .... എനിക്ക് തീരെ വയ്യ ... ഞാൻ പോവുകയാണെന്നാ തോന്നുന്നേ ....!
നമ്മുടെ മോൻ .... "
"പേടിക്കാതെ മേരി ... പനി അത്ര പ്രശ്നമുള്ളതൊന്നുമല്ല. .... ഞാൻ പെട്ടന്ന് പോയേച്ച് വരാം.. "
അടിവാരത്ത് ബസ്സിറങ്ങിയ എസ്തപ്പാൻ ലാസറേട്ടന്റെ കടയിൽ നിന്നും ഒരു കെട്ട് ബീഡി വാങ്ങി അതിൽ നിന്നും ഒന്നിന് തീ കൊളുത്തി..
"എന്താ ഇച്ചായാ ... ചേട്ടത്തിക്കു പനി മാറുന്നില്ലേ ...."
എസ്തപ്പാൻ തിരിഞ്ഞു നോക്കവേ സേവ്യറിന്റെ ഊശാൻ താടി അയാളെ നോക്കി ചിരിച്ചു. ...
"ഞാനും വരാം ചേട്ടാ ... അവൻമാര് പലതും പറയും നമ്മുടെ പണം തട്ടാനുള്ള മാർഗ്ഗമാ..."
കാര്യങ്ങൾ മുഴുവൻ കേട്ട ശേഷമുള്ള സേവ്യറിന്റെ മറുപടിയിൽ കഴമ്പുണ്ടെന്ന് എസ്തപ്പാനും തോന്നി. ... ഈ പ്രദേശത്ത് ഏറ്റവും പഠിപ്പുള്ളത് സേവ്യറിനാ ....
ഏതായാലും വറീത് മാപ്പിളയെ കണ്ട് കാശ് വാങ്ങാൻ തന്നെ എസ്തപ്പാൻ തീരുമാനിച്ചു.
"എടാ വേഗം വാ "..... അമ്മച്ചി ആശുപത്രി ഗേറ്റിനരികെ തന്നെ നിൽക്കുന്നുണ്ടായിരുന്നു ...
"എന്നതാ അമ്മച്ചി... കാര്യം പറ.. "
"അവള് പോയന്നാ തോന്നുന്നേ. ....! അവര് വണ്ടിയിൽ തള്ളിക്കൊണ്ട് പോയിട്ടുണ്ട് .... നിന്നെ കുറേയായി തിരക്കുന്നു.... "
എസ്തപ്പാനും സേവ്യറും ധൃതിയിൽ ഡോക്ടറുടെ മുറിയിൽ ചെന്നു. ...
"നിങ്ങളിതെവിടെയാ ..... കാര്യങ്ങൾ അതീവ ഗുരുതരമാണ് .... സർജറി ഇപ്പോ തന്നെ നടത്തണം .....".
ഡോക്ടറുടെ വെപ്രാളം സേവ്യറിന് അത്ര രസിച്ചില്ല ...
"സർജറി കഴിഞ്ഞാൽ പൂർണമായും സുഖമാവുമോ ..... അല്ലെങ്കിൽ നിങ്ങൾ പണം മടക്കി തരേണ്ടി വരും ...."
"സീ മിസ്റ്റർ .... ഇവിടെ വന്ന രോഗിയുടെ അസുഖം പനിയായിരുന്നു. ... അതിനുള്ള മരുന്ന് മാത്രം കൊടുത്താൽ എന്റെ ജോലി തീർന്നേനെ. ... നിങ്ങളാവും അല്ലേ പനി കുഴപ്പമില്ല എന്നും പറഞ്ഞ് ഇത്രയും കാലം ഇവരെ കബളിപ്പിച്ചത്. ...
എനിക്ക് സർജറി ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല. ... പിന്നെ എന്റെ ആത്മാർത്ഥതയെ നിങ്ങൾ ചോദ്യം ചെയ്യരുത്. ...
സർജറി വളരെ കോംപ്ലിക്കേറ്റഡ് ആണ്. ... ഒന്നാമത് മേരി വളരെ വീക്കാണ് ... പിന്നെ സക്സസ്സ് ആയാലും തുടർ ചികിത്സ ആവശ്യമാണ് ...
നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ,........
ഉണ്ടെങ്കിൽ മാത്രം ഡോ.വാര്യരെ കാണുക. അദ്ദേഹമാണ് സർജൻ... "
ഡോക്ടറുടെ ശബ്ദമിടറുന്നത് സേവ്യറിനെ തെല്ല് വിഷമിപ്പിച്ചു...... അയാൾക്കെന്തോ ഒരു കുറ്റംബോധം തോന്നി .
"അച്ചായാ .... നമുക്കു സർജറി ചെയ്യാം ... വാ .. വാര്യർ സാറിനെ കാണാം ... "
വാര്യർ സാർ അവരോട് സർജറിയുടെ വരുംവരായ്കൾ വിശദീകരിക്കുന്നതിനിടെ അകത്തേക്കു ഓടി വന്ന സിസ്റ്റർ അവരെ ശ്രദ്ധിക്കാതെ കിതപ്പു മാറ്റാൻ പാടുപെടുന്നതിനിടെ പറഞ്ഞു
"സാർ .... ആ പേഷ്യന്റിന്റെ പൾസ് വളരെ വീക്ക് ആണ് .... സ്റ്റെബിലൈസ് ചെയ്യാൻ പറ്റുന്നില്ല. ...."
ഡോക്ടർ എസ്തപ്പാനെ ദയനീയമായി ഒന്നു നോക്കിയിട്ട് പെട്ടന്ന് ഇറങ്ങി പ്പോയി ....
കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന തിരിച്ചറിവ് എസ്തപ്പാന്റെ മനസ്സിനെ പ്രക്ഷുബ്ദ്ധമാക്കി. ...
തന്റെ മേരിയെ ശരിക്കും സ്നേഹിക്കാനോ അവളുടെ ആവശ്യങ്ങൾ നിറവേറ്റാനോ കാട്ടിയ നിസ്സംഗത അയാളുടെ കണ്ഠത്തെ ഗദ്ഗദമാക്കിയിരുന്നു..... തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ സർവ്വവും നഷ്ടപ്പെട്ട അയാൾ നിശബ്ദമായി തേങ്ങുന്നുണ്ടായിരുന്നു. ...
മരണത്തിന്റെ മാലാഖമാർ മേരിയേയും കൂട്ടി സ്വർഗ കവാടത്തിലേക്ക് യാത്രയാവുന്നത് സജല നേത്രത്തോടെ നോക്കി നിൽക്കാനേ എസ്തപ്പാന് കഴിഞ്ഞുള്ളൂ.
"എല്ലാം എന്റെ പിഴയാണ് .... എന്റെ മാത്രം പിഴ .... പനിയെ ഞാൻ അവഗണിക്കരുതായിരുന്നു. ... എന്റെ മേരി ... പാവം ... ഞങ്ങടെ മോൻ .... അയാൾ പുലമ്പിക്കൊണ്ടേയിരുന്നു.... "
വിധിയുടെ ക്രൂരമായ ലീലകൾ എസ്തപ്പാന്റെ തുടർന്നുള്ള ജീവിതത്തെ തീർത്തും വിരസമാക്കി...
കാലം പക്ഷെ അയാളെ ജീവത്തോട് പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ടേയിരുന്നു....
അയാളും മകനും മേരിയുടെ ഓർമ്മകളുമായി ജീവിത സമരത്തിൽ നിരന്തരം ഇന്നും പോരാടുന്നു.
പല രൂപത്തിലും ഭാവത്തിലും പനി ആ മലയടിവാരത്തെ ഇടയ്ക്കിടെ ആക്രമിക്കാറുണ്ട്. ... പക്ഷെ ഇന്നവിടെ ആരും പനിയെ നിസ്സാരമായി കാണാറില്ല ..
സേവ്യറിന്റെ മേൽനോട്ടത്തിൽ ഒരു ആരോഗ്യ കൂട്ടായ്മ യുണ്ട്. ....കൃത്യമായ മാർഗനിർദേശവും ആരോഗ്യ ക്യാമ്പുകളുമായി സജീവമായി നിലകൊള്ളുന്ന കൂട്ടായ്മ. ..... ആരോഗ്യ സാക്ഷരതയുള്ള ഒരു തലമുറ അതാണ് അവരുടെ ലക്ഷ്യം ....
....................... .............................. ....
അവസാനിച്ചു. .......
✍️ശ്രീധർ.ആർ.എൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot