നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കിട്ടാക്കടങ്ങൾ - അനുഭവം

Image may contain: Giri B Warrier, closeup and outdoor

| ഗിരി ബി. വാരിയർ

കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയപ്പോൾ വൈകിയിരുന്നു. തണുപ്പുകാലമായതോടെ ഡെൽഹിയിൽ വൈകീട്ട് അഞ്ചര കഴിയുമ്പോഴേക്കും ഇരുട്ടാവും. ചെറിയ ഒരു മഞ്ഞുമൂടിയ പോലത്തെ അന്തരീക്ഷം, നല്ല തണുപ്പും.
അപ്പോഴാണ് കൂടെ ജോലി ചെയ്യുന്നയാളുടെ ഫോൺ വന്നത്. അയാൾ നേരത്തെ ഇറങ്ങിയിരുന്നു. ബ്ലൂലൈൻ മെട്രോയിൽ എന്തോ ടെക്നിക്കൽ പ്രശനമുണ്ട്, ഒരുമണിക്കൂറിൽ അധികം വൈകിയാണ് ഓടുന്നത്. എയർപോർട്ട് എക്സ്പ്രസ്സ് ലൈൻ പിടിക്കുന്നതാണ് ബുദ്ധിയെന്ന് പറഞ്ഞു. ശരിയാണെന്ന് എനിക്കും തോന്നി, ചാർജ് കൂടുതലാണെങ്കിലും സമയം കുറവേ എടുക്കൂ. ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ എത്തണം, ഏതാണ് മൂന്ന് കിലോമീറ്റർ ഉണ്ട്, മുപ്പത് രൂപയാണ് മിനിമം ചാർജ് ഇപ്പോൾ ഏഴുമണി ആവുന്നു, ഈ സമയത്ത് നാല്പത് രൂപയെടുക്കും.
റോഡ് മുറിച്ചു കടന്നു നിർത്തിയിട്ടിരിയ്ക്കുന്ന ഓട്ടോകളുടെ അടുത്തെത്തിയപ്പോൾ ആണ് കണ്ടത് ഓട്ടോ മാത്രമേ ഉള്ളൂ, ഡ്രൈവർമാർ ആരും ഇല്ല. നാല് പുറവും നോക്കി ആരേയും കണ്ടില്ല. ഇത് കണ്ട തൊട്ടടുത്തുള്ള തട്ടുകടക്കാരൻ പറഞ്ഞു, "വോ ആജ് നഹി ആയേഗാ സാബ് ജി, ബോട്ടിൽ പാർട്ടി ഹെ.." കടയുടെ പിന്നിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു ഓട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ സമയം വൈകിച്ചില്ല, കസ്തുർബ്ബാഗാന്ധി മാർഗ്ഗിൽ പോയാൽ ഓട്ടോ കിട്ടും. നടക്കാൻ തുടങ്ങി.
തണുപ്പ് കാലത്ത് മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഡൽഹി കാണാൻ വല്ലാത്തൊരു ഭംഗിയാണ്. കാലത്ത് ഓട്ടോയിൽ വരുമ്പോൾ നേർത്ത പുകമറയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്ന കാഴ്ച ദിവസവും ആവോളും ആസ്വദിക്കാറുണ്ട്.
കസ്തുർബ്ബാഗാന്ധി മാർഗ്ഗിൽ പോയപ്പോഴും ഓട്ടോയൊന്നും കിട്ടിയില്ല. ടോൾസ്റ്റോയ് മാർഗ്ഗിലൂടെ നടന്ന് ജൻപത് റോഡിലെത്തിയപ്പോൾ ഒരു ഓട്ടോ വന്നു, അൻപത് രൂപ കൊടുത്താൽ കൊണ്ടുവിടാമെന്ന് പറഞ്ഞു. ഇത്രയും ദൂരം നടന്നിട്ട് ഇനി അൻപത് രൂപ കൊടുക്കേണ്ട എന്ന് കരുതി, നടക്കാൻ തന്നെ തീരുമാനിച്ചു.
സന്ധ്യയ്ക്ക് ജൻപത് മാർക്കറ്റിന്റെ ഭംഗി ആസ്വദിച്ച് നടന്ന് കൊണാട്ട് പ്ലേസ് ഔട്ടർ സർക്കിളിലൂടെ പാര്ലമെന്റ് സ്ട്രീറ്റ് റോഡ് ക്രോസ്സ് ചെയ്ത് റീഗൽ സിനിമയുടെ നടവഴിയിലൂടെ വഴിയോരകച്ചവടക്കാരുടെ ഇടയിലൂടെ നടന്നു ബാബ ഘടക് സിങ് മാർഗ്ഗിൽ കയറി. വഴിയരികിൽ മുഴുവൻ തണുപ്പ് വസ്ത്രങ്ങൾ ഷോപ്പിംഗ് ചെയ്യാൻ പ്രായഭേദമന്യേ ആളുകൾ തിങ്ങിനടക്കുന്നുണ്ട്. നടന്ന് പുരാതന ഹനുമാൻ ക്ഷേത്രത്തിനു മുൻപിലൂടെ നടക്കുമ്പോഴാണ് അരികിൽ നിന്നും ഒരു സ്വരം.
"സാബ്, കുച്ച് ദേ ദോ, ഹം ഷിർദി സെ ഹു, കിസീനെ ഹമാരാ പോക്കറ്റ് മാരാ, വാപസ് ജാനെക്കേലിയെ പൈസ നഹീഹെ, മദത് കരോ സാബ് " (ഞങ്ങൾ ഷിർദിയിൽ നിന്നും ആണ്, എന്തെങ്കിലും സഹായം ചെയ്യൂ, ആരോ എന്റെ പോക്കറ്റ് അടിച്ചു. തിരിച്ചു പോകാൻ പൈസയില്ല..)" കാറിൽ വന്നിറങ്ങിയ ഒരു ഫാമിലിയോട് ആണ് ഈ യാചന. കാറിൽ വന്നയാൾ പോക്കറ്റിൽ നിന്നും കുറച്ച് പൈസ എടുത്ത് അവർക്ക് കൊടുത്തു.
മെട്രോയിൽ കയറിയപ്പോൾ മനസ്സിൽ ആറ് വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു സംഭവം മനസ്സിൽ ഓടിയെത്തി.
ഡിസംബറിലെ കോച്ചുന്ന ഒരു ഞായറാഴ്ച രാത്രി കരോൾബാഗിൽ സുഹ്യത്തിനെ കണ്ട് തിരിച്ചുവരികയായിരുന്നു. മെട്രോ സ്റ്റേഷന്റെ താഴെ എത്തി സ്റ്റെയർകേസ് കയറാൻ തുടങ്ങുമ്പോൾ പെട്ടെന്ന് പിന്നിൽനിന്നും ഒരു സ്ത്രീ ശബ്ദം "ബേട്ടാ..."
ഞാൻ തിരിഞ്ഞു നോക്കി. ഒരു ആറുപത്തഞ്ച്-എഴുപതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. രണ്ടു കൈയ്യുംകൂപ്പി എന്നെ നോക്കി നിൽക്കുന്നു.
"ബേട്ടാ, മദത് കരോ, ഹം മഹാരാഷ്ട്ര കെ ഏക് ഗാവ് സെ ഹേ, ഇതർ ഏക് റാലി കെ ലിയേ ആയ ഥാ. ബേട്ടേ കാ ബാഗ് ചോരി ഹുവാ. വാപിസ് ജാനെക്കോ പൈസ നഹി ഹേ ." (മോനെ, സഹായിക്കണം, ഞങ്ങൾ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നും ആണ്, ഇവിടെ ഒരു റാലിക്കായി വന്നതാണ്. മകന്റെ ബാഗ് ആരോ കട്ട് കൊണ്ടുപോയി. തിരിച്ചു പോകാൻ പൈസയില്ല..)
എന്റെ അമ്മ മരിച്ച് ഒരു വര്ഷം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ, ആ സ്ത്രീയെ കണ്ടപ്പോൾ മനസ്സിൽ ആദ്യം അമ്മയാണ് വന്നത്. അപ്പോഴേക്കും അവരുടെ മകൻ അവിടേക്ക് വന്നു. ഇത്ര തണുപ്പിലും ഒരു ഷർട്ട് മാത്രം ഇട്ട്. അപ്പോഴാണ് ഞാൻ ആ സ്ത്രീയെ ശ്രദ്ധിച്ചത്, അവർ ഒരു സാരി പുതച്ചതല്ലാതെ മറ്റ് തണുപ്പ് വസ്ത്രങ്ങൾ ഒന്നും ഇല്ല.
അതൊരു തട്ടിപ്പാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയെങ്കിലും എന്തോ ആ അമ്മയുടെ മുഖത്ത് ഒരു കള്ളത്തരം ഉണ്ടെന്ന് വിശ്വസിക്കാൻ തോന്നിയില്ല . അവരെ സഹായിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.
എന്റെ ചിന്ത കണ്ടിട്ടാവാം ആ അമ്മ പറഞ്ഞു.. "ബേട്ടാ, ഹം ചോർ യാ ബിക്കാരി നഹി, ഗാവ് മേ ബഹുത് ഖേത് ഹേ ഔർ പൈസ ബി ഹേ ഹാമാരേ പാസ്, അഡ്രസ് ദേദോനാ ബേട്ടാ," (മോനെ ഞങ്ങൾ കള്ളന്മാരോ ഭിക്ഷക്കാരോ ഒന്നുമല്ല, ഗ്രാമത്തിൽ ഞങ്ങൾക്ക് കുറെ കൃഷി ഉണ്ട്, പൈസയും ഉണ്ട്, അഡ്രസ് തന്നാൽ മതി.)
പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപ എടുത്ത് കൊടുത്തു, പിന്നെ ചിന്തിച്ചുനോക്കി, അവർക്ക് ട്രെയിൻ കൂലി തന്നെ അത്രയും വരും, ഒന്നുകിൽ ഉപകാരമാകുന്നത് പോലെ വല്ലതും കൊടുക്കണം. പോക്കറ്റിൽ ബാക്കിയുണ്ടായിരുന്ന അഞ്ഞൂറ് രൂപ കൂടി കൊടുത്തു.
അമ്മ കരഞ്ഞുകൊണ്ട് ആ പൈസ മകന് കൊടുത്തു. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മ എന്റെ രണ്ട് കൈയും കൂട്ടിപ്പിടിച്ചു, അവരുടെ കണ്ണുനീർ എന്റെ കൈയ്യിൽ വീണു പൊട്ടിത്തെറിച്ചു..
സ്റ്റെയർകേസ് കയറി ഞാൻ മുകളിൽ എത്തി തിരിഞ്ഞു നോക്കി, താഴെ ആ അമ്മയും മകനും അപ്പോഴും എന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഈ സംഭവത്തെപ്പറ്റി ഞാൻ ആരോടും പറഞ്ഞിട്ടില്ല, ഭാര്യയ്ക്ക് മാത്രം അറിയാം. ഒരു പക്ഷെ ആരെങ്കിലും അറിഞ്ഞാൽ എന്നെ കളിയാക്കും എന്ന് ഭയന്ന് ആരോടും പറയാതിരുന്നതാണ്.
കഴിഞ്ഞ ഒരു വർഷം മുൻപ് വരെ ഇതിനെപ്പറ്റി ചിന്തിക്കാറുണ്ട്, അവർ പറ്റിച്ചതാവുമോ എന്ന ഭീതി. പക്ഷെ കഴിഞ്ഞ ഒരു വർഷമായി അത്തരം ഒരു ചിന്തയില്ല. കാരണം....
ഒരു വർഷം മുൻപ് ദീപാവലി ദിവസം രാത്രി എന്റെ ഒരു പ്രിയപ്പെട്ട പഴയകാല സുഹ്യത്തിന്റെ ഫോൺ വന്നു. അമ്മ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ഒരു ടീച്ചറുടെ മകൻ കൂടി ആണ്. അവർ ആഗ്രയിൽ വിനോദസഞ്ചാരത്തിന് വന്നതാണ്. അവന്റെ പേഴ്സ് പോക്കറ്റടിച്ചുപോയി, ഹോട്ടലിൽ അടക്കാൻ പണം വേണം. മകളുടെ മാത്രം എടിഎം കാർഡുണ്ട്, ഒരു പതിനയ്യായിരം അയക്കണം എന്ന് അഭ്യർത്ഥിച്ചു.". ഞാൻ അക്കൗണ്ട് നമ്പർ അയച്ചു തരാൻ പറഞ്ഞു. പത്ത് മിനുറ്റിൽ വിവരം കിട്ടി, രാത്രി തന്നെ പൈസ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി.
കിട്ടിയ വിവരത്തിന് അവൻ ഫോൺ വിളിച്ചു, നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ പൈസ അയച്ചുതരാം എന്ന് ഉറപ്പും തന്നു.
അവൻ നാട്ടിൽ തിരിച്ചെത്തി, പല തവണ അവനെ ഓർമ്മപ്പെടുത്തി. പിന്നെ എനിക്ക് തന്നെ ഒരു ജാള്യത തോന്നി തുടങ്ങി ചോദിക്കാൻ. അതോടെ ഞാൻ ആ പൈസ എഴുതിത്തള്ളി. ഞാൻ വിളിക്കുന്നത് ഈ പൈസ ചോദിക്കാനാവുമോ എന്ന് കരുതി അവൻ ആ സുഹൃത്ത്ബന്ധം തന്നെ വേണ്ടെന്ന് വെച്ചു. എന്റെ മൊബൈൽ നമ്പർ ബ്ലോക്കും ചെയ്തു.
ഇന്നും അതൊരു കിട്ടാക്കടമായി കിടക്കുന്നു, പക്ഷെ ആ അനുഭവത്തിന് ശേഷം ഒരിക്കൽ പോലും വഴിയരികിൽ അറിയാത്ത അമ്മയ്ക്ക് ആയിരം രൂപ കൊടുത്തതിനെ കുറിച്ചോർത്ത് ദുഃഖിക്കാറില്ല, മറിച്ച് വല്ലാത്തൊരു സംത്യപ്തി തോന്നിയിട്ടുണ്ട്.
(അവസാനിച്ചു)
ഗിരി ബി. വാരിയർ 
08 ഡിസംബർ 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot