നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മമഴമേഘം

Image may contain: 1 person, indoor

അബോധമനസ്സിൽ ഒരു വാഹനത്തിന്റെ ഇരമ്പൽ കേട്ടതേ ഉള്ളൂ, ആർത്തലച്ചൊരു പേമാരി പോലെയുള്ള അവന്റെ വരവ്‌ കണ്ടപ്പൊളേ തോന്നി വാഹനം യഥാവിധി നിർത്തുന്നതിനു മുന്നേ ചാടി ഇറങ്ങിയുള്ള വരവാണെന്ന്. 
തടയാൻ മുതിർന്ന ആരുടെയൊക്കെയോ കൈകളെ തട്ടിയകറ്റി ഒരു പിഞ്ചുകുഞ്ഞിനേപ്പൊലവൻ എന്റെ മാറിലേക്ക്‌ വന്ന് വീണു. 
എന്റെ മോന്റെ കണ്ണുകൾ വീർത്ത്‌ കെട്ടിയിരുന്നു, 
കവിളുകളിൽ കണ്ണീരുപ്പ്‌ പറ്റിപ്പിടിച്ചിട്ടുണ്ട്‌. മൂക്കിലൂടെയൊഴുകുന്ന വെള്ളം കട്ടിമീശയെ ആകെ നനച്ച്‌ ചുണ്ടിലൂടെ ഒഴുകി ഉമിനീരോടൊപ്പം ഷർട്ടിലേക്കും എന്റെ വെള്ളയിലേക്കും പടരുന്നുണ്ടായിരുന്നു.
“എന്തിനാമ്മെ ഈ നടുക്കടലിൽ എന്നെ ഒറ്റക്കാക്കിയെ? 
അനാഥത്വത്തിന്റെ ഈ ചുഴിയിൽ എന്നെ എന്തിനാ തള്ളിയിട്ടേ?
ഒറ്റക്ക്‌ പുറത്തിറങ്ങാൻ പേടിച്ച്‌ പുലരും വരെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാത്ത അമ്മ എങ്ങനാമ്മേ പാതിരക്ക്‌ ഇത്ര ദൂരെ വരെ നടന്ന് വന്നേ? 
ഒരു വാക്ക്‌ പറഞ്ഞാൽ ഓടി അമ്മേടടുത്തെത്തുന്ന എന്നോടൊരു വാക്ക്‌ ഉരിയാടാതെ എന്തിനാണമ്മേ ഇങ്ങനെ ചെയ്തേ? 
കടങ്ങളും ബാധ്യതകളും തീർത്ത്‌ അമ്മയോടൊപ്പം, അമ്മയുടെ ഈ മടിയിൽ തല ചായ്ച്ച്‌ ഒരു നേരമെങ്കിലും കിടക്കാൻ പതിനേഴ്‌ വയസ്സ്‌ മുതൽ കൊതിച്ച്‌ കാത്തിരിക്കുന്ന ഞാൻ ആരോടാമ്മേ ഇനി എന്റെ സങ്കടം പറയേണ്ടത്‌? 
ഒന്ന് കണ്ണു തുറക്കമ്മേ,ഒന്ന് മോനേന്ന് വിളിക്കമ്മേ,”

നാൽപത്‌ കഴിഞ്ഞിട്ടും ഒരു കൊച്ചു കുഞ്ഞിനെ പോലെ അലറിക്കരയുന്ന എന്റെ പൊന്നുമോന്റെ സങ്കടങ്ങൾ കേട്ടപ്പോൾ ഒന്നെന്റെ മോന്റെ നെറുകയിൽ തലോടാൻ കൊതിച്ചു പോയി ഞാൻ. ആരൊക്കെയോ ബലം പ്രയോഗിച്ച്‌ അടച്ച എന്റെ കണ്ണുകൾ നനഞ്ഞ്‌ തൂവുന്നുണ്ടായിരുന്നു. സുബോധം നഷ്ടമാക്കിയ ആ വൃത്തികെട്ട നിമിഷത്തെ ഞാൻ മനസ്സാ ശപിച്ചു. 
അവൻ കേൾക്കില്ലെങ്കിലും എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“പുതുതായി നീ താമസം മാറാൻ പോകുന്ന വീട്ടിൽ അമ്മ ഒരധികപ്പറ്റാകും മോനു, അമ്മയെ തനിച്ച്‌ ഒറ്റക്ക്‌‌ ഈ വീട്ടിൽ നിൽക്കാനും സമ്മതിക്കാത്ത നിന്റെ മനസ്സിൽ അമ്മ ഒരു ഒരു വേദനയായി നിൽക്കുമെന്നും അമ്മക്കറിയാം. ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്‌ പോലെ മക്കളുടെ നല്ലത്‌ മാത്രമെ ഞാനും ആഗ്രഹിച്ചുള്ളൂ, അല്ലാതെ അമ്മക്കും മക്കളുടെ കൂടെ നിന്ന് കൊതി മാറീട്ടല്ലെടാ കുട്ടാ, ഇപ്പോളാകുമ്പോൾ ഈ നല്ല ഓർമ്മകളുമായി അമ്മയും,
അമ്മയുടെ നല്ലോർമ്മകളുമായി മക്കൾക്കും ജീവിക്കാം,
കുറച്ച്‌ കൂടി കഴിഞ്ഞാൽ…"

എന്നെ ചുറ്റി വരിഞ്ഞ്‌ കിടന്ന അവനെ ആരൊക്കെയോ ചേർന്ന് താങ്ങി പിടിച്ച്‌ എഴുന്നേൽപ്പിക്കുമ്പോഴേക്കും എന്റെ മോൻ തളർന്നിരുന്നു. 
നിറനാഴിയിൽ നിന്ന് ആരോ നീട്ടിയ ഒരു പിടിയരി എന്റെ വായിലേക്ക്‌ കണ്ണീരുപ്പോടെ ഊട്ടിയ പൊന്നുമോൻ പിന്നെയും സങ്കടം തീരാതെ കാലിനടിയിൽ അവന്റെ ശിരസ്സ്‌ ചേർത്ത്‌ വച്ച്‌,
“ഏത്‌ പാപനാശിനിയിൽ മുങ്ങിയാലും തീരാത്ത പാപം കളയാൻ ഈ കാലടികളേ ഉള്ളൂ” 
എന്ന് പറഞ്ഞ്‌ കൈകൂപ്പി കാലിനടിയിൽ കിടന്ന് കരയുന്ന മോന്റെ ശബ്ദം കേട്ടപ്പോ ഒരു നിമിഷം എന്റെ ആയുസ്സ്‌ തിരിച്ച് കിട്ടിയെങ്കിലെന്ന് ഞാൻ കൊതിച്ചു പോയി. അവനെ ഒന്ന് തൊടാൻ പോലും കഴിയാത്ത വിധത്തിൽ ചേർത്ത്‌ കെട്ടിയ വിരലുകൾക്കിടയിൽ എന്നിലെ അമ്മയും വരിഞ്ഞുമുറുക്കപ്പെട്ടിരുന്നു.

ശ്മശാനത്തിൽ‌ വിറകുകൾക്കിടയിൽ എന്നെ കിടത്തി വിറകുകൾ മേലെ അടുക്കി വെക്കുമ്പോളും അവൻ വിങ്ങുന്നുണ്ടായിരുന്നു. 
“മെല്ലെ വെക്ക്‌ വേദനയാകും എന്റമ്മക്ക്‌” എന്ന് പറഞ്ഞ്‌. 
എന്റെ കണ്ണു മൂടി കണ്ണിലേക്ക്‌ വീണ ചകിരിപ്പൊടി കൈകൊണ്ട്‌ തുടച്ച്‌ നീക്കുമ്പോൾ കണ്ടു നിന്നവർ പോലും പുറംകൈ കൊണ്ട്‌ കണ്ണൊപ്പുന്നുണ്ടായിരുന്നു.

എനിക്ക്‌ തീ കൊളുത്തിയ ശേഷം തളർന്ന് ഇരിക്കുന്ന അവനെ എന്നെ വിഴുങ്ങുന്ന അഗ്നിവലയങ്ങൾക്കിടയിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയിട്ടും അവൻ കൊച്ചുകുഞ്ഞിനെപോലെ “എന്റമ്മ എന്റമ്മ”എന്ന് പറഞ്ഞ്‌ ഏങ്ങിക്കരയുകയായിരുന്നു.
ആരോ അവന്റെ കീശയിൽ നിന്ന് പാസ്പോർട്ട്‌ എടുത്ത്‌ മാറ്റി മുഖം തുടപ്പിച്ച്‌ മുണ്ടുടുപ്പിച്ച്‌ ഉമ്മറത്തെ കസേരയിലിരുത്തി. 
“അച്ഛനു പൊലയാണു മക്കളെ പത്ത്‌ ദിവസം അച്ഛമ്മയുടെ കൂടെ അച്ഛനു നിൽക്കണം” 
എന്ന് പറഞ്ഞ്‌ അവന്റെ ഭാര്യയെയും മക്കളെയും അവളുടെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ച്‌ അവൻ എന്റെ പൂപ്പൽ മണക്കുന്ന കിടക്കയിൽ കിടന്ന് ആ പുതപ്പിൽ മുഖം പൂഴ്ത്തി “അമ്മേ” ന്ന് വിളിച്ച്‌ ശബ്ദമില്ലാതെ ഏങ്ങിക്കരയുമ്പോൾ "മോനേ”
എന്ന് വിളിച്ച്‌ ആ മുഖം കോരിയെടുത്ത്‌ മുഖത്തോട്‌ ചേർക്കാൻ ഞാൻ കൊതിച്ചു പോയി. 
“ദുർബ്ബല നിമിഷങ്ങളിലെ ഇത്തരം ചിന്തകൾ ഒരമ്മയ്ക്കും തോന്നല്ലേ” 
എന്ന് ഞാൻ ഉള്ളുരുകി ആഗ്രഹിച്ച്‌ പോയി.

“അവനെ രണ്ട്‌ ദിവസം ശ്രദ്ധിക്കണമെന്ന്” ബന്ധുക്കളിലാരോ അടക്കം പറയുന്നത്‌ കേട്ട്‌
“അങ്ങനെ ആരും എന്നെ ഓർത്ത്‌ പേടിക്കണ്ട, എന്റെ മക്കളെ മറന്ന് ഞാൻ എന്റെ അമ്മയെ തേടിപ്പോകില്ലാ”
എന്ന അവന്റെ ഉറച്ച ശബ്ദം കേട്ടപ്പോൾ കുറ്റബോധത്താൽ എന്റെ തല താഴ്‌ന്നു.

ദേഹമകന്നെങ്കിലും ഈ ദേഹിയെങ്കിലും എന്റെ പൊന്നുമോന്റെ ചുറ്റിലെന്നുമുണ്ടാകണേന്ന് മാത്രമായിരുന്നു അപ്പോളെന്റെ പ്രാർത്ഥന,

ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot