Slider

ഗർഭം - Part 3

0
Image may contain: 1 person, smiling, selfie, closeup and indoor

എന്തോ എങ്ങിനെയോ ..രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാനൊരു വാർത്തയറിഞ്ഞു, സുര്യവാവക്ക് വയറു വേദന ...ദൈവമേ കെട്ടിപിടി ഏറ്റെന്നു തോന്നണു ..അന്നവൾ സ്കൂളിൽ വന്നില്ല .2 ദിവസം മുൻപ് ഒരു വയറു വേദന വന്നതുകൊണ്ട് ഇനി എന്റെ വയറു വേദന വീട്ടിലെടുക്കൂല അതോണ്ട് മനസ്സില്ലാ മനസ്സോടെ ഞാൻ സ്കൂളിലും പോയി .
എങ്ങിനെങ്കിലും വീട്ടിലെത്താൻ വെമ്പലായി..ഒഒരുവിധം നേരം കഴിച്ചു വൈകുന്നേരമായപ്പോൾ വീട്ടിലെത്തി.നേരെ എന്റെ പ്രിയതമയെ കാണാൻ ഓടി .അവൾ കിടക്കുകയാണ്.കിടക്കട്ടെ പാവം ക്ഷീണം കാണും .""ടി വാവേ എന്തായി ഗർഭം ഉണ്ടായോ?""
ഒരു കള്ള ചിരിയോടെ അവൾ മൂളി
" ഉം.."
"ആഹാ നി ഡോട്ടർ മാമനോട് ചോയിച്ചോ? ""
""ഉം ചോയിച്ചു .. മാമൻ പറഞ്ഞു കുഞ്ഞുവാവയുണ്ടെന്നു ...""
ഈശ്വര നിന്നോട് ഞാൻ എങ്ങിനെ നന്ദി പറയും ..എന്റെദേവി ഇന്ന് 50 പൈസ അല്ല 1 രൂപ ഞാൻ വഞ്ചിയിലിട്ടേക്കാമെ ..തെല്ലു അഭിമാനത്തോടെ ഞാൻ ഒന്നു നിവർന്നിരുന്നു ..സംഭവം ഒളിച്ചും..പാത്തും ആണെങ്കിലും എനിക്കിപ്പോൾ സ്വന്തമായി ഒരു ഗര്ഭമുണ്ട് .. ന്നേക്കാൾ 5 വയസ്സു മൂത്ത എന്റെ അണ്ണന് ഇതുവരെ സാധിച്ചിട്ടില്ല....
സ്വന്തമായി ഗർഭം ഉണ്ടാക്കിയ അഭിമാനത്തിലാണ് ഞാൻ.""ഡി വാവേ അമ്മയൊക്കെ അറിഞ്ഞോ ?""
""പിന്നിലാണ്ടു ... എല്ലാരുടേം മുമ്പിൽ വച്ചാ ഡോട്ടർ മാമൻ പറഞ്ഞത് അവര് എന്നെ ഒരുപാട് കളിയാക്കി""
"ശ്ശെ..നി പറഞ്ഞോ ഇതു എന്റെ ഗർഭം ആണെന്ന് ?""
""ഇല്ല ..പക്ഷെ അവർക്കൊക്കെ അറിയാം ..നി എന്നെ കെട്ടിപിടിച്ചു കിടക്കണത് അമ്മ കണ്ടതല്ലേ ".
"അയ്യോ ..ശരിയാ ..ഇനി ഇപ്പൊ എന്താ ചെയ്യാ?"
''ഓഹോ ..ഓരോന്നു കാണിച്ചു വച്ചിട്ടു എന്നോട് ചോദിക്കുന്നോ..?''
പെട്ടെന്നാണ് വാവേടെ അമ്മേടെ കടന്നുവരവ്..''''രണ്ടെണ്ണം കൂടി എന്താ പരിപാടി ?''എന്തോ വാവക്ക് കഴിക്കാൻ കൊണ്ടു വന്നതാണ് അമ്മ.. നോക്കി വെള്ളമിറക്കുന്നതു കണ്ടിട്ടു എന്നോട് പറഞ്ഞു... ''നി നോക്കണ്ട ഇതു നിനക്കു തരില്ല ..''
..''വേണ്ട .. വാവ തിന്നട്ടു..''ഞാൻ മനസ്സിൽ ഓർത്തു ''തിന്നട്ടു .. തിന്നട്ടു എന്നിട്ടു വയറൊക്കെ നന്നായി വീർത്തു വരട്ടെ...''
അമ്മയോടും വാവയോടും പറഞ്ഞിട്ടു ഞാൻ തിരികെ എന്റെ വീട്ടിലേക്കു പോരുന്നു..
അല്പം പേടിയോടെയാണ് വീട്ടിലെത്തിയത് ..വാവക്ക് ഗർഭം ഉണ്ടായ കാര്യം വീട്ടിൽ അറിഞ്ഞിട്ടുണ്ടോ എന്ന പേടി. ഞാൻ പെതുക്കെ അടുക്കളയിലേക്കു പോയി ..ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ അമ്മയോട് കഴിക്കാൻ ചോദിച്ചു ..പ്രത്യേകിച്ചു അമ്മ ഒന്നും പറയുന്നില്ല..ഞാൻ ആഹാരം കഴിച്ചു ..പഠിക്കാൻ പോയി.കുറച്ചു കഴിഞ്ഞാണ് പപ്പ വന്നത് പതിവുപോലെ പോയി കുളിച്ചിട്ടു വന്ന പപ്പ കഴിക്കാനിരുന്നു രണ്ടുപേരും കാര്യമായി എന്തോ സംസാരിക്കുന്നതു ഞാൻ കേട്ടു. പക്ഷെ വ്യക്തമല്ല ...
എന്താണ് അവർ സംസാരിക്കുന്നതെന്ന് അറിയാൻ ..ഞാൻ വീണ്ടും അടുക്കളയിലേക്കു പോയി ...അതു കണ്ട അമ്മ ചോദിച്ചു :"'നി ഇപ്പഴല്ലേടാ കഴിച്ചിട്ടു പോയേ..?''
''വെള്ളം കുടിക്കാൻ മറന്നു അമ്മച്ചി ..''
''ഉവ്വ ...പഠിക്കാൻ പറയുമ്പോൾ നിന്റെ ചേട്ടന് സ്ഥിരം ഉള്ള പരിപാടിയ..ഇനി അനിയനും തുടങ്ങിക്കോ..''
പക്ഷെ ഞാൻ നിക്കുന്നതുകൊണ്ടാണോ എന്തോ അവർ സംസാരം നിർത്തിയിരുന്നു.അല്പം വെള്ളമെടുത്തു കുടിക്കുന്നതായി കാണിച്ചു ഞാൻ രംഗം വിട്ടു.അപ്പോൾ അവർ വീണ്ടും സംസാരം തുടങ്ങി..ഞാൻ ഒന്നു ഒളിഞ്ഞു കേൾക്കാൻ നോക്കി..അതേ അവർ സുര്യവാവേടെ കാര്യം തന്നെയാണ് പറയുന്നത് ..എന്റെ ചങ്കു അല്പം വേഗത്തിൽ മിടിക്കാൻ തുടങ്ങി...
അമ്മയുടെ സംസാരം ഞാൻ കേട്ടു..
''''പക്ഷെ കൊച്ചിന്റെ വയറൊന്നും വീർത്തിട്ടില്ല..''''
പപ്പ മറുപടിയും കൊടുക്കുന്നുണ്ട് ''അതു പെതുക്കെ വീർത്തു തുടങ്ങും ..''
''ഇപ്പോൾ എന്താ ചെയ്ക .. ''
''അടുത്താഴ്ച വീണ്ടും ഡോക്ടറിനെ കാണിക്കണം..ക്യാഷ് ഒരുപാട് ചിലവാകും ...''
പിന്നെ മകന്റെ ഗര്ഭത്തിന് കാശു ചിലവാക്കേണ്ടത് അച്ഛനമ്മമാരുടെ കടമയല്ലേ എന്നു ഞാൻ പിറുപിറുത്തു ..അപ്പോഴേക്കും പപ്പ കഴിച്ചു കഴിഞ്ഞു ..കൂടുതലൊന്നും അറിയാൻ പറ്റിയില്ല.എന്തായാലും ഭാഗ്യം ഗർഭം എന്റേതാണെന്നു അവർ അറിഞ്ഞിട്ടില്ല..
ദിവസങ്ങൾ വീണ്ടും കടന്നുപോയി .. ഒരു ശനിയാഴ്ച ദിവസം അന്നാണ് സുര്യവാവേ ആശുപത്രിയിൽ കൊണ്ടുപോകേണ്ടത് .ചോദിച്ചൊക്കെ നോക്കിയെങ്കിലും അവർ എന്നെ കൂട്ടിയില്ല.അവൾ തിരിച്ചു വരുന്നതും കാത്തു ഞാൻ ഇരുന്നു .ഒരു ഉച്ച കഴിഞ്ഞിട്ടുണ്ടാകും അവർ തിരികെ വന്നപ്പോൾ .അവർ എത്തിയെന്നറിഞ്ഞപ്പഴേ ഞാൻ ഓടി അവളുടെ അടുത്തെത്തി .
''ഡി വാവേ എന്തു പറഞ്ഞടി ഡോട്ടർ മാമൻ..?''
''നി പോടാ കുരുത്തംകെട്ടവനെ നിന്റെയൊരു ഗർഭം കാരണം എനിക്കു ഇപ്പോൾ കളിക്കാൻ പറ്റില്ല , ഐസ്‌ ക്രീമ് തിന്നാൻ പറ്റില്ല ..''
''അതിനു ഗര്ഭവും ഐസ്‌ക്രീമും തമ്മിൽ എന്തു പ്രശനം ?''
''ആ ഡോട്ടർ മാമൻ പറഞ്ഞു കഴിക്കരുതെന്ന് ..''
''മ്മ്..എന്നാൽ കഴിക്കണ്ട വാവേ .. നമ്മുടെ ഗര്ഭത്തിന് വേണ്ടിയല്ലേ ..''
അപ്പോഴാണ് വാവേടെ അമ്മ അങ്ങിട്ടു വന്നത് ..
''ഡാ ..കൊച്ചുമോനെ ..ഇവളെ ഇനി കളിക്കാനൊന്നും വിടൂല കേട്ടോ.സ്കൂളിൽ പോയാലും ഇവള് കളിക്കാണ്ട് നി നോക്കിക്കോണം''..
''തീർച്ചയായും ..''(അതൊരു ഭർത്താവിന്റെ കടമയല്ലേ..)
''എന്നാൽ നി പൊക്കോ ..അവള് കിടന്നോട്ടെ ..''
''ഒരു കാര്യം പറഞ്ഞിട്ടു ഇപ്പം പൊക്കോളാം..''
''ഡി ..വാവേ നിന്റെ വയറെന്താ വീർക്കാത്തെ ...?
അവൾക്കു എവിടുന്നു കിട്ടിയ അറിവാണെന്നു അറിയില്ല പക്ഷെ അവൾ പറഞ്ഞു ''ഡാ മണ്ട അതു പെതുക്കയേ വീർക്കുള്ളു ..''
''ഉം..മതി പെതുക്കെ വീർത്താൽ മതി..നമ്മള് ഒന്നുടെ കെട്ടിപിടിച്ചു കിടന്നാൽ വീർക്കുവോ ..?''
''പോടാ എഴുന്നേറ്റു ..എന്നു പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു ..''
ഞാനും എഴുന്നേറ്റു പോരുന്നു .
ദിവസങ്ങൾ പിന്നെയും പോയി ക്രിസ്റ്മസ് പരീക്ഷ അടുക്കാറായി.ഓരോത്തരും ടെന്ഷന് അടിച്ചും പേടിച്ചും പഠിക്കുകയാണ് .ഉള്ളത് പറയാലോ പണ്ടേ പരീക്ഷയോടു മ്മക്ക് (സോമൻ ചേട്ടന്റെ മറ്റേ സാധനം) ബഹുമാനക്കുറവ് അതാ ..അങ്ങനിരിക്കുമ്പോൾ ഒരു ഞാറാഴ്ച സന്ധ്യയായപ്പോൾ സുര്യവാവ എന്നെ കാണാൻ വന്നു .എന്നെ അല്പം മാറ്റി നിർത്തി അവൾ വയറിൽ തൊട്ടു കാണിച്ചു..
''ഡാ കണ്ടോ വയറു വീർത്തു തുടങ്ങി ..''
ഹോ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല .പക്ഷെ അതിനോടൊപ്പം അവൾ ഒരു കാര്യം കൂടെ പറഞ്ഞു .അവൾക്കു പച്ചമാങ്ങ തിന്നണംന്നു .ശെടാ ഇതെന്താ ഇപ്പോൾ ഇങ്ങനൊരു പൂതി ?ദൂരദർശനിൽ അന്നത്തെ 4 മണി സിനിമ ലാലേട്ടന്റെ "പവിത്രം" ആയിരുന്നത്രേ.അതിൽ ലാലേട്ടന്റെ അമ്മ ഗർഭിണി ആകുമ്പോൾ പുള്ളി മാവിലൊക്കെ കയറി മാങ്ങാ പറിച്ചു കൊണ്ടു കൊടുത്തെന്നു ..എന്റെ ലാലേട്ടാ നിങ്ങള് ബല്ലാത്ത ഒരു പണിയ തന്നത് ...
..മുറ്റത്തെ മാവിലേക്കു ഞാനൊന്നു നോക്കി .മാവ് എന്നേം നോക്കിയിട്ടു പറഞ്ഞു "ഒരു രക്ഷയില്ല മോനെ .. സീസണല്ലാ ".എന്താ ഇപ്പോൾ ചെയ്ക അവള് ആഗ്രഹം കൊണ്ടു ചോദിച്ചതല്ലേ ഒന്നുമില്ലേലും മ്മടെ ഗർഭം അല്ലെ അവളുടെ വയറ്റിൽ .ഞാൻ നേരെ അടുക്കളയിലേക്കു വച്ചു പിടിച്ചു .അമ്മ മീന്കറിയിൽ ഇടാൻ വച്ചിരുന്ന 2 മാങ്ങ ഞാൻ ചൂണ്ടി.അതവൾക്കു കൊണ്ടു കൊടുത്തു .അതു വാങ്ങി ഒരു കടി കടിച്ചിട്ടു പുളി കാരണം അവൾ കണ്ണുകൾ ഇറുക്കി അടച്ചു .അപ്പോൾ അവൾക്കു ഞാനൊരു ഉമ്മ കൊടുത്തു...
''എന്താടാ ചെക്കാ ഈ കാണിച്ചേ..?''അവൾ ദേഷ്യത്തോടെ ചോദിച്ചു.
ഇരട്ടക്കുട്ടികളുടെ അച്ഛൻ സിനിമയിൽ ഇങ്ങിനുണ്ട് എന്നു ഞാനും പറഞ്ഞു ..അതു കേട്ടപ്പോൾ അവളൊന്നു ചിരിച്ചു..
അങ്ങിനെ ക്രിസ്റ്മസ് പരീക്ഷ എത്തി .എല്ലാരും പരീക്ഷ കഴിഞ്ഞുള്ള 10 ദിവസത്തെ അവധി ഓർത്തു സന്തോഷിച്ചിരിക്കയാണ് .പരീക്ഷയുടെ അവസാന ദിവസം സ്കൂൾ ബസ് കയറാൻ നിന്ന എന്നെ ഒരാൾ വിളിച്ചു
"'ശു ..ശു..'' നോക്കിയപ്പോൾ മ്മടെ മഹേഷ് .. ''എന്താടാ മാഷേ ..?''
''അങ്ങനങ്ങു പോയാലോ (സുകുമാരൻ ചേട്ടൻ സ്റ്റൈൽ ) ..അവധി കഴിഞ്ഞു വരുമ്പോൾ എന്റെ ഗർഭം തീരുമാനമാക്കണം .''
കർത്താവേ ഇവനിത്‌ മറന്നില്ല എന്നു ഞാനോർത്തു ..''ഡാ അതിനു അവൾ ആദ്യം ഒന്നു പ്രസവിക്കട്ടെ ..''
''പ്രസവിക്കും ..അവളുടെ വയറു കണ്ടാലറിയാം ഉടനെ കാണുമെന്നു ..''മാഷ് അവളെ നോക്കിപ്പറഞ്ഞു ..
എന്നാൽ അവധി കഴിഞ്ഞിട്ടു കാണാം എന്നു പറഞ്ഞു മനസിൽ അവനെ ചീത്തയും പറഞ്ഞു ഞാൻ സ്കൂൾ ബസ് കയറി.അവധിയാണ് വീട്ടുകാർക്ക് ഒരു സ്വസ്ഥതയും കൊടുക്കാത്ത 10 ദിവസങ്ങൾ..പക്ഷെ അവധി ആഘോഷിക്കാൻ പോയ എന്നേം സുര്യവാവേം കാത്തിരുന്ന വീട്ടുകാർക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു .സൂര്യവവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നു.ഞാൻ വാവേ ഒന്നു നോക്കി അവളുടെ വയറിലേക്കും .പ്രസവിക്കാൻ സമയമായോ ഞാൻ ചോദിച്ചത് എല്ലാരും കേട്ടു.
അതുകേട്ട്‌ എന്റെ അമ്മ ചോദിച്ചു ''പ്രസവിക്കാനോ ?''
''അതേ ..സുര്യവാക്കു ഗർഭം ഉണ്ടല്ലോ അതല്ലേ വയറു വീർത്തു ഇരിക്കണേ..?''
''കയറി പോടാ ..''അമ്മ ദേഷ്യപ്പെട്ടു ..
അങ്ങനങ്ങു പോകാൻ പറ്റുമോ എല്ലാരുംകൂടെ എന്റെ ഗർഭം എന്തു ചെയ്യാൻ പോവാ എന്നറിയണ്ടേ .ഞാൻ ധൈര്യപൂർവം ചോദിച്ചു
''അമ്മേ ഇതു എന്റെ ഗര്ഭമാണ് ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നുണ്ടാക്കിയ ഗർഭം .അതുകൊണ്ടാണ് അവളുടെ വയറു വീർത്തു ഇരിക്കണത് .''
2 ഗർഭം ഉണ്ടാക്കിയിട്ടും നിങ്ങള്ക്ക് ഇതൊന്നും അറീലെ എന്ന മട്ടിൽ ഞാൻ നിന്നു.
അപ്പോൾ പപ്പ എന്നെ അടുത്തു വിളിച്ചു ...''ഡാ മോൻ ഇങ്ങു വന്നേ പപ്പ ഒരു കാര്യം പറയട്ടെ ..അതു ഗര്ഭമൊന്നുമല്ല ..വാവക്ക് ഒരു ഉവ്വാവിയാണ്.''
അതു കേട്ടു എന്റെ ജീവൻ പോയി മറ്റൊന്നുമല്ല കഷ്ടപ്പെട്ടു ഞാനുണ്ടാക്കിയ ഗർഭം എന്തു നിസ്സാരമായിട്ട അവര് ഉവ്വാവി ആണെന്ന് പറഞ്ഞത് . ഞാൻ കരയാൻ തുടങ്ങി .അപ്പോഴേക്കും വാവയും കൂട്ടരും തയാറായി വന്നു .എന്റെ പപ്പയും കൂടെ പോകുന്നുണ്ട്.
എന്റെ ഗർഭം എടുത്തോണ്ട് ഓട്ടോറിക്ഷയിൽ പോകുന്ന അവരെ ഞാൻ കണ്ണുനീരിന്റെ മറവിൽ കണ്ടുനിന്നു . ഏങ്ങലടിച്ചു കരയുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് എന്റെ അണ്ണൻ പറഞ്ഞു . "ഡാ മണ്ട 18 വയസ്സു കഴിഞ്ഞാലേ ഗർഭം ഉണ്ടാകുള്ളൂ ".
പക്ഷെ ഞാൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങളുടെ പരിണിത ഫലം അനുഭവിച്ചത്‌ അന്ന് രാത്രിയാണ് .ഉറങ്ങാൻ പപ്പയുടെ മുറിയിലേക്ക് പോയ എന്നെ 'അമ്മ അടിച്ചിറക്കി....ഇനിമുതൽ അണ്ണന്റെ കൂടെ കിടന്നാൽ മതിയത്രെ..........പാവം ഞാൻ ...
( ആരും സങ്കടപ്പെടേണ്ട എന്റെ ഗർഭം തൊലച്ചിട്ടു ആശുപത്രിയിൽ സുഖവാസം നടത്തുന്ന അവളെ ഞാൻ പോയി കണ്ടിരുന്നു.3, 4 കിലോ ആപ്പിളും ഓറഞ്ചും ഒക്കെ ആയിട്ടു.ആ ഒഴിഞ്ഞ വയറു കണ്ടപ്പോൾ നഷ്ട ഗര്ഭത്തിന്റെ വേദന എന്നെ വല്ലാണ്ട് അലട്ടി.പിന്നെയും കാലങ്ങൾ കഴിഞ്ഞു സൂര്യ ഇന്ന് വാവയല്ല കേരളത്തിൽ അറിയപ്പെടുന്ന ഒരു കോളേജിലെ അദ്ധ്യാപികയാണ് ,ഒന്നര പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് .കാലത്തിന്റെ കരുതലെന്നോണം ,എന്തോ കുഴപ്പം കാരണം എട്ടാം മാസത്തിൽ പേറ്റു നോവ് വന്ന അവളെ ആശുപത്രിയിൽ കൊണ്ടുപോയതും , ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ കാവലിരുന്നതും,എല്ലാം ഞാനായിരുന്നു.ഒടുവിൽ രണ്ടു പേരെയും 2 പാത്രത്തിലാക്കി തന്ന ദൈവം കരുണ കാണിച്ചു കർമ്മം കൊണ്ടു ഞാനും ആ കുഞ്ഞിന് അച്ഛനാകുന്നു .........)
NB: ഹാരം,,, പൊന്നാട ആദിയായവ തന്നു എന്നെ വീർപ്പുമുട്ടിക്കരുതേ എന്നപേക്ഷ........... .
നന്ദി ...
കിരൺ കൃഷ്ണൻ
ഭാഗം 1
ഭാഗം 2
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo