Slider

ബുദ്ധൂസ്

0


എന്റെ വയറിലെ സ്ട്രെച്ച് മാർക്കാണോ ഏട്ടന്റെ പ്രശ്നം അതോ പ്രസവത്തോടെ ഇടിഞ്ഞ് പോയ മാറിടമോ
നീ എന്താ നാടകത്തിൽ ചേർന്നോ
ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് ഡയലോഗ് പറഞ്ഞ ഇന്ദുവിനെ നോക്കി അയാൾ ചോദിച്ചു.
രമേഷേട്ടാ നമ്മൾ എന്ന് മുതലാണ് അകലാൻ തുടങ്ങിയത്.
ബൈക്ക് മാറ്റി കാർ വാങ്ങിയപ്പോഴാണോ ഒട്ടിച്ചേർന്നുള്ള യാത്രകൾ നമുക്ക് വിരസമായത്?
പ്രണയം ഒഴുകിയിരുന്ന കത്തുകളിൽ നിന്ന് കയ്യിലൊതുങ്ങുന്ന മൊബൈൽ ഫോണിലേക്ക് മാറിയപ്പോഴാണോ നമുക്കിടയിലെ സംസാരം പോലും പത്രത്തിന്റെയും ഗ്യാസിന്റെയും എല്ലാം ബില്ലിനെ പറ്റി മാത്രമായി ഒതുങ്ങിയത്
ഇന്നലെ രാത്രി കിടക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന ഭാര്യക്ക് രാവിലെ എഴുന്നേറ്റപ്പോൾ എന്താ പറ്റിയതെന്നറിയാതെ അയാൾ അന്തം വിട്ടിരുന്നു.
പ്രശ്നം എന്തോ ഗുരുതരമാണെന്ന് അയാൾക്ക് തോന്നി
മോളേ ഇന്ദൂസേ എന്താ ഇപ്പോൾ ഉണ്ടായത്
രമേഷ് ഇന്ദുവിനെ ചേർത്ത് പിടിച്ചതോടെ അവൾ പൊട്ടിക്കരഞ്ഞു.
രമേഷേട്ടാ ഞാനും നമ്മുടെ മോനും നോക്കി നിൽക്കെ എങ്ങനെ ഏട്ടന് അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് കയറി വരാൻ തോന്നി. എന്തൊരു ഭംഗിയായിരുന്നു അവൾക്ക്. അവളുടെ കൂടെ നിന്നപ്പോൾ ഏട്ടനും ചെറുപ്പമായി
ഏത് അവള്
എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ രമേഷ് ഇന്ദുവിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
എനിക്ക് ഏറ്റവും കൂടുതൽ സങ്കടം വന്നത് ഏട്ടന്റെ അമ്മ എന്നോടും മോനോടും ചായ്പിലേക്ക് മാറാൻ പറഞ്ഞിട്ട് ഏട്ടനോടും അവളോടും നമ്മുടെ മുറിയിൽ പോയി കിടക്കാൻ പറഞ്ഞതാണ്. ഇന്നലെ രാത്രി മുഴുവൻ നിങ്ങളുടെ ചിരി കളികളും അവളുടെ ഞരക്കവും എല്ലാം കേട്ടപ്പോളാണ് എനിക്ക് മനസ്സിലായത് എന്നിൽ ഒരു കൊലപാതകി ഉറങ്ങിക്കിടപ്പുണ്ടെന്ന്. കയ്യിൽ കരുതിയ കത്തിയുമായി മുറിക്കു മുന്നിൽ പതുങ്ങി നിൽക്കുമ്പോഴാണ് നമ്മുടെ ഉണ്ണിക്കുട്ടന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റത്.അല്ലെങ്കിൽ ഞാൻ രണ്ടിനേം കൊന്നേനെ...
ഒരു സ്വപ്നം കണ്ടതിനാണോടി പോത്തെ രാവിലെ തന്നെ എന്റെ ഉറക്കം കളഞ്ഞത്
ഏട്ടന് ഇത് വെറും സ്വപ്നമായിരിക്കും. എനിക്കിത് അങ്ങനെയല്ല എന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. ഞാൻ ഇപ്പോഴും ആ സ്വപ്നത്തിൽ നിന്ന് പുറത്ത് കടന്നിട്ടില്ല.
എന്റെ പൊന്ന് ബുദ്ധൂസേ നിനക്കറിയാമല്ലോ നീയും നമ്മുടെ ഉണ്ണിക്കുട്ടനും മാത്രമാണ് എന്റെ ലോകം. അതിനപ്പുറത്തേക്ക് എനിക്കൊന്നും വേണ്ട.
കണ്ണ് നിറച്ച് കൊണ്ട് ഇത്രയും പറഞ്ഞ് അയാൾ അവളിലേക്ക് പടരാൻ ശ്രമിച്ചു.
ഏട്ടാ വേണ്ട ഞാൻ ഇന്ന് വ്രതത്തിലാണ്. അമ്പലത്തിൽ പോയി നമ്മുടെ പേരിൽ ഒരു ഐക്യമത്യ പുഷ്പാഞ്ജലി കഴിക്കണം.എനിക്ക് ഏട്ടന്റെ ഈ വാക്ക് മാത്രം മതി.
രാവിലെ തന്നെ നിന്റെ സ്വപ്നം കേട്ടിരുന്ന് ഓഫീസിൽ പോകാൻ ലേറ്റ് ആയി
ഏട്ടൻ വേഗം റെഡിയാവ് ഞാൻ പോയി ഫുഡ് എടുത്ത് വെക്കാം
അല്ല മോളേ ഇന്ദൂസേ സത്യത്തിൽ ഇന്നലെ രാത്രി എന്റെ കൂടെയുണ്ടായിരുന്നവൾ സുന്ദരിയായിരുന്നോ
ഈ കോല് ചപ്പാത്തി പരത്താൻ മാത്രമല്ല ഉപയോഗിക്കുന്നത് തല അടിച്ച് പൊളിക്കാനും ഉപകരിക്കും നിങ്ങള് പോയി കുളിക്കുന്നുണ്ടോ അതോ ഞാനങ്ങോട്ട് വരണോ
......................................................................
ഇന്ദുവിനോട് യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോഴും രമേഷിന്റെ ഉള്ളിൽ മുറിക്ക് വെളിയിൽ കത്തിയുമായി പതുങ്ങി നിൽക്കുന്ന ഇന്ദുവിന്റെ മുഖമായിരുന്നു. തന്റെ കള്ളത്തരം വല്ലതും അവൾക്ക് പിടി കിട്ടിയിട്ടാണോ അവൾ ഇങ്ങനെയൊരു നമ്പറിട്ടത്. അയാൾ ഫോൺ കാറിന്റെ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത് ഗംഗാധരൻ സാർ എന്ന നമ്പർ ഡയൽ ചെയ്തു
മോളേ ഗംഗേ നീ ഓഫീസിൽ പോരാനിറങ്ങിയോ
ഇല്ല മഹിയേട്ടാ ഞാൻ ഇന്ന് ലീവ് ആണ് നാളെ കൊച്ചിന് പരീക്ഷയാ ഒന്നും പഠിപ്പിച്ച് തീർന്നിട്ടില്ല.
നീ ഇന്ന് ലീവെടുക്കല്ലേ മോളൂ.. ഇന്ന് നിന്നെ കണ്ടില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. വീട്ടിലെ ബുദ്ധൂസ് രാവിലെ തന്നെ ഒരു സ്വപ്നത്തിന്റെ പേര് പറഞ്ഞ് എന്റെ മൂഡ് കളഞ്ഞു. നമ്മുടെ കാര്യത്തിൽ അവൾക്കെന്തോ ടെലിപ്പതി മെസേജ് കിട്ടിയ പോലായിരുന്നു സംസാരം.നമുക്ക് ഇനിയെല്ലാം കുറച്ച് ഒതുക്കത്തിൽ മതി.
രമേഷിന്റെ കാർ ഗേറ്റ് കടന്നതും ഇന്ദുവിന്റെയും പച്ച വെളിച്ചം തെളിഞ്ഞു .അവളെ കാത്ത് അവളുടെ കൂട്ടുകാരൻ റാഷിദ് മെസഞ്ചറിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
പ്രണയത്തിന്റെ ചുവന്ന ഹൃദയങ്ങൾ റാഷിദിന് നേരേ തൊടുത്തുകൊണ്ട് ഇന്ദു മെസഞ്ചറിൽ അവളുടെ വരവറിയിച്ചു.
ഇന്നലെ ഞാൻ പറഞ്ഞ് തന്ന ഐഡിയ എന്തായി നീ സ്വപ്നം കണ്ട കാര്യം പറഞ്ഞോ
പറഞ്ഞു. ഇക്ക പറഞ്ഞതിലും മനോഹരമായി ഞാൻ അഭിനയിച്ചു.എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിട്ടാ ഇന്ന് പുള്ളി ഓഫീസിൽ പോയത്.ഭയങ്കര സ്നേഹം....
ഇതാ ഞാൻ പറഞ്ഞത് ഇടക്കിടക്ക് ഇങ്ങനെയൊക്കെ പറഞ്ഞാലേ നീ അവനെ മാത്രമാണ് സ്നേഹിക്കുന്നതെന്ന് അവനെ ബോധ്യപ്പെട്ടുത്തി നമ്മുടെ കാര്യത്തിൽ ഒരു മറ ഉണ്ടാക്കാൻ പറ്റൂ...
ഈ ഇക്കാടെ ഒരു ബുദ്ധി. അങ്ങേര് ഒരു ബുദ്ധൂസ് ആയത് കൊണ്ട് വിശ്വസിച്ചു.എങ്കിലും നമ്മൾ സൂക്ഷിക്കണം. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ
നീ എന്തിനാണ് മുത്തേ പേടിക്കുന്നത്. പണ്ടും നിന്റെ ഈ പേടിയാണ് നമ്മളെ അകറ്റിയത്.ജാതി, മതം, തേങ്ങാക്കൊല
ഇനിയെങ്കിലും നിന്റെ ഈ പേടിയൊന്ന് മാറ്റൂ. കല്യാണം കഴിഞ്ഞതോടെ നമുക്ക് ലൈസൻസായില്ലേ. നമ്മളെ ഒന്നും ശ്രദ്ധിക്കാൻ നാട്ടുകാർക്കിപ്പോൾ നേരമില്ല.
അങ്ങനെ ഇന്ദുവിന്റെയും രമേഷിന്റെയും പച്ച വെളിച്ചം മറ്റാർക്കോ വേണ്ടി തെളിഞ്ഞ് കൊണ്ടിരുന്നു.അത് പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. മക്കൾക്ക് വെളിച്ചമാകേണ്ടവർ പച്ചവെളിച്ചത്തെ കൂട്ട് പിടിച്ചപ്പോൾ മുറ്റത്തിരുന്നൊരു ബുദ്ധൂസ് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് നിൽക്കുന്ന കുട്ടിയുടെ പടം വരച്ചു. അത് ഉണ്ണിക്കുട്ടൻ ആയിരുന്നു.....
അവരുടെ ലോകത്ത് അവൻ ഇല്ലായിരുന്നെങ്കിലും അവന്റെ ലോകത്ത് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.......

By Anamika Aami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo