
കാക്കാനെ കടയിലിരുത്തിക്കൊണ്ടാണ് അന്ന് ഞാൻ പള്ളിയിൽ പോയത്.
തിരിച്ചു വന്നപ്പോഴുണ്ട് കാക്ക ഒരു ബംഗാളിയെ ഇട്ട് ഓടിക്കുന്നു.
ഞാൻ നെഞ്ചത്ത് കൈവച്ചു.. അറിയാതെ പടച്ചോനെ വിളിച്ചു പോയി.
കാരണം ബംഗാളികളുടെ റൂം മാലിക്കാണ് ആ ബംഗാളി. ചുരുക്കിപ്പറഞ്ഞാൽ അൻപതിലധികം വരുന്ന ബംഗാളികളുടെ നേതാവ്.
ആ കച്ചവടം പോയത് തന്നെ. കാക്കാനെ കടയിൽ നിർത്തിയത് തന്നെ അബദ്ധമായിയോ?
മുമ്പൊരിക്കൽ മാങ്ങാത്തോല് മാറിനിക്കിം എന്ന് പറഞ്ഞ കാക്കയാണ്. കാക്കാന്റെ വർത്താനം കേട്ട് അന്തം വിട്ട യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഞമ്മളെ കച്ചോടം മുടിപ്പിച്ച് കയ്യില് തരുമെന്നാ കരുതുന്നത്.. ഏതായാലും കാര്യം അറിയണമല്ലൊ..
നിപ്പ പനി പലരുടേയും ജീവനെടുത്തല്ലൊ. അതിന്റെ പേരിലാണ് ഇപ്പോൾ ചർച്ചകളൊക്കെ നടക്കുന്നത്.പനി ബംഗാളികൾ തംബാക്കിന്റെ sപ്പിയിലാക്കി കൊണ്ടുവന്നതാണെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗം പറയുന്നത്.'
എന്തുകൊണ്ടാണെന്നറിയില്ല.മുന്നേപ്പോകുന്നവന്റെ ഒപ്പം പോകുക എന്ന നയം കാക്കയും സ്വീകരിച്ചു. അതായത് നിപ്പ കൊണ്ടുവന്നത് ബംഗാളികൾ തന്നെ.
അപ്പോൾ മുതൽ തുടങ്ങിയതാണ് കാക്കാക്ക് ബംഗാളികളോടുള്ള കലിപ്പ്..
"ഓൻ ഞമ്മളോടാ കളി.. ഓന്റെ കളി ഞാൻ പഠിപ്പിക്കും... ഓന്റെ ബാപ്പാനെ പഠിപ്പിക്കാൻ പറ്റിണോനാ ഈ കാക്ക. ഓന്റെ കൊടല് ഞാൻ ഇട്ക്കൂലെ...".
"എന്താ കാക്ക പ്രശ്നം ".
"ആ ബംഗാളിനെ ആരോ തിരിപ്പിച്ച് വിട്ടിക്ക്ണ്. ഇന്റെടുത്ത്ക്ക്.. ഇപ്പൊ ആ ആൾക്കാര് മരിച്ച പനി...നിപ്പ. അത് ഇവിടെ ഇണ്ടോന്ന് ചോയിച്ചിട്ട്.. ഞാനെന്താ പനിയും കൊണ്ടാ നടക്കണത്...?..
"അല്ല കാക്കാ... ഓൻ വന്നത് പനി ചോദിക്കാനല്ല.. പിന്നെക്ലോക്കിലിടണ ബാറ്ററി ചോദിച്ചു വന്നതാ..നിപ്പോ കമ്പനിയുടെ..
എന്റെ കസേരക്ക് പിറകിലായി തൂങ്ങിക്കിടക്കുന്ന ബാറ്ററിയുടെ ബോഡ് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു.
തിരിഞ്ഞു നോക്കിയപ്പോഴേക്കും കാക്ക സ്ഥലം കാലിയാക്കിയിരുന്നു.
ഈ കാക്കാന്റെ ഒരു കാര്യേ..
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക