
കുട്ടാ.. ഊണ് കഴിക്കാൻ വാ.. "
കുട്ടൻ ടീവിയിൽ വരുന്ന ഏതോ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുകയാണ്. പതിനെട്ട് വയസ്സായെങ്കിലും ദൈവം അവന് ഒരു മൂന്നു വയസ്സുകാരന്റെ ബുദ്ധിയേ കൊടുത്തുള്ളൂ. കണ്ണന്റെയും കുഞ്ചുവിന്റെയും വീഡിയോ കാൾ വന്ന ശേഷം മാത്രമേ അവൻ ഉണ്ണാൻ വരൂ. ആ പതിവ് തെറ്റിക്കില്ല.
ഊണുമേശയിൽ ഇരുന്നാൽ അപ്പുറത്തെ മുറിയിൽ ഇരുന്ന് ടി വി കണ്ട് കളിക്കുന്ന കുട്ടനെ കാണാം.
മൂന്നു മക്കളില്‍ ഇവന് മീതെയുള്ള രണ്ട് പേർക്കും ദൈവം ബുദ്ധി വാരിക്കോരിക്കൊടുത്തു.
ഏറ്റവും മൂത്ത കണ്ണന് രണ്ടര വയസ്സുള്ളപ്പോള്‍ ആണ് കുഞ്ചുവിനെ പ്രസവിക്കുന്നത്. ഒരു പെണ്‍കുട്ടി വേണം എന്ന ചന്ദ്രേട്ടന്റെ ആഗ്രഹം കുട്ടനിൽ അവസാനിപ്പിച്ചു. കുഞ്ചുവും കുട്ടനും തമ്മിൽ എട്ട് വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്.
കണ്ണൻ കുടുംബസമേതം കൽക്കത്തയിൽ സ്ഥിരതാമസമാണ്. അവനും ഭാര്യയും ജോലിക്ക് പോകുമ്പോൾ രണ്ടര വയസ്സുള്ള മകൻ ഉണ്ണിക്കുട്ടനെ ഭാര്യയുടെ മാതാപിതാക്കളുടെ അടുത്താക്കും. ബിരുദം കഴിഞ്ഞപ്പോൾ കുറച്ചു കാലം കുഞ്ചുവും കല്‍ക്കത്തയില്‍ ഉണ്ടായിരുന്നു പിന്നീട് ജോലി കിട്ടി ദുബായിലേക്ക് പോയി. കുഞ്ചുവിന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു കൊല്ലമേ ആയുള്ളൂ. അവന്റെ ഭാര്യ സ്ഥിരമായി അവരുടെ വീട്ടിൽ തന്നെയാണ്, പഠിക്കാനാണെന്നാണ് പറയുക, പക്ഷേ ഇവിടെ കുട്ടനുള്ളതാണ് കാരണം എന്ന് എനിക്കറിയാം അതിനാൽ ഞാനും ഇവിടെ വന്നു നിൽക്കാന്‍ നിർബന്ധിക്കാറില്ല.
വർത്തമാനം പറയില്ലെങ്കിലും അച്ഛൻ അമ്മ കണ്ണൻ കുഞ്ചു എന്നെല്ലാം അവൻ അവന് സാധിക്കും പോലെ പറയും . അവൻ സംസാരിക്കുന്നത് അവനോട് തന്നെയാണ്. അവന് അവന്റേതായ ഒരു ലോകമുണ്ട്. ഞാൻ, ചന്ദ്രേട്ടൻ, കണ്ണൻ കുഞ്ചു അതിനപ്പുറം അവന് സ്വന്തങ്ങളില്ല, ബന്ധങ്ങളില്ല, സ്വാർത്ഥതാൽപര്യങ്ങളില്ല, ശത്രുക്കളില്ല.
ചന്ദ്രേട്ടനായിരുന്നു കുട്ടന്റെ എല്ലാം. അവന്റെ ഓരോ ചലനവും മനസ്സിലാക്കാൻ ചന്ദ്രേട്ടന് കഴിയാറുണ്ട്. ശുണ്ഠിയാണെങ്കിൽ മൂക്കത്തും. എന്തെങ്കിലും വിചാരിച്ചാൽ കിട്ടിയില്ലെങ്കിൽ പിന്നെ ആകെ ബഹളമാകും. ആരോട് ദേഷ്യം വന്നാലും എന്നെ ഉപദ്രവിക്കും, അതുപോലെത്തന്നെ സ്നേഹിക്കുകയും ചെയ്യും.
ചന്ദ്രേട്ടന് കൃഷിയായിരുന്നു പ്രധാനമായും വരുമാനമാർഗ്ഗം. വീട് നില്‍ക്കുന്ന സ്ഥലമടക്കം ഏതാണ്ട് മൂന്നര ഏക്കർ ഭൂമിയുണ്ട്. കേരളത്തിൽ ജൈവകൃഷി ഇന്ന് പ്രചാരത്തിൽ വരുമ്പോൾ, നാൽപ്പതിൽപരം വർഷത്തോളമായി ചന്ദ്രേട്ടൻ വളരെ നിഷ്ടയോടെ കൃഷി നടത്തി വരുന്ന ഒരാളാണ്. വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, പയർ, തുടങ്ങി എല്ലാ പച്ചക്കറി ഇനങ്ങൾക്കു പുറമേ കുരുമുളക്, കരയാമ്പൂ, ജാതി, തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഒരു തവണ നല്ല കർഷകനുള്ള അവാര്‍ഡ് നല്‍കി കേരള സര്‍ക്കാരും ചന്ദ്രേട്ടനെ ആദരിച്ചിട്ടുണ്ട്. പണ്ട് ഓണക്കാലത്തെ മാത്രം വിളവായിരുന്ന വാഴകൃഷി പിന്നീട് കൊല്ലം മുഴുവനും ആയി. ഒരൊറ്റ കീടനാശിനിയും ഉപയോഗിക്കാത്ത കൃഷിയാണ് ഇന്നു വരെ ഉണ്ടായിട്ടുള്ളൂ. വിളവ് കുറഞ്ഞാലും ശരി, വിഷമിട്ട് വിഷം കൊയ്യില്ല എന്ന് ചന്ദ്രേട്ടൻ പറയും
എനിക്ക് ജോലി നാട്ടിലെ സ്കൂളിൽ തന്നെയായതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഞാൻ ജോലിക്ക് പോകുമ്പോൾ കുട്ടനേയും കൂട്ടി ചന്ദ്രേട്ടനും പറമ്പിലേക്കിറങ്ങും. അവനെ ഒരു സ്ഥലത്തിരുത്തി ചന്ദ്രേട്ടൻ പണി ചെയ്യും.
കുട്ടന് പതിനാറ് വയസ്സുള്ളപ്പോഴാണ് ചന്ദ്രേട്ടൻ മരിക്കുന്നത്. ഹൃദയ സ്തംഭനമായിരുന്നു. തെങ്ങിന് തടമെടുക്കുമ്പോഴാണ് പെട്ടെന്ന് അസുഖം വന്നതെന്ന് തോന്നുന്നു. കൈക്കോട്ടും മറ്റും തെങ്ങിന്റെ താഴെയാണ് കിടന്നിരുന്നത്.
ഞാൻ ഉച്ചക്ക് ഊണുകഴിക്കാൻ വന്നപ്പോൾ ചന്ദ്രേട്ടനെ കണ്ടില്ല. സാധാരണ ചന്ദ്രേട്ടനും കുട്ടനും പണിയെല്ലാം കഴിഞ്ഞ് കുളിച്ച് എന്നെ കാത്തിരിക്കുകയാണ് പതിവ്. അന്ന് കണ്ടില്ല. പറമ്പിൽ പോയി നോക്കിയപ്പോഴാണ് രണ്ടു പേരും കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടത്. ആദ്യം രണ്ടാളും ഉറങ്ങുകയാവാം എന്നാണ് കരുതിയത് പക്ഷേ വിളിച്ചിട്ടും ചന്ദ്രേട്ടൻ ഉണരാതായപ്പോൾ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി. എന്റെ നിലവിളി കേട്ട് അയൽപക്കത്തുനിന്നും കുട്ടപ്പേട്ടനും ഭാര്യയും ഓടി വന്നു. പക്ഷേ വൈകിയിരുന്നു. വേദന വന്നപ്പോൾ കുട്ടന്റെ അടുത്ത് വന്ന് കിടന്നതാവാം. കുട്ടൻ എഴുന്നേറ്റ് എങ്ങോട്ടും പോകാതിരിക്കാനാവും അവനെയും കൂട്ടിപ്പിടിച്ച് കിടന്നത്.
കർമ്മങ്ങൾ ചെയ്യാൻ തളത്തിൽ ചന്ദ്രേട്ടന്റെ ശരീരം ഇറക്കിക്കിടത്തിയപ്പോൾ കുട്ടൻ അച്ഛന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞ് കുറേ കരഞ്ഞു. ദഹിപ്പിക്കുമ്പോഴും ആളിക്കത്തുന്ന തീ കണ്ട് കൈ കൊട്ടിച്ചിരിക്കുകയാണ് കുട്ടൻ ചെയ്തത്. നാല് ദിവസം കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നും തീപ്പെട്ടി എടുത്ത് വെട്ടിക്കീറിയിട്ട വിറകിൽ തീയിട്ട് കുട്ടൻ അതിനു മുകളിൽ കയറി കിടന്നു. ഭാഗ്യത്തിന് തെങ്ങ് കയറാൻ വന്ന അയ്യപ്പൻ കണ്ടതിനാൽ പരിക്ക് ഒന്നും പറ്റിയില്ല.
ചന്ദ്രേട്ടന്റെ മരണശേഷം ഞാൻ ജോലിയിൽ നിന്നും റിട്ടയര്‍മെന്റ് എടുത്തു. പിന്നെ ഞാനും കുട്ടനും മാത്രമായി .
കണ്ണനും കുഞ്ചുവിനും കുട്ടനെ വലിയ കാര്യമാണ്. അവർ നാട്ടിലുള്ള കാലം വരെ അവർ പോകുന്നിടത്തെല്ലാം കുട്ടനേയും കൊണ്ട് പോകാറുണ്ടായിരുന്നു. ഒരു നിമിഷം പോലും കൈവിടാതെ കുട്ടനെ കൊണ്ട് നടക്കും. കുട്ടന്റെ ഓരോ ആവശ്യങ്ങളും അവർ നോക്കി നടത്തികൊടുക്കും. രാത്രി രണ്ടു പേരുടെയും ഇടയില്‍ കിടന്നു മാത്രമേ കുട്ടന്‍ ഉറങ്ങാറുള്ളൂ.
കണ്ണന് കല്‍ക്കത്തയില്‍ ജോലി കിട്ടിയപ്പോള്‍ ആദ്യം അവന്‍ പോകാന്‍ കൂട്ടാക്കിയില്ല, അന്ന് ചന്ദ്രേട്ടന്‍ അവനെ പറഞ്ഞു മനസ്സിലാക്കി.
ചന്ദ്രേട്ടന്‍ എപ്പോഴും പറയുമായിരുന്നു കുട്ടന്‍ ദൈവത്തിന്റെ മകനാണെന്നും വളർത്താൻ ഞങ്ങളെ ഏൽപ്പിച്ചതാണെന്നും ബാക്കി രണ്ടു പേരും ഞങ്ങളുടെ മക്കളും. ബുദ്ധി കൂടുമ്പോഴാണ് മനുഷ്യന്‍ സ്വാര്‍ത്ഥനും ദുഷ്ടനും ആവുന്നത്, സ്വന്തം മകന്‍ അങ്ങിനെ ആവാതിരിക്കാന്‍ ആണത്രേ ദൈവം കുട്ടന് ബുദ്ധി കൊടുക്കാഞ്ഞത്.
ദിവസവും വൈകീട്ട് രണ്ടുപേരും ഫോൺ ചെയ്യും, കുറേ നേരം സംസാരിക്കും. എല്ലാം കേട്ട് മൂളും പിന്നെ കൈകൊണ്ട് ഓരോ ആംഗ്യങ്ങൾ കാണിക്കും. കഴിഞ്ഞ തവണ വന്നപ്പോൾ ഒരു പുതിയ ടി വി വാങ്ങി അതിൽ ഇന്റർനെറ്റ് ഉണ്ട്. വൈകുന്നേരം ഇപ്പോൾ വീഡിയോ കാൾ ആണ് പതിവ്. അപ്പോൾ കുട്ടൻ കാണിക്കുന്ന ആംഗ്യ ഭാഷ അവർക്കും മനസ്സിലാവുമല്ലോ. പിന്നെ കുട്ടന് കണ്ണന്റെ മകനെ കാണാനും പറ്റുമല്ലോ. കുഞ്ചുവിന്റെ വിവാഹത്തിന് വന്നപ്പോൾ മുഴുവൻ സമയവും കുട്ടൻ ഉണ്ണിക്കുട്ടന്റെ കൂടെ കളിയായിരുന്നു. പക്ഷേ അറിയാതെ കുട്ടൻ എന്തെങ്കിലും കൈയ്യബദ്ധം കാട്ടുമോയെന്ന് ഭയന്ന് അവനെ ഒറ്റയ്ക്ക് ഉണ്ണിക്കുട്ടന്റെ കൂടെ ഇരുത്താറില്ല.
പല തവണ കണ്ണൻ ഞങ്ങളോട് കൽക്കത്തയിലേക്ക് വരാൻ പറഞ്ഞതാണ് പക്ഷേ കുട്ടന് വീടിന് പുറത്ത് യാത്ര ചെയ്യാൻ ഇഷ്ടമല്ല, പ്രത്യേകിച്ചും രണ്ടു ദിവസം ട്രെയിനില്‍. അവന്റെ ദിനചര്യകൾ ഒക്കെ താളംതെറ്റും, യാത്രയിൽ ഭക്ഷണം ശരിയാവില്ല. വിമാനം അവന് ഭയമാണ് . വലിയ ശബ്ദങ്ങൾ ഒന്നും അവന് പറ്റില്ല.
കഴിഞ്ഞ പതിനെട്ട് വർഷമായി നല്ലതു പോലെ ഒന്നുറങ്ങിയിട്ടില്ല. തൊട്ടടുത്ത നിമിഷം കുട്ടൻ എന്താണ് ചെയ്യുക എന്നറിയില്ല. പടി തുറന്നു കണ്ടാൽ പുറത്തേക്ക് നടന്ന് പോകും. അവന് അവന്റെ തന്നെ പേരറിയില്ല.
ഒരിക്കൽ പുറത്തിറങ്ങിപോയ അവനെ വഴിയിലെ പുതിയതായി വാടകയ്ക്ക് താമസിക്കാൻ വന്ന പോലീസുകാരന്റെ ഭാര്യ വീട്ടിൽ കയറ്റിയിരുത്തി വാതിലടച്ചിട്ടു. ഏതാണ്ട് ഒരു മണിക്കൂർ എല്ലാവരും തിരഞ്ഞു , അയൽ പക്കത്തെ വീടുകളിലെ കിണറുകൾ അടക്കം തപ്പി. കുറേ നേരം കഴിഞ്ഞ് പരിഭ്രാന്തരായി ഓടി നടക്കുന്ന ഞങ്ങളുടെ മുൻപിലേക്ക് വാതിൽ തുറന്ന് കുട്ടനെ വിട്ടു. അടുത്ത ദിവസം അയൽപക്കത്തെ ജാനുച്ചേച്ചി പറഞ്ഞാണറിഞ്ഞത് ഞങ്ങളുടെ ഉത്തരവാദമില്ലായ്മക്ക് ഒരു ശിക്ഷ തന്നതായിരുന്നുവത്രേ.
അതിലും അപകടകരമായ മറ്റൊന്ന് പാറ്റ, പല്ലി , പഴുതാര, പാമ്പ് ഇവയെ ഒക്കെ കണ്ടാൽ കണ്ടാൽ കയറിപ്പിടിക്കും എന്നതാണ്. ഒരിക്കൽ മുറ്റത്തുകൂടി ഇഴഞ്ഞുപോയ ഒരു ചേരപ്പാമ്പിനെ പിടിച്ചു, ഭാഗ്യത്തിന് അതിന്റെ തലയിലാണ് പിടിച്ചത് അതുകൊണ്ട് കടിച്ചില്ല. ഇതുപോലെ കണ്ണെടുക്കാതെ നോക്കാൻ ആർക്ക് പറ്റും ?
കാര്യങ്ങൾ മാറി മറഞ്ഞത് പത്തു ദിവസം മുൻപാണ്. പശുവിന് കഞ്ഞി കൊടുത്ത് വരുമ്പോൾ ആണ് എന്റെ മൂക്കിൽ നിന്നും രക്തം വന്നത്. ചൂട് കൂടിയതോ മറ്റോ ആവും എന്ന് കരുതി. രണ്ട് ദിവസം കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റപ്പോൾ തലയിണ നിറയെ രക്തം ഉണ്ടായിരുന്നു, കൂടാതെ നല്ല ക്ഷീണവും. പണിയൊക്കെ കഴിഞ്ഞ് കുട്ടനേയും കൂട്ടി ആശുപത്രിയിൽ പോയി. രക്തം പരിശോധിക്കാൻ കൊടുത്തു. ഇന്നലെ അതിന്റെ ഫലം കിട്ടി. ഇന്ന് കാലത്ത് ഉണർന്നെഴുന്നേറ്റപ്പോൾ വീണ്ടും രക്തം കണ്ടിരുന്നു. കാലത്ത് തന്നെ പോയി ഡോക്ടറെ കണ്ടു.
പരിശോധനാഫലം കണ്ട ഡോക്ടർ ആദ്യം ചോദിച്ചത് കൂടെ ആരാണ് വന്നിട്ടുള്ളതെന്നാണ്. ബുദ്ധിയുറക്കാത്ത മകൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ആരെയെങ്കിലും കൂട്ടി വന്നു പെട്ടെന്ന് തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആവണം എന്ന്. എത്രയും പെട്ടെന്ന് ചികിത്സ കിട്ടേണ്ട അസുഖം ആണെന്നും പറഞ്ഞു. ഞാൻ ഒരു റിട്ടയേർഡ് ടീച്ചറാണെന്നും എന്റെ അസുഖം എന്താണെന്നറിയണം എന്നും ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹത്തിന് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. രക്താർബുധത്തിന്റെ ഒരു വകഭേദം ആണത്രേ. പക്ഷേ ഭയപ്പെടാൻ ഒന്നുമില്ലെന്നു പറഞ്ഞെന്നെ സമാധാനിപ്പിച്ചു . മകനെ വിവരം അറിയിച്ച് നാളെ വന്ന് പ്രവേശനം എടുക്കാം എന്ന് പറഞ്ഞ് അദ്ദേഹം എഴുതിത്തന്ന മരുന്നുകളും വാങ്ങി തിരികെ വന്നു.
തിരിച്ചുവന്നതു മുതൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയായിരുന്നു. കണ്ണനേയും കുഞ്ചുവിനേയും വിവരം അറിയിക്കണോ. എന്റെ അസുഖം അല്ല പ്രശ്നം അഥവാ ഗുരുതരമാണെങ്കിൽ തന്നെ മരിക്കാൻ എനിക്ക് ഭയമില്ല.പക്ഷേ കുട്ടന്റെ കാര്യം ഓർത്തിട്ടാണ് ഭീതി. എനിക്കെന്തെങ്കിലും പറ്റിയാൽ പിന്നെ കുട്ടനെയാര് നോക്കും. കേട്ടാലുടൻ എല്ലാം വിട്ടെറിഞ്ഞു രണ്ടുപേരും ഇങ്ങെത്തും . കണ്ണനും കുഞ്ചുവും സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാൻ അവരുടെ ഭാര്യമാർക്കാകുമോ? മറുത്തൊന്ന് പ്രതികരിക്കാൻ പോലും പറ്റാത്ത കുട്ടന്റെ ജീവിതം എന്താവും.
കുട്ടികളുടെ വീഡിയോ കാൾ വന്നു. അവർ കുട്ടനോട് സംസാരിക്കുന്നത് കേൾക്കാനുണ്ട്. ഇന്ന് വരെ ഒരു കാര്യവും അവരിൽ നിന്നും ഒളിപ്പിച്ച് വെച്ചിട്ടില്ല. എന്തുകൊണ്ടാ അവരോട് പറയാൻ തോന്നിയില്ല.
ടിവി സ്വിച്ച് ഓഫ് ചെയ്ത് വന്ന് കുട്ടൻ ഊണ് കഴിക്കാൻ വന്നിരുന്നു.
"മ്മാ.... " ഞാൻ എന്തോ ആലോചിച്ചിരിക്കുകയാണ് എന്ന് മനസ്സിലായ അവൻ ഉറക്കെ ശബ്ദം ഉണ്ടാക്കി.
കുഴച്ച് ഉരുളയാക്കി വെച്ചിരിക്കുന്ന ചോറെടുത്ത് അവന് വായിൽ കൊടുത്തു, എന്നത്തേയും പോലെ ഓരോ ഉരുള അവൻ എനിക്കും തന്നുകൊണ്ടിരുന്നു. അവൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾ ചന്ദ്രേട്ടൻ തുടങ്ങിവെച്ച ശീലമാണ്, ചന്ദ്രേട്ടൻ പോയശേഷം ഞാൻ തുടർന്നു പോരുന്നു.
ഭക്ഷണം കഴിഞ്ഞ് വാതിലുകൾ അടച്ച് വരുമ്പോഴേക്കും വയറ്റിനുള്ളിൽ തീഗോളം രൂപം കൊണ്ട പ്രതീതി ഉണ്ടായിരുന്നു. അപ്പാഴാണ്
മേശയുടെ അടിയില്‍ കിടക്കുന്ന ഒഴിഞ്ഞ കീടനാശിനിയുടെ കുപ്പി വീട്ടിലെ വളർത്തുപൂച്ച ചക്കി മണപ്പിക്കുന്നത് കണ്ണില്‍പ്പെട്ടത്. ചക്കിയെ ഓടിച്ച് കുപ്പിയിൽ വെള്ളം ഒഴിച്ച് അടുക്കള ജനലിലൂടെ തെങ്ങിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു മടങ്ങും നേരം കൃഷിഭവനിൽ കയറി കീടനാശിനി വാങ്ങുമ്പോൾ കടക്കാരൻ തമാശ രൂപത്തിൽ ചോദിച്ചതാണ് കാലങ്ങളായി ജൈവ കൃഷിക്ക് പേരുകേട്ട ടീച്ചർ എന്നുമുതലാണ് കീടനാശിനി ഉപയോഗിച്ച് തുടങ്ങിയതെന്ന്?
മേശയുടെ അടിയില്‍ കിടക്കുന്ന ഒഴിഞ്ഞ കീടനാശിനിയുടെ കുപ്പി വീട്ടിലെ വളർത്തുപൂച്ച ചക്കി മണപ്പിക്കുന്നത് കണ്ണില്‍പ്പെട്ടത്. ചക്കിയെ ഓടിച്ച് കുപ്പിയിൽ വെള്ളം ഒഴിച്ച് അടുക്കള ജനലിലൂടെ തെങ്ങിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു മടങ്ങും നേരം കൃഷിഭവനിൽ കയറി കീടനാശിനി വാങ്ങുമ്പോൾ കടക്കാരൻ തമാശ രൂപത്തിൽ ചോദിച്ചതാണ് കാലങ്ങളായി ജൈവ കൃഷിക്ക് പേരുകേട്ട ടീച്ചർ എന്നുമുതലാണ് കീടനാശിനി ഉപയോഗിച്ച് തുടങ്ങിയതെന്ന്?
തലയ്ക്ക് വല്ലാത്ത ഭാരം തോന്നാൻ തുടങ്ങിയിരിക്കുന്നു. കണ്ണുകളിൽ ഇരുട്ട് കയറുന്നുണ്ടോ? കാലുകൾ മരവിക്കാൻ തുടങ്ങിയതു പോലെ. എങ്ങിനെയൊക്കെയോ വേച്ച് വേച്ച് നടന്നു് ടിവിയുടെ താഴെ ഒന്നുമറിയാതെ കിടക്കുന്ന കുട്ടന്റെ തണുത്ത ശരീരം കെട്ടിപ്പിടിച്ച് ഞാനും കിടന്നു, ഇനിയൊന്ന് ഗാഢമായി ഉറങ്ങണം, കഴിഞ്ഞ പതിനെട്ട് വർഷമായ് കിട്ടാതിരുന്ന ആ ഉറക്കം.
~~~~~
ഗിരി ബി. വാരിയർ
22 മെയ് 2018
22 മെയ് 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക