
പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടിണ്ട് ഈ അന്യനാട്ടിൽനിന്നെല്ലാം തിരിച്ചുപോയി എന്റെ കുടുംബത്തോടൊപ്പം ജീവിച്ചാൽ മതിയെന്ന്. അതുപോലെ നമ്മുടെ മക്കൾ നമ്മുടെ കൂടെയുണ്ടെങ്കിൽ അതൊരു സമാധാനമാണെന്ന്. നാട്ടിൽ ആവുമ്പോൾ മക്കളെയും കണ്ടു സമാധാനത്തോടെ ജീവിക്കാമല്ലോ എന്നൊക്കെ.
എനിക്കും തോന്നിയിരുന്നു ഏകദേശം ഇങ്ങനെയൊക്കെ. അത് അക്കരെ നില്ക്കുന്ന സമയത്ത്. എന്നാൽ ഇക്കരെയെത്തിയപ്പോൾ ചിന്തകൾ മാറി. അപ്പോഴാണ് അറിയുന്നത് ഇതിലും സമാധാനം അകലെ ആയിരുന്ന സമയത്താണെന്ന്.
വീട്ടിൽ അവരുടെ കൂടെ താമസിക്കുമ്പോൾ സന്തോഷം തന്നെയാണ്. എന്നാൽ കൂടുതൽ അറിയുംതോറും ആധിയുമാണ്. അതിന് പ്രാധാന കാരണം മാറി മറഞ്ഞ ജീവിത സാഹചര്യങ്ങൾ തന്നെയാണ്.
ഒരുപക്ഷെ ഒറ്റയ്ക്ക് ആയതിനാലാവാം മറ്റുള്ള അച്ഛന്മാർ കാണാതെയും ശ്രദ്ധിക്കാതേയുംപോകുന്ന കാര്യങ്ങൾ എന്റെ മനസ്സിൽ ഇടം പിടിച്ചത്.
ആൺകുട്ടികളുടെ കാര്യത്തിലും പെൺകുട്ടികളുടെ കാര്യത്തിലും ഇത് ഏകദേശം തുല്യമാണ്. പക്ഷേ രണ്ടു വിധത്തിലാണെന്നുമാത്രം. എനിക്ക് മനസ്സിലായി ഒരു കാര്യം ഇക്കാര്യത്തിൽ പുരുഷന്മാരേക്കാൾ ധൈര്യം സ്ത്രീകൾക്കാണെന്ന്. 20 വയസ്സായ ഒരു സ്ത്രീക്ക് 30 വയസ്സിന്റെ പക്വതയുണ്ട് എന്നത് വളരെ ശരിയാണ് എന്ന് തോന്നി.
ഇവിടെ വീട്ടിൽ ഉള്ളപ്പോൾ മോൻ പുറത്ത് പോകുമ്പോൾ മുതൽ ഓരോരോ ടെൻഷൻ ആയിരുന്നു. പോകുന്നത് ടൂ വീലറിലാണ്. അപ്പോൾ മുതൽ തുടങ്ങും മനസ്സുകൊണ്ടുള്ള പ്രാർത്ഥന. ' വണ്ടീമലാണ് പോണത് കാത്തോളണേ ദൈവമേ'. ആദ്യത്തെ പ്രാർത്ഥന.
അതുകഴിഞ്ഞ് ഹെൽമറ്റ് എടുക്കാൻ പറഞ്ഞാലും വേണ്ടെന്ന് പറഞ്ഞു പോകുമ്പോൾ 'ദൈവമേ ഹെൽമെറ്റ് ഇല്ലാതെയാണ് പോകുന്നത്. വഴിയിലൊന്നും പോലീസിന്റെ ചെക്കിംഗ് ഉണ്ടാവാതെ കാത്തോളണേ '.
പിന്നെ അടുത്തത് സ്പീഡ് കുറച്ചു പോയാൽ മതി എന്നതാണ്. ശരി എന്ന് പറഞ്ഞാലും എനിക്കറിയാം അവൻ പറന്നേ പോകൂ എന്ന്. എന്തുചെയ്യാം മിക്കവാറും കുട്ടികൾ ഇങ്ങനെ തന്നെ. പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടെന്താ കാര്യം? വീണ്ടും 'ദൈവമേ അപകടമൊന്നും ഉണ്ടാകാതെ കാത്തോളണേ'.
ചിലപ്പോൾ രാത്രിയോ അതിരാവിലെയോ ആണ് യാത്രയെങ്കിൽ പ്രത്യേകം പറയും, 'പരിചയമില്ലാത്ത ആരെങ്കിലും കൈ കാണിച്ചാൽ നിർത്തണ്ട ട്ടോ. എങ്ങനെ വിശ്വസിക്കാനാണ്?' ശരി എന്ന് അവൻ പറയും. എന്നാലും എനിക്കറിയാം ആരെങ്കിലും കൈ കാണിച്ചാൽ അവൻ നിർത്തുമെന്നും ലിഫ്റ്റ് കൊടുക്കുമെന്നും. വീണ്ടും പ്രാർത്ഥന 'ഈശ്വരാ ആരും വഴിയിൽ നിന്ന് കേറല്ലേ.. കേറിയാലും കള്ളന്മാരും തട്ടിപ്പുകാരുമൊന്നുമാകാതെ കാത്തോളണേ '.
പിന്നെ പോയിക്കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ തുടങ്ങും 'ഇപ്പോ എടിടിണാവോ?' ഉച്ചയാവുമ്പോൾ തോന്നും, 'പാവം അത് വല്ലതും കഴിച്ചാവോ'? രാത്രിയും ഇതുതന്നെയാണ് അവസ്ഥ. വീണ്ടും പ്രാർത്ഥന 'അവൻ ഭക്ഷണം കഴിച്ചാമതിയായിരുന്നു.. കഴിച്ചുണ്ടാവും അല്ലേ... ദൈവമേ...'.
ഒരു കാറ്റോ മഴയോ മിന്നലോ ഇടിവെട്ടോ വന്നാൽ വീണ്ടും തുടങ്ങും ആധി. 'ഒള്ള മഴ മുഴുവൻ കൊണ്ട് വണ്ടി ഓടിക്കാവും ഇപ്പോ. ദൈവമേ ഈ മഴയൊന്ന് മാറിയെങ്കിൽ! അല്ലെങ്കിൽ പോകാൻ തുടങ്ങുന്ന സമയത്തോ വീട്ടിൽ വരുന്ന സമയത്തോ ആണ് മഴ തുടങ്ങുന്നതെങ്കിൽ, 'ഈ നശിച്ച മഴയ്ക്ക് ഈ നേരംവരെ പെയ്യാൻ തോന്നിയില്ല. ആ ചെക്കൻ വരണ നേരം നോക്കി പെയ്തു... അതിനെ മഴകൊണ്ട് ചീക്കാൻ..'ഈശ്വരാ മഴയത്ത് വണ്ടി ഓടിക്കാതെ എവിടെയെങ്കിലും കയറി നില്ക്കണേ'.
പോകുമ്പോഴേ പറയും , 'മഴയെങ്ങാനും പെയ്താൽ എവിടെയെങ്കിലും കേറിനിന്ന് മഴ മാറുമ്പോൾ വന്നാമതി. നനഞ്ഞ് ചീഞ്ഞു പനിപിടിച്ചു കെടന്നാ നോക്കാൻ ആരുല്ല്യാട്ടാ. എന്തെങ്കിലും അസുഖം വന്നാൽ അവനവൻതന്നെ അനുഭവിക്കണം. ആരുണ്ടാവില്ല കൂടെ. അതുകൊണ്ട് ശ്രദ്ധിക്ക'.
'ഞാൻ മഴയത്തൊന്നും വണ്ടി ഓടിക്കാറില്ല. ഏതെങ്കിലും കടേല് കേറിനിക്കും'. എന്ന് പറയും. എന്നാലും അറിയാം കുട്ടികളല്ലേ അവർക്ക് ഈ മഴയൊന്നും ഒരു പ്രശ്നമല്ല. അവരത് കാര്യമാക്കാതെ വണ്ടി ഓടിച്ചു പോകും. വീണ്ടും പ്രാർത്ഥന, 'ദൈവമേ മഴയത്ത് വണ്ടി ഓടിക്കുമ്പോൾ സ്ലിപ്പാവാതെ നോക്കണേ'.
രാത്രി തിരിച്ചു വരാൻ വൈകുന്തോറും ചുമരിലെ ക്ലോക്കിലും മൊബൈലിലും മാറിമാറി നോക്കും. മൂർത്തികളുടെ ഫോട്ടോ നോക്കി ഇടയ്ക്കിടെ പ്രാർത്ഥിക്കും. പുറത്ത് വന്ന് വഴിയിലേക്ക് നോക്കി നില്ക്കും. അകലെനിന്ന് ഏതെങ്കിലും ഒരു ടൂവീലർ ശബ്ദം അടുത്തുവരുന്നുണ്ടോ എന്ന് കാതോർക്കും.. 'ഈശ്വരാ കാത്തോളണേ '.
ഇതൊക്കെ ആണെങ്കിലും ഈ ചിന്തകളോ പ്രാർത്ഥനകളോ വിഷമങ്ങളോ അവനോട് പറയുകയുമില്ല. ഉള്ളിലെ സ്നേഹം മറച്ചുവെച്ച് മിക്കപ്പോഴും ചോദിക്കും;
'നേരം വൈകുമെങ്കിൽ നിനക്ക് വിളിച്ച് പറഞ്ഞൂടെ? വന്നില്ലെങ്കിലും ഇവിടെ വല്യ കൊഴപ്പമൊന്നുമില്ല. ഉണ്ടാക്കിവെച്ച ചോറ് നേരം വൈകിയാൽ കേടായിപ്പോവും. കാശ് കൊടുത്തു വാങ്ങുന്നതല്ലേ.. വെറുതെ നശിപ്പിച്ചു കളയണോ'? എന്ന്.
'നേരം വൈകുമെങ്കിൽ നിനക്ക് വിളിച്ച് പറഞ്ഞൂടെ? വന്നില്ലെങ്കിലും ഇവിടെ വല്യ കൊഴപ്പമൊന്നുമില്ല. ഉണ്ടാക്കിവെച്ച ചോറ് നേരം വൈകിയാൽ കേടായിപ്പോവും. കാശ് കൊടുത്തു വാങ്ങുന്നതല്ലേ.. വെറുതെ നശിപ്പിച്ചു കളയണോ'? എന്ന്.
മോൻ പോകുന്നത് ഇവന്റ് മാനേജ്മെന്റ് വർക്കിനാണ്. അതുകൊണ്ട് ഭക്ഷണം കഴിക്കുമെന്നറിയാം. എന്നാലും ചിലപ്പോൾ കഴിച്ചില്ലെങ്കിലോ എന്ന് കരുതി രാത്രി 12 മണി ആയാലും ഞാൻ ഉറങ്ങാതെ കിടക്കും. രാവിലെ തയ്യാറാക്കിയ ചോറാണെങ്കിൽ സമയം വൈകിയാൽ കേടാവും. അപ്പോൾ എടുത്ത് വയ്ക്കില്ല. കറി ഉണ്ടാവും. പിന്നെ കഴിച്ചില്ലെങ്കിൽ ആ സമയത്ത് ദോശയെങ്ങാനും ഉണ്ടാക്കി കൊടുക്കാമല്ലോ. മിക്കവാറും ഞങ്ങൾ രാത്രി ഗോതമ്പാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചെറുപ്പം മുതൽ ശീലിച്ചതിനാൽ മോന് അത് ഇഷ്ടക്കേടുമില്ല.
ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ എന്ത് ഉണ്ടാക്കി കൊടുത്താലും മോൻ കഴിക്കും. കുറ്റമൊന്നും പറയുകയുമില്ല. ചിലപ്പോൾ ഞാൻ തന്നെ പറയും അത് കഴിക്കേണ്ട ടേസ്റ്റില്ല എന്ന്. എന്നാലും അവൻ പറയും 'അത് കൊഴപ്പമൊന്നുമില്ല' എന്ന്.
അക്കാര്യത്തിൽ മോൾക്കാണ് വാശി. അവൾക്ക് ഇഷ്ടമില്ലാത്ത ഒരു സാധനവും കഴിക്കില്ല. മുഖവും വീർപ്പിച്ച് വേണ്ട എന്ന് പറഞ്ഞിരിക്കും. അതിന് വഴക്ക് പറയുകയും ചെയ്യും. 'ആ ചെക്കന് എന്ത് ഉണ്ടാക്കിക്കൊടുത്താലും മതി. അത് കഴിക്കും. നിനക്കാ ബോധിച്ചതേ തിന്നൂന്ന് വാശി. ഇവിടെ എന്ത് ഉണ്ടാക്കിയാലും കഴിക്കണം. ഇഷ്ടപ്പെട്ടതുമാത്രം കഴിക്കൊള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള സൗകര്യമൊന്നും നമുക്കില്ല.'
'അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. എനിക്ക് വേണ്ടാഞ്ഞിട്ടാ'
'നീ എന്ത് കഴിച്ചിട്ടാ നിനക്ക് വേണ്ടാതായത്? വേറെ എവടെന്നെങ്കിലും നീ കഴിച്ചൊ?'
'നീ എന്ത് കഴിച്ചിട്ടാ നിനക്ക് വേണ്ടാതായത്? വേറെ എവടെന്നെങ്കിലും നീ കഴിച്ചൊ?'
'ഇല്ല...' മുഖം വീണ്ടും വീർക്കും.
'അതാ പറഞ്ഞത്. പെൺകുട്ടികള് വാശി പിടിച്ചിട്ട് കാര്യമില്ല. കല്ല്യാണം കഴിഞ്ഞ് ചെല്ലുന്നേടത്ത് നിങ്ങടെ സൗകര്യം നോക്കി ഒന്നും കഴിക്കാൻ പറ്റീന്ന് വരില്ല. അതുകൊണ്ട് എല്ലാം ശീലിക്കണം'.
'അതാ പറഞ്ഞത്. പെൺകുട്ടികള് വാശി പിടിച്ചിട്ട് കാര്യമില്ല. കല്ല്യാണം കഴിഞ്ഞ് ചെല്ലുന്നേടത്ത് നിങ്ങടെ സൗകര്യം നോക്കി ഒന്നും കഴിക്കാൻ പറ്റീന്ന് വരില്ല. അതുകൊണ്ട് എല്ലാം ശീലിക്കണം'.
ഇങ്ങനെയൊക്കെയാണെങ്കിലും മോൾക്ക് വേണ്ടാത്തതൊന്നും ഉണ്ടാക്കാറില്ല. വല്ലപ്പോഴും ചിലത്.. എന്താ ചെയ്യുക... എങ്ങനെ ജീവിക്കേണ്ട മക്കളാണ്... എല്ലാം നശിപ്പിച്ചില്ലേ... ചിലപ്പോൾ തോന്നും അത് അവരുടെ വിധിയാണെന്ന്.. അല്ലെങ്കിൽ തോന്നും എല്ലാം എന്റെ തെറ്റാണെന്ന്. പണ്ട് ആരോ പറഞ്ഞതുപോലെ ഒരു സ്ത്രീയുടെ മനസ്സ് എന്താണെന്ന് കണ്ടവർ ആരുമില്ല.. എപ്പോൾ വേണമെങ്കിലും മാറിമറിഞ്ഞേക്കാം.
സ്ത്രീ അമ്മയാണ് ദേവിയാണ് എന്നൊക്കെ പറയുമ്പോൾ എന്റെ മനസ്സ് നീറും. നൊന്തുപെറ്റതിന്റെ കണക്കും പേറ്റുനോവിന്റെ വേദനയും പാടിപ്പുകഴ്ത്തുമ്പോൾ , ഇട്ടെറിഞ്ഞു പോകുന്ന അമ്മമാരെ ഏത് ഗണത്തിൽ പെടുത്തും? എത്ര വിഷമം ചിലപ്പോൾ എന്റെ മക്കളുടെ ഉള്ളിലുണ്ടാകാം.. അതിന്റെ കണക്ക് ആരുതീർക്കും...
ഇപ്പോൾ മോൻ ഇവിടെയില്ല. ചെന്നെയിലാണ് കുറച്ചു ദിവസമായി. പക്ഷേ ഇപ്പോൾ അവൻ വീട്ടിലുള്ളപ്പോൾ ഞാൻ അനുഭവിക്കുന്ന ടെൻഷൻ ഇല്ല. അവൻ അവിടെ സുരക്ഷിതമാണ് എന്നൊരു തോന്നൽ. എങ്കിലും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. പക്ഷേ അവർക്കും ജീവിതം എന്താണെന്ന് പഠിക്കുവാൻ ഇത്തരം യാത്രകൾ നല്ലതല്ലേ.. എല്ലാം നല്ലതിനാവട്ടെ.... നല്ലതുവരട്ടെ... ദൈവമേ കാത്തോളണേ...!
'***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക