Slider

പച്ചനിറമുള്ള നക്ഷത്രങ്ങൾ

0
Image may contain: Jaya Manoj Bhaskaran, indoor

ഞങ്ങളുടെ വിവാഹജീവിതത്തിന്റെ 19 വർഷങ്ങൾ..... ഈശ്വരാ ഇതെങ്ങനെ സാധിച്ചുന്ന് എല്ലാരും ചോദിക്കാറുണ്ട്... തിരിഞ്ഞു നോക്കിയാൽ ചിരിച്ചു ചിരിച്ച് കഴുത്തുവെട്ടും...
സാഹസം , സഹനം ഇതൊക്കെ പണ്ടേ രക്തത്തിൽ അലിഞ്ഞുചേർന്ന കാര്യങ്ങളാണ് . ( സാഹസം എന്റെയും സഹനം പുള്ളിക്കാരന്റെയും )
ഒരുദിവസം അല്ലിയാമ്പൽ കടവിൽ കൊതുമ്പുവള്ളോം തുഴഞ്ഞ് നടന്നിരുന്ന ഈ ഭാര്യകുട്ടിക്ക് പച്ചനക്ഷത്രങ്ങളെ കാണാനുള്ള സൗഭാഗ്യമുണ്ടായി. ഒരിക്കൽ കണ്ടാൽ മതി പിന്നെ കാണണമെന്ന് തോന്നത്തെയില്ല ... കാരണം അത്രയ്ക്ക് അത് മനസ്സിൽ അങ്ങ് പതിഞ്ഞുപോകും.....( fevicol effect ),
അന്ന് നിക്ക് 21 വയസ്സ് മാത്രം പ്രായം. ചെറിയ പ്രായത്തിൽ തലയിൽ കേറിയ ( വലിച്ചു കേറ്റിയ )ഭാര്യ എന്ന ശബ്ദവുമായി , ഒരു കൂസലുമില്ലാതെ നടക്കുന്ന കാലം.
നിക്ക് ഈ കുട്ടിയുടുപ്പുകളോട് ഭയങ്കര പ്രണയമാ... വീട്ടിൽ മുട്ടുവരെയുള്ള കുട്ടിയുടുപ്പും ഒക്കെയിട്ട് തലമുടിയൊക്ക രണ്ടായി പകുത്ത് കെട്ടിയാണ് ഭാര്യകുട്ടിയുടെ നടപ്പ്.
ഒരു ഞായറാഴ്ചദിവസം ആരോ കതകിന് മുട്ടിയപ്പോൾ ഞാൻ ഓടി ചെന്ന് തുറന്നു. പുറത്ത് കുറെ വല്യ അങ്കിളുമ്മാർ. അതിൽ മുന്നിൽ നിന്ന വല്യ അങ്കിൾ കുട്ടിയോട് പറഞ്ഞു അച്ഛനെ ഒന്ന് വിളിക്കാമോ മോളെ എന്ന്... നിക്ക് ചിരി അടക്കാനായില്ല.. ഞാൻ ഓടി ചാടി അകത്തുചെന്ന് പുള്ളിയോട് പറഞ്ഞു ദേ അച്ഛനെ ആരോ വിളിക്കുന്നു...
ആരോ വോട്ടിന്റെ അഭ്യർത്ഥനയുമായി വന്നതാരുന്നു..... ഇന്നേവരെ ആ പാർട്ടിക്ക് എന്റെ ഭർത്താവ് വോട്ട് കൊടുത്തിട്ടില്ല ( അഭിമാനം ).പിന്നെ വാടകയ്ക്ക് ഞങ്ങൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥരുടെ നിഷ്കളങ്കനായ 5 വയസ്സുള്ള കുട്ടി എന്നെ ചേച്ചീന്നും പുള്ളിയെ അങ്കിൾ എന്നും വിളിച്ചതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു. ( കഷണ്ടിക്ക് അന്ന് മരുന്നില്ലാരുന്നു, കുശുമ്പിന്റെ മരുന്നിന്റെ പേരും അറിയില്ല )
ആ ദുഷ്ടൻ പുത്തൻ ഭർത്താവ് എന്നോട് പറയുവാ ഇനി നീ ഈ കുട്ടിയുടുപ്പും ഇട്ടോണ്ട് നടക്കേണ്ടന്ന്... ഇത് ഇടേണ്ട പ്രായം ഒക്കെ കഴിഞ്ഞെന്ന്..... കുട്ടീടെ ലോലമായ ഹൃദയം അന്ന് നിലച്ചുപോകേണ്ടതാരുന്നു , അപ്പൊ കൃഷ്ണൻ എവിടെയിരുന്നോ ഒന്ന് താങ്ങിയത് കൊണ്ട് ഞാൻ രക്ഷപെട്ടു.
ആദ്യം ഓർത്തു ഈ സിനിമയിലും സീരിയലിലും ഒക്കെ കാണുന്ന പോലെ ഓടിച്ചെന്ന് ഒരു പെട്ടി വലിച്ചെടുത്ത് അതിലേക്ക് തുണിയൊക്കെ കുത്തിനിറച്ച് ധും... ധും.. ധും... എന്നുംപറഞ്ഞ് ഇറങ്ങിയൊരു പോക്കുപോയാലോ?
പിന്നെയാണ് ഓർമവന്നത് അച്ഛൻ പണ്ട് തന്ന ഒരുവശം ചളുങ്ങിയ ഒരു തകരപെട്ടിയെയുള്ളൂ എന്റെകൈയിൽ , അതുംപോട്ടെന്ന് വെക്കാം തുണിയോ അതും ആകെ നാല് ടോപ്പുകളും നാലെണ്ണത്തിനുംകൂടി ഒരു വെള്ള പൈജാമയും ഒരു വെള്ള ചുന്നിയും... അതും അങ്ങ് പോട്ടെന്നു വെയ്ക്കാം എങ്ങോട്ട് പോകും... ഈശ്വരാ ഈ മനുഷ്യ പുത്രിയ്ക്ക് തലചായ്ക്കാൻ മണ്ണിലിടമില്ലെന്നോ........... ഓടി ഓടി കല്യാണം കഴിച്ചപ്പം ഇനി നാട്ടിൽ കാലുകുത്തിയാൽ രണ്ടിന്റേം കഴുത്തിന്റെ മുകളിൽ തലകാണില്ലെന്ന് പറഞ്ഞ് പേടിപ്പിച്ചതാ വീട്ടുകാര്.... ( തലയില്ലെങ്കിൽ പിന്നെ ഒട്ടും രസമില്ലാ എന്നെ കാണാൻ )
ഒലിച്ചുവന്ന മൂക്കും, വിതുമ്പുന്ന ചുണ്ടുകളും ആ കുട്ടിയുടുപ്പിൽ അമർത്തി തൂത്തുകളഞ്ഞു ഈ ഭാര്യകുട്ടി...
എങ്കിലും നിക്ക് സങ്കടായി കല്യാണം കഴിപ്പിച്ച പൂജാരി പ്രത്യേകം പറഞ്ഞതാ എല്ലാം നിങ്ങൾ പങ്കുവെയ്ക്കണമെന്ന് ഇതിപ്പോ നിക്ക് സങ്കടം വന്നോണ്ടിരിക്കുവാ അങ്ങേർക്ക് ഒരു കൂസലുമില്ല..... അപ്പൊ ദാ കൃഷ്ണൻ മനസിലിരുന്ന് ഒരു idea ഓടകുഴലിലൂടെ ഊതി തന്നു. ( an idea can change your life).
പുള്ളിക്കാരൻ ഓഫീസിൽ പോയപ്പോൾ ഞാനൊരു കത്തെഴുതി മേശപ്പുറത്തു വെച്ചു.... ഇതായിരുന്നു ഉള്ളടക്കം.
ഞാൻ പോകുന്നു.....കുട്ടിയുടുപ്പ് ഇടാനുള്ള അനുവാദമുണ്ടെങ്കിൽ മാത്രം ഇനിയെന്നെ കാണാൻ ഹോസ്റ്റലിൽ വന്നാൽമതി. ഉത്തരം "നീയിട്ടോ " എന്നാണെങ്കിൽ മാത്രം. ഇന്ന് രാത്രി ചിന്തിക്കുക നാളെ വരുക, ഞാൻ കാത്തിരിക്കും... അപ്പോ വരുന്ന വരെ good bye.............
ഹോസ്റ്റലിൽ കൂട്ടുകാരോടൊക്കെ സാഹസീക കഥകൾ പറഞ്ഞ് രാത്രി കഴിഞ്ഞു രാവിലെ ഞാൻ തയ്യാർ... Warden വന്നുപറഞ്ഞു കുട്ടിക്ക് visitor ഉണ്ടെന്ന്. ഞാൻ കൂട്ടുകാരികളേയും കൂട്ടി താഴെ എത്തി. എന്റെ സാഹസീകതയ്ക്ക് ദൃക്‌സാക്ഷികൾ വേണ്ടേ... അല്ലെങ്കിൽ നാളെ ചരിത്രത്തിലെ രേഖകളെ ആരെങ്കിലും വിശ്വസിക്കുമോ?
താഴെ കണ്ണൊക്കെ കലങ്ങി വിവശനായ രീതിയിൽ ഭർത്താവ്. കൂടെ ഒരു പാന്റിട്ട പോലീസുകാരൻ, കൈയിൽ നീളമുള്ള ഒരു വടിയും... നിക്ക് ചിരിവന്നു... അങ്ങേരെ കണ്ടാൽതോന്നും പാമ്പിനെ കൊല്ലാൻ വന്നതാണെന്ന്.ഞാൻ ചെന്നില്ലെങ്കിലൊ എന്നുകരുതി പോലീസുമായി വന്നിരിക്കുന്നു കള്ളൻ.... നിക്ക് ചിരി പൊട്ടാറായി.
ഞാൻ പുറകിൽ കൈയും കെട്ടി മന്ദം മന്ദം അടുത്തുചെന്നു..... അത്രേം ഓർമ്മയുണ്ട് , എന്തോ ഒരു ശബ്ദം.... കവിളിൽ ആദ്യം ഭയങ്കര തണുപ്പും പിന്നെ അതിലും ഭയങ്കര ചൂടും.... ഇനി എല്ലാവരുടെയും മുൻപിൽ ചുടുചുംബനം തന്നതാണോ... ഹേയ്... അതാകാൻ വഴിയില്ല.... ഇത് ഏതോ പുതിയ സാധനമാണ്. മുൻപിൽ കുറ്റാക്കൂറ്റിരുട്ട് , കണ്ണുകൾ അടച്ചിട്ടുമില്ല. ഇനി കൃഷ്ണൻ വല്ല പണീം...... അതുമല്ല. കാഴ്ചശക്തി പോയോ എന്നോർത്തു അമറാൻ വാ പൊളിച്ചപ്പോൾ ...........ദാ മുൻപിൽ നിറയെ പച്ചനിറമുള്ള നക്ഷത്രങ്ങൾ. എന്തൊരു തിളക്കം.. എന്ത് ഭംഗി. ഒരു നക്ഷത്രം കിണറ്റിൽ നിന്നും വെള്ളം കോരുന്നു , ഒന്ന് ഊഞ്ഞാലാടുന്നു , ഒന്ന് പട്ടം പറത്തുന്നു നക്ഷത്രങ്ങളുടെ ഒരു കൊച്ചു ഗ്രാമം...... ഞാൻ കുറെ നേരം ആ ഭംഗിയൊക്കെ ആസ്വദിച്ചു നിന്നുപോയി. ചുറ്റും നിന്ന കൂട്ടുകാരും എന്തൊക്കെയോ ആസ്വദിച്ചു.
................
എക്‌സൈറ്റ്മെന്റിൽ ഞാൻ കത്തെഴുതി വെച്ചത് മലയാളത്തിൽ , ഭർത്താവിന് ആകെ പിടികിട്ടിയത് good bye..( തെറ്റിദ്ധരിക്കേണ്ട മലയാളി തന്നെ... അക്ഷരാഭ്യാസം ഇല്ലെന്നുള്ള ഒരു കുറവ് മാത്രം )..ഞാൻ ചാകാൻ പോയെന്നും പറഞ്ഞ് ആ കോലുമായി വന്ന പോലീസ് അങ്കിളിന്റെ കൂടെ മുഴുവൻ രാത്രിയും എന്നെ പൊട്ടകിണറ്റിലും റെയിൽവേ ട്രാക്കിലും ഒക്കെ തിരയുവാരുന്നു....
അങ്ങനെ കുട്ടിയുടുപ്പ് എന്നന്നേയ്ക്കുമായി നിറകണ്ണുകളോടെ യാത്രപറഞ്ഞു...
ഇപ്പോഴും ഇടയ്ക്കിടെ പച്ചനക്ഷത്രങ്ങൾ സ്വപ്നത്തിൽ വന്നെന്നോട് ചോദിക്കാറുണ്ട്... കുട്ടിക്ക് തോന്നാറില്ലേ ഞങ്ങളെ കാണണം എന്ന്... എന്നോടാ കളി.... സത്യംപറഞ്ഞാൽ ഈ പച്ചനക്ഷത്രങ്ങളെ കാണാൻ ഒരു രസല്ല്യ...സത്യം.
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo