Slider

രക്തസാക്ഷി

0
Image may contain: 1 person

കഥ : രക്തസാക്ഷി
രചന : അജ്മല്‍ സികെ
വാതില്‍ ചവിട്ടി പൊളിച്ച് ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് ആക്രോശത്തോടെ തള്ളിക്കയറിയപ്പോള്‍ ശോഭ ഭയന്നു വിറച്ചു. രാഘവേട്ടന്റെ നെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു അവളെ ആരോ പറിച്ചു മാറ്റി. വടിവാളുകള്‍ ആകാശത്തിലേക്കുയര്‍ന്നു. ഉയര്‍ന്ന കൈകളില്‍ തന്റെ ഉറ്റമിത്രത്തിന്റെ കരങ്ങള്‍ കണ്ടപ്പോള്‍ രാഘവന് അത്ഭുതം തോന്നി. അയ്യാളുറക്കെ ചോദിച്ചു.
പ്രകാശാ, നീയും.....!
പ്രകാശന്‍ ഒരു നിമിഷം ഒന്നു പകച്ചു നിന്നു. പിന്നെ ഭ്രാന്തമായ ആവേശത്തോടെ തന്റെ ബാല്യകാല സുഹൃത്തിനെ ആഞ്ഞു വെട്ടി.
ചോരയില്‍ കുളിച്ച് പുറത്തിറങ്ങുമ്പോള്‍ പ്രകാശന്‍ കൂടെയുള്ളവരോട് ചോദിച്ചു.
നമ്മളെന്തിനാ രാഘവേട്ടനെ കൊന്നത്?
'അറിയില്ല, പ്രസ്ഥാനം കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലണം തല്ലാന്‍ പറഞ്ഞാല്‍ തല്ലണം ചാവാന്‍ പറഞ്ഞാല്‍ ചാവണം.. ചോദ്യങ്ങള്‍ അതികം വേണ്ട, അതാണ് എല്ലാവര്‍ക്കും നല്ലത്'
കൂട്ടത്തില്‍ തല മുതിര്‍ന്ന ആരോ പറഞ്ഞതു കേട്ട് പ്രകാശന്‍ തലകുനിച്ച് നടന്നു. രാഘവേട്ടന്റെ പുരയില്‍ നിന്ന് ശോഭ ചേച്ചിയുടേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടേയും അലറിക്കരച്ചില്‍ ഉയരുന്നത് കേള്‍ക്കാനാവാതെ പ്രകാശന്‍ കാതുകള്‍ പൊത്തി.
...........................................
' ശോഭ ചേച്ചി വരണം. രാഘവേട്ടന്റെ രണ്ടാം രക്തസാക്ഷി അനുസ്മരണമാണ് നാളെ. ചേച്ചി അവിടെ കൂടിയിരിക്കുന്ന ജനാവലിയോട് രണ്ട് വാക്ക് സംസാരിക്കണം'
പ്രസ്ഥാനത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന അവള്‍ വിദൂരതിയിലെന്നോണം കേട്ടു. തന്റെ നീണ്ട മൗനം സമ്മതമായി കണക്കിലെടുത്ത് ഭാരവാഹികള്‍ പടിയിറങ്ങുമ്പോള്‍ അവള്‍ രാഘവേട്ടന്റെ ഓര്‍മ്മകളില്‍ തുഴയുകയായിരുന്നു.
രാഘവേട്ടാ ഞാന്‍ ഇങ്ങളോട് ഒരു കാര്യം ചോദിച്ചാല്‍ ദേഷ്യം വരോ?
'ഇഞ്ഞി ചോദിക്ക്് ശോഭേ... അനക്കല്ലാണ്ട് വേറെ ആര്‍ക്ക് എന്നോട് ചോദിക്കാന്‍ ഉള്ള അവകാശം....'
'അത് പിന്നെ.. ചെറുപ്പം മുതല്‍ ഞാന്‍ ഇങ്ങളെ കാണുന്നുണ്ട്... പാര്‍ട്ടിയുടെ കൊടി പിടിക്കാനും അടിയുണ്ടാക്കാനും മുന്‍ നിരയില്‍ ഇങ്ങള്‍ എപ്പോഴും ഉണ്ടാവും എന്നിട്ടും എന്താ ഇങ്ങളെ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവ് പോലും ആകാത്തത്'
അവള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ആ നിരാശ പുറത്ത് കാണിക്കാതെ അയ്യാള്‍ ഒന്നു നിറഞ്ഞ് പുഞ്ചിരിച്ചു.
' ശോഭേ... എല്ലാവരും നേതാക്കന്മാരാവാന്‍ നടന്നാല്‍ അണികളാവാനും ആരെങ്കിലുമൊക്കെ ഇവിടെ വേണ്ടെ... '
അതിന്റെ അടുത്ത ദിവസം പാര്‍ട്ടി യോഗത്തിന് പങ്കെടുത്ത് വന്ന രാഘവന്‍ വല്ലാതെ തളര്‍ച്ചയോടെയാണ് വീട്ടില്‍ എത്തിയത്. എത്ര ചോദിച്ചിട്ടും രാഘവന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറക്കം ഞെട്ടിയുണര്‍ന്ന ശോഭ കേട്ടു രാഘവേട്ടന്റെ അടക്കിപ്പിടിച്ചുള്ള തേങ്ങല്‍. ഒന്നും ചോദിക്കാതെ കൊച്ചു കുഞ്ഞിനെ പോലെ അവളയാളെ ചേര്‍ത്തു പിടിച്ചു. രാവിലെയാണ് അവള്‍ രാഘവന്റെ സഹപ്രവര്‍ത്തകരില്‍ നിന്നറിയുന്നത്. കഴിഞ്ഞ ദിവസം രാഘവേട്ടന്‍ പാര്‍ട്ടിയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അഴിമതിയുടെ കണക്കുകള്‍ നിരത്തി വിമര്‍ശിച്ചെന്നും... സെക്രട്ടറി രാഘവന്റെ ജാതിപേരുവിളിച്ച് അധിക്ഷേപിച്ചതും അറിയുന്നത്. കൂട്ടത്തില്‍ സെക്രട്ടറി ഇതും പറഞ്ഞെത്രെ:
'കണ്ട പട്ടിയോടും പൂച്ചയോടും വിശദീകരണം തരാന്‍ എനിക്ക് മനസ്സില്ല നിങ്ങള്‍ പോയി കേസ് കൊടുക്ക്. .. '
രാഘവന് വേണ്ടി ശബ്ദിക്കാന്‍ അണികള്‍ ആരും തയ്യാറായില്ല.. അല്ലെങ്കിലും നേതാവ് പറയുന്നതാണല്ലോ ഇന്നത്തെ അണികള്‍ക്ക് വേദവാക്യം.
....................................
'ശോഭ ചേച്ചി ഇങ്ങള്‍ എന്നോട് പൊറുക്കണം'
അവള്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്ന് ഉമ്മറത്തേക്ക് നോക്കി. അവിടെ കുനിഞ്ഞ ശിരസ്സോടെ പ്രകാശന്‍ വന്നു നില്‍ക്കുന്നു. തന്റെ രാഘവേട്ടനെ കൊന്ന കൈകളിള്‍ ഒന്ന് ഇവന്റേതായിരുന്നു. വിറച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
' ഇവിടെയെത്തും വരെ എനിക്കറിയില്ലായിരുന്നു, കൊല്ലാന്‍ പോകുന്നത് രാഘവേട്ടനെ ആയിരുന്നെന്ന്. അന്ന് ഞാന്‍ വാളെടുത്തില്ലായിരുന്നെങ്കില്‍ കൂടെയുള്ളവര്‍ തന്നെ എന്നെ വെട്ടുമായിരുന്നു. ഘതികേടു കൊണ്ടാ ഞാന്‍....'
അവളയാളുടെ കണ്ണുകളിലേക്ക് നോക്കി. അതെ നിറഞ്ഞൊഴുകുന്നു.
2 വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് ഇന്ന് പുറത്തിറങ്ങിയതേയുള്ളു. എന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതാണ് ആരുടെയോ വാളുകള്‍ എന്റെ രക്തത്തിനായ് ദാഹിച്ച് കാത്തിരിക്കുന്നുണ്ട്. .. പക്ഷെ എന്റെ കൈകളിലെ രക്തക്കറ ഞാനെങ്ങനെ മായ്ച്ച് കളയും. അതിനു ശേഷം ഇന്നുവരെ ഞാന്‍ മനസ്സമാധാനമായി ഉറങ്ങിയിട്ടില്ല ചേച്ചി... മരിക്കുന്നതിന്റെ തൊട്ടുമുമ്പ് രാഘവേട്ടന്‍ പ്രകാശാന്ന് വിളിച്ചില്ലേ,, അതെപ്പോഴും ചെവിയില്‍ മുഴങ്ങുന്നു'
പന്നെയും അയാളെന്തൊക്കെയോ പറഞ്ഞു. ഏറ്റവും ഒടുവില്‍ അവളയാളോട് ചോദിച്ചു.
നിങ്ങളെന്തിനാ എന്റെ രാഘവേട്ടനെ....?
' അറിയില്ല, എന്തിനാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ ഞങ്ങള്‍ക്കാര്‍ക്കും ഇപ്പോഴും അറിയില്ല.. പാര്‍ട്ടി പറഞ്ഞു ചെയ്തു...'
പ്രകാശനെപ്പോഴോ നടയിറങ്ങി പോയപ്പോള്‍ അവളോര്‍ക്കുകയായിരുന്നു..
' എന്തിന് വേണ്ടി കൊല്ലുന്നെന്നെന്ന് കൊലയാളിക്കോ.. എന്തിന് വേണ്ടി കൊല്ലപ്പെടുന്നു എന്ന് കൊല്ലപ്പെട്ടവര്‍ക്കോ അറിയാത കലികാലം...'
............
പിറ്റേന്ന് രാവിലെ അവള്‍ രക്തസാക്ഷി അനുസ്മരണ ചടങ്ങ് അരങ്ങേറുന്ന മൈതന നഗരിയിലേക്ക് പുറപ്പെട്ടു. രാഘവേട്ടന്് വേണ്ടി നഗര മധ്യത്തില്‍ സ്ഥാപിച്ച പ്രതിമയും രക്തസാക്ഷി മണ്ഡപവും അവള്‍ കണ്ടു... അവിടവിടങ്ങില്‍ രക്തസാക്ഷികളുടെ മഹത്വം ഉയര്‍ത്തിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ മുദ്രാവക്യങ്ങള്‍... ഇവയെല്ലാത്തിനും മദ്ധ്യത്തിലൂടെ അവള്‍ വേദിയിലേക്ക് നടന്നു നീങ്ങി. സദസ്സ് നിറഞ്ഞ കരഘോഷങ്ങളുടേയും മുദ്രാവാക്യങ്ങളോടെയും അവളെ വരവേറ്റു. ഇന്നുവരെ ഇത്രയും വലിയ ഒരു സദസ്സിനെ അഭിമുഖീകരിച്ച് അവള്‍ക്ക് സംസാരിക്കേണ്ടി വന്നിട്ടില്ല, എന്നിട്ടും അവള്‍ക്ക് മനസ്സില്‍ ഭയം തോന്നിയില്ല്. അവള്‍ മൈക്കിന് മുമ്പില്‍ മുരടനക്കി സംസാരിച്ച് തുടങ്ങി...
'ഞാന്‍ ശോഭ, നിങ്ങളുടെ രാഘവേട്ടന്റെ പ്രിയതമ... രാഘവേട്ടന്‍ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു... അല്ല നഷ്ടം നിങ്ങള്‍ക്കല്ല, എനിക്കും എന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കും മാത്രം... നിങ്ങള്‍ക്ക് രാഘവേട്ടന്റെ മരണം കൊണ്ട് നേട്ടം മാത്രമേ ഉള്ളു.... കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം സഹതാപ തരംഗം.. വര്‍ഷം തോറും അനുസ്മരിക്കാന്‍ ഒരു രക്തസാക്ഷി അങ്ങനെ നേട്ടം മാത്രം'
ശോഭ ഒന്നു പറഞ്ഞു നിര്‍ത്തി... അതുവരെ മുദ്രാവാക്യവും കരഘോഷങ്ങളും ഉയര്‍ത്തിയിരുന്ന ജനാവലി പറ്റെ നിശ്ശബ്ദമായി....
' രാഘവേട്ടന് വേണ്ടി നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി രക്തസാക്ഷി മണ്ഡപം ഉയര്‍ത്തി കൂറ്റന്‍ പ്രതിമ സ്ഥാപിച്ചു.. പക്ഷെ രാഘവേട്ടന്റെ പുരയില്‍ ദിവസങ്ങളോളം അടുപ്പ് പുകയാതിരുന്നത് നിങ്ങളാരും അന്വേഷിച്ചില്ല... എന്റെ ഇളയ മകന്‍ മരണപ്പെട്ടത് രോഗം ബാധിച്ചിട്ടല്ല... പട്ടിണി കിടന്ന് നരകിച്ച് മരിച്ചതാ.... അതും ആര്‍ക്കും അറിയണ്ടായിരുന്നു... '
സദസ്സിലും വേദിയില്‍ നിന്നും മുറുമുറുപ്പുകള്‍ ഉയരുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.
' ചിലര്‍ വന്നു... പാതിരാത്രി ചോര്‍ന്നൊലിക്കുന്ന കൂരയുടെ കതകിന് മുട്ടി സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ ... അവരുടെ ഉദ്ദേശം മറ്റു പലതുമായിരുന്നു... എന്റെ രാഘവേട്ടനുണ്ടായിരുന്നെങ്കില്‍....'
അവള്‍ മൈക്കിന്റെ മുന്നില്‍ തേങ്ങി..
' ദയവു ചെയ്ത് ഇനിയും രക്തസാക്ഷികളെ ഉണ്ടാക്കാതിരിക്കു.... നഷ്ടം ഞങ്ങള്‍ക്കു മാത്രമാണ്.. ഞങ്ങള്‍ക്കു മാത്രം...'
ആ വേദി വിട്ട് അവളിറങ്ങി പോകുമ്പോള്‍ പിറകില്‍ നിന്നാരോ പറയുന്നുണ്ടായിരുന്നു.
' ഇന്നലെ പ്രകാശന്‍ ഓളെ വീട്ടീന്ന് ഇറങ്ങി പോവുന്നത് കണ്ടവരുണ്ട്... കുലംകുത്തി കഴുവേറി മോള്‍'
' അവളും പ്രകാശനും കൂടി പ്ലാന്‍ ചെയ്താണത്രെ നമ്മുടെ രാഘവേട്ടനെ കൊന്നത് ... കൊല്ലണം രണ്ടിനേം.....'
.... ശുഭം.....
(NB: ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതല്ല ഈ കഥ. മറിച്ച് ആരുടേയൊക്കെയോ കുടിപ്പകയില്‍ പെട്ടു പോകുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി... ഇന്നത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കു വേണ്ടി... ഇനിയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ അരങ്ങേറാതിരിക്കട്ടെ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo