Slider

മൂകാംബികായാത്രയും ഞാനും പിന്നെ എന്റെ ഉറക്കവും

0
Image may contain: 1 person, smiling, outdoor and water

മൂന്ന് വർഷം മുന്നേ ഉള്ള യാത്രയായിരുന്നു അത്, ഒരു മെയ് മാസത്തിൽ . 2 മാസത്തെ ലീവിന് ചേട്ടൻ നാട്ടിൽ വന്നത് ഒരു വിഷുവിനായിരുന്നു.
എന്നത്തേയും പോലെ കുടുംബവീട്ടിലൊക്കെ തല കാണിച്ചു പ്രവാസി വീട്ടിൽ ഇരിക്കുമ്പോഴേക്കും മാസം ഒന്നു കണ്ണുചിമ്മി തുറക്കുമ്പോഴേക്കും പോകും. ഒടുവിൽ തിരിച്ചു പോവാനുള്ള ദിവസം ഓടി ഇങ്ങെത്തുകയും ചെയ്യും.
അങ്ങനെ തിരിച്ചു പോവാനുള്ള ദിവസം അടുത്തു കൊണ്ടിരിക്കെ നാത്തൂന്റെ വീട്ടിൽ പോയി. അവിടെ നിന്നും തിരിച്ചു വരുമ്പോൾ ആങ്ങളയും പെങ്ങളും "എല്ലാം ശരി, ഓകെ ഞാൻ വിളിക്കാം" എന്നൊക്കെ പറയുന്നത് കേട്ടു. പോവുന്ന കാര്യമാകും എന്നു വെച്ചു ഞാനും കൂടുതൽ ശ്രദ്ധിച്ചില്ല.
ഒരു ദിവസം വൈകുന്നേരം നാത്തൂന്റെ ഫോൺ. ഫോൺ എടുത്തത് ഞാനായിരുന്നു." നാളെ ആറു മണിക്ക് ഞങ്ങൾ എത്തും, ഏച്ചി എല്ലാം പാക്ക് ചെയ്തോ" എന്നും ചോദിച്ചു.
അന്തം വിട്ടു നിൽക്കുന്ന എന്റെ കാതിലേക്ക് അവളുടെ സ്വരം വീണ്ടും, "ഏട്ടനല്ലേ പറഞ്ഞത് നാളെ മൂകാംബിക പോകാം, വണ്ടി റെഡി ആക്കി വിളിച്ചോ എന്നു. മൂന്ന് ഫാമിലി ഉണ്ട്. എട്ടായിരം രൂപ വേണം. "
"എട്ടായിരം രൂപയോ,!! ഞെട്ടിപ്പോയി.
തിരിച്ചു പോവാൻ നോക്കുന്ന പ്രവാസിയുടെ പേഴ്‌സിന്റെ അവസ്ഥ പ്രവാസിക്കും, പ്രവാസിയുടെ കെട്ടിയോൾക്കും അല്ലാതെ വേറെ ഒരാൾക്കും അറിയില്ല.
ഇതൊന്നും ഓർക്കാണ്ട് പെങ്ങളെ സങ്കടപെടുത്താതിരിക്കാൻ ഏട്ടൻ യാത്രയ്ക്ക് സമ്മതിച്ചതാവും.
"ദൈവമേ.. എന്റെ വളയുടെ കാര്യത്തിൽ തീരുമാനമായി.." അറിയാണ്ടൊരു ആത്മഗതം എന്റെ ഉള്ളിൽ നിന്നും വന്നു.
"മോളൊന്നു ഫോൺ വെച്ചേ. ഒരു പത്തു മിനിറ്റു കഴിഞ്ഞു വിളിക്കാം"
സംഗതി പന്തിയല്ലാന്ന് കണ്ട കെട്ടിയോൻ എസ്കേപ്പ് ആവാൻ നോക്കും മുന്നേ കയ്യോടെ പിടിച്ചു.
"എപ്പോഴാ, ടൂർ പോകാമെന്ന് പറഞ്ഞത്"
"അത്, അന്ന് നമ്മൾ പോയപ്പോൾ"
"ടൂർ പോകാൻ പൈസ എവിടെ? എന്റെ കൈ മെല്ലെ ബാക്കിലേക്ക് പോവുന്നത് ഏട്ടൻ കണ്ടു.
"അതൊക്കെ, ഉണ്ട്"
"അപ്പൊ ടിക്കറ്റ്നുള്ള പൈസയോ"
"അത് നീയെന്റെ പുന്നാര ഭാര്യ അല്ലെ, അപ്പൊ നമ്മുക്ക് നിന്റെ ഒരു വള വെക്കാലോ, പോയപാടെ എടുക്കാലോ"
"നടക്കൂല്ല, നടക്കൂല്ല" ഞാനും പറഞ്ഞു.
ഒടുവിൽ കുറെ സെന്റിമെന്റ്‌സ് ഒക്കെ പറഞ്ഞു, നടക്കാത്ത കുറെ മോഹനസുന്ദര വാഗ്ദാനമൊക്കെ തന്നു എന്നെ സോപ്പിട്ടു ഒടുവിൽ അതിനൊരു തീരുമാനമാക്കി ന്റെ കെട്ടിയോൻ, ഒടുവിൽ ടൂർ ന് വരാമെന്ന് വിളിച്ചു പറഞ്ഞു.
പിറ്റേന്ന് ആറു മണിക്ക് ഇന്നോവ എത്തി, എല്ലാരും ഉണ്ട്. വൃത്തിക്കെട്ട ഛർദി വരുന്നത് കൊണ്ട് അതിനുള്ള ടാബ്ലറ്റ് കഴിച്ചിരുന്നു ഞാൻ. ഇന്നോവയുടെ പിന്നിലെ സീറ്റിൽ ഏട്ടനും ഞാനും ഇരുന്നു.
ഏകദേശം കാസറഗോഡ് വരെ ഞാൻ ഉണർന്നിരിപ്പുണ്ട്. അവിടെ നിന്നും ചായ കുടിച്ചു ഞങ്ങൾ വീണ്ടും പുറപ്പെട്ടു.
വണ്ടിയിൽ കയറിയപാടെ ഞാൻ ഉറക്കമായി. അതിൽ നിന്നും ഉണർന്നത് പിന്നെ മൂകാംബിക എത്തുമ്പോഴാണ്. . അജ്ജാതി ഉറക്കമായിരുന്നു പോലും ഞാൻ.
അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.
ഹോട്ടൽ റൂമിൽ എത്തി ഫ്രഷ് ആയി എല്ലാരും അമ്പലത്തിലേക്ക് പോയി തൊഴുതു വന്നു, പിന്നെ കുറെ നേരം സൗപർണ്ണികയുടെ തീരത്തു ചിലവഴിച്ചു. സന്ധ്യാനേരം വീണ്ടും ആ ദീപപ്രഭയിൽ തൊഴുതു നിന്നു. പിറ്റേന്ന് ആ ഇളം മഞ്ഞുള്ള പുലർകാലെ വീണ്ടും ദേവിയുടെ ദർശനത്തിനായി. വഴിയരികിൽ നിന്നും പൂക്കൂടയിൽ താമരമൊട്ടും മുല്ലമാലയും വാങ്ങി, ആ തിരുനടയിൽ വെക്കാൻ. എത്ര തിരക്കുണ്ടായിട്ടും ആ നടയിൽ ബഹളങ്ങൾ ഒന്നും ബാധിച്ചില്ല. തിക്കും തിരക്കുമില്ലാതെ തൊഴാൻ കഴിയുന്നൊരിടമാണ് അവിടം. ഏറെ ഇഷ്ടമായത് ഒരോ ഉപദൈവങ്ങളുടെ മുന്നിൽ പ്രാര്ഥിക്കുമ്പോഴും നടയിൽ തൂക്കിയിട്ട മണി മുട്ടാൻ പറ്റുന്നതാണ്. പിന്നെ മുട്ടുകുത്തി കുനിഞ്ഞു നോക്കി പ്രാർത്ഥിക്കേണ്ടി വന്ന ഉണ്ണിക്കണ്ണനെ.
അവിടെ നിന്നും ഇറങ്ങിയത് കുടജാദ്രിയിലേക്ക് പോകാം എന്ന തീരുമാനത്തിൽ ആയിരുന്നു. ആദ്യ യാത്ര ആയത് കൊണ്ട് റോഡിന്റെ അവസ്ഥ അറിയില്ല. ഒരു പൂച്ചക്കണ്ണൻ ഡ്രൈവറെ ആയിരുന്നു കിട്ടിയത്. മുടിയൊക്കെ നീട്ടി,അതു കെട്ടിവെച്ച്, താടിയൊക്കെ വെച്ചു കണ്ടാലേ പേടി തോന്നുന്ന തനി വില്ലൻ ലുക്ക് ഉള്ളൊരുവൻ.
ജീപ്പിൽ കയറിയതെ ഓർമ്മയുള്ളൂ പിന്നെ ജീപ്പ് നിലം തൊടാതെ ഓട്ടം ആയിരുന്നു. പോക പോകെ മനസ്സിലായി പോവുന്ന വഴിയുടെ അവസ്ഥ. ദൈവമേ ഇവൻ കുടജാദ്രിക്ക് പകരം വല്ല കൊക്കയിലേക്കുമാണോ പോവുന്നെ എന്നു കൂടെയുള്ളവൾ പിറുപിറുക്കാൻ തുടങ്ങി. കുറച്ചു ദൂരം എത്തിയപ്പോൾ ഞാൻ താഴേക്ക് മെല്ലെ നോക്കിയതെ ഉള്ളൂ,താഴ്ച കണ്ട് ഞെട്ടി ഏട്ടന്റെ തോളിലേക്ക് ചാരി, വീണ്ടും ഉറക്കം തുടങ്ങി. പേടിച്ചു ബോധം പോയെന്ന് കൂടെയുള്ളവരും. പാവം ഏട്ടൻ ആ ജീപ്പിൽ നിന്നും ഇറങ്ങുമ്പോൾ മോഹൻലാലിനെ പോലെ ചെരിഞ്ഞു നടത്തമായിരുന്നു.
പിന്നീട് കുടജാദ്രി യിൽ എത്തി തൊഴുതു, അവിടെ നിന്നും ഇറങ്ങി. മല കയറിയത് കൊണ്ട് തിരിച്ചിറങ്ങുമ്പോൾ കാലിനു ശക്തികുറഞ്ഞത് പോലെ തോന്നിച്ചു. ഇറങ്ങി വരുന്നതിന്റെ ഇടയിൽ വീഴുകയും ചെയ്തപ്പോൾ എന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനം ആയി.
അങ്ങനെ തിരിച്ചു റൂമിൽ എത്തി, പാക്കിങ് കഴിഞ്ഞു മൂകാംബികയോട് യാത്ര പറഞ്ഞു വീണ്ടും ഞങ്ങൾ വണ്ടിയിലേക്ക്, ഈ ഞാൻ വീണ്ടും ഏട്ടന്റെ ചുമലിലേക്കും, ഇതു കണ്ട പെങ്ങളും മക്കളും കളിയാക്കാൻ തുടങ്ങി, അടുത്ത ഉറക്കമായി എന്നും പറഞ്ഞു.
അങ്ങനെ അവിടെ നിന്നും യാത്ര മൈസൂരിലേക്ക്. ഏകദേശം പതിനൊന്ന് മണിക്കൂർ ഉണ്ട് പോലും മൈസൂരിലേക്ക്. വീണ്ടും എന്റെ പ്രശസ്തമായ ഉറക്കത്തിലേക്ക്. ഓരോ സ്ഥലത്തു വണ്ടി നിർത്തുമ്പോൾ ഞാൻ തല ഉയർത്തി നോക്കും. വീണ്ടും വണ്ടി നീങ്ങുമ്പോൾ പിന്നെയും കിടക്കും. കെട്ടിയോൻ ദേഷ്യപ്പെടാൻ തുടങ്ങിയപ്പോൾ മെല്ലെ തല വിൻഡോയിൽ ചാരി കിടക്കും. പാവം ഞാൻ.
രാത്രി യാത്രയാണ്. മഴയും ഇടിയും തുടങ്ങി അപ്പോഴേക്കും. ഉറക്കത്തിൽ ഞാൻ ഒന്നും അറിഞ്ഞില്ല. അതിനിടയിൽ ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഒരു കണ്ടയ്നർ ലോറി സൈഡ് തെറ്റിച്ചു കയറി വന്നു. ഞങ്ങളുടെ വണ്ടി പെട്ടെന്ന് ബ്രേക്ക് ഇട്ടു ഒന്നു വട്ടം കറങ്ങി സൈഡ്ലേക്ക് കൊണ്ടുപോയി ഡ്രൈവർ. എല്ലാം കഴിഞ്ഞു മൈസൂർ എത്തിയപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. അപ്പോഴാണ് വലിയൊരു ആക്സിഡന്റ്ൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടത് ഏട്ടൻ പറയുന്നത്. ഇത്രയൊക്കെ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ല എന്നു ബോധ്യമായപ്പോൾ എനിക്ക് തോന്നി ഞാൻ ഛർദി മാറാൻ കഴിച്ച മരുന്നു സ്ലീപ്പിങ് പിൽസ് കൂടിയാണ് എന്നു. അത്രയ്ക്ക് ഉറക്കമായിരുന്നു ഞാൻ.
മൈസൂർ പാലസ് ഒക്കെ ചുറ്റികണ്ടു, വൃന്ദാവൻ, ചാമുണ്ഡി ഹിൽസ് ഒക്കെ പോയി അഞ്ച് ദിവസത്തിനു ശേഷം ഞങ്ങൾ തിരിച്ചു നാട്ടിലേക്ക്. ഉറങ്ങി ഉറങ്ങി റെക്കോർഡ് സൃഷ്ടിച്ചു ഞാനും വന്നു.
മൂന്ന് വർഷം കഴിഞ്ഞു ഒരു ദിവസം നാത്തൂന്റെ വീട്ടിൽ പോയപ്പോൾ അവിടെ ഒരാൾ വന്നു. എനിക്ക് എവിടെയോ കണ്ടു പരിചയം മാത്രം. അവൻ ആണെങ്കിൽ എന്നെ കണ്ടതും ചിരിയും,
"ഏച്ചിക്ക് മനസിലായില്ലേ ആളെ"
"ഇല്ല"
അപ്പോൾ അവന്റെ ചിരി ഒന്നൂടെ കൂടി.
ശ്ശെടാ..ഇതാര് ഈ മഹാൻ...
അന്തം വിട്ട് കുന്തം പോലെ നിൽക്കുന്ന എന്നെ നോക്കി രണ്ടു പേരും ചിരി.
"ഏച്ചി ഇതു അന്നത്തെ ടൂർ പോയ വണ്ടിയുടെ ഡ്രൈവർ ആണ്. ഞാൻ പറഞ്ഞില്ലേ ഇവിടുത്തെ അമ്മയുടെ കുടുംബമാണ് എന്നു."
"ആരെ മറന്നാലും ഇങ്ങളെ ഞാൻ മറക്കൂല്ല.. അന്നത്തെ ഉറക്കം,പിന്നെ ഓരോ സ്റ്റോപ്പിൽ നിൽക്കുമ്പോൾ കൃത്യം ഉറക്കം ഞെട്ടൽ. എന്നാലും ഏച്ചിയെ ഇങ്ങളെങ്ങനെയാപ്പ ഇജ്‌ജാതി ഉറക്കം ഉറങ്ങിയത്." അവൻ എന്നെ വിടാൻ ഉള്ള ഉദ്ദേശമില്ല.
രണ്ടും കൂടി എന്നെ കളിയാക്കി കൊല്ലാൻ തുടങ്ങി.
"മക്കളെ ഈ ലോകത്ത് എന്റെ കാഴ്‌ചപ്പാടിൽ ഏറ്റവും നല്ല രണ്ടു കാര്യങ്ങൾ എന്താന്നറിയോ, സ്വസ്ഥമായ ഉറക്കം, നല്ല ഭക്ഷണം. ഇതും രണ്ടും കിട്ടിയില്ലെങ്കിൽ ലൈഫ് ഒരു സുഖമുണ്ടാവില്ല. " അതും പറഞ്ഞു അടുക്കളയിൽ വല്ലതും കഴിക്കാൻ ഉണ്ടോന്ന് നോക്കി ഞാൻ അവിടെ നിന്നും മുങ്ങി.
എന്റെ മഹദ് വചനം കേട്ട് അന്തം വിട്ടു നിന്ന രണ്ടു പേരും ഒടുക്കം എന്റെ പിന്നാലെ ഫുഡടിക്കാൻ അടുക്കളയിലേക്ക് എത്തി...
✍️ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo