Slider

ഗില്ലറ്റിൻ

0
Image may contain: 1 person

ആദ്യമേ പറയാം. ഇതൊരു ഭീകര കഥയാണ്. നല്ല മനസ്സുറപ്പുവരു വായിച്ചാ മതി. അവസാനം എന്നെ തെറി വിളിക്കരുത്.
അപ്പോ തുടങ്ങാം...
അയാളുടെ പേര് ജെയിംസ് ജോൺസൺ കുറ്റിക്കാടൻ.
ബാങ്ക് ഉദ്യോഗസ്ഥനാണ്.
മിടുക്കൻ. സുന്ദരൻ. അതീവ ബുദ്ധിശാലി. 34 വയസ്സേ ആയിട്ടുള്ളൂ.
അവളുടെ പേര് മെറിൻ. മുഴുവൻ പേരൊന്നുമറിയില്ല. അതൊന്നും അത്ര പ്രധാനവുമല്ല. അവളൊരു തെറിച്ച പെണ്ണായിരുന്നു. ഒരു യക്ഷിയേപ്പോലെ ...അല്ല... യക്ഷിയല്ല ഒരു സർപ്പത്തേപ്പോലെ സുന്ദരി.
അന്ന് എന്നത്തേയും പോലെ ബിവറേജിനു മുൻപിൽ കാറൊതുക്കി ജെയിംസ് പുറത്തേക്കിറങ്ങാനാഞ്ഞതാണ് ... അവൾ വന്നു ഗ്ലാസ്സിൽ തട്ടി. ഗ്ലാസ്സ് താഴ്ത്താൻ ആംഗ്യം കാട്ടി.
"എനിക്കൊരുപകാരം ചെയ്യണം. " അവൾ അവന്റെ മുഖത്തേക്കു കുനിഞ്ഞുകൊണ്ടാണതു പറഞ്ഞത്. "ഒരു നാലു ബിയർ വാങ്ങിത്തരണം. ക്യൂ നിൽക്കാൻ .... അറിയാല്ലോ. ഞാനൊരു പെണ്ണല്ലേ. ഒരു സഹായം. പ്ലീസ്..."
അയാളതൊന്നും കേട്ടില്ല. കണ്ണുകൾ ഒരിടത്തുറച്ചു നിർത്താൻ പാടുപെടുകയായിരുന്നയാൾ.
"ഹെലൊ" അവൾ കുലുങ്ങിച്ചിരിച്ചു. " എന്റെ മുഖം ഇവിടെയാ..."
"കുട്ടിയെന്താ പറഞ്ഞേ ? ഞാൻ കേട്ടില്ല. സോറി. എന്താ വേണ്ടേന്നു പറഞ്ഞേ ??"
"4 ബിയർ! കെ എഫ്. അതു മാത്രം മതി. ഇതാ ഇതു വെച്ചോളൂ. " അവൾ രണ്ടായിരത്തിന്റെ രണ്ടു നോട്ടുകൾ അവന്റെ കയ്യിൽ പിടിപ്പിച്ചു. "ബാംഗ്ലൂരു വല്ലോമാണെങ്കി ഞാൻ നേരിട്ടു പോയി വാങ്ങിയേനേ. പക്ഷേ ഇവിടെ ഭയങ്കര പാടാ. പ്ലീസ് "
"ഷുവർ! ഞാൻ വാങ്ങി വരാം. "
"അതുവരെ ഞാൻ കാറിലിരുന്നോട്ടേ ? ഭയങ്കര ചൂടാ. ഏസീലിരിക്കാന്നോർത്താ "
"അതിപ്പോ..."
"താങ്ക് യൂ മാഷേ!" അവൾ നിമിഷങ്ങൾക്കുള്ളിൽ അപ്പുറത്തെത്തി വാതിൽ തുറന്നകത്തു കയറി.
അയാളിറങ്ങി ക്യൂവിലേക്കു നടന്നു. ചുണ്ടു കടിച്ചൊരു ചിരിയുണ്ടായിരുന്നു മുഖത്ത്. "ഇതെവിടുന്നു പൊട്ടി വീണു ഈ ചരക്ക് ??"
ബിയറും വാങ്ങി വന്നപ്പോൾ അവൾ ഇരുന്നുറങ്ങുന്നു. പാവം. നല്ല ക്ഷീണമുണ്ടായിരുന്നിരിക്കണം.
"കുട്ടീ" അയാൾ അവളെ തട്ടിയെഴുന്നേൽപ്പിച്ചു. " ബിയർ ഇതാ. എവിടേലും ഡ്രോപ്പ് ചെയ്യണോ ?"
അവൾ ചിരിച്ചു. "ഡ്രോപ്പ് ചെയ്യണോ ? ചെയ്തോളൂ. ഇവിടെ അടുത്തു തന്നെയാ. വേണെങ്കി നമുക്കൊന്നിച്ച് ഇതൊക്കെ കുടിച്ചു വറ്റിച്ചിട്ടു പോയാലും മതി. ഞാനൊറ്റക്കാ. "
അയാൾ തന്റെ പോക്കറ്റിൽ കുത്തിയിരിക്കുന്ന പേന ശ്രദ്ധിച്ചു. ഹൃദയം പട പട മിടിക്കുകയാണ്. പേന വിറക്കുന്നു ഓരോ മിടിപ്പിലും.
"ആയിക്കോട്ടെ. ഞാൻ ബിയർ കഴിക്കാറില്ല. എനിക്കുള്ളതു ഞാൻ വേറേ വാങ്ങിയിട്ടുണ്ട്. കഴിക്കാൻ വല്ലതും വാങ്ങണോ ?"
"ഒന്നും വേണ്ട. കഴിക്കാനുള്ളത് ഞാനുണ്ടാക്കിക്കോളാം. ഒരു സ്പെഷ്യൽ ഐറ്റം. മാഷ് ചാവും. ആ ജാതി ഐറ്റം!"
"വണ്ടർഫുൾ! എങ്ങോട്ടാന്നു പറഞ്ഞാ മതി. പോവാം . " അയാൾ ആഹ്ലാദവാനായി വണ്ടി മുൻപോട്ടെടുത്തു.
അവളുടെ വീട് തൊട്ടടുത്തു തന്നെയായിരുന്നു. ഹൈവേയുടെ ഓരത്ത്. നിര നിരയായി കുറേ തട്ടുകടകൾക്കു പിന്നിൽ ഒരാൾപ്പൊക്കം ഉയരത്തിൽ വളർന്നു നിൽക്കുന്ന കുറ്റിക്കാടിനു പുറകിൽ... കുറേ ഉള്ളിലേക്കു കയറി, ഒറ്റപ്പെട്ട ഒരു വീട്.
കാർ അകത്തേക്കു കയറ്റാൻ അയാൾ വളരെ ബുദ്ധിമുട്ടി. കാലങ്ങളായി ആ വഴിയിൽ വാഹനങ്ങളൊന്നും വന്നിട്ടില്ല.
"പേടിയാവണുണ്ടോ ?" അവൾ കുലുങ്ങിച്ചിരിച്ചു കൊണ്ടാണു ചോദിച്ചത് .
"ഇയാളിതിനകത്ത് ഒറ്റക്കാണോ താമസം ?"
"ഹൈവേ അല്ലേ ? പേടിക്കണ്ട യാതൊരു കാര്യവുമില്ല. പിന്നെ എന്നും ഞാൻ ഒറ്റക്കുമല്ല. ചെലപ്പൊഴൊക്കെ കമ്പനിക്ക് ഇതുപോലെ ആരെയെങ്കിലും കിട്ടും. - - മതി. ഇത്രേം അകത്തേക്കു പോയാ മതി. വല്ല പഞ്ചറും കിട്ടും. നമുക്ക് നടന്നു പോകാം. " അവൾ ഡോർ തുറന്നു.
അയാളും അതു തന്നെയായിരുന്നു ചിന്തിച്ചത്. വണ്ടിക്കടിയിൽ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ.
അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു. "സൂക്ഷിച്ചു വാ. നിലാവു പോലുമില്ല. കയ്യിലാണെങ്കി ബോംബു പോലെ ബിയറു കുപ്പീം. " ചിരിയിൽ മുത്തു പോലുള്ള അവളുടെ പല്ലുകൾ തിളങ്ങി.
അകത്ത് കയറിയതും അവൾ ലൈറ്റുകളെല്ലാം തെളിയിച്ചു.
വിശാലമായൊരു ഹാളിലേക്കാണ് കയറിയിരിക്കുന്നത് . മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഒരു വലിയ ഹാൾ. ഫർണ്ണീച്ചറെല്ലാം പുത്തനാണെന്നു തോന്നി. എല്ലാം പ്ലാസ്റ്റിക്ക് കവറിട്ട് മൂടിയിട്ടുണ്ട്. പക്ഷേ...
ഒരു മണമുണ്ടായിരുന്നു. ഒരു വല്ലാത്ത മണം. ഹോസ്പിറ്റലിലൊക്കെ ഉള്ള പോലെ.
"സ്മെല്ലു കാര്യാക്കണ്ടാട്ടോ. ഞാൻ ഭയങ്കര വൃത്തിക്കാരിയാ. ഇടക്കിടക്ക് എല്ലാതും ഡിസിൻഫെക്റ്റ് ചെയ്യും. " അയാളുടെ മൂക്കു ചുളിഞ്ഞതു കണ്ട അവൾ പെട്ടെന്നു തന്നെ കാര്യം വ്യക്തമാക്കി.
"അപകടാണുട്ടൊ" അയാൾ ഒരു ജനൽ തുറക്കാൻ ശ്രമിച്ചു. " ഈ മണമങ്ങനെ സ്ഥിരമായിട്ട് ശ്വസിച്ചാൽ നന്നല്ല. "
" ഹേയ്! എന്താ ഈ ചെയ്യുന്നേ ? അതൊന്നും തൊറക്കണ്ട. ശരിയാവില്ല. പൊടി കേറും. എനിക്കതൊന്നും ഇഷ്ടല്ല. മാഷാ കുപ്പി പൊട്ടിക്കാൻ നോക്ക്യേ." അവൾ ഗൗരവത്തിലായി. "സമയമില്ല. ഒത്തിരി കാര്യങ്ങളുണ്ടിന്ന്."
അവളുടെ സ്വരത്തിലെ ആ പുതിയ ടോൺ മനസ്സിലാക്കിയ അയാൾ ഞെട്ടി പിന്തിരിഞ്ഞു.
“വേണെങ്കി ബാത്ത് റൂമിൽ പോയി ഒന്നു ഫ്രെഷ് ആയിക്കോ.” അവൾ ഡൈനിങ്ങ് ടേബിളിനോടു ചേർന്നുള്ള ഒരു ഡോർ ചൂണ്ടിക്കാണിച്ചു.
അയാൾ ആ മുറിയാകെ നോക്കിക്കാണുകയായിരുന്നു. ഇരുപതടിയിൽ കൂടുതൽ നീളം കാണും. അതിന്റെ അവസാന ഭാഗം ഡൈനിംഗ് റൂമായി ഒരു പാർട്ടീഷൻ. അതിൽ തന്നെ ടീവിയും സെറ്റ് ചെയ്തിരിക്കുന്നു. ആവശ്യമെങ്കിൽ ആ ഭിത്തി മുഴുവനായിട്ടും എടുത്തു മാറ്റാം.
ഡൈനിംഗ് ഭാഗത്തെ ഭിത്തിയിൽ ഒരു ബൈബിൾ വചനം വലുതായി കൊത്തിവെച്ചിട്ടുണ്ട്
"ഞങ്ങൾക്ക് ആവശ്യത്തിനുള്ള ആഹാരം ദിനം പ്രതി ഞങ്ങൾക്കു തരേണമേ...ലൂക്കോസ് 11:3"
"എന്നാലും കുട്ടി! നീയെങ്ങനെ ഈ വീട്ടിൽ ഒറ്റക്ക് ?" അയാൾക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല.
"ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ. എനിക്കെപ്പോഴും ആരെങ്കിലും കൂട്ടു കാണും. ദാ ഇപ്പൊത്തന്നെ നോക്ക്യേ ആ ഫ്രിഡ്ജിലിരുപ്പുണ്ട് ഒരു കക്ഷി. " വീണ്ടും ആ ചിരി.
"ങ്ഹേ ??? "
"പക്ഷേ കഷ്ടമാണ്. തലയില്ല പാവത്തിന്. എന്നാലും ഒരു കമ്പനിക്ക് അയാളു തന്നെ ധാരാളം. ഞാൻ ഇപ്പ വരാട്ടോ. ഇതൊക്കെ ഒന്ന് ഊരിയിടട്ടെ. " അവൾ ഇട്ടിരുന്ന ടീഷർട്ട് വലിച്ചുയർത്തിക്കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു.
ജെയിംസ് സ്തംഭിച്ചു നിൽക്കുകയാണ്. "ഇപ്പ എന്താ അവളാ പറഞ്ഞേ ??" തുറന്നു കിടക്കുന്ന അടുക്കള വാതിലിലൂടെ അയാൾ അവളുടെ വലിയ ഫ്രിഡ്ജ് കണ്ടു. അടുക്കളയിലെ ഷെൽഫുകളോട് ചേർത്ത് പണിതിരിക്കുകയാണത്. അസാധാരണമായ വലിപ്പമുണ്ടായിരുന്നു അതിന്.
“യൂ ഹൂ!!” ബെഡ് റൂമിൽ നിന്നും അവളുടെ കുസൃതിയോടെയുള്ളൊരു വിളി കേട്ടു.
നടുങ്ങിപ്പോയി അയാൾ... അവൾ നിലത്തിഴയുന്ന ഒരു നീണ്ട കറുത്ത കുപ്പായവുമിട്ട് ഇരുട്ടിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് അയാളെ നോക്കി . പല്ലുകളും കണ്ണുകളിലെ തിളക്കവും മാത്രം വ്യക്തമായി കാണാം. പക്ഷേ അതല്ല അയാളെ ഞെട്ടിച്ചത്. അവളുടെ ഇടതുവശത്തായി തറയിൽ ഒരു വലിയ ക്രൂശിത രൂപം ! ഒരാൾ പൊക്കമുണ്ട്. കറുത്ത നിറത്തിൽ ... തല കീഴായി!!
"ഇപ്പ എങ്ങനെ ? പേടി വന്നു തുടങ്ങിയോ ?" അവളുടെ ചോദ്യം. ചിരിക്ക് ഒരു പൈശാചികത വന്നിട്ടുണ്ടോ എന്നു സംശയം.
"അതെന്താ സംഭവം ? " അയാൾ ആ ക്രൂശിത രൂപത്തിലേക്കു ചൂണ്ടി. "അതെന്താ തല കീഴായിട്ടൊക്കെ ?"
" ഇയാൾ ആ അടുക്കളയിലേക്കു ചെന്ന് ഗ്ലാസ്സൊക്കെ എടുത്ത് വെക്ക്. ഞാൻ തുണി മാറുന്നതും നോക്കി നിൽക്കാതെ. " ചെറിയൊരു കുസൃതിയുണ്ടായിരുന്നു സ്വരത്തിൽ.
അയാളാകെ ഭയന്നിരുന്നു. ആകെ മൊത്തം എന്തോ പന്തികേടുണ്ട്.
അപ്പോഴതാ അവൾ ബെഡ് റൂമിന്റെ വാതിൽക്കലേക്കിറങ്ങി. ചുണ്ടൊക്കെ കടിച്ചു പിടിച്ച് ഒരു കണ്ണിറുക്കിപ്പിടിച്ച്. ആകെയൊരു മദാലസയായി നിലകൊണ്ടു. അയാൾ സ്വയമറിയാതെയെന്നവണ്ണം കിച്ചനിലേക്കു നടന്നു.
കിച്ചനിലെത്തിയതും അയാളുടെ ശ്രദ്ധ ഫ്രിഡ്ജിലേക്കായി. "തുറന്നു നോക്കണോ ? " അയാളുടെ വിരലുകൾ വിറക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണാ കാഴ്ച്ച കണ്ടത്.
"ദൈവമേ!!" അയാൾ ഞെട്ടി വിളറിപ്പോയി.
താഴെ നിലത്ത് കട്ടപിടിച്ചു കിടക്കുന്ന ചോര!! അപ്പോഴും ഫ്രിഡ്ജിന്റെ ഡോറിനിടയിലൂടെ ഇറ്റിറ്റു വീഴുന്നുണ്ട് രക്തത്തുള്ളികൾ!!
അയാൾ രണ്ടും കൽപ്പിച്ച് ആ ഫ്രിഡ്ജിന്റെ ഹാൻഡിലിൽ പിടിച്ചു.
"ഹേയ് മാൻ!!" പെട്ടെന്നായിരുന്നു ഒരാൾ അകത്തേക്ക് ചാടിക്കയറി വന്നത്. "എന്താ പരിപാടീ ? ഇതു ഭയങ്കര റൂഡ് ആണു കേട്ടോ. അനുവാദമില്ലാതെ ഒരാളുടെ ഫ്രിഫ്ജു തുറക്കരുത്. മോശം മോശം !"
.
"ആ...ആരാ ?" ജെയിംസിനു വിക്കി. " ആ കുട്ടി ??" അപ്രതീക്ഷിതമായി അയാളെ കണ്ട ജെയിംസ് വിറച്ചു പോയിരുന്നു.
"ബാ... ഹാളിലോട്ട് ബാ. എല്ലാം പറഞ്ഞു തരാം. "
"ഗ്ലാസ്സെടുത്തോണ്ട് ചെല്ലാൻ..."
"അതൊക്കെ ചുമ്മാ... മിസ്ഡയറക്ഷൻ. നടക്കെന്നേ... "
പുറത്തേക്കിറങ്ങിയ ജെയിംസ് അമ്പരന്നു പോയി. ഹാളിൽ അവിടവിടെയായി കുറേ പുതിയ കഥാപാത്രങ്ങൾ!!
എല്ലാവരും ചെറുപ്പക്കാർ, ജെയിംസിനെ പ്രതീക്ഷിച്ചെന്നവണ്ണം നിൽക്കുകയാണ്. രണ്ടു പേർ നിലത്ത് പ്ലാസ്റ്റിക്ക് പായ് വിരിച്ചിടുന്നു. നേരത്തെ ബെഡ് റൂമിൽ കണ്ട ആ ക്രൂശിത രൂപം ഹാളിലേക്കിറക്കിയിരിക്കുന്നു.
ഭീകരമായിരുന്നു ആ കാഴ്ച്ച.
സുന്ദരിയായ ഒരു ചെറുപ്പക്കാരി ആ രൂപത്തിൽ ചാരി നിൽക്കുകയാണ്. ഷൂസിട്ട കാൽപ്പാദം ജീസസിന്റെ നെഞ്ചിലെ മുറിപ്പാടിൽ.
"വാട്ട് ദ ഫ*** ഈസ് ഗോയിംഗ് ഓൺ ഹിയർ ??" ഭയം മൂലം ജെയിംസിന്റെ സ്വരം അറിയാതെ ഉയർന്നു പോയി..
"ശ്ശ് ശ്ശ് .... മിണ്ടല്ലേ..." ആദ്യം കണ്ടയാൾ അവന്റെ വായ് പൊത്തി. " ഞാൻ ബോസ്കോ. ബ്രദർ ബോസ്കോ. " അയാൾ നടന്ന് ജെയിംസിന്റെ മുന്നിലെത്തി. മനോഹരമായി പുഞ്ചിരിച്ച അയാളുടെ രണ്ടു കോമ്പല്ലുകൾക്കും അസാധാരണമായ നീള മായിരുന്നു .
"ക്ലിക്ക് !!" ഒരു ശബ്ദം കേട്ടു. ജെയിംസ് പെട്ടെന്ന് കഴുത്തിന്റെ പുറകിൽ കയ്യമർത്തി കുനിഞ്ഞു. പുറകിലൊരുത്തൻ ഒരു പ്രത്യേക തരം സിറിഞ്ചുമായി നില്ക്കുന്നത് അപ്പോഴാണയാൾ ശ്രദ്ധിച്ചത്.
"ഇനി സോഫേലേക്കിരുന്നോളൂ. എന്താ തന്റെ പേര് ?" ബോസ്കോ അയാളെ കൈ പിടിച്ച് സോഫക്കരികിലേക്കു നടത്തി.
"ഞാൻ ജെയിംസ്... നിങ്ങളൊക്കേ ?? എന്തിനാ എന്നെ ?? ഞാൻ എന്തു ചെയ്തിട്ടാ ?? നിങ്ങക്കാളു മാറീതാ.... ഒറപ്പാ!"
"ഏയ്! ആളൊന്നും മാറീട്ടില്ല മാഷേ. താൻ തന്നെയാണ് ആൾ ! നല്ല തടിയുണ്ട്. ആരോഗ്യമുണ്ട്. ഞങ്ങൾക്കൊക്കെ ഇഷ്ടം പോലെ ആഘോഷിക്കാനുള്ളതുണ്ട്! ഇനി വല്ല എയ്ഡ്സൊ മറ്റോ ഉണ്ടെങ്കി മാത്രം ഞങ്ങളു പെടും. സാരമില്ല. ആദ്യം തന്നെ അതു ടെസ്റ്റു ചെയ്യാം. "
"എന്തൊക്കെയാ നിങ്ങളീ പറയുന്നേ ? വാട്ട് കൈൻഡ് ഓഫ് ..... പ്ലെയ്സ് ഈസ് ദിസ് ??"
ബോസ്കോ അയാളുടെ മുൻപിൽ ഒരു സ്റ്റൂൾ വലിച്ചിട്ടിരുന്നു.
"ഗില്ലറ്റിൻ എന്നു കേട്ടിട്ടുണ്ടോ ജെയിംസ് ? "
" എനിക്കു പോണം! ഇതു ശരിയാവില്ല. " ജെയിംസ് ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചപ്പോളാണതു മനസ്സിലായത്. കാലുകൾ തളർന്നു പോയിരിക്കുന്നു! മുഖമടിച്ചു നിലത്തേക്കു വീണു പോയി അയാൾ.
"കഷ്ടം! " ബോസ്കോ അയാളെ താങ്ങി ഉയർത്തി വീണ്ടും ആ സോഫയിലേക്കിരുത്തി. പുറകിൽ നിന്നിരുന്ന ഒരുത്തൻ ജെയിംസിന്റെ കോളർ വലിച്ചു പിടിച്ചു.
"മസിൽ റിലാക്സന്റ് ആണ് നേരത്തെ കുത്തിവെച്ചത്. താനിനി എഴുന്നേറ്റു നടക്കാൻ നോക്കിയാ നടപ്പില്ല ജെയിംസ്. പ്ലീസ്. അടങ്ങിയിരിക്കൂ. ഞാൻ എല്ലാം പറയാം. - ആരേലും അകത്തേക്കു ചെന്ന് ആ മെഷീൻ കൊണ്ടുവരൂ..." അയാൾ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.
രണ്ടു പേർ ചേർന്ന് ഒരു കൂറ്റൻ സ്റ്റീൽ യന്ത്രം തള്ളിക്കൊണ്ടു വന്ന് ഹാളിൽ വിരിച്ചിട്ടുള്ള പ്ലാസ്റ്റിക്ക് പേപ്പറുകൾക്കു മുകളിൽ സ്ഥാപിച്ചു.
"ഇതാണു സുഹൃത്തേ ഗില്ലറ്റിൻ. പതിനേഴാം നൂറ്റാണ്ടു മുതൽ ഉപയോഗിക്കുന്ന ഒരു ഉഗ്രൻ കില്ലിംഗ് മെഷീൻ. വധ ശിക്ഷക്ക് ഒരു പുതിയ മാനം കൊടുത്ത കൊലയന്ത്രം! ഇവിടെ ഈ നൂറ്റാണ്ടിൽ ഞങ്ങൾ ഇത് വീണ്ടും സൃഷ്ടിച്ചിരിക്കുകയാണ്. ആധുനീക സജ്ജീകരണങ്ങളുമായി. കരണ്ടിൽ പ്രവർത്തിക്കുന്ന പുതു പുത്തൻ ഗില്ലറ്റിൻ!!"
ജയിംസ് ഇപ്പൊ നന്നേ തളർന്നിരിക്കുന്നു. നാവു കുഴഞ്ഞു പോകുന്നുണ്ട്.
"ശ്രദ്ധിച്ചു കേട്ടോളൂ. സംസാരിക്കാൻ ശ്രമിക്കണ്ട. ഞാൻ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ വിശദീകരിക്കാം.
ആദ്യം തന്നെ തന്റെ ബ്ലഡ് എടുത്ത് ടെസ്റ്റു ചെയ്യും. എയ്ഡ്സ് ഉണ്ടോ എന്ന എലിസാ ടെസ്റ്റ് ആണ്. അതിന്റെ റിസൾട്ട് വരാൻ 20 30 മിനിട്ടെടുക്കും. അപ്പഴേക്കും തന്റെ ഈ തളർച്ചയും കുറേയൊക്കെ മാറും. പിന്നെ തല ദേ ഈ ഓട്ടക്കകത്തുകൂടി അകത്തേക്കു കടത്തും. കയ്യും കാലും കെട്ടിയിട്ടായിരിക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ. "
ബോസ്കോ ഗില്ലറ്റിന്റെ ഒരു പാളി മുകളിലേക്കുയർത്തി കാണിച്ചു. അവിടെ ഒരു മനുഷ്യന്റെ തല കടന്നു പോകാനും മാത്രമുള്ള ഒരു വിടവുണ്ടായിരുന്നു. അതിന്റെ വക്കുകൾ അതി സൂക്ഷ്മമായി മൂർച്ച വരുത്തിയിട്ടുണ്ട്.
"എന്നിട്ട് മെഷീൻ ഓണാക്കുമ്പോൾ മുകളിലെ ഈ ബ്ലെയ്ഡ് ദാ ആ സീലിങ്ങോളം ഉയരത്തിൽ പൊങ്ങി നിൽക്കും. എന്നിട്ട് നമ്മൾ ഈ ലോക്ക് വിടുവിക്കുമ്പോൾ അത് നല്ല സ്പീഡിൽ താഴേക്കു വീഴും. ഒരു സെക്കൻഡിന്റെ നൂറിലൊരംശം സമയം. അത്രേ വേണ്ടൂ. തന്റെ കഴുത്തിനുൻപുറകിൽ ബ്രെയിൻ സ്റ്റെമ്മിനു താഴെ വെച്ച് തല വേർപ്പെട്ട് താഴെ തറയിലേക്കു വീഴും. " ബോസ്കോ, ആ ദൃശ്യം മനസ്സിൽ കണ്ടിട്ടെന്നവണ്ണം കണ്ണടച്ച് പുഞ്ചിരിയോടെ കുറച്ചു നേരം നിന്നു.
"അതു കഴിയുമ്പൊ ആണ് തന്റെ സഹായം വേണ്ടത്... യു സീ ... ആർക്കുമറിയില്ല പിന്നീട് സംഭവിക്കുന്നതെന്താണെന്ന്. ആ മുറിഞ്ഞു വീഴുന്ന തലക്ക് ജീവനുണ്ടാകുമോ ? ബോധമുണ്ടാകുമോ ? വേദന അറിയുമോ ? അങ്ങനെ പല പല ചോദ്യങ്ങൾ. ഒന്നിനും ഇന്നുവരെ കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. പതിനേഴാം നൂറ്റാണ്ടു മുതൽ എത്രയോ പേർ ശ്രമിച്ചിട്ടുണ്ടെന്നറിയാമോ ?
ഇന്ന് നമുക്കതിനൊക്കെ ഒരുത്തരം കിട്ടുമോ എന്നു നോക്കണം. ഞാൻ കുറേ ഐഡിയാകൾ പറയാം.
ഏതാണ്ട് മൂന്നു മിനിട്ടോളം ജീവൻ ഉണ്ടാകും. അതു ഞാൻ കണ്ടിട്ടുണ്ട്. തല വേർപ്പെട്ട ഉടനെ തന്നെ കണ്ണുകൾ കൊണ്ടൊരു അഭ്യാസമുണ്ട്. ഇങ്ങനെ ചിമ്മിക്കൊണ്ടിരിക്കും. അതു പോലെ തന്നെ മുൻപിൽ നിൽക്കുന്നവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നതും കാണാം. ഹൃദയം തുളച്ചു കയറുന്ന തരം ഒരു നോട്ടം.
ജെയിംസ് എന്തു ചെയ്യണമെന്നറിയാമോ ?
തനിക്ക് ആ സമയത്ത് ബോധമുണ്ടെങ്കിൽ കണ്ണുകൾ രണ്ടു പ്രാവശ്യം അടച്ചു തുറക്കണം. വേദനയുണ്ടെങ്കിൽ മൂന്നു പ്രാവശ്യം തുടർച്ചയായി. ഇതുവരെ കഴിഞ്ഞ ജീവിതം ഒരു സിനിമ പോലെ കാണാനൊക്കുമെന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്. തനിക്കങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ ഒന്നു പുഞ്ചിരിക്കാൻ ശ്രമിക്കണം.
പക്ഷേ ദയവു ചെയ്ത് ശബ്ദമൊന്നും ഉണ്ടാക്കരുത്. ഹോ!! ആ ശബ്ദം... യു സീ തൊണ്ടയിൽ നിറയെ ബ്ലഡ് നിറഞ്ഞിരിക്കുകയായിരിക്കുമല്ലോ. അപ്പൊ പുറത്തു വരുന്ന ആ ശബ്ദം ഭയാനകമാണ്. ഒരു തരം ഹൈ ഫ്രീക്വൻസി യിലുള്ള വിസിലിങ്ങ് പോലെ. "
"ഓ യാ!" ചുറ്റും നിന്നവർ തല കുലുക്കി സമ്മതിച്ചു. "ആ ശബ്ദം കേട്ടാൽ ഉറക്കം പോകും!
"വൈ ?? എ...എന്തിനാ നിങ്ങളെന്നെ ? " ഒരു വിധത്തിൽ ജെയിംസ് അത്രയും ചോദിച്ചു.
"ഓ. ദാറ്റ് ഈസ് എ വെരി ഗുഡ് ക്വെസ്റ്റ്യൻ ! ഇനി പറയാൻ പോകുന്നതതാണ്. യു സീ, ഇരയോട് സഹാനുഭൂതി കാട്ടണമെന്നും...ഉപദ്രവിക്കരുതെന്നും, കൊല്ലുന്നതിനു മുൻപ് സകലതും വ്യക്തമായി പറഞ്ഞു മനസ്സിലാക്കണമെന്നും ഞങ്ങടെ ബൈബിളിലുണ്ട്.” അയാൾ കോഫീ ടേബിളിൽ ഇരുന്ന ഒരു തടിച്ച പുസ്തകമെടുത്തു നിവർത്തി. അതിന്റെ പുറം ചട്ടയിൽ ‘ദ ബുക്ക് ഓഫ് ലൂസിഫർ’ എന്ന് സ്വർണ്ണ ലിപികളിൽ എഴുതിയിട്ടുണ്ടായിരുന്നു.
ഞങ്ങളെ നോക്കൂ. ആറു പേരുണ്ട്. എല്ലാരും വന്നേ ... ജെയിംസ് ഒന്നു കാണട്ടെ. " ബോസ്കോ സ്റ്റൂളിൽ നിന്നെഴുന്നേറ്റു മാറി.
"ഞങ്ങളെല്ലാരും തിരഞ്ഞെടുക്കപ്പെട്ടവരാണ്. അപ്സൈഡ് ഡൗൺ ക്രോസ്സ് എന്നാൽ താൻ കേട്ടിട്ടുണ്ടാകും. ഞങ്ങൾ ആരാധിക്കുന്നത് ആരെയാണെന്ന് പ്രത്യേകം പറയണ്ടല്ലോ. സകല ലോകത്തിന്റെയും പാപം തീർക്കാൻ ക്രൂശിൽ മരിച്ച ജീസസ് മരണ ശേഷം പാതാളത്തിൽ ചെന്ന് ചെകുത്താനെ കീഴ്പ്പെടുത്തി എന്നാണ് ഗോസ്പൽ. പക്ഷേ അതല്ല സംഭവിച്ചത്. യതാർത്ഥ സാത്താൻ ഭരണം വരാനിരിക്കുന്നേ ഉള്ളൂ. ഒന്നും രണ്ടുമല്ല നാലായിരം വർഷങ്ങൾ നീളുന്ന മഹാ ഭരണം. ഞങ്ങടെ മഹാ രാജാവിന്റെ ഭരണം.”
അവരെല്ലാവരും ‘ആമേൻ’ പറഞ്ഞ് കൈകളുയർത്തി. അപ്പോളാണ് ജെയിംസ് അത് ശ്രദ്ധിച്ചത്. അവരെല്ലാവർക്കും, ഇരു കൈകളിലും ആറു വിരലുകൾ വീതമുണ്ടായിരുന്നു!
“ഓരോ പട്ടണങ്ങളിലും ഞങ്ങളെപ്പോലെ ചിലർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആറു പേർ അല്ലെങ്കിൽ 13 പേർ അടങ്ങുന്ന ഒരു കൊച്ചു കൂട്ടം. ഒരു കൊച്ചു സാത്താനീസ് ഫാമിലി.
"ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട് ജെയിംസ്.
നിങ്ങൾ കഴിക്കുന്ന സാധാരണ ഭക്ഷണം ഇനി ഞങ്ങൾക്ക് കഴിക്കാനാവില്ല. സാധാരണ വെള്ളം കുടിക്കാനാവില്ല. മനുഷ്യ മാംസവും രക്തവും മാത്രം!!!
ശാപമാണോ അനുഗ്രഹമാണോ എന്നറിയില്ല. പക്ഷേ മറ്റൊരു ഭക്ഷണവും ഞങ്ങടെ ശരീരം സ്വീകരിക്കുന്നില്ല. എന്തു ചെയ്യാനൊക്കും.”
തല വേർപെട്ടു കിട്ടിക്കഴിഞ്ഞാൽ, ഏതാണ്ട് 5 മിനിറ്റ് ഞങ്ങളെല്ലാവരും ഈ ക്രൂസിഫിക്സിനു ചുറ്റും നിന്ന് ബൈബിൾ വായിക്കുകയായിരിക്കും. തെറ്റിദ്ധരിക്കരുത് കേട്ടോ, ഞങ്ങൾക്കു വേറേ ബൈബിളാണ്. ക്രിസ്ത്യൻ - ജൂത ബൈബിൾ ഞങ്ങൾക്ക് നിഷിദ്ധമാണ്. ഒടുവിൽ ഡാർക്ക് ലോർഡ് തൃപ്തനായിക്കഴിയുമ്പോൾ ഞങ്ങൾക്കെന്തെങ്കിലുമൊരു വെളിപാടു കിട്ടും. ഒരു പക്ഷേ ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങും. അല്ലെങ്കിൽ ദാ ആ ക്രൂശിത രൂപത്തിൽ നിന്നും രക്തമൊഴുകാൻ തുടങ്ങും. അതോടെ നമ്മൾ ഫീസ്റ്റിങ്ങ് തുടങ്ങും.
ആദ്യമായി തന്റെ തലക്കുള്ളിൽ നിന്ന് ബ്രെയിൻ കേടുപാടുകൾ കൂടാതെ പുറത്തെടുക്കുന്ന ജോലിയാണ്. അതിത്തിരി കടുപ്പമാണു കേട്ടോ. കേൾക്കുന്നത്ര എളുപ്പമല്ല. അതിനായിട്ട്, ഈ നെറ്റിയിൽ നീളത്തിൽ സ്കിനിൽ ഒരു മുറിവുണ്ടാക്കി, തൊലി പുറകോട്ട് വലിച്ചു പൊളിച്ചെടുക്കും. ഒരു ഓറഞ്ച് തൊലി പൊളിക്കും പൊലെ. പിന്നെ, എക്സ്പോസ്ഡ് ആയ തലയോട്ടിയിൽ താൻ കണ്ടിട്ടുണ്ടോ എന്നറിയില്ല, അനേകം ജോയിന്റ്സ് ഉണ്ട്. അതിലൂടെയെല്ലാം ഈ ചെറിയ ഉളി കടത്തി, പതിയെ തട്ടി തട്ടി തലയോട്ടി പിളർത്തിയെടുക്കും. പിന്നെ, ബ്രെയിൻ ഇരിക്കുന്നത് മെനിഞ്ചെസ് എന്ന കുറച്ചു ലെയറുകൾക്കുള്ളിലാണ്. ആ സഞ്ചി സൂക്ഷിച്ച് കട്ട് ചെയ്ത് ബ്രെയിൻ പുറത്തേക്കെടുക്കും.“ ബോസ്കോയുടെ വായിൽ വെള്ളം നിറഞ്ഞ പോലെ തോന്നി.
”പിന്നെ ആ ഇന്ക്രഡിബിൾ അവയവം ഞങ്ങൾ ആറായി ഭാഗിക്കും. തണ്ണിമത്തൻ മുറിക്കുന്ന പോലെ നീളത്തിൽ. യൂ സീ, ബ്രെയിൻ എന്നു പറയുന്നത് വൺ ഓഫ് ദ മോസ്റ്റ് ക്ലീൻ ഓർഗൻസ് ആണ്. അതു പച്ചക്കു തിന്നാലും പ്രശ്നമില്ല. സോ, അതാണ് നമ്മുടെ അപ്പറ്റൈസർ. ബ്രഡ്ഡും ബ്രെയിനും ചീസും പിന്നെ സ്വല്പ്പം വൈനും. ആ ഹ ഹ ഹ ! ഇത്രയും ടെയ്സ്റ്റ് ഉള്ള ഒരു ഭക്ഷണം വേറെയില്ല !“
”ആമേൻ!“ ചുറ്റും നിന്നവർ അത് ശരിവെച്ചു.
ജയിംസ് ഓക്കാനിച്ചു പോയി.
അതു കണ്ടപ്പോൾ എല്ലാവരും ഉറക്കെ ചിരിക്കാൻ തുടങ്ങി. ആ കൂറ്റൻ വീടിന്റെ പല ഭാഗത്തു നിന്നും ഭയാനകമായി പ്രതിദ്ധ്വനിച്ചു ആ ചിരി. ജെയിംസിന്റെ തല മുൻപോട്ടു കുനിഞ്ഞു . അയാളുടെ നാവ് ബലം നഷ്ടപ്പെട്ട് പുറത്തേക്കു തൂങ്ങിക്കിടന്നു.
“ലെറ്റ്സ് സ്റ്റാർട്ട്!!” ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ബോസ്കോ ഒരു സിറിഞ്ചെടുത്ത് മെറിനെ ഏല്പ്പിച്ചു.
“പ്രാന്തന്മാർ...” ജെയിംസ് പിറുപിറുക്കുന്നുണ്ടായിരുന്നു.
“മിസ്റ്റർ ജെയിംസ്!” മെറിൻ ആ സൂചി യിലൂടെ രക്തം വലിച്ചെടുക്കുമ്പോൾ ബോസ്കോ സംസാരം തുടർന്നു. “ഒരു കടുവ മാനിനെ പിടിച്ചാൽ അതിനെ താൻ ഭ്രാന്തെന്നു പറയുമോ ? വിശന്നിട്ടല്ലെ ആ ജീവി അങ്ങനെ ചെയ്യുന്നത് ? ഞങ്ങടേം പ്രശ്നം അതു തന്നെ. ലിറ്ററലി...തന്നെ മുറിച്ച് മുറിച്ച് പല തരം വിഭവങ്ങളാക്കി തിന്നു തീർക്കുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. ആഹാരമാണ് താൻ. ദാ ആ ഭിത്തിയിലെഴുതിയിരിക്കുന്നതു വായിച്ചോ ? അന്നന്നത്തേക്കുള്ള ആഹാരം… അതു മാത്രമാണ് താൻ.”
“എന്നും പറയുന്നതു തന്നെ ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു.” ബോസ്കോ തിരിഞ്ഞ് എല്ലാവരോടുമായി തുടർന്നു “ മനസ്സു ചഞ്ചലിച്ചു പോകരുത്. അപകടമാണ്. അതുകൊണ്ട് എല്ലാവരും വേണ്ട മുന്കരുതലുകൾ എടുക്കണം.” അയാൾ കോട്ടിന്റെ പോക്കറ്റിൽ നിന്ന് കുറേ ഡിസ്പോസിബിൾ സിറിഞ്ചുകൾ എടുത്ത് കോഫീ ടേബിളിൽ നിരത്തി.
എൽ. എസ്. ഡി. (ആസിഡ്) എന്നറിയപ്പെടുന്ന മാരകമായ മയക്കുമരുന്ന് ഒരു ചെറിയ ബോട്ടിലിൽ അതിനടുത്തു വെച്ചു.
“ഓവർ ഡോസ് ആകാതെ സൂക്ഷിക്കണം. 25-30 എം ജി. മാത്രം. ജെയിംസിനും കൊടുക്കൂ ഒരു ഡോസ്. മരിക്കുന്നതിനു മുൻപ് അയാളും ഒന്നനുഭവിക്കട്ടെ ആ സുഖം!”
ആ ഇഞ്ചക്ഷൻ കൂടി കഴിഞ്ഞതോടെ ജെയിംസ് ആകെ തളർന്നു. അയാളുടെ മസിലുകളൊക്കെ പൂർവ്വസ്ഥിതിയിലെത്തിയിരുന്നുവെങ്കിലും, മാനസീക നിലയിൽ സാരമായ തകരാറു വന്നു. നേരത്തെ ബോസ്കോ വിവരിച്ച ബ്രെയിൻ ഫീസ്റ്റിങ്ങ് ഒക്കെ അയാൾക്കപ്പോൾ തമാശായി തോന്നി. ചിരി നിർത്താനാവാത്ത പോലെ ഒരവസ്ഥയിലേക്കയാൾ പതിയെ വഴുതി വീണു.
ആ യുവാക്കളെല്ലാവരും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെയായിരുന്നു. എങ്കിലും, ബോസ്കോ പറയുന്നതെന്തും അനുസരിക്കാൻ അവർ അപ്പോഴും തയ്യാറായിരുന്നു.
ഏതാണ്ട് 40 മിനിറ്റുകൾക്കു ശേഷം അവർ ഗില്ലറ്റിൻ ഓണാക്കി.
ജെയിംസിന്റെ കൈ കാലുകൾ കെട്ടേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അയാൾ സ്വമേധയാ തല ആ മെഷീനുള്ളിൽ കടത്തിക്കൊടുത്തു. എൽ എസ് ഡി യുടെ ഇഫക്റ്റ്!
പശ്ചാത്തലത്തിൽ എന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ മുഴങ്ങിത്തുടങ്ങി. “ഓ ഡാർക്ക് ലോർഡ്... പ്രിൻസ് ഓഫ് ഡാർക്ക്നെസ്സ്...” എന്നൊക്കെ ചില വാക്കുകൾ മാത്രം ജെയിംസിനു മനസ്സിലായി. പക്ഷേ അതും എന്തോ തമാശയായിട്ടാണയാൾക്കു തോന്നിയത്. കഴുത്ത് ആ ലോക്കിൽ മുറുകിക്കിടക്കുമ്പോഴും അയാൾ പൊട്ടി പൊട്ടി ചിരിച്ചുകൊണ്ടിരുന്നു.
അടുത്ത നിമിഷം,
“Oh my lord satan! My prince! My everything!! “ എന്നലറിക്കൊണ്ട് ബോസ്കോ ഗില്ലറ്റിന്റെ ലോക്ക് വിടുവിച്ചിട്ടു. ഭയാനകമായൊരു സീല്ക്കാര ശബ്ദത്തോടെ ആ ബ്ലെയ്ഡ് താഴേക്കു വീണു.
***** ***** ***** ***** ***** ***** *****
“അയ്യോ!” അലറി വിളിച്ചുകൊണ്ട് ജെയിംസ് കണ്ണുതുറന്നു.
“എന്തൊരു വൃത്തികെട്ട സ്വപ്നം!” അയാൾ കണ്ണുകൾ ഒരിക്കൽ കൂടി ഇറുക്കി അടച്ചു തുറന്നു.
“ഓ നോ!!” അയാൾക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. അയാളുടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്ക്കുന്ന ബോസ്കോ!!
“പറയൂ ജെയിംസ്! ആർ യൂ കോൺഷ്യസ് നൗ? (നിനക്കിപ്പോൾ ബോധമുണ്ടോ ?) പ്ലീസ്... നിനക്കിപ്പോൾ വേദന തൊന്നുന്നുണ്ടോ ? കണ്ണുകൾ അടച്ചു തുറക്കൂ പ്ലീസ്... നിനക്കു നിന്റെ പാസ്റ്റ് എല്ലാം കണ്മുന്നിലൂടെ കടന്നു പോകുന്നതായി തോന്നുന്നുണ്ടോ ?”
ഒരിക്കൽ കൂടി ജെയിംസ് കണ്ണടച്ചു തുറന്നു. ബോസ്കോ അവിടെത്തന്നെയുണ്ട്. പക്ഷേ ഇപ്പോൾ കാഴ്ച്ച അല്പ്പം മങ്ങിയിരിക്കുന്നു.
“പ്ലീസ്...ലെറ്റ് മീ നോ...” ബോസ്കോ മുട്ടു കുത്തി അയാളുടെ മുഖത്തിനടുത്തേക്ക് തന്റെ മുഖമടുപ്പിച്ചു.
“ഷട്ട് ദ ഫ** അപ്പ്! യൂ ബാസ്റ്റാർഡ്!” ജെയിംസിന്റെ ചുണ്ടുകൾ ചലിച്ചു.
പക്ഷേ ബോസ്കോ നേരത്തെ പറഞ്ഞ ആ ഭീദിതമായ വിസിൽ ശബ്ദമാണ് വെളിയിൽ വന്നത്.
അതോടെ അയാൾ അവസാനമായി ഒരിക്കൽ കൂടി കണ്ണുകൾ അടച്ചു.
അലെക്സ് ജോൺ - ത്രിശ്ശൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo