Slider

അന്നൊരു മഴയിൽ .

0
Image may contain: 1 person, smiling, selfie, closeup and indoor

"ദേ മനുഷ്യ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ,ഈ കടങ്ങളൊക്കെ ണ്ടാക്കി വച്ചതു ഞാനോ അവനോ ഒന്നുമല്ലലോ ....ആഡംബരവും അഹങ്കാരവും കാണിക്കാൻ പെണ്മക്കളുടെ കല്ല്യാണം ഉത്സവമാക്കിയതിലും, കൊട്ടാരം പണിഞ്ഞതിലും മറ്റും വന്നതല്ലേ.. എന്നിട്ടു അവളുമാരോ അവളുമാരുടെ കെട്ട്യോന്മാരോ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ടോ ......അന്നേ ഞാൻ പറഞ്ഞതാ എല്ലാം അളവിന് മതിയെന്ന് ...അപ്പൊ കൈനിറയെ കാശും ഉടലുനിറയെ പൊന്നും കാറും വസ്തുവും ...എല്ലാം കഴിഞ്ഞു ഞങ്ങൾ രണ്ടു ആണുങ്ങൾ ഉള്ള കാര്യം ഓർത്തിരുന്നോ നിങ്ങൾ ???""
അച്ഛനുമമ്മയ്ക്കും നേരെ വേണു പൊട്ടിത്തെറിച്ചു
""മോനെ.......അച്ഛനോടാണോ ഇങ്ങനൊക്കെ സംസാരിക്കുന്നെ ....""'
'"""അമ്മ മിണ്ടരുത് ...അങ്ങേരുടെ എല്ലാ പോക്രിത്തരങ്ങൾക്കും കൂട്ടുനിന്നു ..അങ്ങേരെ ഇങ്ങിനാക്കിയത് 'അമ്മ ഒരുത്തിയ..."""
""മോനെ ...""
""ഞങ്ങളോട് ആലോചിട്ടിട്ടാണോ ഓരോന്ന് കാണിച്ചുകൂട്ടിയതു ,ആൾക്കാരുടെ മുന്നിൽ പൊങ്ങച്ചവും ജാടയും കാണിക്കാൻ ഓരോന്ന് കാണിച്ചുക്കൂട്ടിയപ്പോൾ ഓർക്കണമായിരുന്നു എല്ലാം ....""
""മോനെ ...അച്ഛൻ ..."".
""ഇനിയിപ്പോ ഒന്നും ചെയ്യാനില്ല ,ഞാൻ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ഇങ്ങിനെ വല്ലവനും പലിശ തിന്നാൻ കൊടുക്കാൻ എനിക്ക് പറ്റില്ല ...ഈ വീട് വിൽക്കാം ......""
അതുകേട്ടതും വാസുവേട്ടൻ (അച്ഛൻ) നെഞ്ചൊടിഞ്ഞു നിലത്തിരുന്നു . ഗൗരിയമ്മ ഓടിച്ചെന്നു അദ്ദേഹത്തെ താങ്ങിപിടിച്ചു .പക്ഷെ അതൊന്നും മകൻ വേണു കാര്യമാക്കിയില്ല .
""അഭിനയമൊക്കെ കൊറേ കണ്ടു ...കുഞ്ഞുന്നാൾമുതൽ ഇതുതന്നല്ലേ ചെയ്തത് ,ഒരിക്കലെങ്കിലും മക്കളെ ആത്മാർത്ഥമായി സ്നേഹിക്കാൻ നിങ്ങക്ക് കഴിഞ്ഞിട്ടുണ്ടോ ? എന്തിനു ഇത്രനാളും ഒരു കട്ടിലിൽ നിങ്ങളോടൊപ്പം കിടക്കുന്ന ഈ സ്ത്രീയെ എങ്കിലും നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ ....അവളുമാരുടെ കല്ല്യാണം പോലും നിങ്ങള്ക്ക് പൊങ്ങച്ചം കാണിക്കാനുള്ള മാർഗം മാത്രമല്ലായിരുന്നോ?""
""മോനെ ......നിർത്തു ...മതി ...ഇനിയൊന്നും കേൾക്കാനുള്ള ശക്തി എനിക്കില്ല ...നിനക്കിപ്പോ എന്താ വേണ്ടത് വീട് വിൽക്കണം അല്ലെ ...വിറ്റോളോ...വിറ്റോളോ......."" അച്ഛൻ നെഞ്ചുതടവികൊണ്ടു വിങ്ങി വിങ്ങി പറഞ്ഞു
""അങ്ങിനെ ഔദാര്യത്തിലൊന്നും പറയണ്ട ....വേറെ നിക്കക്കള്ളി ഇല്ല ...പിന്നെ വിൽക്കാൻ പറഞ്ഞാൽ മാത്രം പോരാ ,ഇതിന്റെ ആധാരം ആ കോപ്പറേറ്റീവ് ബാങ്കിൽ ഇരിക്കയല്ലേ ....അതെടുത്താലേ വിൽക്കാൻ പറ്റു.....അവിടെ എത്ര അടക്കാനുണ്ട് ....""
""മോനെ ...ഇപ്പൊ ഒന്നും ചോയ്ക്കല്ലേ അച്ഛനോട് ....അച്ഛനെ മുറിയിൽ കിടത്തിയിട്ട് ഞാൻ വരം ...ഞാൻ പറയാം നിനക്ക് അറിയേണ്ടതെല്ലാം ...."" ഗൗരിയമ്മ വാസുവേട്ടൻ താങ്ങിക്കൊണ്ടു പറഞ്ഞു...
""ഹാം...""
ഗൗരിയമ്മ വാസുവേട്ടനെ താങ്ങിപിടിച്ചുകൊണ്ടു കിടപ്പുമുറിയിലേക്ക് നടന്നു .പതിയെ അദ്ദേഹത്തെ അവർ ആ കട്ടിലിൽ കിടത്തി ,അല്പം വെള്ളം എടുത്തു കൊടുത്തു ...ആ നെഞ്ചിൽ തടവി അവർ പറഞ്ഞു ...
""വിഷമിക്കരുത്, അവൻ ..നമ്മുടെ കുഞ്ഞല്ലേ ....ദേഷ്യത്തിൽ എന്തോ പറഞ്ഞതാകും ...കിടന്നോളു ഞാനിപ്പോ വരാം.....""
ഒരല്പം കണ്ണുനീർ വന്നത് തന്റെ പ്രാണപ്രിയ അറിയാതിരിക്കാൻ അയാൾ പെട്ടെന്ന് തിരിഞ്ഞുകിടന്നു ...
ഗൗരിയമ്മ നേരെ മകന്റെ അടുത്തേക്കാണ് വന്നത് ,""മോനെ ...ചോദിക്കു ..എന്താ അറിയേണ്ടത് നിനക്ക് ?""
""അറിയാൻ ഇനി ഒന്നുമില്ല ...അകെ നാണം കെട്ടു മനുഷ്യൻ ...ആ ബാങ്കിൽ ഇനി എത്രരൂപ അടക്കണം ....?"""
""അവിടെ ഒരു എട്ടൊമ്പത് ലക്ഷം അടക്കാനുണ്ടാകും ...""
""എട്ടൊന്പതോ ...? അപ്പൊ ഇത്രനാളും അടച്ചതൊക്കെയോ ? വര്ഷം മൂന്നു നാലായില്ലേ അടയ്ക്കാൻ തുടങ്ങിയിട്ട് ....?""
""മോനെ.. നീ അയക്കുന്നതും , അച്ഛൻ അല്ലറചില്ലറ കച്ചോടം ചെയ്യുന്നതും പിന്നെ നിന്റെ ചേട്ടൻ മുരളി അയക്കുന്നതും ചേർത്ത് എന്തൊക്കെ ചിലവുകളാ ,ബാങ്കിലെ അടവ് മാത്രമല്ല , പലിശകൾ ഒക്കെ ഇല്ലേ ? പിന്നെ അച്ഛന്റെ ബിസിനസ് തകർന്നപ്പോൾ ഉണ്ടായ കടങ്ങളല്ലേ മോനെ ഇതൊക്കെ ..........""
'""അമ്മ അതെ പറയുള്ളു ഇങ്ങിനെ സപ്പോർട്ട് ചെയ്തു ചെയ്താണ് അങ്ങേരു ഇത്ര അഹങ്കാരി ആയതു ,വയസ്സാൻകാലത്തു രണ്ടുംകൂടെ ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് ഇപ്പൊ ഞങ്ങളാ പാട്പെടുന്നത് മുഴോൻ .....""
'' നിർത്തട ........!!!" നിയന്ത്രണം വിട്ടു ഗൗരിയമ്മ അലറി ....
വേണു ഒരുനിമിഷം അമ്മയെ പഹച്ചുനോക്കി .ഇന്നുവരെ അമ്മയുടെ കണ്ണുകളിൽ കണ്ടിട്ടില്ലാത്ത ഒരു അഗ്നി അവൻ ആ കണ്ണുകളിൽ കണ്ടു.
"""കുറേനേരമായല്ലോ നീ ചിലക്കാൻ തുടങ്ങിയിട്ട് .ശരിയാണ് തെറ്റുകൾ ആ മനുഷ്യനും സംഭവിച്ചിട്ടുണ്ട് അതുകൊണ്ടുമാത്രമാണ് നിന്റെ പുഴുത്ത നാവു ഇത്ര ശബ്ധിച്ചിട്ടും ഞാൻ മിണ്ടാഞ്ഞതു . നീ വലിയ ഉച്ചത്തിൽ പറഞ്ഞല്ലോ നാണംകെട്ടു നാണം കെട്ടു ന്നു ...എന്താടാ നീ നാണംകെട്ടതു ? ""
""കുറച്ചു വർഷങ്ങൾ പിറകോട്ടുപോയാല് ,സ്കൂളിലെ കുറെ കൂട്ടുകാരെക്കൊണ്ട് നീ വന്നപ്പോൾ ,അന്ന് പെയ്ത ഒരു മഴയിൽ വീട് മുഴോൻ ചോർന്നൊലിച്ചപ്പോ കിടക്കാൻ ഇടമില്ലാതെ രാത്രിക്കു രാത്രി നിന്റെ കൂട്ടുകാര് കെട്ടും ഭാൺടോം എടുത്തോണ്ടുപോയതു നീ മറന്നോ ? ""
"""'അന്ന് അച്ഛന്റെ മടിയിൽ തലവച്ചു കിടന്നു സങ്കടം പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്? കൂട്ടുകാരുടെ മുന്നിൽ നാണംകെട്ടു ന്നു ....അന്നുമുതൽ ആ വേദന നെഞ്ചിലിട്ടു നീറ്റാൻ തുടങ്ങിയതാ ആ മനുഷ്യൻ ,ഒരു നല്ല വീട് എന്നതുമാത്രമായിരുന്നു ഊണിലും ഉറക്കത്തിലും ആ മനുഷ്യന്റെ ചിന്ത ..അങ്ങിനെ നിനക്കൊക്കെ വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചിട്ടു ആ മനുഷ്യൻ കെട്ടിപ്പൊക്കിയതാടാ അല്പം മുന്നേ നീ അറപ്പോടെ വിറ്റുകളയാൻ പറഞ്ഞ ഈ കൊട്ടാരം ..."""
"""നീ പെണ്മക്കളെ കെട്ടിച്ച കാര്യം പറഞ്ഞല്ലോ ? പ്രേമിച്ച പെണ്ണിന് കെട്ടാൻ ജോലിയും കൂലിയുമില്ലാതെ നടന്ന നിന്നെ പിടിച്ചു ടെക്സ്റ്റൈൽ ഷോപ് മുതലാളിയാക്കി കല്യാണം നടത്തി തന്നത് ആരാടാ ?അതെങ്ങിനെയാടാ കഴിഞ്ഞത് ? ആ മനുഷ്യൻ പകലന്തിയോളം കഷ്ടപ്പെട്ടുണ്ടാക്കിയ ഈ വീടും സാഹചര്യങ്ങളും കാരണം ...അല്ലെ ...എന്നിട്ടു അതും നഷ്ടത്തിലാക്കി വിറ്റു.
പിന്നെ നിന്റെ കുറെ കൂട്ടുകാരെ കൊണ്ടുവന്നു അന്തസ്സായി ഇതിൽ താമസിപ്പിച്ചിട്ടില്ലേ ,അവന്മാർക്ക് ഇഷ്ടമുള്ളതും വേണമെന്ന് പറഞ്ഞതുമൊക്കെ ഉണ്ടാക്കി കൊടുത്തില്ലേ ......എന്നിട്ടു എല്ലാം കഴിഞ്ഞൊന്നു നിവർന്നിരിക്കാൻ തുടങ്ങിയ മനുഷ്യനെ കാർ വേണം ന്നു പറഞ്ഞു നീയല്ലേ ശല്യപ്പെടുത്തിയത് ,മറുത്തൊരു വാക്ക് പറയാതെ നിനക്കൊക്കെ ഇഷ്ടമുള്ള കാറ് വാങ്ങിത്തന്നില്ലേ ...."""
"""നിനക്കൊക്കെ നഷ്ടപ്പെടാൻ മാത്രം നാണോം മാനോം അന്തസ്സുമൊക്കെ എവിടുന്നുണ്ടായതാടാ? നീയൊന്നും ജനിച്ചുവീണതു സ്വർണപാത്രത്തിൽ അല്ലല്ലോ .....ആ മനുഷ്യന്റെ വിയർപ്പല്ലേ നീയൊക്കെ കൊട്ടിഘോഷിച്ച ഈ അന്തസ്സ് ......."""
"""പണ്ട് ജീവിക്കാൻ വഴിയില്ലാതെ കഷ്ടപ്പെടുന്ന സമയത്തും നീയൊക്കെ അരിയാഹാരം കഴിക്കുമ്പോ പച്ചവെള്ളം കുടിച്ചു നാളുകൾ നീക്കിയ മനുഷ്യനാ അത് .......""'
""നിനക്കൊക്കെ വേണ്ടിയല്ലാതെ ഒരു നിമിഷംപോലും ആ മനുഷ്യൻ ജീവിച്ചിട്ടില്ലടാ ........ആ മനുഷ്യന്റെ ഒരായുസ്സിന്റെ അധ്വാനമാണെടാ ഈ വീട് ....എപ്പഴോ എവിടെയോ ഒരു ചുവടു പിഴച്ചപ്പോ കടക്കാരനായിപ്പോയി ...""
""അമ്മെ ...ഞാൻ ...""
"""നീ മിണ്ടരുത് ...കുറച്ചുനാളായി ഞാൻ ചിലതു പറയണം ന്നു കരുതീട്ടു ,മക്കൾക്ക് സങ്കടമാകും ന്നു പറഞ്ഞു ന്റെ വായ് പൊത്തുകയാരുന്നു ആ മനുഷ്യൻ ...എന്തായാലും നിനക്കൊന്നും ഇനി അച്ഛനേം അമ്മേം വേണ്ടല്ലോ അപ്പൊ ഇതുടെ പറഞ്ഞിട്ട് ഇറങ്ങുവാ ഞാനും അങ്ങേരും ........"""
""നീ എത്ര രൂപയാ ഇങ്ങട് അയക്കുന്നത് ?""
""മു...മു...മുപ്പതിനായിരം ..""
"""ഹാം ....മുപ്പത്തിനായിരത്തിൽ എന്തൊക്കെ ചിലവുകൾ ഉണ്ടെന്നു നിനക്ക് അറിയോ? പൈസ അയക്കുമ്പോ അയച്ചെന്നു വിളിച്ചു പറയുന്നതല്ലാതെ ഞാനും നിന്റെ അച്ഛനും ആഹാരം കഴിച്ചോ ന്നു നീ അന്വേഷിക്കാറുണ്ടോ ?
അതൊക്കെ പോട്ടെ ....ഒരു കല്യാണമോ പാലുകാച്ചോ വരുമ്പോ നിന്റെയൊന്നും അന്തസ്സ് കുറയാതിരിക്കാൻ ആ മനുഷ്യൻ കൊടുക്കേണ്ട തുക നിനക്കറിയോ ? """
""'അദ്ദേഹത്തിന് മാസവും ചെക്കപ്പ് വേണം ,എനിക്ക് മരുന്ന് വേണം അതുപിന്നെ വേണ്ടെന്നു വക്കാം പക്ഷെ ഇന്നും വീടിനുള്ളിൽ അടങ്ങി ഇരിക്കാറില്ല ആ മനുഷ്യൻ ചെറുതായെങ്കിലും ഒരു വരുമാനം കണ്ടെത്തും ,അതുകൊണ്ടൊക്കെയാടാ ഈ വീട് കഴിഞ്ഞു പോകുന്നത് അല്ലെങ്കിൽ പണ്ടേക്കുപണ്ടേ ഇത് ആണുങ്ങൾ കൊണ്ടുപോയേനെ ......നിന്റെ കെട്ട്യോളൊരുത്തി ഇങ്ങട് തിരിഞ്ഞു നോക്കാറുണ്ടോടാ ? നിന്റെ വണ്ടിയുടെ മാസഅടവുപോലും ആ മുപ്പത്തിനായിരത്തിൽ നിന്നുമാ അടക്കുന്നെ ...."""
"""ഇപ്പോപോലും നീ വയറുനിറയെ ചോറ് കഴിച്ചില്ലേ....ആ മനുഷ്യൻ ഒരു കട്ടന്ചായയാ കുടിച്ചത് .....വിശപ്പില്ലാത്തോണ്ടല്ല ....മകനുവേണ്ടി മാറ്റിവച്ചതാ..."""
"''ആ അച്ഛൻ നിനക്കൊക്കെ അഹങ്കാരിയാണ് അല്ലെ ? പൊങ്ങച്ചക്കാരനാണ് അല്ലെ ? എന്താടാ നീ പറഞ്ഞത് വയസ്സുകാലത്തു ഞങ്ങക്ക് സുയ്ക്കാൻ ന്നു അല്ലെ ? അങ്ങനൊരു ചിന്ത ഉണ്ടാരുന്നെങ്കില് പണ്ടേ കണക്കുകൂട്ടിയേനെ അദ്ദേഹം ............""
"""ഓരോ വാക്കുകളും ഒരായിരം ശരങ്ങൾപോലെ വേണുവിന്റെ ഉള്ളിൽ തറച്ചു അവൻപോലുമറിയാതെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി . ബഹളങ്ങൾ കേട്ടിട്ടു ആകണം വാസുവേട്ടൻ അവിടേക്കു വന്നു . നിയന്ത്രണം വിട്ടുനിൽക്കുന്ന തന്റെ ഭാര്യയെ അയാൾ സർവ്വശക്തിയോടും വിളിച്ചു ..."""
""ഗൗരി ..... ...നിർത്തടി.........!""
""നിൽക്ക് ഏട്ടാ ....ഇവനോട് രണ്ടു പറയട്ടെ ഞാൻ .....""
'""നിനക്കും എന്നെയൊരു വിലയില്ലാതായോ ഗൗരി ....?"""
ആ ചോദ്യം ഗൗരിയമ്മേ തളർത്തി ,രുദ്രയെപോലെ കോപംകൊണ്ട ഗൗരിയമ്മ പെട്ടെന്ന് തളർന്നു . തന്റെ ഭർത്താവിന്റെ അടുത്തേക്ക് ചെന്നു ....
""അങ്ങിനെ പറയല്ലേ ഏട്ടാ .....സങ്കടം സഹിക്കാതെ വന്നപ്പോൾ ....""
അപ്പോഴേക്കും വേണു അവിടുന്ന് തന്റെ മുറിയിലേക്ക് പോയി ....
"""ഗൗരി നീ എന്തിനാ ന്റെ കുട്ടിയെ വിഷമിപ്പിച്ചത് ? അവന്റെ കണ്ണുകൾ കലങ്ങിയത് കണ്ടില്ലേ? ഞാൻ നിന്നെ അപ്പോൾ വിളിച്ചില്ലായിരുന്നെങ്കിൽ അവൻ കരഞ്ഞുപോയേനെ .......ആൺകുട്ടിയാ ..അവൻ കരയാൻ പാടില്ല ....""
""എന്നിട്ടു ഏട്ടൻ കരഞ്ഞതോ..?""
""ഞാനോ ? എപ്പോ ?""
""ഞാൻ കണ്ടു ഏട്ടാ ....ഞാൻ താങ്ങിക്കൊണ്ടു കിടത്തിയപ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു ,ഏട്ടൻപോലും അറിയാതെ അതിലൊരു തുള്ളി എന്റെ കൈകളിലാണ് വീണത് .....ആ കണ്ണുനീരാണ് എനിക്ക് സഹിക്കാൻ കഴിയാതെ വന്നത് ...അവനോടു അങ്ങിനൊക്കെ പറയാൻ .....ഞാൻ.......ഏട്ടാ ...."""
""ഏയ് ഇല്ലെടോ ...താൻ കരയല്ലേ ...സാരമില്ല ,അവൻ നമ്മുടെ കുഞ്ഞല്ലേ ...അവൻ പറയുന്നതിലും കാര്യമുണ്ട് .അവനും ഒരു കുടുംബമാകേണ്ട സമയമായി എത്രനാളെന്നു കരുതിയ ഞാനുണ്ടാക്കി വച്ച ഈ കടങ്ങളും പേറി അങ്ങ് അക്കരയില് കിടക്കുക .........."""
""ഏട്ടാ .....""
""അതേടോ ...സാരില്ല....നമ്മുക്ക് വിൽക്കാം ....ഒരു ഒന്നൊന്നര കോടി കിട്ടും ...അതുകൊണ്ടു വേറെവിടെങ്കിലും അല്പം വീടും സ്ഥലവും വാങ്ങാം..ഉള്ളത് രണ്ടുപേർക്കുമായി വീതിച്ചും കൊടുക്കാം .......""
""ഏട്ടാ ....""
""പിന്നെ .... പിന്നെ ....ആകെയുള്ളൊരു സങ്കടം .. എന്നും കാലത്തും വൈകിട്ടുമുള്ള അമ്പലത്തിൽ പോക്ക് മുടങ്ങും ....അവരെ കാണാതെ ഇന്നുവരെ ഒരു ദിവസം തുടങ്ങുകയോ അവസാനിക്കായോ ചെയ്തിട്ടില്ല ......ഒന്നുകണ്ടു സങ്കടം പറഞ്ഞാല് കൂടെ ഉണ്ടെന്നൊരു തോന്നലാ .......'""
""സാരില്ലടോ ...താൻ വാ എനിക്കൊന്നു കിടക്കണം ,തന്നേം കെട്ടിപിടിച്ചു ...ഇനി ഇവിടെ നമുക്ക് അധികം സമയമില്ല .......""
""ഏട്ടാ ......"" ന്നു വിളിച്ചുകൊണ്ടു അവർ അദ്ദേഹത്തിന്റെ മാറിലേക്ക് വീണു .....
വൈകിട്ട് വാസുവേട്ടൻ കുളിച്ചു പതിവുപോലെ അമ്പലത്തിൽ പോയി . പതിവിൽ കൂടുതൽ നേരം നിന്ന് പ്രാർത്ഥിക്കുന്നത് കണ്ടുകൊണ്ടു തിരുമേനി ചോദിച്ചു ...
""എന്താ വാസുവേട്ട ..പരാതികൾ കുടുതലാണല്ലോ ...."""
""ഹ ഹ ഹ ...അതെ തിരുമേനി ..ഈ ഇടയായിട്ടു വാസുവിന്റെ പരാതികൾ അങ്ങട് കേൾക്കണില്ല അകത്തുള്ളോരു , പണ്ടത്തെപ്പോലെ ഒന്നും കൊടുക്കാനില്ലലൊ....പിണങ്ങിയുണ്ടാവും .......""
""ഏയ് ....വാസുവേട്ടനോട് ദേവിക്ക് പിണക്കോ ? ഒരിക്കലും ഇല്ല ....വാസുവേട്ടൻ , ഉള്ള സമയത്തു അവർക്കു ഒരുപാടു കൊടുത്തില്ലേ ....ഇപ്പൊ ഇല്ലെന്നു അവർക്കു നന്നായി അറിയാം ..എല്ലാത്തിനും ദേവി ഒരു സമയം വച്ചിണ്ടാകും ......."".
ഒന്നുകൂടെ ശ്രീകോവിലിലേക്ക് നോക്കി തൊഴുതുകൊണ്ടു തിരുമേനിയോട് യാത്ര പറഞ്ഞു വാസുവേട്ടൻ ഇറങ്ങി നടന്നു ....വീട്ടിലേക്കുള്ള വഴിയിൽ ...രാമന്റെ ചായക്കടയിൽ അൽപനേരം ഇരിക്കാറുണ്ട് പക്ഷെ ഇന്ന് അതുണ്ടായില്ല .......പെതുക്കെ നടക്കുമ്പാഴാണു വേണു ബൈക്കിൽ വന്നത് ....
""അച്ഛാ കയറിക്കെ...""
അന്നും ഇന്നും മക്കളോട് എതിർത്ത്പറഞ്ഞു ശീലമില്ല വാസുവേട്ടന്....ബൈക്കിലേക്കു കയറി പിന്നിലെ കമ്പിയിൽ പിടിച്ചു എങ്ങിടേക്കോ നോക്കി ഇരുന്നു ....ബൈക്ക് പതിയെ ചലിച്ചുതുടങ്ങി ...
അല്പം കഴിഞ്ഞപ്പോൾ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വേണു ചോദിച്ചു
""അച്ഛനോർമ്മയുണ്ടോ പണ്ട് എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത് ? കയറി ഇരിക്കട ന്നു പറഞ്ഞു ഒരു വടിയുമെടുത്തു ഓടിപ്പിക്കയാരുന്നു,പിറകിലൊന്നു പിടിക്കപോലും ചെയ്തിട്ടില്ല .....""അതും പറഞ്ഞു വേണു ചിരിച്ചു ..
ആ നല്ലനിമിഷം ഓർത്തതുകൊണ്ടാകും വാസുവേട്ടന് ഒന്ന് മന്ദഹസിച്ചു ....ബൈക്കിന്റെ കണ്ണാടിയിലൂടെ വേണു അതുകണ്ടു .....
""അച്ഛാ .....അച്ഛൻ ക്ഷമിക്കണം ....""
""ഏയ് സാരില്ലടാ മോനെ ....ഞാനതു കാര്യമാക്കിയില്ല ....""
"" അച്ഛൻ വിഷമിക്കണ്ട മുരളിയോട് ഞാൻ സംസാരിച്ചു ഞങ്ങൾ ചിലതു തീരുമാനിച്ചിട്ടുണ്ട് , , പിന്നെ ഞാനും ശ്രമിക്കുന്നുണ്ട് കമ്പനിയിൽ ന്നു ഒരു ലോൺ കിട്ടുമോന്നു... . കിട്ടും ...തികയാത്തതു നമുക്കെന്തെങ്കിലും ചെയ്യാം അച്ഛാ ...തത്കാലം അച്ഛന്റെ ചെറിയ വരുമാനം കൊണ്ട് വീട്ടുചിലവ് നടക്കട്ടെ ...""
""അപ്പൊ വീട് .....?""
""വീട് നമുക്ക് വേണം അച്ഛാ .ന്റെ അച്ഛന്റെ ഒരായുസ്സിന്റെ അധ്വാനമല്ലേ ...അത് അവിടെ അങ്ങിനെ നിൽക്കണം ......തല ഉയർത്തി തന്നെ ...........""
അപ്പോൾ ചെറിയ മഴമുത്തുകൾ വാസുവേട്ടന്റെ നെറ്റിയിൽ ഒരു തെന്നലായ് തഴുകുന്നുണ്ടായിരുന്നു...
വാസുവേട്ടൻ തന്റെ കൈകൾ പിൻകമ്പിയിൽ ന്നു എടുത്തു വേണുവിന്റെ തോളിലേക്ക് വച്ചു. ബൈക്കിന്റെ കണ്ണാടിയിലൂടെ ആ കാഴ്ച ആസ്വദിച്ച വേണു അച്ഛനോട് പറയാതെ പറഞ്ഞു
"എന്നും അച്ഛനൊരു താങ്ങായി ഈ ചുമലുകൾ ണ്ടാകും ,വേണുവിന്റെ വാക്കാണ് "
കിരൺ കൃഷ്ണൻ ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo