Slider

പ്രണയസാന്ദ്രം

0
Image may contain: 1 person
ജനാലചില്ലിലൂടെ മഴത്തുള്ളികൾ പരസ്പരം കൈകോർത്തു താഴേക്കുതിർന്നു നീങ്ങികൊണ്ടിരുന്നു.
നന്ദിത കിടക്കയിൽ നിന്നും ജനാലയിലേക്കു എത്തിച്ചു നോക്കാൻ ശ്രമിക്കുന്നത് കണ്ടു കൊണ്ടാണ് മിലൻ അവളുടെ മുറിയിലേക്കെത്തിയത്. അവന്റെ കാലൊച്ച കേട്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖത്തേക്ക് നോക്കി. പതുക്കെ മുഖം താഴ്ത്തി തൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്കു ചേർത്ത് വച്ചു. അവരുടെ ശ്വാസങ്ങൾ ഒന്നായലിഞ്ഞു ചേർന്നു. അത് കണ്ടു നാണിച്ചു കണ്ണുപൊത്തിയ മഴത്തുള്ളികൾ ജനാലയിൽ നിന്നും പിടിവിട്ടു വീണുപോയി. അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചു ഒരു തലയിണ പിന്നിൽ വച്ചു കട്ടിലിൽ ചാരിയിരുത്തി.മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി കൊടുത്തു.അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
*******************************************
മിലൻ അവന്റെ മുറിയിലേക്ക് ചെന്നു. ഷെൽഫിൽ നിന്നും കറുപ്പ് ചട്ടയുള്ള ഒരു പുസ്തകമെടുത്തു.അവൻ ആ പുസ്തകം തുറന്നു, മനംപുരട്ടുന്ന ഒരു ഗന്ധം അവിടമാകെ പരന്നു. വാക്കുക്കകൾക്കു മേലെ രക്തത്തുള്ളികളുടെ പാട്.അവൻ ആ വരികളിലൂടെ വിരലുകളോടിച്ചു.
*******************************************
മിലൻ, ശരിയാണ് നീ പറഞ്ഞത്.എനിക്ക് നിന്നോട് പ്രണയമല്ല പക്ഷെ ഭ്രാന്താണ്.നീയാണ് എന്റെ ഭ്രാന്ത്.
നീ എന്റേത് മാത്രമാണെന്ന് നീ അറിയുന്നില്ലേ. നീ എന്നോടൊപ്പം ഓരോ നിമിഷവും ഉണ്ടാവണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
എന്റെ കാതുകളിൽ നിന്റെ ശ്വാസം തഴുകണമെപ്പോഴും,പോകാം നിനക്ക് കുറച്ചു ദൂരം. എന്റെ കയ്യെത്തും ദൂരെ, അല്ലെങ്കിൽ എന്റെ കണ്ണെത്തും ദൂരെ.അതിനുമപ്പുറത്തേക്ക് ഞാൻ നിന്നെ വിടില്ല.
അല്ലെങ്കിലും നീ എന്തിനു പോകണം.നോക്കൂ. നമ്മുടെ ലോകം, നമ്മുടെ മാത്രം ലോകം.
പൂക്കളും ശലഭങ്ങളും കൊണ്ട് നിറഞ്ഞ സുന്ദരമായ ലോകം. ഭക്ഷിക്കുവാൻ മധുരക്കനികൾ.കുടിക്കുവാൻ മഞ്ഞുമലയിൽ നിന്നും താഴേക്ക്‌ വീഴുന്ന തെളിനീർ. പക്ഷെ നിനക്കു ദാഹം തീർക്കുവാൻ എന്റെ ചുണ്ടിലെ തേൻതുള്ളികൾ പോരെ മിലൻ.
നമുക്കൊളിച്ചു കളിക്കുവാൻ മഴതുള്ളികൾ തീർക്കുന്ന നേർത്ത മറയുണ്ട്. നമുക്ക് പരസ്പരം കണ്ണുകളിൽ തെളിയുന്ന പ്രണയവർണ്ണങ്ങൾ കാണുവാൻ നിലാവെളിച്ചമുണ്ട്.നമ്മിലെ പ്രണയം കാമത്തിനു വഴിമാറുമ്പോൾ ചുടുവിയർപൊപ്പുവാൻ മഞ്ഞിൻ കണങ്ങളുണ്ട്. ഇനിയുമുണ്ട് എത്ര വർണിച്ചാലും തീരാത്ത സുന്ദരമായ കാഴ്ചകൾ.
ഇത്രയും മനോഹരമായ ലോകത്തേക്കല്ലേ നിന്നെ ഞാൻ ക്ഷണിച്ചത്. പക്ഷെ നീ..
പ്രാക്ടിക്കൽ ആകുവാൻ ആണ് എന്നോട് പറഞ്ഞത്. സ്വപ്നലോകത്ത് ജീവിക്കുവാൻ എങ്ങനെ സാധിക്കുമെന്നാണ് നീ എന്നോട് ചോദിച്ചത്.നമ്മൾക്ക് നമ്മളുടേതായ പരിമിതികൾ ഉണ്ടെന്നാണ് നീ പറഞ്ഞത് ! ശരിയാണ്. പക്ഷെ അതാണ് എന്റെ ലോകം മിലൻ. നമുക്ക് വേണ്ടി ഞാൻ തീർത്ത ലോകം. ആ ലോകത്ത് നീയില്ലെങ്കിൽ പിന്നേ ഞാൻ മാത്രം എങ്ങനെയാണ് മിലൻ. നിനക്കറിയാമോ, അന്ന് നീ ഇറങ്ങി പോയപ്പോൾ പൂക്കളെല്ലാം കരിഞ്ഞുണങ്ങി. പൂമ്പാറ്റകൾ ചിറകൊടിഞ്ഞു നിലത്തു വീണു. ചുറ്റും മരുഭൂമിയായി മാറി. ഒരിറ്റു വെള്ളത്തിനായി ഞാൻ ചൂട് മണ്ണിലൂടെ ഇഴഞ്ഞു നീങ്ങി. ദേഹമാസകലം വെന്തു നീറി. ഞാൻ തീർത്ത ലോകത്തിന്റെ ജീവൻ നമ്മുടെ പ്രണയമാണ്. നമ്മൾ പിരിഞ്ഞു ഞാനും നീയുമാകുമ്പോൾ ആ ലോകം ഇല്ലാതാകുന്നു. ആ ലോകത്തിലല്ലാതെ എനിക്ക് ജീവിക്കാനാവില്ല.ഞാൻ പോവുകയാണ് മിലൻ. നീ പറഞ്ഞ പോലെ നിനക്ക് ശല്യമാവാതെ ഞാൻ പോവുകയാണ്. ഇനിയൊരിക്കലും നാം കാണുകയില്ല.
*********************************************
ക്കൂൂയ്യ് കൂയ്‌!രാഹുൽ ഉറക്കെ കൂവി വിളിച്ചു. അത് കേട്ട് മുൻബെഞ്ചിലിരിക്കുന്ന പിള്ളേരൊക്കെ തിരിഞ്ഞു നോക്കി. അത് കാര്യമാക്കാതെ രാഹുൽ തുടർന്നു.
ടാ, സഹോ.. നിനക്കൊന്നും വേറെ പണിയില്ലേ.അവന്റെ ഒരു കഥ.ഒരു പ്രേമം, പിന്നേ ആത്മഹത്യാ ശ്രമം, പിന്നേ തളർന്നു കിടക്കുന്ന നായികയെ ശുശ്രൂഷിക്കുന്ന നായകൻ.. കാലം മാറി മോനെ.. നീ ഈ കഥ ഇറക്കിയാൽ ആളുകൾ കൂവി കൊളമാകും. രാഹുൽ പറഞ്ഞത് കെട്ടു എല്ലാവരും ചിരിച്ചു. ഹരി എന്തു പറയണമെന്നറിയാതെ ഒരു വളിച്ച ചിരിയും മുഖത്ത് വരുത്തി മിണ്ടാതെ ഇരിന്നു.
ടാ ഹരി, നീ എന്നെ വിട്ട് പോയാൽ ഞാൻ ചാവാനൊന്നും പോവില്ല ട്ട.. ഞാൻ വേറെ വല്ല ചുള്ളൻ ചെക്കനെ ലൈൻ ആക്കും മോനെ..അവന്റെ ഒരു കോപ്പിലെ കഥ! ദിവ്യ അതും പറഞ്ഞു ഹരിയുടെ തലയിൽ കിഴുക്കി സ്വന്തം സീറ്റിലേക്ക് പോയിരുന്നു.
ദേവൻ മാഷ് ക്ലാസ്സെടുക്കുമ്പോഴും ഹരിയുടെ മനസ്സിൽ നന്ദിതയായിരുന്നു.താൻ സ്നേഹിച്ച തന്നിലെ മിലനെ സ്നേഹിച്ച നന്ദിതയെന്ന തൻ്റെ കഥാപാത്രം..അവൾ വെറും കഥാപാത്രമല്ല. തൻ്റെ നേർപാതിയാണ്..അവൻ തൻ്റെ പുസ്തകത്തിൽ കുറിച്ചിട്ടു. നന്ദിത മിലൻ !
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo