Slider

ഒരിക്കൽകൂടി

0
Image may contain: 1 person, smiling, selfie, closeup and indoor
ഒരിക്കൽ കൂടി തിരിച്ചുപോണം ആ പരീക്ഷാക്കാലത്തേക്ക്.....
തലേന്ന് കുത്തിയിരുന്ന് പഠിക്കാൻ മിനക്കെടാതെ ലേബർ ഇന്ത്യയുടെ താളുകളിൽ അഭയം തേടണം, ക്ഷണനേരത്തിൽ ആ താളുകൾ താളിയോലകളാക്കണം ...പരീക്ഷയ്ക്ക് ചോദിക്കുമെന്ന് ഉറപ്പു പറഞ്ഞു ടീച്ചർ നൽകിയ നോട്ടിനെ പത്രത്താളുകളിലെ ലിപികൾ തോൽക്കും വിധം കുന്നിക്കുരുപോൽ എഴുതിക്കൂട്ടണം ,ലാൻഡ്‌ഫോണിൽ പഠിപ്പിസ്റ്റ് ചങ്കിനെ വിളിച്ചു ചോദ്യോത്തരങ്ങൾ ഉറപ്പാക്കണം .... തുണ്ടുകടലാസ്സുകളെല്ലാം അടുക്കിവച്ചു അതിനു അടയാളവും നൽകി സമയലാഭത്തിനായി അതിനൊരു മറുതുണ്ടും എഴുതി വക്കണം ...
കാര്യങ്ങളെല്ലാം ഉറപ്പുവരുത്തി ,എഴുതി കൂട്ടിയ തുണ്ടുകളെല്ലാം നാളെ ഉപകാരപ്പെടണെ ദൈവങ്ങളെ എന്ന് പ്രാർത്ഥിച്ചു പുതപ്പിനടിയിൽ ചുരുണ്ടുകൂടണം .അതിരാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കും മുന്നേ ഒരിക്കൽകൂടി തുണ്ടുകടലാസ്സുകളെ തഴുകി അവയുടെ അളവും വലിപ്പവും മനസ്സിലുറപ്പിക്കണം .
കുളിച്ചു വൃത്തിയായി ക്ഷേത്രത്തിലേക്ക് പോകണം കോപ്പിയടിക്കാൻ അനുവദിക്കുന്ന ഏതെങ്കിലും ടീച്ചറാകാൻ പ്രാർത്ഥിച്ചു ഏത്തമിടണം .അന്നൊരുനാളത്തേയ്ക്കു മതേതരനായി തൊട്ടടുത്തുള്ള കുരിശിൻമൂട്ടിലും അടുത്ത മുക്കിലെ മസ്ജിദ് വഞ്ചിയിലും നാണയമിടണം .
അമ്മയ്ക്കൊരു ഉമ്മ നൽകി അച്ഛനോട് അനുഗ്രഹം വാങ്ങി ഏട്ടനോട് പ്രാർത്ഥനപേക്ഷയും നടത്തി കച്ച കെട്ടി സ്കൂളിലേക്ക് നടക്കണം .
വർഷമേറെയായി കാണുന്ന മാവിൻചുവടും സൈക്കിൾ സ്റ്റാൻഡും പുതുതായി തോന്നും , പതിവായി വീശിയിരുന്ന നേർത്തകാറ്റിനു അന്നൽപ്പം കുളിരു കൂടുതൽ തോന്നും ...പരീക്ഷ ഹാളിലെത്തി , തുണ്ടടി വീരൻ ചങ്കിനെ പിടിച്ചു കൂടിരുത്തി ഒരിക്കൽകൂടി ഉറപ്പു വരുത്തണം ഇന്നലത്തെ പ്രയത്‌നങ്ങൾ അവനോടായി വിവരിക്കണം ,കേട്ട് നിന്ന പഠിപ്പിസ്റ്റിനു പുച്ഛം തോന്നും ..കാര്യാക്കണ്ട എ പാർട്ട് തീരും വരെ അവൻ മ്മടെ മുത്താണ് ..
തുണ്ടടിക്കാൻ ധൈര്യമില്ലാത്ത എന്നാൽ തലേന്ന് ഉറക്കമൊഴിച്ചു പഠിക്കാനും മനസ്സില്ലാത്ത ചങ്കുകൾ മ്മളെ നോക്കി പറയും ..''അപാര ധൈര്യം തന്നെടോയ്‌"" ...ഇതൊക്കെ എന്തെന്ന ഭാവത്തിൽ അവനൊരു ചെറു പുഞ്ചിരി നൽകണം ..
ഹാൾ ടിക്കറ്റിലെ നമ്പർ നോക്കി ഉറപ്പുവരുത്തി ഇരിപ്പിടം പൂകണം.മനസ്സ് ശാന്തമാക്കി യുദ്ധത്തിനൊരുങ്ങണം ,ഇപ്പോൾ ക്ലാസ്സിലെ പെൺകുട്ടികൾക്കും മറ്റും മ്മളെ ഒരു യോദ്ധാവായി കാണപ്പെടും .അക്ഷരാർത്ഥത്തിൽ അത് അതുതന്നെയാണ് . ഒരുതരം ഒളിപ്പോര് ...ഒളിപ്പിച്ചുവച്ച ആയുധങ്ങൾ ടീച്ചർ കാണാതെ ഒളിപ്പിച്ചുവച്ചുതന്നെ പരീക്ഷാപേപ്പറിലേക്കു പകരണ്ടേ...
ഒടുവിൽ നെഞ്ചിലെ താളത്തിനു ആക്കം കൂട്ടി ഒന്നാം മണി മുഴങ്ങും , തുണ്ടുകളെല്ലാം ഭദ്രമാക്കി പകരാനുള്ള ആയുധങ്ങൾ (പേന പെന്സില് സ്കെയിൽ റബ്ബർ) ഉറപ്പാക്കി ബാഗ് ക്ലാസിനു പുറത്തേക്കു വക്കും .അപ്പോഴും പഠിപ്പിസ്റ്റുകൾ പുസ്തകത്താളുകൾ മറിച്ചിരിപ്പുണ്ടാവും...
ബാഗ് പുറത്തു വച്ച് അല്പം വെള്ളം കുടിച്ചു, ടെൻഷൻ ഏറെയുണ്ടെങ്കിലും പുറത്തു കാട്ടാതെ നെഞ്ചുവിരിച്ചു യോദ്ധാവിനെപ്പോലെ ഹാളിനുള്ളിലേക്ക് കയറി ഇരിക്കും .
അപ്പോഴേക്കും രണ്ടാം മണി മുഴങ്ങിയിട്ടുണ്ടാകും , പ്രാർത്ഥന ഗാനം കഴിഞ്ഞു ടീച്ചർ ഹാളിലേക്ക് എത്തും . മൂന്നാം മണി മുഴങ്ങുന്നതിനു മുന്നായി ചോദ്യപേപ്പർ നൽകും , ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള സമയമാണെങ്കിലും നമ്മൾ ആദ്യം പോവുക ബി പാര്ട്ടിലേക്കാണ്.കഴിഞ്ഞ ദിവസത്തെ പ്രയത്നത്തിന് ഫലം ഉണ്ടോ എന്നുറപ്പുവരുത്തണം .
തുടയിലോ , പോക്കറ്റിലോ , ഒളിഞ്ഞിരിക്കുന്ന കുഞ്ഞു തുണ്ടു കടലാസ്സുകൾക്കു ചോദ്യപേപ്പറിൽ എട്ടും പത്തും മാർക്ക് വിലയുള്ളതായി കാണുമ്പോൾ ഉള്ളിലൊരു കുളിരാണ് , ഒരു ഐസ് ബക്കറ്റ് ചലഞ്ചിൽ ഏർപ്പെട്ട കുളിർ .പിന്നീടങ്ങോട്ട് കഥകളിയാണ് . മറ്റു യോദ്ധാക്കളുടെ കയ്യിൽ ഏതൊക്കെയുണ്ടെന്നുള്ള കുത്തി നോട്ടം . ജയിക്കാനുള്ള മാർക്ക് കണക്കിലെത്തിയാൽ പിന്നെ അത്യാഗ്രഹം കാണിക്കാതെ എഴുതാൻ തുടങ്ങും .
മുന്നാളുകളിൽ അതെ ഇരിപ്പിടത്തിലമർന്നു വിജയം കൈവരിച്ചുപോയ ഏട്ടന്മാരെ മനസ്സിൽ ധ്യാനിച്ച് സർവ ദൈവങ്ങളോടും അനുവാദം വാങ്ങി പേനയെടുക്കും . ഓൺ യുവർ മാർക്ക് ഗെറ്റ് സെറ്റ് ഗോ എന്നരുളി മൂന്നാം മണി മുഴങ്ങും ടീച്ചർ എഴുതാനുള്ള പേപ്പർ വിതരണം തുടരും .
ഹാളിൽ നിൽക്കുന്ന ടീച്ചിനോട് മനസ്സിൽ മാപ്പു പറഞ്ഞു ഒരു തുടക്കമാണ് എ പാർട്ട് വിട്ടു നേരെ എസ്സയ്കളെ കീഴടക്കാൻ . മുമ്പിലിരിക്കുന്ന ടീച്ചറിനെ പറ്റിച്ചു തുണ്ടുകടലാസ്സുകൾ പാറി നടക്കും ..കോപ്പി അടിക്കാൻ പോയിട്ട് കോപ്പിയെന്നു പറയാൻ പോലും ധൈര്യമില്ലാത്തവർ അത് നോക്കി വെള്ളമിറക്കും .പരീക്ഷാപ്പേടിയിൽ മറന്നുപോയ എസ്സേയുടെ തുടക്കം കിട്ടാൻ പഠിപ്പിസ്റ്റുകൾ ദയനീയമായി നോക്കും ....
അങ്ങിനെ ലോകം വിറച്ച വിപ്ലവങ്ങളും , ജനിതക പരിണാമങ്ങളും , കണക്കിലെ കളികളുമെല്ലാം കീഴടക്കണം .തൊട്ടപ്പുറത്തെ പേടി കാരണം ഒന്നുമെഴുതാൻ കഴിയാതെ പോകുന്ന പ്രിയ ചങ്കിനെ വെറുതെ ധൈര്യം കൊടുത്തു തന്റെ പേപ്പർ നൽകി എഴുതിക്കണം .
ചിലപ്പോഴൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ടീച്ചറിന് മുന്നായി കീഴങ്ങികൊടുക്കണം. അതൊരു പരുങ്ങലാണ് ...പുലി പതുങ്ങുന്നതു ഒളിക്കാനല്ലലോ .കോപ്പി പിടിച്ച സന്തോഷം ടീച്ചറിനും തുണ്ടുപേപ്പറുകളിലെ ആവശ്യമില്ലാത്ത ഭാരം ഒഴിവാക്കിയതിന്റെ സന്തോഷം മ്മക്കും .
ലൈൻ സെറ്റാക്കി കൊടുത്തതിന്റെ കടപ്പാടിൽ ഭീഷണിപ്പെടുത്തി തൊട്ടപ്പുറത്തെ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരിയുടെ മെയിൻ പേജ് വാങ്ങി എ പാർട്ട് തീർക്കണം .അതുവരെ കോപ്പി അടിച്ചിട്ടില്ലാത്തവന്റെ പരുങ്ങൽ മനസ്സിലാക്കി അവനെ പൊക്കി പുറത്തെറിഞ്ഞ സന്തോഷത്തിലിരിക്കുന്ന ടീച്ചറിന് ഒരു കൊച്ചു പുഞ്ചിരി നൽകി കൂട്ടുകാരിയുടെ പേപ്പർ മെല്ലെ അവളിലേക്ക്‌ തിരികെയെത്തിക്കണം.അങ്ങിനെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാകണം .
ജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള ചോദ്യം വായിച്ചു ഒരു സംബന്ധവുമില്ലാത്തൊരു തുണ്ടുപേപ്പറെടുത്തു അതിനുള്ള ഉത്തരമെഴുതണം .പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ചോദ്യം നേരിട്ടതിനു ഒരു മാർക്ക് ലഭിക്കുമല്ലോ .അപ്പോഴാകും വലിയ കോപ്പിയടി വീരൻ പിന്നിൽ നിന്നും വിളിക്കുന്നത് .
തുണ്ടുകടലാസുകൾ കിട്ടിയപാടെ ചോദ്യത്തിന്റെ നമ്പർ പോലും എഴുതാതെ ഉത്തരം തകർത്തെഴുതി വച്ചവന് കൊടുത്ത ഓരോ തുണ്ടുപേപ്പറും ഏതൊക്കെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നെന്നു പറഞ്ഞു കൊടുക്കണം .
ഒടുവിൽ സമയം തീരാറായി എന്ന അശരീരി എത്തും .എഴുതിക്കൊണ്ടിരിക്കുന്നവരുടെ സ്പീഡോമീറ്റർ ഇരുന്നൂറും കടന്നു പോകാറുണ്ട് . അപ്പോഴും ആരോ എറിഞ്ഞു നൽകിയ തുണ്ടുകളാസ്സു തപ്പിയെടുത്തു ഏതാണ് ചോദ്യം ഏതാണ് ഉത്തരമെന്നറിയാതെ കിളിപോയിരിക്കുന്ന ചങ്കുകൾ വേദനയുള്ളൊരു ചിരി നൽകും .
ഒടുവിലായി മുഴങ്ങിയ മണിക്കൊപ്പം ടീച്ചറിന് പേപ്പർ തിരികെ നൽകി ആ വാതിൽ പടി കടന്നിറങ്ങുമ്പോൾ ജയം ഉറപ്പിച്ച സന്തോഷത്തേക്കാൾ ഒരു നോവുണ്ടാവണം. നേടിയതിനൊപ്പം നഷ്ടമായത് ജീവിതത്തിൽ ഇനിയൊരിക്കലും തിരികെ നേടാനാവാത്ത കൊറേ നല്ല നാളുകൾ , നല്ല നിമിഷങ്ങളാണെന്നു ....
ചിരികൾ മാത്രം സമ്മാനിച്ചിട്ടുള്ള കോണുകൾ അന്ന് കണ്ണുനീരണിയിക്കും. ചങ്കെന്നും കരളെന്നും വിളിച്ചു തോളിൽ കയ്യിട്ടു കെട്ടിപിടിച്ചു നടന്നവർ ഇനി ജീവിതഭാണ്ഡത്തിന്റെ ഭാരം പേരും .ആ നല്ല നാളുകൾ ഇനിയില്ല , ഇനിയൊരിക്കലും ആ മാവിൻചോട്ടിലെ ഇഴചേർന്ന കാഴ്ചകളില്ല ..ഇനിയൊരിക്കലും ആ സൈക്കിൾ സ്റ്റാൻഡിൽ നിന്നും അവളെ നോക്കി കണ്ണെറിയാൻ കഴിയില്ല ...നഷ്ടങ്ങൾ ...
ഒടുവിലായി പോകാൻ മനസ്സില്ലാതെ അവരോടൊപ്പം തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും കണ്ണുനിറച്ചും നിൽക്കുമ്പോൾ ആ നഷ്ടപ്രണയം എനിക്കുമുന്നിലൂടായി കടന്നുപോകണം .....നൊമ്പരത്തിന്റെ , നഷ്ടത്തിന്റെ ,ഓർമ്മകളുടെ സുഖമുള്ള വേദന നൽകി ....
കിരൺ കൃഷ്ണൻ ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo